സംഖ്യ
25 ഇസ്രായേൽ ശിത്തീമിൽ+ താമസിക്കുമ്പോൾ ജനം മോവാബിലെ സ്ത്രീകളുമായി അധാർമികപ്രവൃത്തികൾ* ചെയ്യാൻതുടങ്ങി.+ 2 ആ സ്ത്രീകൾ തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രായേല്യരെയും ക്ഷണിച്ചു. അങ്ങനെ ജനം ബലിവസ്തുക്കൾ തിന്നുകയും അവരുടെ ദൈവങ്ങളുടെ മുന്നിൽ കുമ്പിടുകയും ചെയ്തു.+ 3 ഇസ്രായേൽ അവരോടുകൂടെ പെയോരിലെ ബാലിനെ ആരാധിച്ചതുകൊണ്ട്*+ യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി. 4 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിൽനിന്ന് നീങ്ങിപ്പോകണമെങ്കിൽ ഈ ജനത്തിന്റെ നേതാക്കന്മാരെയെല്ലാം പിടിച്ച് ജനം മുഴുവൻ കാൺകെ* യഹോവയുടെ സന്നിധിയിൽ തൂക്കുക.” 5 അപ്പോൾ മോശ ഇസ്രായേലിലെ ന്യായാധിപന്മാരോട്,+ “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഇടയിൽ പെയോരിലെ ബാലിനെ ആരാധിച്ച* ഈ പുരുഷന്മാരെ കൊന്നുകളയണം” എന്നു കല്പിച്ചു.+
6 ആ സമയത്ത് ഒരു ഇസ്രായേല്യൻ, സാന്നിധ്യകൂടാരത്തിന്റെ മുന്നിൽ വിലപിച്ചുകൊണ്ടിരുന്ന ഇസ്രായേൽസമൂഹത്തിന്റെയും മോശയുടെയും മുന്നിലൂടെ ഒരു മിദ്യാന്യസ്ത്രീയെയും+ കൂട്ടി തന്റെ സഹോദരന്മാരുടെ അടുത്തേക്കു വന്നു. 7 അതു കണ്ട ഉടനെ പുരോഹിതനായ, അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസ്+ ജനത്തിന് ഇടയിൽനിന്ന് എഴുന്നേറ്റ് കൈയിൽ ഒരു കുന്തവും എടുത്ത് 8 ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കു പാഞ്ഞുചെന്നു. ആ സ്ത്രീയുടെ ജനനേന്ദ്രിയം തുളയുംവിധം ഫിനെഹാസ് ആ പുരുഷനെയും സ്ത്രീയെയും കുന്തംകൊണ്ട് കുത്തി. അതോടെ ഇസ്രായേല്യരുടെ മേലുള്ള ബാധ നിലച്ചു.+ 9 ബാധ കാരണം മരിച്ചവർ ആകെ 24,000 പേരായിരുന്നു.+
10 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 11 “പുരോഹിതനായ അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസ്+ ഇസ്രായേൽ ജനത്തിനു നേരെയുള്ള എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു. അവർ എന്നോടു കാണിച്ച അവിശ്വസ്തത അവൻ ഒട്ടും വെച്ചുപൊറുപ്പിച്ചില്ല.+ അതുകൊണ്ടുതന്നെ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണെങ്കിലും ഞാൻ ഇസ്രായേല്യരെ തുടച്ചുനീക്കിയില്ല.+ 12 അതുകൊണ്ട് അവനോട് ഇങ്ങനെ പറയുക. ഞാൻ അവനുമായി സമാധാനത്തിലായിരിക്കുമെന്ന് ഉടമ്പടി ചെയ്യുന്നു. 13 അത് അവനോടും അവന്റെ സന്തതികളോടും ഉള്ള ദീർഘകാലം നിലനിൽക്കുന്ന പൗരോഹിത്യത്തിന്റെ ഒരു ഉടമ്പടിയായിരിക്കും.+ കാരണം തന്റെ ദൈവത്തോടുള്ള അവരുടെ അവിശ്വസ്തത അവൻ വെച്ചുപൊറുപ്പിച്ചില്ല;+ ഇസ്രായേൽ ജനത്തിനുവേണ്ടി അവൻ പാപപരിഹാരം വരുത്തുകയും ചെയ്തു.”
14 മിദ്യാന്യസ്ത്രീയോടൊപ്പം കൊല്ലപ്പെട്ട ഇസ്രായേല്യപുരുഷന്റെ പേര് സിമ്രി എന്നായിരുന്നു. സാലുവിന്റെ മകനും ശിമെയോന്യരുടെ പിതൃഭവനത്തിന്റെ തലവനും ആയിരുന്നു സിമ്രി. 15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കൊസ്ബി. ആ സ്ത്രീ മിദ്യാനിലെ ഒരു പിതൃഭവനത്തിലെ കുടുംബങ്ങളുടെ തലവനായ+ സൂരിന്റെ മകളായിരുന്നു.+
16 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 17 “നിങ്ങൾ മിദ്യാന്യരെ ദ്രോഹിച്ച് അവരെ സംഹരിക്കുക.+ 18 കാരണം പെയോരിന്റെ കാര്യത്തിലും+ മിദ്യാന്യതലവന്റെ മകളായ കൊസ്ബിയുടെ—പെയോർ കാരണം ഉണ്ടായ ബാധയുടെ സമയത്ത്+ കൊല്ലപ്പെട്ട തങ്ങളുടെ സഹോദരിയുടെ+—കാര്യത്തിലും അവർ തന്ത്രം പ്രയോഗിച്ച് നിങ്ങളെ ദ്രോഹിച്ചല്ലോ.”