ദാനിയേൽ
6 രാജ്യത്ത് അങ്ങോളമിങ്ങോളം 120 സംസ്ഥാനാധിപതിമാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാര്യാവേശിനു തോന്നി.+ 2 അവരുടെ മേൽ മൂന്ന് ഉന്നതോദ്യോഗസ്ഥരെയും നിയമിച്ചു. ഇവരിൽ ഒരാൾ ദാനിയേലായിരുന്നു.+ രാജാവിനു നഷ്ടമൊന്നും വരാതിരിക്കേണ്ടതിനു സംസ്ഥാനാധിപതിമാർ+ ഇവരോടു കണക്കു ബോധിപ്പിക്കണമായിരുന്നു. 3 ദാനിയേൽ മറ്റ് ഉന്നതോദ്യോഗസ്ഥരെക്കാളും സംസ്ഥാനാധിപതിമാരെക്കാളും മികച്ചുനിന്നു. അസാധാരണമാംവിധം സമർഥനായിരുന്നു ദാനിയേൽ.+ ദാനിയേലിനു സ്ഥാനക്കയറ്റം നൽകി മുഴുരാജ്യത്തിനും മീതെ ഉയർത്താൻ രാജാവ് ആലോചിച്ചു.
4 ആ സമയത്ത് ഉന്നതോദ്യോഗസ്ഥരും സംസ്ഥാനാധിപതിമാരും ദാനിയേലിന് എതിരെ രാജ്യകാര്യങ്ങളോടു ബന്ധപ്പെട്ട എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ നോക്കിനടക്കുകയായിരുന്നു. പക്ഷേ, ആരോപണം ഉന്നയിക്കാൻ പറ്റിയ എന്തെങ്കിലും തെറ്റോ കുറ്റമോ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. കാരണം, ദാനിയേൽ ആശ്രയയോഗ്യനും ഒന്നിലും വീഴ്ച വരുത്താത്തവനും അഴിമതി കാണിക്കാത്തവനും ആയിരുന്നു. 5 അതുകൊണ്ട്, അവർ പറഞ്ഞു: “ഈ ദാനിയേലിന്റെ കാര്യത്തിൽ, അയാളുടെ ദൈവത്തിന്റെ നിയമത്തോടു* ബന്ധപ്പെട്ടല്ലാതെ ഒരു കാര്യത്തിലും ഒരു ആരോപണവും ഉന്നയിക്കാനാകുമെന്നു തോന്നുന്നില്ല.”+
6 അങ്ങനെ, ആ ഉന്നതോദ്യോഗസ്ഥരും സംസ്ഥാനാധിപതിമാരും സംഘം ചേർന്ന് രാജസന്നിധിയിലെത്തി. അവർ രാജാവിനോടു പറഞ്ഞു: “ദാര്യാവേശ് രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 7 രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും മേധാവികളും സംസ്ഥാനാധിപതിമാരും രാജാവിന്റെ ഉന്നതാധികാരികളും ഗവർണർമാരും ഒരു കാര്യം കൂടിയാലോചിച്ചിരിക്കുന്നു. അത് ഇതാണു രാജാവേ: 30 ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദൈവത്തോടോ മനുഷ്യനോടോ അപേക്ഷ ഉണർത്തിക്കുന്നയാളെ സിംഹക്കുഴിയിൽ എറിയണം.+ ഇതെക്കുറിച്ച് ഒരു രാജകല്പന പുറപ്പെടുവിച്ച് ഒരു നിരോധനം ഏർപ്പെടുത്തണം. 8 രാജാവേ, ഇപ്പോൾ അങ്ങ് അതൊരു കല്പനയാക്കി മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അതിൽ ഒപ്പു വെച്ചാലും;+ അങ്ങനെ, അതിനു മാറ്റം വരുത്താൻ പറ്റാതാകട്ടെ.”+
9 അങ്ങനെ, ദാര്യാവേശ് രാജാവ് ആ കല്പനയിലും നിരോധനത്തിലും ഒപ്പു വെച്ചു.
10 എന്നാൽ, കല്പനയിൽ ഒപ്പു വെച്ച കാര്യം അറിഞ്ഞ ഉടനെ ദാനിയേൽ വീട്ടിലേക്കു പോയി. വീടിന്റെ മുകളിലത്തെ മുറിയുടെ ജനലുകൾ യരുശലേമിനു നേരെ തുറന്നുകിടന്നിരുന്നു.+ താൻ പതിവായി ചെയ്തുപോന്നതുപോലെ ദാനിയേൽ ദിവസം മൂന്നു പ്രാവശ്യം തന്റെ ദൈവത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ച് സ്തുതികൾ അർപ്പിച്ചു. 11 അപ്പോൾ, ആ പുരുഷന്മാർ അകത്തേക്ക് ഇരച്ചുകയറിവന്നു. ദാനിയേൽ തന്റെ ദൈവത്തിന്റെ മുന്നിൽ അപേക്ഷ ഉണർത്തിക്കുന്നതും പ്രീതിക്കായി യാചിക്കുന്നതും അവർ കണ്ടു.
12 ഉടൻതന്നെ അവർ രാജാവിനെ സമീപിച്ച് രാജാവ് ഏർപ്പെടുത്തിയ നിരോധനത്തെക്കുറിച്ച് ഓർമിപ്പിച്ചു: “രാജാവേ, 30 ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദൈവത്തോടോ മനുഷ്യനോടോ അപേക്ഷ ഉണർത്തിക്കുന്നയാളെ സിംഹക്കുഴിയിൽ എറിയണമെന്നു വ്യവസ്ഥ ചെയ്ത് അങ്ങ് നിരോധനം ഏർപ്പെടുത്തി ഒപ്പു വെച്ചില്ലേ?” രാജാവ് പറഞ്ഞു: “മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അക്കാര്യത്തിന് ഒരു മാറ്റവുമില്ല.”+ 13 ഉടനെ അവർ രാജാവിനോടു പറഞ്ഞു: “രാജാവേ, യഹൂദയിൽനിന്ന് പ്രവാസിയായി പിടിച്ചുകൊണ്ടുവന്ന ദാനിയേൽ+ അങ്ങയെയോ അങ്ങ് ഒപ്പു വെച്ച നിരോധനത്തെയോ ഒട്ടും വകവെക്കാതെ ദിവസം മൂന്നു പ്രാവശ്യം പ്രാർഥിക്കുന്നു.”+ 14 ഇതു കേട്ട ഉടനെ രാജാവ് ആകെ വിഷമത്തിലായി. ദാനിയേലിനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അദ്ദേഹം ആലോചിച്ചു. ദാനിയേലിനെ രക്ഷിക്കാൻ സൂര്യൻ അസ്തമിക്കുന്നതുവരെ അദ്ദേഹം സകല ശ്രമവും ചെയ്തു. 15 ഒടുവിൽ, ആ പുരുഷന്മാർ സംഘം ചേർന്ന് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “രാജാവേ, രാജകല്പനയ്ക്കോ രാജാവ് ഏർപ്പെടുത്തുന്ന ഏതെങ്കിലും നിരോധനത്തിനോ മാറ്റം വരുത്താൻ പാടില്ലെന്നാണു മേദ്യരുടെയും പേർഷ്യക്കാരുടെയും നിയമമെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.”+
16 അങ്ങനെ, രാജാവ് ഉത്തരവിട്ടു; അവർ ദാനിയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിൽ എറിഞ്ഞു.+ രാജാവ് ദാനിയേലിനോടു പറഞ്ഞു: “താങ്കൾ നിരന്തരം സേവിക്കുന്ന ആ ദൈവം താങ്കളെ രക്ഷിക്കും.” 17 തുടർന്ന്, ഒരു കല്ലു കൊണ്ടുവന്ന് കുഴിയുടെ വായ് അടച്ചു. ദാനിയേലിന്റെ കാര്യത്തിൽ ഒരു മാറ്റവും വരാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും തന്റെ പ്രധാനികളുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്ര വെച്ചു.
18 പിന്നെ, രാജാവ് കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവൻ ഉപവസിച്ചു, ഉല്ലാസമൊന്നും വേണ്ടെന്നു വെച്ചു.* രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല.* 19 ഒടുവിൽ, വെട്ടം വീണ ഉടനെ രാജാവ് എഴുന്നേറ്റ് തിടുക്കത്തിൽ സിംഹക്കുഴിയുടെ അടുത്തേക്കു പോയി. 20 കുഴിയുടെ അടുത്ത് ചെന്ന രാജാവ് ദുഃഖം കലർന്ന സ്വരത്തിൽ ദാനിയേലിനെ വിളിച്ചു. രാജാവ് ദാനിയേലിനോടു ചോദിച്ചു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലേ, താങ്കൾ ഇടവിടാതെ സേവിക്കുന്ന ദൈവത്തിനു സിംഹങ്ങളിൽനിന്ന് താങ്കളെ രക്ഷിക്കാനായോ?” 21 ഉടനെ ദാനിയേൽ രാജാവിനോടു പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു.+ അവ എന്നെ ഉപദ്രവിച്ചില്ല.+ കാരണം, ഞാൻ നിരപരാധിയാണെന്നു ദൈവം കണ്ടു. രാജാവേ, അങ്ങയോടും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.”
23 രാജാവിനു വലിയ സന്തോഷമായി. ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റി. തന്റെ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതുകൊണ്ട് ദാനിയേലിന് ഒരു പോറൽപോലും ഏറ്റിരുന്നില്ല.+
24 പിന്നെ, ദാനിയേലിന് എതിരെ കുറ്റാരോപണം നടത്തിയ* പുരുഷന്മാരെ രാജകല്പനയനുസരിച്ച് കൊണ്ടുവന്നു. അവരെയും അവരുടെ പുത്രന്മാരെയും ഭാര്യമാരെയും സിംഹക്കുഴിയിൽ എറിഞ്ഞു. അവർ കുഴിയുടെ അടിയിൽ എത്തുന്നതിനു മുമ്പേ സിംഹങ്ങൾ അവരെ കീഴ്പെടുത്തി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.+
25 പിന്നെ, ദാര്യാവേശ് രാജാവ് ഭൂമിയിലെങ്ങുമുള്ള എല്ലാ ജനതകൾക്കും രാജ്യക്കാർക്കും ഭാഷക്കാർക്കും ഇങ്ങനെ എഴുതി:+ “നിങ്ങൾക്കു സമൃദ്ധമായ സമാധാനം ആശംസിക്കുന്നു! 26 എന്റെ ഭരണപ്രദേശത്തെങ്ങുമുള്ള സകലരും ദാനിയേലിന്റെ ദൈവത്തിനു മുന്നിൽ ഭയന്നുവിറയ്ക്കണമെന്നു ഞാൻ ഒരു കല്പന പുറപ്പെടുവിക്കുന്നു.+ കാരണം, ആ ദൈവമാണു ജീവനുള്ള ദൈവം, എന്നേക്കുമുള്ളവൻ. ആ ദൈവത്തിന്റെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടില്ല. ആ ഭരണം എന്നെന്നും നിലനിൽക്കും.*+ 27 ആ ദൈവം വിടുവിക്കുകയും+ രക്ഷിക്കുകയും ചെയ്യുന്നു, ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നു.+ സിംഹങ്ങളുടെ കൈയിൽനിന്ന് ആ ദൈവം ദാനിയേലിനെ രക്ഷിച്ചല്ലോ!”
28 അങ്ങനെ ദാനിയേൽ, ദാര്യാവേശിന്റെയും+ പേർഷ്യക്കാരനായ കോരെശിന്റെയും*+ ഭരണകാലത്ത് ഐശ്വര്യസമൃദ്ധിയിൽ കഴിഞ്ഞു.