ദിനവൃത്താന്തം രണ്ടാം ഭാഗം
27 രാജാവാകുമ്പോൾ യോഥാമിന്+ 25 വയസ്സായിരുന്നു. 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂഷയായിരുന്നു യോഥാമിന്റെ അമ്മ.+ 2 അപ്പനായ ഉസ്സീയ ചെയ്തതുപോലെ+ യഹോവയുടെ ആലയത്തിൽ അതിക്രമിച്ച് കടക്കാൻ യോഥാം മുതിർന്നില്ല.+ മറ്റ് അവസരങ്ങളിൽ ശരിയായതു പ്രവർത്തിച്ച ഉസ്സീയയെപ്പോലെ യോഥാമും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. എന്നാൽ ജനം അക്കാലത്തും നാശകരമായ കാര്യങ്ങൾ ചെയ്തുപോന്നു. 3 യോഥാം യഹോവയുടെ ഭവനത്തിന്റെ മുകളിലത്തെ കവാടം പണിതു;+ ഓഫേലിലെ മതിലിലും ധാരാളം പണികൾ നടത്തി.+ 4 യഹൂദാമലനാട്ടിൽ+ നഗരങ്ങളും വനപ്രദേശങ്ങളിൽ കോട്ടകളും+ ഗോപുരങ്ങളും+ നിർമിച്ചു.+ 5 യോഥാം അമ്മോന്യരുടെ രാജാവിനോടു യുദ്ധം ചെയ്ത്+ അവസാനം അയാളെ തോൽപ്പിച്ചു. ആ വർഷം അമ്മോന്യർ യോഥാമിന് 100 താലന്തു* വെള്ളിയും 10,000 കോർ* ഗോതമ്പും അത്രയുംതന്നെ ബാർളിയും നൽകി. പിറ്റെ വർഷവും അതിന് അടുത്ത വർഷവും അവർ അവ ഇതേ അളവിൽ കൊടുത്തു.+ 6 ദൈവമായ യഹോവയുടെ വഴികൾ വിട്ടുമാറാതെ അതിൽത്തന്നെ നടന്നതുകൊണ്ട് യോഥാം ശക്തി പ്രാപിച്ചു.
7 യോഥാമിന്റെ ബാക്കി ചരിത്രം, യോഥാം നടത്തിയ എല്ലാ യുദ്ധങ്ങളെക്കുറിച്ചും യോഥാമിന്റെ പ്രവൃത്തികളെക്കുറിച്ചും, ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+ 8 രാജാവാകുമ്പോൾ യോഥാമിന് 25 വയസ്സായിരുന്നു. യോഥാം യരുശലേമിൽ 16 വർഷം ഭരണം നടത്തി.+ 9 പിന്നെ യോഥാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ യോഥാമിനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ യോഥാമിന്റെ മകൻ ആഹാസ് അടുത്ത രാജാവായി.+