ദിനവൃത്താന്തം രണ്ടാം ഭാഗം
10 രഹബെയാം ശെഖേമിലേക്കു ചെന്നു.+ രഹബെയാമിനെ രാജാവാക്കാൻ എല്ലാ ഇസ്രായേല്യരും ശെഖേമിൽ കൂടിവന്നിരുന്നു.+ 2 ഇത് അറിഞ്ഞ ഉടനെ നെബാത്തിന്റെ മകനായ യൊരോബെയാം+ ഈജിപ്തിൽനിന്ന് തിരിച്ചുവന്നു. (യൊരോബെയാം ശലോമോൻ രാജാവിനെ പേടിച്ച് ഈജിപ്തിലേക്ക് ഓടിപ്പോയിരുന്നു.)+ 3 അവർ ആളയച്ച് അയാളെ വിളിപ്പിച്ചു. യൊരോബെയാമും എല്ലാ ഇസ്രായേല്യരും കൂടി രഹബെയാമിന്റെ അടുത്ത് എത്തി ഇങ്ങനെ പറഞ്ഞു: 4 “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിനമാക്കി.+ അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിനവേല അങ്ങ് ഇപ്പോൾ കുറച്ചുതരുകയും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള* നുകം ലഘൂകരിച്ചുതരുകയും ചെയ്താൽ ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
5 അപ്പോൾ രഹബെയാം അവരോട്, “പോയി മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരുക” എന്നു പറഞ്ഞു. അങ്ങനെ ജനം പിരിഞ്ഞുപോയി.+ 6 അപ്പോൾ രഹബെയാം രാജാവ് അപ്പനായ ശലോമോന്റെ കാലത്ത് ശലോമോനെ സേവിച്ചിരുന്ന പ്രായമുള്ള പുരുഷന്മാരുമായി* കൂടിയാലോചിച്ചു. രാജാവ് അവരോടു ചോദിച്ചു: “ഈ ജനത്തിനു ഞാൻ എന്തു മറുപടി കൊടുക്കണം, എന്താണു നിങ്ങളുടെ അഭിപ്രായം?” 7 അവർ പറഞ്ഞു: “അങ്ങ് ഇന്ന് ഈ ജനത്തോടു ദയയോടെ പെരുമാറുകയും നല്ല വാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും ചെയ്താൽ അവർ എല്ലാ കാലത്തും അങ്ങയുടെ ദാസന്മാരായിരിക്കും.”
8 എന്നാൽ പ്രായമുള്ള പുരുഷന്മാർ* കൊടുത്ത ആ ഉപദേശം രഹബെയാം തള്ളിക്കളഞ്ഞു. പകരം, തന്റെകൂടെ വളർന്നവരും ഇപ്പോൾ തന്റെ ഭൃത്യരും ആയ ചെറുപ്പക്കാരുമായി കൂടിയാലോചിച്ചു.+ 9 രാജാവ് അവരോടു ചോദിച്ചു: “‘അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച നുകം ലഘൂകരിച്ചുതരുക’ എന്ന് എന്നോട് ആവശ്യപ്പെട്ട ഈ ജനത്തോട് എന്താണു മറുപടി പറയേണ്ടത്, എന്താണു നിങ്ങളുടെ അഭിപ്രായം?” 10 അദ്ദേഹത്തോടൊപ്പം വളർന്ന ആ ചെറുപ്പക്കാർ പറഞ്ഞു: “‘അങ്ങയുടെ അപ്പൻ ഭാരമുള്ളതാക്കിയ ഞങ്ങളുടെ നുകം അങ്ങ് ലഘൂകരിച്ചുതരണം’ എന്ന് അങ്ങയോടു പറഞ്ഞ ജനത്തോട് ഇങ്ങനെ പറയണം: ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും. 11 എന്റെ അപ്പൻ നിങ്ങളുടെ മേൽ ഭാരമുള്ള നുകം വെച്ചു. എന്നാൽ ഞാൻ ആ നുകത്തിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.’”
12 “മൂന്നാം ദിവസം മടങ്ങിവരുക” എന്നു രാജാവ് നിർദേശിച്ചതനുസരിച്ച്, മൂന്നാം ദിവസം യൊരോബെയാമും മറ്റെല്ലാവരും രഹബെയാമിന്റെ അടുത്ത് എത്തി.+ 13 എന്നാൽ രാജാവ് ജനത്തോടു കടുത്ത ഭാഷയിൽ സംസാരിച്ചു. അങ്ങനെ പ്രായമുള്ള പുരുഷന്മാർ* കൊടുത്ത ഉപദേശം രഹബെയാം തള്ളിക്കളഞ്ഞു. 14 ചെറുപ്പക്കാർ നൽകിയ നിർദേശമനുസരിച്ച് രാജാവ് ജനത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളുടെ നുകം കഠിനമാക്കും. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.” 15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ് തള്ളിക്കളഞ്ഞു. സത്യദൈവം ശീലോന്യനായ അഹീയയിലൂടെ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി,+ യഹോവയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്.+
16 രാജാവ് അപേക്ഷ തള്ളിക്കളഞ്ഞതിനാൽ ഇസ്രായേൽ ജനം രാജാവിനോടു പറഞ്ഞു: “ദാവീദിൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ മകനിൽ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേലേ, നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ദൈവങ്ങളുടെ അടുത്തേക്കു മടങ്ങുക! ദാവീദേ, നീ ഇനി നിന്റെ സ്വന്തം ഭവനം നോക്കിക്കൊള്ളുക!”+ തുടർന്ന് ഇസ്രായേല്യർ അവരവരുടെ വീടുകളിലേക്കു* മടങ്ങിപ്പോയി.+
17 എന്നാൽ രഹബെയാം തുടർന്നും യഹൂദയിലെ നഗരങ്ങളിൽ വസിച്ചിരുന്ന ഇസ്രായേല്യരുടെ മേൽ ഭരണം നടത്തി.+
18 പിന്നീട് രഹബെയാം രാജാവ്, നിർബന്ധിതസേവനം ചെയ്യുന്നവരുടെ മേൽനോട്ടം വഹിച്ചിരുന്ന ഹദോരാമിനെ+ ഇസ്രായേല്യർക്കിടയിലേക്ക് അയച്ചു. എന്നാൽ ഇസ്രായേല്യർ അയാളെ കല്ലെറിഞ്ഞ് കൊന്നു. രഹബെയാം രാജാവ് ഒരുവിധത്തിൽ തന്റെ രഥത്തിൽ കയറിപ്പറ്റി യരുശലേമിലേക്കു രക്ഷപ്പെട്ടു.+ 19 അങ്ങനെ ഇന്നും ഇസ്രായേല്യർ ദാവീദുഗൃഹത്തെ എതിർത്തുകൊണ്ടിരിക്കുന്നു.