ശമുവേൽ ഒന്നാം ഭാഗം
25 ശമുവേൽ+ മരിച്ചു. ഇസ്രായേൽ ഒന്നടങ്കം ഒരുമിച്ചുകൂടി ശമുവേലിനെ ഓർത്ത് വിലപിക്കുകയും രാമയിലെ+ വീട്ടിൽ ശമുവേലിനെ അടക്കുകയും ചെയ്തു. പിന്നെ, ദാവീദ് പാരാൻ വിജനഭൂമിയിലേക്കു പോയി.
2 മാവോനിൽ+ ഒരു മനുഷ്യനുണ്ടായിരുന്നു; കർമേലിലായിരുന്നു*+ ആ മനുഷ്യന്റെ ജോലികാര്യങ്ങൾ. അതിസമ്പന്നനായ അയാൾക്ക് 3,000 ചെമ്മരിയാടും 1,000 കോലാടും ഉണ്ടായിരുന്നു. കർമേലിൽ അയാളുടെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന സമയം വന്നു. 3 കാലേബ്യനായ+ അയാളുടെ പേര് നാബാൽ+ എന്നായിരുന്നു; ഭാര്യ അബീഗയിൽ.+ നല്ല വിവേകമുള്ള, സുന്ദരിയായ സ്ത്രീയായിരുന്നു അബീഗയിൽ. അയാളാകട്ടെ പരുക്കൻ പ്രകൃതക്കാരനും മര്യാദയില്ലാത്തവനും.+ 4 നാബാൽ തന്റെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നെന്നു വിജനഭൂമിയിൽവെച്ച് ദാവീദ് കേട്ടു. 5 അതുകൊണ്ട്, ദാവീദ് പത്തു യുവാക്കളെ നാബാലിന്റെ അടുത്തേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞു: “കർമേലിലേക്കു പോകുക. നിങ്ങൾ നാബാലിന്റെ അടുത്ത് എത്തുമ്പോൾ എന്റെ പേരിൽ അദ്ദേഹത്തോടു ക്ഷേമാന്വേഷണം നടത്തണം. 6 എന്നിട്ട്, ഇങ്ങനെ പറയുക: ‘അങ്ങ് ദീർഘായുസ്സോടിരിക്കട്ടെ. അങ്ങയ്ക്കും അങ്ങയുടെ വീട്ടുകാർക്കും അങ്ങയ്ക്കുള്ള സകലത്തിനും മംഗളാശംസകൾ!* 7 അങ്ങ് ആടുകളുടെ രോമം കത്രിക്കുന്നെന്നു ഞാൻ കേട്ടു. അങ്ങയുടെ ഇടയന്മാർ ഞങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല.+ അവർ കർമേലിലായിരുന്ന കാലത്ത് ഉടനീളം അവരുടെ ഒന്നും കാണാതെപോയതുമില്ല. 8 അങ്ങയുടെ യുവാക്കളോടു ചോദിച്ചുനോക്കൂ, അവർ പറയും. ഇപ്പോൾ എന്റെ യുവാക്കളോട് അങ്ങയ്ക്കു പ്രീതി തോന്നേണമേ. കാരണം, ഒരു സന്തോഷവേളയിലാണല്ലോ* ഞങ്ങൾ വന്നിരിക്കുന്നത്. അങ്ങയ്ക്കു കഴിയുന്നതെന്തോ, അത് അങ്ങയുടെ ദാസന്മാർക്കും അങ്ങയുടെ മകനായ ദാവീദിനും ദയവായി നൽകിയാലും.’”+
9 അതുകൊണ്ട്, ആ യുവാക്കൾ പോയി ഇക്കാര്യങ്ങളെല്ലാം ദാവീദിന്റെ പേരിൽ നാബാലിനോടു പറഞ്ഞു. അവർ സംസാരിച്ചുതീർന്നപ്പോൾ 10 നാബാൽ ദാവീദിന്റെ ദാസന്മാരോടു പറഞ്ഞു: “ആരാണ് ഈ ദാവീദ്? ആരാണ് യിശ്ശായിയുടെ മകൻ? ഇയ്യിടെയായി ധാരാളം ദാസന്മാർ യജമാനന്മാരുമായി തെറ്റിപ്പിരിഞ്ഞ് പോകുന്നുണ്ട്.+ 11 എന്റെ അപ്പവും എന്റെ വെള്ളവും എന്റെ ആടുകളുടെ രോമം കത്രിക്കുന്നവർക്കായി ഞാൻ അറുത്ത മാംസവും എടുത്ത് ഊരും പേരും അറിയാത്ത ആളുകൾക്കു കൊടുക്കണമെന്നോ?”
12 അപ്പോൾ, ദാവീദിന്റെ യുവാക്കൾ മടങ്ങിവന്ന് നാബാൽ പറഞ്ഞതെല്ലാം ദാവീദിനെ അറിയിച്ചു. 13 ദാവീദ് ഉടനെ തന്റെ ആളുകളോട്, “എല്ലാവരും വാൾ അരയ്ക്കു കെട്ടുക!”+ എന്നു പറഞ്ഞു. അങ്ങനെ, എല്ലാവരും വാൾ അരയ്ക്കു കെട്ടി. ദാവീദും വാൾ അരയ്ക്കു കെട്ടി. ഏകദേശം 400 പുരുഷന്മാർ ദാവീദിന്റെകൂടെ പോയി. 200 പേർ സാധനസാമഗ്രികളുടെ അടുത്ത് നിന്നു.
14 അതിനിടെ, ദാസന്മാരിലൊരാൾ നാബാലിന്റെ ഭാര്യയായ അബീഗയിലിന്റെ അടുത്ത് ചെന്ന് ഇങ്ങനെ അറിയിച്ചു: “നമ്മുടെ യജമാനനു മംഗളം ആശംസിക്കാൻ ദാവീദ് വിജനഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചിരുന്നു. പക്ഷേ, യജമാനൻ അധിക്ഷേപവാക്കുകൾ പറഞ്ഞ് അവരുടെ നേരെ ആക്രോശിച്ചു.+ 15 ആ മനുഷ്യർ നല്ല രീതിയിലേ ഞങ്ങളോടു പെരുമാറിയിട്ടുള്ളൂ. ഒരിക്കൽപ്പോലും ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല. വയലിൽ ഞങ്ങൾ ഒരുമിച്ചായിരുന്ന കാലത്ത് ഞങ്ങളുടെ ഒന്നും ഒരിക്കൽപ്പോലും കാണാതെപോയിട്ടുമില്ല.+ 16 ഞങ്ങൾ ആടുകളെ മേയ്ച്ചുകൊണ്ട് അവരുടെകൂടെയായിരുന്ന സമയം മുഴുവൻ രാവെന്നോ പകലെന്നോ ഇല്ലാതെ അവർ ഞങ്ങൾക്കു ചുറ്റും ഒരു സംരക്ഷകമതിൽപോലെയായിരുന്നു. 17 അതുകൊണ്ട്, എന്തു ചെയ്യണമെന്ന് ഇപ്പോൾ തീരുമാനിച്ചാലും. കാരണം, നമ്മുടെ യജമാനനും ഈ വീട്ടിലുള്ളവർക്കു മുഴുവനും ദുരന്തം വരുമെന്ന് ഉറപ്പാണ്.+ പക്ഷേ, യജമാനനോട് ആർക്കും മിണ്ടാൻ പറ്റില്ലല്ലോ, ആൾ അത്ര നികൃഷ്ടനല്ലേ?”*+
18 അപ്പോൾ, അബീഗയിൽ+ പെട്ടെന്നുതന്നെ 200 അപ്പം, രണ്ടു വലിയ ഭരണി നിറയെ വീഞ്ഞ്, പാചകം ചെയ്യാൻ ഒരുക്കിയ അഞ്ച് ആട്, അഞ്ചു സെയാ* മലർ, 100 ഉണക്കമുന്തിരിയട, 200 അത്തിയട എന്നിവ എടുത്ത് കഴുതകളുടെ പുറത്ത് വെച്ചു.+ 19 എന്നിട്ട് ദാസന്മാരോടു പറഞ്ഞു: “നിങ്ങൾ മുമ്പേ പൊയ്ക്കൊള്ളൂ. ഞാൻ പുറകേയുണ്ട്.” അബീഗയിൽ പക്ഷേ ഭർത്താവായ നാബാലിനോട് ഒന്നും പറഞ്ഞില്ല.
20 അബീഗയിൽ കഴുതപ്പുറത്ത് കയറി മലയുടെ മറപറ്റി ഇറങ്ങിച്ചെല്ലുമ്പോൾ അതാ, ദാവീദും ആളുകളും എതിരെവരുന്നു! അങ്ങനെ, അവർ അവിടെവെച്ച് കണ്ടുമുട്ടി. 21 പക്ഷേ, ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത് ഇതാണ്: “അയാൾക്കുണ്ടായിരുന്നതൊക്കെ വിജനഭൂമിയിൽവെച്ച് ഞാൻ കാത്തുസൂക്ഷിച്ചു. അവയിൽ ഒന്നുപോലും കാണാതെപോയില്ല.+ ഞാൻ ഇത്രയൊക്കെ നന്മ ചെയ്തിട്ടും അയാൾ എന്നോടു തിന്മയാണല്ലോ ചെയ്യുന്നത്.+ അയാൾക്കുവേണ്ടി ഞാൻ ചെയ്തതൊക്കെ വെറുതേയായിപ്പോയല്ലോ. 22 അയാളുടെ ഒറ്റ ആൺതരിയെ* എങ്കിലും ഞാൻ പുലരുംവരെ ജീവനോടെ വെച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കളോട്* ഇതും ഇതിലധികവും ചെയ്യട്ടെ.”
23 ദാവീദിനെ കണ്ട മാത്രയിൽ അബീഗയിൽ തിടുക്കത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുന്നിൽ മുട്ടുകുത്തി നിലംവരെ കുമ്പിട്ടു. 24 എന്നിട്ട്, ദാവീദിന്റെ കാൽക്കൽ വീണ് പറഞ്ഞു: “എന്റെ യജമാനനേ, കുറ്റം എന്റെ മേൽ ഇരിക്കട്ടെ. അങ്ങയുടെ ഈ ദാസി പറഞ്ഞുകൊള്ളട്ടേ, അങ്ങ് കേൾക്കേണമേ. 25 ഒന്നിനും കൊള്ളാത്ത ആ നാബാലിന്റെ വാക്കുകൾ എന്റെ യജമാനൻ കാര്യമാക്കരുതേ.+ കാരണം, പേരുപോലെതന്നെയാണ് ആളും. നാബാൽ* എന്നാണല്ലോ അയാളുടെ പേര്. വിവരക്കേട് അയാളുടെ കൂടപ്പിറപ്പാണ്. അങ്ങയുടെ ദാസിയായ ഈ ഞാനാകട്ടെ അങ്ങ് അയച്ച യുവാക്കളെ കണ്ടില്ലായിരുന്നു. 26 എന്റെ യജമാനനേ, യഹോവയാണെ, അങ്ങാണെ, രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്നും+ സ്വന്തകൈയാൽ പ്രതികാരം ചെയ്യുന്നതിൽനിന്നും* അങ്ങയെ ഇപ്പോൾ തടഞ്ഞത് യഹോവയാണ്.+ അങ്ങയുടെ ശത്രുക്കളും അങ്ങയെ അപായപ്പെടുത്താൻ നോക്കുന്നവരും നാബാലിനെപ്പോലെയാകട്ടെ. 27 അങ്ങയുടെ സന്നിധിയിൽ ഈ ദാസി കൊണ്ടുവന്നിരിക്കുന്ന കാഴ്ച*+ അങ്ങയുടെകൂടെയുള്ള ഈ യുവാക്കൾക്ക് ഇപ്പോൾ കൊടുത്താലും.+ 28 ദയവായി, അങ്ങയുടെ ഈ ദാസിയുടെ ലംഘനം പൊറുക്കേണമേ. യഹോവ നിശ്ചയമായും എന്റെ യജമാനനുവേണ്ടി ദീർഘകാലം നിലനിൽക്കുന്ന ഒരു ഭവനം പണിയും.+ കാരണം, എന്റെ യജമാനൻ യഹോവയ്ക്കുവേണ്ടിയാണല്ലോ യുദ്ധങ്ങൾ നടത്തുന്നത്.+ അങ്ങയുടെ ജീവിതകാലത്ത് ഒരിക്കലും അങ്ങയിൽ തിന്മ കണ്ടിട്ടുമില്ല.+ 29 അങ്ങയുടെ ജീവനെടുക്കാൻ ആരെങ്കിലും അങ്ങയെ പിന്തുടർന്നുവന്നാൽ അങ്ങയുടെ ജീവൻ അങ്ങയുടെ ദൈവമായ യഹോവയുടെ പക്കലുള്ള ജീവഭാണ്ഡത്തിൽ ഭദ്രമായിരിക്കും. അങ്ങയുടെ ശത്രുക്കളുടെ ജീവനോ കവണയിൽവെച്ച് എറിയുന്ന കല്ലുകൾപോലെ ദൈവം ചുഴറ്റി എറിയും. 30 വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ നല്ല കാര്യങ്ങളും അങ്ങയ്ക്കു ചെയ്തുതന്ന് യഹോവ അങ്ങയെ ഇസ്രായേലിന്റെ നേതാവായി നിയമിക്കുമ്പോൾ,+ 31 അകാരണമായി രക്തം ചൊരിഞ്ഞതിന്റെയോ സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്തതിന്റെയോ പേരിലുള്ള പശ്ചാത്താപമോ ഖേദമോ* അങ്ങയുടെ ഹൃദയത്തിലുണ്ടായിരിക്കില്ല.+ എന്റെ യജമാനനേ, അങ്ങയുടെ മേൽ യഹോവ നന്മ വർഷിക്കുമ്പോൾ ഈ ദാസിയെയും ഓർക്കേണമേ.”
32 അപ്പോൾ, ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ കാണാൻ ഇന്നു നിന്നെ അയച്ച ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തുതി! 33 നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ! എന്നെ ഇന്നു രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്നും+ സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യുന്നതിൽനിന്നും തടഞ്ഞ നീയും അനുഗ്രഹിക്കപ്പെടട്ടെ! 34 നിന്നെ ഉപദ്രവിക്കുന്നതിൽനിന്ന് എന്നെ തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ,+ എന്നെ കാണാൻ നീ പെട്ടെന്നു വന്നില്ലായിരുന്നെങ്കിൽ+ നാളെ പുലരുമ്പോഴേക്കും നാബാലിന്റേതെന്നു പറയാൻ ഒരൊറ്റ ആൺതരിപോലും ശേഷിക്കില്ലായിരുന്നു.”+ 35 എന്നിട്ട്, ദാവീദ് അബീഗയിൽ കൊണ്ടുവന്നതു സ്വീകരിച്ച് അബീഗയിലിനോടു പറഞ്ഞു: “സമാധാനത്തോടെ വീട്ടിലേക്കു പൊയ്ക്കൊള്ളൂ. ഇതാ, നീ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു. നീ അപേക്ഷിച്ച കാര്യം ഞാൻ സാധിച്ചുതരും.”
36 അങ്ങനെ, അബീഗയിൽ നാബാലിന്റെ അടുത്തേക്കു മടങ്ങി. അയാൾ അപ്പോൾ വീട്ടിൽ ഒരു രാജാവിനെപ്പോലെ വലിയ വിരുന്നു നടത്തുകയായിരുന്നു. വലിയ സന്തോഷത്തിലായിരുന്ന നാബാൽ* മദ്യപിച്ച് അങ്ങേയറ്റം ലഹരിയിലായിരുന്നു. അതുകൊണ്ട് നടന്നതൊന്നും നേരം പുലരുന്നതുവരെ അബീഗയിൽ അയാളോടു പറഞ്ഞില്ല. 37 പക്ഷേ, രാവിലെ നാബാലിന്റെ ലഹരി ഇറങ്ങിയപ്പോൾ അബീഗയിൽ എല്ലാം അയാളോടു പറഞ്ഞു. അപ്പോൾ, നാബാലിന്റെ ഹൃദയം നിർജീവമായി. ശരീരം തളർന്ന് ഒരു കല്ലുപോലെ അയാൾ ചലനമറ്റ് കിടന്നു. 38 ഏകദേശം പത്തു ദിവസം കഴിഞ്ഞ് യഹോവ നാബാലിനെ പ്രഹരിച്ചു, അയാൾ മരിച്ചുപോയി.
39 നാബാൽ മരിച്ചുപോയെന്നു കേട്ടപ്പോൾ ദാവീദ് പറഞ്ഞു: “നാബാൽ എന്നെ നിന്ദിച്ച സംഭവത്തിൽ+ എനിക്കുവേണ്ടി വാദിക്കുകയും+ തെറ്റു ചെയ്യുന്നതിൽനിന്ന് ഈ ദാസനെ തടയുകയും ചെയ്ത യഹോവയ്ക്കു സ്തുതി!+ യഹോവ നാബാലിന്റെ ദുഷ്ടത, തിരിച്ച് അയാളുടെ തലമേൽത്തന്നെ വരുത്തിയല്ലോ!” തുടർന്ന്, ദാവീദ് വിവാഹാഭ്യർഥനയുമായി അബീഗയിലിന്റെ അടുത്തേക്ക് ആളയച്ചു. 40 അങ്ങനെ, ദാവീദിന്റെ ദാസന്മാർ കർമേലിൽ അബീഗയിലിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “ഭവതിയെ ഭാര്യയാക്കാൻ ദാവീദ് ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണു ഞങ്ങളെ ഇങ്ങോട്ട് അയച്ചത്.” 41 അബീഗയിൽ ഉടനെ എഴുന്നേറ്റ് മുട്ടുകുത്തി വണങ്ങി ഇങ്ങനെ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; എന്റെ യജമാനന്റെ ദാസന്മാരുടെ കാലുകൾ കഴുകാനും+ സന്നദ്ധയായവൾ.” 42 തുടർന്ന്, അബീഗയിൽ+ പെട്ടെന്ന് എഴുന്നേറ്റ് കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരെ അനുഗമിച്ചു. അഞ്ചു ദാസിമാർ കാൽനടയായി പിന്നാലെയുണ്ടായിരുന്നു. അബീഗയിൽ ചെന്ന് ദാവീദിന്റെ ഭാര്യയായി.
43 ദാവീദ് ജസ്രീലിൽനിന്നുള്ള+ അഹീനോവമിനെയും+ വിവാഹം കഴിച്ചിരുന്നു. അങ്ങനെ, അവർ ഇരുവരും ദാവീദിന്റെ ഭാര്യമാരായി.+
44 പക്ഷേ ശൗൽ ദാവീദിന്റെ ഭാര്യയായ, തന്റെ മകൾ മീഖളിനെ+ ഗല്ലീമിൽനിന്നുള്ള ലയീശിന്റെ മകനായ പൽതിക്കു+ കൊടുത്തു.