യഹസ്കേൽ
39 “മനുഷ്യപുത്രാ, ഗോഗിന് എതിരെ നീ ഇങ്ങനെ പ്രവചിക്കൂ:+ ‘പരമാധികാരിയായ യഹോവ പറയുന്നു: “മേശെക്കിന്റെയും തൂബലിന്റെയും+ പ്രധാനതലവനായ* ഗോഗേ, ഞാൻ നിനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. 2 ഞാൻ നിന്നെ പിന്നോട്ടു തിരിച്ച് വടക്ക് അതിവിദൂരഭാഗങ്ങളിൽനിന്ന്+ ഇസ്രായേൽമലകളിലേക്കു നയിച്ചുകൊണ്ടുവരും. 3 നിന്റെ ഇടങ്കൈയിൽനിന്ന് ഞാൻ വില്ലു തട്ടിത്തെറിപ്പിക്കും; വലങ്കൈയിൽനിന്ന് അമ്പുകൾ താഴെ വീഴ്ത്തും. 4 നീയും നിന്റെ സർവസൈന്യവും നിന്റെകൂടെയുള്ള ജനതകളും ഇസ്രായേൽമലകളിൽ വീഴും.+ ഞാൻ നിന്നെ ആകാശത്തിലെ സകല ഇരപിടിയൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാരമായി കൊടുക്കും.”’+
5 “‘നീ തുറസ്സായ സ്ഥലത്ത് വീഴും.+ ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
6 “‘ഞാൻ മാഗോഗിനും ദ്വീപുകളിൽ സുരക്ഷിതരായി കഴിയുന്ന ആളുകൾക്കും എതിരെ തീ അയയ്ക്കും.+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 7 എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ എന്റെ വിശുദ്ധനാമം അറിയപ്പെടാൻ ഞാൻ ഇടയാക്കും. ഇനി ഒരിക്കലും എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ യഹോവയാണെന്ന്,+ ഇസ്രായേലിലെ പരിശുദ്ധനാണെന്ന്,+ ജനതകൾ അറിയേണ്ടിവരും.’
8 “‘അതെ, അതു വരുന്നു, അതു സംഭവിച്ചിരിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘ഈ ദിവസത്തെക്കുറിച്ചാണു ഞാൻ പറഞ്ഞത്. 9 ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നവർ പുറത്തേക്കു ചെല്ലും. അവർ ചെറുപരിചകളും* വൻപരിചകളും, വില്ലുകളും അമ്പുകളും, കുറുവടികളും* കുന്തങ്ങളും തീ കത്തിക്കാൻ ഉപയോഗിക്കും. അവർ ആ ആയുധങ്ങൾകൊണ്ട് ഏഴു വർഷം തീ കത്തിക്കും.+ 10 തീ കത്തിക്കാൻ ആയുധങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അവർക്കു വയലിൽനിന്ന് തടിയോ കാട്ടിൽനിന്ന് വിറകോ ശേഖരിക്കേണ്ടിവരില്ല.’
“‘തങ്ങളെ കവർച്ച ചെയ്തവരെ അവർ കവർച്ച ചെയ്യും. തങ്ങളെ കൊള്ളയടിച്ചിരുന്നവരെ അവർ കൊള്ളയടിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
11 “‘അന്നു ഞാൻ ഗോഗിന്+ ഇസ്രായേലിൽ ഒരു ശ്മശാനസ്ഥലം ഒരുക്കും. കടലിന്റെ കിഴക്കുള്ള സഞ്ചാരികളുടെ താഴ്വരയിലായിരിക്കും അത്. അതുവഴി കടന്നുപോകുന്നവർക്ക് അതൊരു മാർഗതടസ്സമാകും. അവിടെയായിരിക്കും ഗോഗിനെയും അവന്റെ മുഴുവൻ ജനസമൂഹത്തെയും അവർ അടക്കുക. ഹാമോൻ-ഗോഗ് താഴ്വര*+ എന്ന് അവർ അതിനെ വിളിക്കും. 12 ദേശം ശുദ്ധീകരിക്കാൻവേണ്ടി ഇസ്രായേൽഗൃഹം അവരുടെ ശവം അടക്കും;+ അതിന് ഏഴു മാസം വേണ്ടിവരും. 13 അവരുടെ ശവം അടക്കാൻ ദേശത്തെ എല്ലാവരും അധ്വാനിക്കും. ഇതു കാരണം, ഞാൻ എന്നെ മഹത്ത്വീകരിക്കുന്ന നാളിൽ അവർ പ്രശസ്തരാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
14 “‘ദേശം മുഴുവൻ നിരന്തരം ചുറ്റിസഞ്ചരിക്കാനും നിലത്ത് കിടക്കുന്ന ബാക്കി ശവശരീരങ്ങൾ അടക്കി ദേശം ശുദ്ധീകരിക്കാനും പുരുഷന്മാരെ നിയമിക്കും. അവർ ഏഴു മാസം തിരച്ചിൽ തുടരും. 15 ദേശത്തുകൂടി ചുറ്റിസഞ്ചരിക്കുന്നവർ ഒരു മനുഷ്യാസ്ഥി കാണുമ്പോൾ അതിന്റെ അടുത്ത് ഒരു അടയാളം വെക്കും. ശവം അടക്കാൻ നിയമിതരായവർ ഹാമോൻ-ഗോഗ് താഴ്വരയിൽ അത് അടക്കും.+ 16 ഹമോന* എന്നു പേരുള്ള ഒരു നഗരവും അവിടെയുണ്ടായിരിക്കും. അങ്ങനെ, അവർ ദേശം ശുദ്ധീകരിക്കും.’+
17 “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ പറയുന്നു: ‘എല്ലാ തരം പക്ഷികളോടും എല്ലാ വന്യമൃഗങ്ങളോടും ഇങ്ങനെ പറയുക: “കൂട്ടത്തോടെ ഇങ്ങോട്ടു വരൂ! ഞാൻ നിങ്ങൾക്കുവേണ്ടി ഒരുക്കുന്ന എന്റെ ബലിയുടെ ചുറ്റും, ഇസ്രായേൽമലകളിലെ ഗംഭീരബലിയുടെ ചുറ്റും,+ ഒന്നിച്ചുകൂടൂ! നിങ്ങൾക്കു മാംസം കഴിക്കാം, രക്തം കുടിക്കാം.+ 18 നിങ്ങൾ ശക്തരായവരുടെ മാംസം കഴിക്കും, ഭൂമിയിലെ തലവന്മാരുടെ രക്തം കുടിക്കും. അവരെല്ലാം ആൺചെമ്മരിയാടുകളും ഇളംചെമ്മരിയാടുകളും കോലാടുകളും കാളകളും ആണ്, ബാശാനിലെ കൊഴുപ്പിച്ച മൃഗങ്ങൾ! 19 ഞാൻ നിങ്ങൾക്കായി ഒരുക്കിയ ബലിയിൽനിന്ന് നിങ്ങൾ മൂക്കുമുട്ടെ കൊഴുപ്പു കഴിക്കും; ലഹരിപിടിക്കുന്നതുവരെ രക്തം കുടിക്കും.”’
20 “‘എന്റെ മേശയിൽനിന്ന് കുതിരകളെയും തേരാളികളെയും ബലവാന്മാരെയും എല്ലാ തരം വീരയോദ്ധാക്കളെയും തിന്ന് നിങ്ങൾ തൃപ്തരാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
21 “‘ജനതകളുടെ ഇടയിൽ ഞാൻ എന്റെ മഹത്ത്വം പ്രദർശിപ്പിക്കും. അവരുടെ ഇടയിൽ ഞാൻ കാണിച്ച ശക്തിയും* ഞാൻ നടപ്പാക്കിയ ശിക്ഷാവിധിയും എല്ലാ ജനതകളും കാണും.+ 22 ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അന്നുമുതൽ ഇസ്രായേൽഗൃഹം അറിയേണ്ടി വരും. 23 ഇസ്രായേൽഗൃഹത്തിനു ബന്ദികളായി പോകേണ്ടിവന്നത് അവരുടെ സ്വന്തം തെറ്റുകൊണ്ടാണെന്ന്, അവർ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ടാണെന്ന്,+ ജനതകൾ അറിയേണ്ടി വരും. അതുകൊണ്ടാണ് ഞാൻ അവരിൽനിന്ന് മുഖം മറച്ച്+ അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചതും+ അവരെല്ലാം വാളിന് ഇരയായതും. 24 അവരുടെ അശുദ്ധിക്കും ലംഘനങ്ങൾക്കും അനുസൃതമായി ഞാൻ അവരോട് ഇടപെട്ടു. ഞാൻ അവരിൽനിന്ന് എന്റെ മുഖം മറച്ചു.’
25 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ യാക്കോബിന്റെ ബന്ദികളെ പുനഃസ്ഥിതീകരിച്ച്+ മുഴുവൻ ഇസ്രായേൽഗൃഹത്തോടും കരുണ കാട്ടും.+ എന്റെ വിശുദ്ധനാമത്തിന് എതിരെ വരുന്ന എന്തിനെയും ഞാൻ ശുഷ്കാന്തിയോടെ നേരിടും.*+ 26 എന്നോടുള്ള സകല അവിശ്വസ്തതയും+ കാരണം അപമാനിതരായശേഷം, അവർ സ്വദേശത്ത് സുരക്ഷിതരായി വസിക്കുന്ന സമയം വരും. അന്ന് ആരും അവരെ പേടിപ്പിക്കില്ല.+ 27 ജനതകളിൽനിന്ന് ഞാൻ അവരെ തിരികെ കൊണ്ടുവരുകയും ശത്രുദേശങ്ങളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടുകയും+ ചെയ്യുമ്പോൾ അനേകം ജനതകൾ കാൺകെ അവരുടെ ഇടയിൽ ഞാൻ എന്നെ വിശുദ്ധീകരിക്കും.’+
28 “‘ഞാൻ അവരെ ജനതകളുടെ ഇടയിലേക്കു ബന്ദികളായി അയച്ചിട്ട് ഒന്നൊഴിയാതെ അവരെയെല്ലാം സ്വദേശത്തേക്കു കൂട്ടിവരുത്തുമ്പോൾ+ ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയേണ്ടി വരും. 29 ഇസ്രായേൽഗൃഹത്തിന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ ചൊരിയും.+ അതുകൊണ്ട്, മേലാൽ ഞാൻ അവരിൽനിന്ന് എന്റെ മുഖം മറച്ചുകളയില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”