ന്യായാധിപന്മാർ
3 കനാനിലെ യുദ്ധങ്ങളുടെയൊന്നും അനുഭവമില്ലാത്ത ഇസ്രായേല്യരെയെല്ലാം പരീക്ഷിക്കാനായി ചില ജനതകൾ ദേശത്ത് തുടരാൻ യഹോവ അനുവദിച്ചു.+ 2 (യുദ്ധം അറിഞ്ഞിട്ടില്ലാത്ത, ഇസ്രായേല്യരുടെ വരുംതലമുറകൾ യുദ്ധം അഭ്യസിക്കാൻവേണ്ടിയായിരുന്നു ഇത്.) 3 ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും+ എല്ലാ കനാന്യരും ബാൽ-ഹെർമോൻ പർവതം മുതൽ ലബോ-ഹമാത്ത്*+ വരെ ലബാനോൻ+ പർവതത്തിൽ താമസിക്കുന്ന ഹിവ്യരും+ സീദോന്യരും+ ആയിരുന്നു ആ ജനതകൾ. 4 മോശയിലൂടെ ഇസ്രായേല്യരുടെ പിതാക്കന്മാർക്ക് യഹോവ കൊടുത്ത കല്പനകൾ ഇസ്രായേൽ അനുസരിക്കുമോ എന്നു പരീക്ഷിച്ചറിയാനാണ് അവരെ ബാക്കി വെച്ചത്.+ 5 അങ്ങനെ ഇസ്രായേല്യർ കനാന്യരുടെയും+ ഹിത്യരുടെയും അമോര്യരുടെയും പെരിസ്യരുടെയും ഹിവ്യരുടെയും യബൂസ്യരുടെയും ഇടയിൽ താമസിച്ചു. 6 അവർ അവരുടെ പെൺമക്കളെ ഭാര്യമാരായി സ്വീകരിക്കുകയും തങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കുകയും അവരുടെ ദൈവങ്ങളെ സേവിക്കുകയും ചെയ്തു.+
7 അങ്ങനെ ഇസ്രായേല്യർ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു. അവർ അവരുടെ ദൈവമായ യഹോവയെ മറന്ന് ബാൽ ദൈവങ്ങളെയും പൂജാസ്തൂപങ്ങളെയും*+ സേവിച്ചു.+ 8 അപ്പോൾ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. ദൈവം അവരെ മെസൊപ്പൊത്താമ്യയിലെ* രാജാവായ കൂശൻ-രിശാഥയീമിനു വിറ്റു. ഇസ്രായേല്യർ എട്ടു വർഷം കൂശൻ-രിശാഥയീമിനെ സേവിച്ചു. 9 പക്ഷേ ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ അവരെ വിടുവിക്കാൻ യഹോവ ഒരു രക്ഷകനെ,+ കാലേബിന്റെ അനിയനായ കെനസിന്റെ മകൻ ഒത്നീയേലിനെ,+ എഴുന്നേൽപ്പിച്ചു. 10 യഹോവയുടെ ആത്മാവ്+ ഒത്നീയേലിന്റെ മേൽ വന്നു, ഒത്നീയേൽ ഇസ്രായേലിനു ന്യായാധിപനായിത്തീർന്നു. ഒത്നീയേൽ യുദ്ധത്തിനു പോയപ്പോൾ മെസൊപ്പൊത്താമ്യയിലെ* രാജാവായ കൂശൻ-രിശാഥയീമിനെ യഹോവ ഒത്നീയേലിന്റെ കൈയിൽ ഏൽപ്പിച്ചു; ഒത്നീയേൽ അയാളെ പരാജയപ്പെടുത്തി. 11 അതിനു ശേഷം ദേശത്ത് 40 വർഷം സ്വസ്ഥത* ഉണ്ടായി. പിന്നീട് കെനസിന്റെ മകൻ ഒത്നീയേൽ മരിച്ചു.
12 ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്യാൻതുടങ്ങി.+ അവർ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തതുകൊണ്ട് മോവാബുരാജാവായ+ എഗ്ലോൻ ഇസ്രായേല്യരുടെ മേൽ ആധിപത്യം പുലർത്താൻ യഹോവ അനുവദിച്ചു. 13 കൂടാതെ അമ്മോന്യരെയും+ അമാലേക്യരെയും+ അവർക്കെതിരെ വരുത്തി. അവർ ഇസ്രായേലിനെ ആക്രമിച്ച് ഈന്തപ്പനകളുടെ നഗരം+ പിടിച്ചെടുത്തു. 14 മോവാബിലെ രാജാവായ എഗ്ലോനെ ഇസ്രായേല്യർ 18 വർഷം സേവിച്ചു.+ 15 ഇസ്രായേല്യർ യഹോവയോടു സഹായത്തിനായി നിലവിളിച്ചപ്പോൾ+ യഹോവ ഒരു രക്ഷകനെ,+ ബന്യാമീന്യനായ+ ഗേരയുടെ മകൻ ഏഹൂദിനെ,+ അവർക്കുവേണ്ടി എഴുന്നേൽപ്പിച്ചു. ഏഹൂദ് ഒരു ഇടങ്കൈയനായിരുന്നു.+ ഒരിക്കൽ ഇസ്രായേല്യർ ഏഹൂദിന്റെ കൈവശം മോവാബുരാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു. 16 ഏഹൂദ് ഒരു മുഴം* നീളമുള്ള ഇരുവായ്ത്തലയുള്ള ഒരു വാൾ ഉണ്ടാക്കി വസ്ത്രത്തിന് അടിയിൽ വലത്തെ തുടയിൽ കെട്ടിവെച്ചു. 17 ഏഹൂദ് കാഴ്ച കൊണ്ടുപോയി മോവാബുരാജാവായ എഗ്ലോനു സമർപ്പിച്ചു. തടിച്ചുകൊഴുത്ത ഒരു മനുഷ്യനായിരുന്നു എഗ്ലോൻ.
18 കാഴ്ച സമർപ്പിച്ചശേഷം, അതുമായി തന്റെകൂടെ വന്നവരെ ഏഹൂദ് പറഞ്ഞയച്ചു. 19 എന്നാൽ ഗിൽഗാലിലെ+ കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ* അടുത്ത് എത്തിയപ്പോൾ ഏഹൂദ് ഒറ്റയ്ക്കു മടങ്ങിച്ചെന്ന് രാജാവിനോട് ഇങ്ങനെ പറഞ്ഞു: “രാജാവേ, എനിക്ക് അങ്ങയെ ഒരു രഹസ്യസന്ദേശം അറിയിക്കാനുണ്ട്!” അപ്പോൾ രാജാവ്, “ഒരു നിമിഷം!” എന്നു പറഞ്ഞു. ഉടനെ ഭൃത്യന്മാരെല്ലാം രാജാവിന്റെ അടുത്തുനിന്ന് പോയി. 20 ഏഹൂദ് എഗ്ലോൻ രാജാവിന്റെ അടുത്തേക്കു ചെന്നു. രാജാവ് കൊട്ടാരത്തിനു മുകളിലത്തെ തണുപ്പുള്ള മുറിയിൽ അപ്പോൾ തനിച്ചായിരുന്നു. “ദൈവത്തിൽനിന്നുള്ള ഒരു സന്ദേശം അങ്ങയെ അറിയിക്കാനുണ്ട്” എന്ന് ഏഹൂദ് പറഞ്ഞപ്പോൾ രാജാവ് സിംഹാസനത്തിൽനിന്ന്* എഴുന്നേറ്റു. 21 അപ്പോൾ ഏഹൂദ് തന്റെ വലതുതുടയിൽനിന്ന് ഇടങ്കൈകൊണ്ട് വാൾ വലിച്ചൂരി രാജാവിന്റെ വയറ്റിൽ കുത്തിക്കയറ്റി. 22 വാളിനൊപ്പം അതിന്റെ പിടിയും അകത്തേക്കു കയറിപ്പോയി. ഏഹൂദ് എഗ്ലോന്റെ വയറ്റിൽനിന്ന് വാൾ വലിച്ചൂരാഞ്ഞതുകൊണ്ട് അതിന്മേൽ കൊഴുപ്പു മൂടി; വിസർജ്യം പുറത്തുവന്നു. 23 ഏഹൂദ് ആ മുറിയുടെ വാതിലുകൾ പൂട്ടിയിട്ട് പൂമുഖത്തുകൂടെ* പുറത്തേക്കു പോയി. 24 ഏഹൂദ് പോയശേഷം, സേവകന്മാർ തിരിച്ചുവന്നപ്പോൾ മുറിയുടെ വാതിലുകൾ പൂട്ടിയിട്ടിരിക്കുന്നതു കണ്ടു. “തിരുമനസ്സ് അകത്തെ മുറിയിൽ വിസർജനത്തിന് ഇരിക്കുകയായിരിക്കും”* എന്നു പറഞ്ഞ് അവർ കാത്തുനിന്നു. 25 ഒടുവിൽ, അബദ്ധം പറ്റിയെന്ന് അവർക്കു മനസ്സിലായി. രാജാവ് മുറിയുടെ വാതിൽ തുറക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു. അപ്പോൾ അതാ, അവരുടെ യജമാനൻ തറയിൽ മരിച്ചുകിടക്കുന്നു!
26 അവർ കാത്തുനിന്ന സമയംകൊണ്ട് ഏഹൂദ് രക്ഷപ്പെട്ടിരുന്നു. കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ*+ സ്ഥലം പിന്നിട്ട് സുരക്ഷിതനായി സെയീരയിൽ എത്തി. 27 ഏഹൂദ് അവിടെ എത്തിയ ഉടനെ എഫ്രയീംമലനാട്ടിൽ+ കൊമ്പു വിളിച്ചു.+ അപ്പോൾ ഇസ്രായേല്യർ ഏഹൂദിന്റെ നേതൃത്വത്തിൽ മലനാട്ടിൽനിന്ന് പുറപ്പെട്ടു. 28 ഏഹൂദ് അവരോട്, “എന്റെകൂടെ വരുക, നിങ്ങളുടെ ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ കൂടെ ചെന്ന്, മോവാബ്യർ രക്ഷപ്പെടാതിരിക്കാൻ യോർദാന്റെ കടവുകൾ കയ്യടക്കി. യോർദാൻ കടക്കാൻ അവർ ആരെയും അനുവദിച്ചില്ല. 29 ശക്തന്മാരും വീരന്മാരും ആയ ഏകദേശം 10,000 മോവാബ്യരെ അവർ സംഹരിച്ചു;+ ഒരാൾപ്പോലും രക്ഷപ്പെട്ടില്ല.+ 30 അങ്ങനെ മോവാബിനെ അന്ന് ഇസ്രായേൽ കീഴടക്കി. ദേശത്ത് 80 വർഷം സ്വസ്ഥത ഉണ്ടായി.+
31 ഏഹൂദിനു ശേഷം ഇസ്രായേലിനെ രക്ഷിക്കാനായി അനാത്തിന്റെ മകൻ ശംഗർ+ എഴുന്നേറ്റു. മൃഗങ്ങളെ തെളിക്കുന്ന മുടിങ്കോലുകൊണ്ട്+ ശംഗർ 600 ഫെലിസ്ത്യരെ+ സംഹരിച്ചു.