യോശുവ
4 ജനം മുഴുവൻ യോർദാൻ കടന്നുതീർന്ന ഉടനെ യഹോവ യോശുവയോടു പറഞ്ഞു: 2 “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന് 12 പുരുഷന്മാരെ വിളിച്ച്+ 3 അവർക്ക് ഈ കല്പന കൊടുക്കണം: ‘യോർദാന്റെ നടുവിൽ പുരോഹിതന്മാർ കാൽ ഉറപ്പിച്ച് നിന്ന+ സ്ഥലത്തുനിന്ന് 12 കല്ലുകൾ എടുത്ത് അവ കൊണ്ടുപോയി നിങ്ങൾ ഇന്നു രാത്രിതങ്ങുന്ന സ്ഥലത്ത് വെക്കുക.’”+
4 അതുകൊണ്ട് യോശുവ, ഓരോ ഇസ്രായേല്യഗോത്രത്തിൽനിന്നും ഓരോ ആൾ എന്ന കണക്കിൽ താൻ നിയമിച്ച 12 പുരുഷന്മാരെ വിളിച്ച് 5 അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകം കടന്ന് യോർദാന്റെ നടുവിലേക്കു ചെല്ലുക. ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് നിങ്ങൾ ഓരോരുത്തരും ഓരോ കല്ല് തോളിൽ എടുക്കണം. 6 ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കട്ടെ. ‘എന്തിനാണ് ഈ കല്ലുകൾ’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ* ചോദിച്ചാൽ+ 7 നിങ്ങൾ അവരോടു പറയണം: ‘യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന്റെ മുന്നിൽ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കു നിലച്ചതിന്റെ+ ഓർമയ്ക്കാണ് ഇത്. പെട്ടകം യോർദാൻ കടന്നപ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിന്നു. ഈ കല്ലുകൾ ഇസ്രായേൽ ജനത്തിന് ദീർഘകാലത്തേക്കുള്ള ഒരു സ്മാരകമായിരിക്കും.’”*+
8 അങ്ങനെ ഇസ്രായേല്യർ, യോശുവ കല്പിച്ചതുപോലെതന്നെ ചെയ്തു. യഹോവ യോശുവയോടു നിർദേശിച്ചതുപോലെ അവർ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 കല്ലുകൾ യോർദാന്റെ നടുവിൽനിന്ന് എടുത്ത് അവർ രാത്രിതങ്ങുന്ന സ്ഥലത്ത് കൊണ്ടുപോയി വെച്ചു.
9 യോശുവയും യോർദാന്റെ നടുവിൽ, ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ കാൽ ഉറപ്പിച്ച് നിന്ന സ്ഥലത്ത് 12 കല്ലുകൾ സ്ഥാപിച്ചു.+ ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.
10 മോശ യോശുവയോടു കല്പിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ചേർച്ചയിൽ, ജനം ചെയ്യണമെന്നു പറയാൻ പറഞ്ഞ് യഹോവ യോശുവയോടു കല്പിച്ചതെല്ലാം ചെയ്തുതീരുന്നതുവരെ, പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ നിന്നു. ആ സമയമത്രയും ജനം തിടുക്കത്തിൽ മറുകര കടക്കുകയായിരുന്നു. 11 ജനം മുഴുവൻ മറുകര കടന്നുതീർന്ന ഉടൻ യഹോവയുടെ പെട്ടകവുമായി പുരോഹിതന്മാർ ജനം കാൺകെ മറുകര കടന്നു.+ 12 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മോശ അവരോടു നിർദേശിച്ചിരുന്നതുപോലെതന്നെ, മറ്റ് ഇസ്രായേല്യരുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടന്നു.+ 13 യുദ്ധസജ്ജരായ ഏകദേശം 40,000 പടയാളികൾ യഹോവയുടെ മുമ്പാകെ അക്കര കടന്ന് യരീഹൊ മരുപ്രദേശത്തെത്തി.
14 ആ ദിവസം എല്ലാ ഇസ്രായേല്യരുടെയും മുന്നിൽ യഹോവ യോശുവയെ ഉന്നതനാക്കി.+ അവർ മോശയെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നതുപോലെതന്നെ*+ യോശുവയെയും അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അങ്ങേയറ്റം ബഹുമാനിച്ചു.
15 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: 16 “സാക്ഷ്യപ്പെട്ടകം+ ചുമക്കുന്ന പുരോഹിതന്മാരോടു യോർദാനിൽനിന്ന് കയറിവരാൻ കല്പിക്കുക.” 17 അതുകൊണ്ട്, യോശുവ പുരോഹിതന്മാരോട്, “യോർദാനിൽനിന്ന് കയറിവരൂ” എന്നു കല്പിച്ചു. 18 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ+ യോർദാന്റെ നടുവിൽനിന്ന് കയറി ഉണങ്ങിയ നിലത്തേക്ക് കാലെടുത്ത് വെച്ച ഉടൻ യോർദാനിലെ വെള്ളം വീണ്ടും ഒഴുകിത്തുടങ്ങി. അതു മുമ്പത്തെപ്പോലെ കരകവിഞ്ഞ് ഒഴുകി.+
19 ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന് കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു.
20 അവർ യോർദാനിൽനിന്ന് എടുത്ത 12 കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.+ 21 എന്നിട്ട്, ഇസ്രായേല്യരോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ മക്കൾ അപ്പന്മാരോട്, ‘എന്തിനാണ് ഈ കല്ലുകൾ ഇവിടെ വെച്ചിരിക്കുന്നത്’ എന്നു ചോദിച്ചാൽ+ 22 നിങ്ങൾ മക്കൾക്ക് ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു.+ 23 അവർക്ക് അക്കര കടക്കാൻ അന്ന് അവരുടെ മുന്നിൽനിന്ന് നിങ്ങളുടെ ദൈവമായ യഹോവ യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു. ചെങ്കടൽ കടക്കാൻ നമ്മുടെ ദൈവമായ യഹോവ നമ്മുടെ മുന്നിൽനിന്ന് അതിലെ വെള്ളം വറ്റിച്ചുകളഞ്ഞതുപോലെതന്നെ.+ 24 യഹോവയുടെ കൈ എത്ര ബലമുള്ളതാണെന്നു ഭൂമിയിലെ ജനങ്ങളെല്ലാം അറിയാനും+ നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടിയാണു ദൈവം ഇതു ചെയ്തത്.’”