ദിനവൃത്താന്തം രണ്ടാം ഭാഗം
21 പിന്നെ യഹോശാഫാത്ത് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. യഹോശാഫാത്തിനെ പൂർവികരോടൊപ്പം ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു. മകൻ യഹോരാം അടുത്ത രാജാവായി.+ 2 യഹോരാമിന്റെ അനിയന്മാർ, അതായത് യഹോശാഫാത്തിന്റെ ആൺമക്കൾ, ഇവരായിരുന്നു: അസര്യ, യഹീയേൽ, സെഖര്യ, അസര്യ, മീഖായേൽ, ശെഫത്യ. ഇവരെല്ലാമാണ് ഇസ്രായേൽരാജാവായ യഹോശാഫാത്തിന്റെ ആൺമക്കൾ. 3 അവരുടെ അപ്പൻ അവർക്കു ധാരാളം സ്വർണവും വെള്ളിയും വിലയേറിയ വസ്തുക്കളും സമ്മാനമായി കൊടുത്തു; യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളും അവർക്കു കൊടുത്തു.+ എന്നാൽ യഹോരാമായിരുന്നു മൂത്ത മകൻ. അതുകൊണ്ട് രാജ്യം യഹോരാമിനെ ഏൽപ്പിച്ചു.+
4 പക്ഷേ അപ്പനിൽനിന്ന് രാജ്യഭരണം ഏറ്റെടുത്ത ഉടനെ യഹോരാം എല്ലാ അനിയന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വാളുകൊണ്ട് കൊന്ന്+ രാജസ്ഥാനം ഉറപ്പിച്ചു. 5 രാജാവാകുമ്പോൾ യഹോരാമിന് 32 വയസ്സായിരുന്നു. യഹോരാം എട്ടു വർഷം യരുശലേമിൽ ഭരിച്ചു.+ 6 യഹോരാം ആഹാബിന്റെ ഭവനത്തിലുള്ളവരെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ കാരണം ആഹാബിന്റെ മകളെയാണ് യഹോരാം വിവാഹം കഴിച്ചിരുന്നത്.+ യഹോരാം യഹോവയുടെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തു. 7 എന്നാൽ ദാവീദുമായി ചെയ്ത ഉടമ്പടി ഓർത്തപ്പോൾ ദാവീദിന്റെ ഭവനത്തെ നശിപ്പിച്ചുകളയാൻ യഹോവയ്ക്കു മനസ്സുവന്നില്ല.+ ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക് നൽകുമെന്നു ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.+
8 യഹോരാമിന്റെ ഭരണകാലത്ത് ഏദോം യഹൂദയെ എതിർത്ത്+ സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.+ 9 അപ്പോൾ യഹോരാമും സൈന്യാധിപന്മാരും യഹോരാമിന്റെ എല്ലാ രഥങ്ങളുമായി അക്കര കടന്നു. യഹോരാം രാത്രി എഴുന്നേറ്റ് തന്നെയും രഥനായകന്മാരെയും വളഞ്ഞിരുന്ന ഏദോമ്യരെ തോൽപ്പിച്ചു. 10 എന്നാൽ ഏദോം തുടർന്നും യഹൂദയെ എതിർത്തു; അത് ഇന്നും തുടരുന്നു. യഹോരാം പൂർവികരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട്+ അക്കാലത്ത് ലിബ്നയും+ യഹോരാമിനെ എതിർത്തു. 11 യരുശലേംനിവാസികളെ ആത്മീയവേശ്യാവൃത്തിയിലേക്കു തള്ളിവിട്ടുകൊണ്ട് യഹോരാം യഹൂദയിലെ മലകളിൽ ആരാധനാസ്ഥലങ്ങൾ* നിർമിച്ചു.+ അങ്ങനെ യഹോരാം യഹൂദയെ വഴിതെറ്റിച്ചു.
12 പിന്നീട് യഹോരാമിന് ഏലിയ പ്രവാചകനിൽനിന്ന്+ ഒരു കത്തു ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: ‘നീ നിന്റെ അപ്പനായ യഹോശാഫാത്തിന്റെയോ+ യഹൂദാരാജാവായ ആസയുടെയോ+ വഴികളിൽ നടന്നില്ല. 13 പകരം നീ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന്+ യഹൂദയെയും യരുശലേംനിവാസികളെയും കൊണ്ട് ആഹാബുഗൃഹം ചെയ്തതുപോലുള്ള+ ആത്മീയവേശ്യാവൃത്തി ചെയ്യിച്ചു.+ മാത്രമല്ല, നീ നിന്റെ സ്വന്തം സഹോദരന്മാരെ, നിന്റെ അപ്പന്റെ കുടുംബത്തെ, കൊന്നുകളയുകയും ചെയ്തു.+ അവർ നിന്നെക്കാൾ എത്രയോ ഭേദമായിരുന്നു. 14 അതുകൊണ്ട് യഹോവ ഇതാ, നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിനക്കുള്ള എല്ലാത്തിനെയും ശിക്ഷിക്കുന്നു. 15 പല തരം രോഗങ്ങളാൽ നീ കഷ്ടപ്പെടും. നിന്റെ കുടലുകളിലും രോഗം ബാധിക്കും. രോഗം മൂർച്ഛിച്ച് ഒടുവിൽ നിന്റെ കുടൽ പുറത്ത് വരും.’”
16 പിന്നെ യഹോവ ഫെലിസ്ത്യരെയും+ എത്യോപ്യരുടെ അടുത്തുള്ള അറബികളെയും+ യഹോരാമിനു നേരെ വരുത്തി.+ 17 അവർ യഹൂദയിലേക്ക് അതിക്രമിച്ചുകടന്ന് രാജാവിന്റെ കൊട്ടാരത്തിലുള്ള സകലവും എടുത്തുകൊണ്ടുപോയി.+ രാജാവിന്റെ ഭാര്യമാരെയും ആൺമക്കളെയും അവർ പിടിച്ചുകൊണ്ടുപോയി. യഹോരാമിന്റെ ആൺമക്കളിൽ, ഏറ്റവും ഇളയവനായ യഹോവാഹാസ്*+ മാത്രമാണു ശേഷിച്ചത്. 18 ഇതിനെല്ലാം പുറമേ, യഹോവ യഹോരാമിന്റെ കുടലിൽ ഒരു മാറാരോഗവും വരുത്തി.+ 19 കുറച്ച് നാൾ, അതായത് രണ്ടു വർഷം, കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിച്ച് യഹോരാമിന്റെ കുടൽ പുറത്ത് വന്നു. അങ്ങനെ വല്ലാതെ കഷ്ടപ്പെട്ട് യഹോരാം മരിച്ചു. യഹോരാമിന്റെ പൂർവികർ മരിച്ചപ്പോൾ ഒരുക്കിയതുപോലെ, യഹോരാമിന്റെ ജനം യഹോരാമിനുവേണ്ടി അഗ്നി ഒരുക്കിയില്ല.+ 20 രാജാവാകുമ്പോൾ യഹോരാമിന് 32 വയസ്സായിരുന്നു. എട്ടു വർഷം യഹോരാം യരുശലേമിൽ ഭരിച്ചു. യഹോരാമിന്റെ മരണത്തിൽ ആർക്കും ദുഃഖം തോന്നിയില്ല. അവർ യഹോരാമിനെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്തു; പക്ഷേ രാജാക്കന്മാരുടെ കല്ലറയിലല്ലായിരുന്നു.+