അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
18 ഇതിനു ശേഷം പൗലോസ് ആതൻസിൽനിന്ന് കൊരിന്തിലേക്കു പോയി. 2 പൊന്തൊസുകാരനായ അക്വില+ എന്ന ജൂതനെയും ഭാര്യ പ്രിസ്കില്ലയെയും പൗലോസ് അവിടെവെച്ച് കണ്ടു. ജൂതന്മാരെല്ലാം റോം വിട്ട് പോകണമെന്ന ക്ലൗദ്യൊസിന്റെ കല്പനയനുസരിച്ച് ആയിടയ്ക്ക് ഇറ്റലിയിൽനിന്ന് എത്തിയതായിരുന്നു അവർ. പൗലോസ് അവരുടെ അടുത്ത് ചെന്നു. 3 അവരും പൗലോസിനെപ്പോലെ കൂടാരപ്പണിക്കാരായിരുന്നു. അതുകൊണ്ട് പൗലോസ് അവരുടെ വീട്ടിൽ താമസിച്ച് അവരോടൊപ്പം ജോലി ചെയ്തു.+ 4 അതോടൊപ്പം പൗലോസ് ശബത്തുതോറും+ സിനഗോഗിൽ പ്രസംഗിക്കുകയും+ ബോധ്യം വരുത്തുന്ന രീതിയിൽ ജൂതന്മാരോടും ഗ്രീക്കുകാരോടും സംസാരിക്കുകയും ചെയ്തു.
5 മാസിഡോണിയയിൽനിന്ന് ശീലാസും+ തിമൊഥെയൊസും+ എത്തിയതോടെ, യേശുതന്നെയാണു ക്രിസ്തു എന്നു ജൂതന്മാർക്കു തെളിയിച്ചുകൊടുത്തുകൊണ്ട് പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.+ 6 എന്നാൽ ജൂതന്മാർ പൗലോസിനെ എതിർക്കുകയും പൗലോസിനോടു മോശമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാൽ പൗലോസ് വസ്ത്രം കുടഞ്ഞിട്ട്+ അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ.+ ഞാൻ കുറ്റക്കാരനല്ല.+ ഇനിമുതൽ ഞാൻ ജനതകളിൽപ്പെട്ടവരുടെ അടുത്തേക്കു പോകുകയാണ്”+ എന്നു പറഞ്ഞു. 7 അങ്ങനെ പൗലോസ് അവിടം വിട്ട്, ദൈവഭക്തനായ തീസിയോസ് യുസ്തൊസിന്റെ വീട്ടിൽ ചെന്നു. സിനഗോഗിന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. 8 സിനഗോഗിന്റെ അധ്യക്ഷനായ ക്രിസ്പൊസും+ വീട്ടിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു. ദൈവവചനം കേട്ട കുറെ കൊരിന്തുകാരും വിശ്വസിച്ച് സ്നാനമേറ്റു. 9 മാത്രമല്ല, കർത്താവ് രാത്രിയിൽ ഒരു ദർശനത്തിൽ പൗലോസിനോട് ഇങ്ങനെ പറയുകയും ചെയ്തു: “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്. 10 ഞാൻ നിന്റെകൂടെയുണ്ട്.+ ആരും നിന്നെ ആക്രമിക്കുകയോ അപായപ്പെടുത്തുകയോ ഇല്ല. ഈ നഗരത്തിൽ എനിക്ക് ഇനിയും അനേകരുണ്ട്.” 11 അങ്ങനെ പൗലോസ് ദൈവത്തിന്റെ വചനം പഠിപ്പിച്ചുകൊണ്ട് ഒരു വർഷവും ആറു മാസവും അവിടെ താമസിച്ചു.
12 എന്നാൽ ഗല്ലിയോൻ അഖായയുടെ നാടുവാഴിയായിരിക്കെ ജൂതന്മാർ പൗലോസിന് എതിരെ സംഘടിച്ച് പൗലോസിനെ ന്യായാസനത്തിനു മുമ്പാകെ കൊണ്ടുചെന്നു. 13 എന്നിട്ട് അവർ, “ഈ മനുഷ്യൻ നിയമവിരുദ്ധമായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു”+ എന്നു പറഞ്ഞു. 14 എന്നാൽ പൗലോസ് സംസാരിക്കാൻ ഒരുങ്ങിയപ്പോൾ ഗല്ലിയോൻ ജൂതന്മാരോടു പറഞ്ഞു: “ജൂതന്മാരേ, എന്തെങ്കിലും അന്യായത്തെയോ ഗുരുതരമായ കുറ്റകൃത്യത്തെയോ കുറിച്ചാണു നിങ്ങൾക്കു പറയാനുണ്ടായിരുന്നതെങ്കിൽ ഉറപ്പായും ഞാൻ അതു ക്ഷമയോടെ കേട്ടേനേ. 15 എന്നാൽ ഇതു വാക്കുകളെയും പേരുകളെയും നിങ്ങളുടെ നിയമത്തെയും ചൊല്ലിയുള്ള തർക്കമായതുകൊണ്ട്+ നിങ്ങൾതന്നെ പരിഹരിച്ചുകൊള്ളുക. ഇത്തരം കാര്യങ്ങൾക്കു വിധി കല്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” 16 എന്നിട്ട് ഗല്ലിയോൻ അവരെ ന്യായാസനത്തിനു മുന്നിൽനിന്ന് പുറത്താക്കി. 17 അവർ എല്ലാവരും ചേർന്ന് സിനഗോഗിന്റെ അധ്യക്ഷനായ സോസ്ഥനേസിനെ+ പിടിച്ച് ന്യായാസനത്തിനു മുന്നിൽവെച്ച് തല്ലി. എന്നാൽ ഗല്ലിയോൻ ഇതിലൊന്നും ഇടപെട്ടില്ല.
18 കുറെ ദിവസം അവിടെ താമസിച്ചശേഷം പൗലോസ് സഹോദരന്മാരോടു യാത്ര പറഞ്ഞ് പ്രിസ്കില്ലയുടെയും അക്വിലയുടെയും കൂടെ സിറിയയിലേക്കു കപ്പൽ കയറി. ഒരു നേർച്ചയുണ്ടായിരുന്നതുകൊണ്ട് കെംക്രെയയിൽവെച്ച്+ പൗലോസ് തലമുടി പറ്റെ മുറിച്ചു. 19 എഫെസൊസ് നഗരത്തിൽ എത്തിയപ്പോൾ അവരെ അവിടെ വിട്ട് പൗലോസ് തനിയെ സിനഗോഗിൽ ചെന്ന് ജൂതന്മാരുമായി ന്യായവാദം ചെയ്തു.+ 20 കുറെ കാലംകൂടെ അവിടെ താമസിക്കാൻ അവർ പലവട്ടം അപേക്ഷിച്ചെങ്കിലും പൗലോസ് സമ്മതിച്ചില്ല. 21 “യഹോവയുടെ ഇഷ്ടമെങ്കിൽ ഞാൻ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരും” എന്നു പറഞ്ഞ് പൗലോസ് യാത്ര തിരിച്ചു. പിന്നെ എഫെസൊസിൽനിന്ന് കപ്പൽ കയറി 22 കൈസര്യയിൽ+ എത്തി. സഭയിൽ ചെന്ന് എല്ലാവരെയും കണ്ടശേഷം അന്ത്യോക്യയിലേക്കു പോയി.+
23 കുറെ നാൾ അവിടെ താമസിച്ചശേഷം പൗലോസ് അവിടം വിട്ട് ഗലാത്യയിലെയും ഫ്രുഗ്യയിലെയും+ നഗരങ്ങൾതോറും സഞ്ചരിച്ച് ശിഷ്യന്മാരെയെല്ലാം ബലപ്പെടുത്തി.+
24 അലക്സാൻഡ്രിയക്കാരനായ അപ്പൊല്ലോസ്+ എന്നൊരു ജൂതൻ എഫെസൊസിൽ എത്തി. വാക്സാമർഥ്യവും തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവും ഉള്ളയാളായിരുന്നു അപ്പൊല്ലോസ്. 25 യഹോവയുടെ മാർഗത്തിൽ പരിശീലനം ലഭിച്ചിരുന്ന അപ്പൊല്ലോസ് ദൈവാത്മാവിൽ ജ്വലിച്ച് യേശുവിനെക്കുറിച്ച് കൃത്യതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ യോഹന്നാന്റെ സ്നാനത്തെക്കുറിച്ച്+ മാത്രമേ അപ്പൊല്ലോസിന് അറിയാമായിരുന്നുള്ളൂ. 26 അപ്പൊല്ലോസ് സിനഗോഗിൽ ചെന്ന് ധൈര്യത്തോടെ പ്രസംഗിക്കാൻതുടങ്ങി. അപ്പൊല്ലോസിന്റെ പ്രസംഗം കേട്ട പ്രിസ്കില്ലയും അക്വിലയും+ അപ്പൊല്ലോസിനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗത്തെക്കുറിച്ച് കൂടുതൽ കൃത്യമായി വിവരിച്ചുകൊടുത്തു. 27 പിന്നെ അപ്പൊല്ലോസ് അഖായയിലേക്കു പോകാൻതുടങ്ങിയപ്പോൾ അപ്പൊല്ലോസിനെ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് സഹോദരന്മാർ അവിടെയുള്ള ശിഷ്യന്മാർക്ക് എഴുതി. അവിടെ എത്തിയ അപ്പൊല്ലോസ്, ദൈവത്തിന്റെ അനർഹദയയാൽ വിശ്വാസത്തിലേക്കു വന്നവരെ ഒരുപാടു സഹായിച്ചു. 28 ജൂതന്മാരുടെ പഠിപ്പിക്കലുകൾ തെറ്റാണെന്ന് ഉത്സാഹത്തോടെ പരസ്യമായി തെളിയിക്കുകയും യേശുതന്നെയാണു ക്രിസ്തു എന്നു തിരുവെഴുത്തുകളിൽനിന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.+