യഹസ്കേൽ
3 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ മുന്നിലുള്ള* ഈ ചുരുൾ തിന്നിട്ട് ചെന്ന് ഇസ്രായേൽഗൃഹത്തോടു സംസാരിക്കണം.”+
2 അപ്പോൾ ഞാൻ എന്റെ വായ് തുറന്നു. ദൈവം ആ ചുരുൾ എനിക്കു തിന്നാൻ തന്നു. 3 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ തരുന്ന ഈ ചുരുൾ തിന്ന് നിന്റെ വയറു നിറയ്ക്കുക.” അപ്പോൾ ഞാൻ അതു തിന്നുതുടങ്ങി. അത് എന്റെ വായിൽ തേൻപോലെ മധുരിച്ചു.+
4 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിന്റെ അടുത്ത് ചെന്ന് എന്റെ വാക്കുകൾ അവരെ അറിയിക്കുക. 5 അപരിചിതവും മനസ്സിലാക്കാനാകാത്തതും ആയ ഭാഷ സംസാരിക്കുന്ന ജനതയുടെ അടുത്തേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്, പകരം ഇസ്രായേൽഗൃഹത്തിന്റെ അടുത്തേക്കാണ്. 6 നിനക്കു മനസ്സിലാക്കാനാകാത്തതും അപരിചിതവും ആയ ഭാഷ സംസാരിക്കുന്ന ജനതകളുടെ അടുത്തേക്കാണു നിന്നെ അയച്ചിരുന്നതെങ്കിൽ അവർ നീ പറയുന്നതു ശ്രദ്ധിച്ചേനേ.+ 7 പക്ഷേ ഇസ്രായേൽഗൃഹം നീ പറയുന്നതു കേൾക്കാൻ കൂട്ടാക്കില്ല. കാരണം, ഞാൻ പറയുന്നതു കേൾക്കാൻ മനസ്സില്ലാത്തവരാണ് അവർ.+ ഇസ്രായേൽഗൃഹത്തിലുള്ളവരെല്ലാം കടുംപിടുത്തക്കാരും കഠിനഹൃദയരും ആണ്.+ 8 ഇതാ, ഞാൻ നിന്റെ മുഖം അവരുടെ മുഖംപോലെയും നിന്റെ നെറ്റി അവരുടെ നെറ്റിപോലെയും കടുപ്പമുള്ളതാക്കിയിരിക്കുന്നു.+ 9 ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള+ വജ്രംപോലെയാക്കിയിരിക്കുന്നു. അവരെ പേടിക്കുകയോ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകുകയോ അരുത്;+ അവർ ഒരു മത്സരഗൃഹമാണല്ലോ.”
10 ദൈവം ഇങ്ങനെയും എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്ന ഈ വാക്കുകളെല്ലാം ശ്രദ്ധിച്ചുകേൾക്കൂ. നീ അവ ഗൗരവമായെടുക്കണം. 11 ബന്ദികളായി കൊണ്ടുപോന്നിട്ടുള്ള നിന്റെ ജനത്തിന്റെ ഇടയിൽ ചെന്ന്+ നീ അവരോടു സംസാരിക്കണം. അവർ കേട്ടാലും ഇല്ലെങ്കിലും, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു നീ അവരോടു പറയണം.”+
12 അപ്പോൾ ഒരു ആത്മാവ്* എന്നെ എടുത്തുകൊണ്ടുപോയി.+ “യഹോവയുടെ സ്ഥലത്ത് അവിടുത്തെ മഹത്ത്വം വാഴ്ത്തപ്പെടട്ടെ” എന്നു പറയുന്ന വലിയൊരു ഹുങ്കാരശബ്ദം പുറകിൽനിന്ന് ഞാൻ കേട്ടു. 13 ജീവികളുടെ ചിറകുകൾ പരസ്പരം കൂട്ടിയുരസുന്നതിന്റെ ശബ്ദവും+ ജീവികളുടെ അടുത്തുള്ള ചക്രങ്ങളുടെ ശബ്ദവും+ വലിയൊരു ഹുങ്കാരശബ്ദവും ഞാൻ കേട്ടു. 14 അപ്പോൾ ആത്മാവ്* എന്നെ എടുത്തുകൊണ്ടുപോയി. പോകുമ്പോൾ എനിക്കു ദുഃഖവും അമർഷവും തോന്നി. യഹോവയുടെ കൈ എന്റെ മേൽ ശക്തിയോടെയുണ്ടായിരുന്നു. 15 അങ്ങനെ ഞാൻ, തെൽ-അബീബിൽ കെബാർ നദീതീരത്ത്+ കഴിയുന്ന നാടുകടത്തപ്പെട്ട ആളുകളുടെ അടുത്ത് ചെന്ന് ഏഴു ദിവസം അവരുടെകൂടെ താമസിച്ചു. ആ ദിവസങ്ങളത്രയും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.+
16 ഏഴു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
17 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു.+ എന്റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.+ 18 ഞാൻ ദുഷ്ടനോട്, ‘നീ മരിക്കും’ എന്നു പറഞ്ഞിട്ടും നീ അവനു മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ, അവൻ ജീവിച്ചിരിക്കേണ്ടതിനു ദുഷിച്ച വഴി വിട്ടുമാറാൻ താക്കീതു നൽകാതിരുന്നാൽ,+ ദുഷ്ടനായ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും.*+ 19 പക്ഷേ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുഷിച്ച വഴികളിൽനിന്നും പിന്മാറുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+ 20 പക്ഷേ ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു* ചെയ്താൽ അവൻ തട്ടിവീഴാൻവേണ്ടി ഞാൻ അവന്റെ മുന്നിൽ ഒരു തടസ്സം വെക്കും. അങ്ങനെ അവൻ മരിക്കും. നീ അവനു മുന്നറിയിപ്പു കൊടുക്കാത്തതുകൊണ്ട് അവൻ തന്റെ പാപം കാരണം മരിക്കും.+ അവന്റെ നീതിപ്രവൃത്തികളൊന്നും ഓർക്കില്ല. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.*+ 21 പക്ഷേ പാപം ചെയ്യാതിരിക്കാൻ നീ ഒരു നീതിമാനു മുന്നറിയിപ്പു കൊടുത്തതുകൊണ്ട് അവൻ പാപം ചെയ്യാതിരുന്നാൽ അവൻ നിശ്ചയമായും ജീവിക്കും; കാരണം, അവൻ മുന്നറിയിപ്പിനു ചെവി കൊടുത്തല്ലോ.+ നീയും നിന്റെ ജീവൻ രക്ഷിക്കും.”
22 അവിടെവെച്ച് യഹോവയുടെ കൈ എന്റെ മേൽ വന്നു. ദൈവം എന്നോടു പറഞ്ഞു: “എഴുന്നേറ്റ് താഴ്വരയിലേക്കു പോകൂ! അവിടെവെച്ച് ഞാൻ നിന്നോടു സംസാരിക്കും.” 23 അങ്ങനെ, ഞാൻ എഴുന്നേറ്റ് താഴ്വരയിലേക്കു ചെന്നു. അപ്പോൾ അതാ, അവിടെ യഹോവയുടെ തേജസ്സ്!+ കെബാർ നദീതീരത്തുവെച്ച്+ ഞാൻ കണ്ട അതേ തേജസ്സ്! ഉടനെ, ഞാൻ കമിഴ്ന്നുവീണു. 24 അപ്പോൾ ദൈവാത്മാവ് എന്നിൽ പ്രവേശിച്ച് എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+ ദൈവം എന്നോടു പറഞ്ഞു:
“നീ വീട്ടിലേക്കു ചെന്ന് കതക് അടച്ച് ഇരിക്കുക. 25 പക്ഷേ മനുഷ്യപുത്രാ, നീ അവരുടെ ഇടയിലേക്കു ചെല്ലാതിരിക്കാൻ അവർ നിന്നെ കയറുകൊണ്ട് ബന്ധിക്കും. 26 ഞാൻ നിന്റെ നാവ് അണ്ണാക്കിനോടു പറ്റിച്ചേരാൻ ഇടയാക്കും. അങ്ങനെ നീ മൂകനായിപ്പോകും; നിനക്ക് അവരെ ശാസിക്കാൻ കഴിയാതാകും. അവർ ഒരു മത്സരഗൃഹമാണല്ലോ. 27 പക്ഷേ ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും.+ നീ അവരോട്, ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്’ എന്നു പറയണം. കേൾക്കുന്നവൻ കേൾക്കട്ടെ.+ കേൾക്കാൻ മനസ്സില്ലാത്തവൻ കേൾക്കേണ്ടാ. അവർ ഒരു മത്സരഗൃഹമാണല്ലോ.+