ശമുവേൽ ഒന്നാം ഭാഗം
13 രാജാവാകുമ്പോൾ ശൗലിന് . . .* വയസ്സായിരുന്നു.+ രണ്ടു വർഷം ഇസ്രായേൽ ഭരിച്ചശേഷം 2 ശൗൽ ഇസ്രായേലിൽനിന്ന് 3,000 പുരുഷന്മാരെ തിരഞ്ഞെടുത്തു. അതിൽ 2,000 പേർ ശൗലിന്റെകൂടെ മിക്മാശിലും ബഥേൽമലനാട്ടിലും, ബാക്കി 1,000 പേർ യോനാഥാന്റെകൂടെ+ ബന്യാമീന്യരുടെ ഗിബെയയിലും+ നിന്നു. മറ്റെല്ലാവരെയും ശൗൽ അവരവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു. 3 യോനാഥാൻ ഗേബയിൽ+ ചെന്ന് ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രം നശിപ്പിച്ചു.+ ഫെലിസ്ത്യർ അത് അറിഞ്ഞു. ശൗലോ, “എബ്രായർ കേൾക്കട്ടെ” എന്നു പറഞ്ഞ് ദേശമെങ്ങും കൊമ്പു വിളിക്കാൻ പറഞ്ഞു.+ 4 “ശൗൽ ഫെലിസ്ത്യരുടെ ഒരു കാവൽസേനാകേന്ദ്രം നശിപ്പിച്ചതുകൊണ്ട് ഫെലിസ്ത്യർക്ക് ഇപ്പോൾ ഇസ്രായേല്യരോടു വെറുപ്പായിരിക്കുന്നു” എന്ന വാർത്ത എല്ലാ ഇസ്രായേല്യരും അറിഞ്ഞു. തുടർന്ന്, ശൗലിന്റെകൂടെ പോകാൻ ജനത്തെ ഗിൽഗാലിൽ വിളിച്ചുകൂട്ടി.+
5 ഫെലിസ്ത്യരും ഇസ്രായേല്യരോടു യുദ്ധം ചെയ്യാൻ ഒന്നിച്ചുകൂടി. 30,000 യുദ്ധരഥങ്ങളും 6,000 കുതിരപ്പടയാളികളും കടൽത്തീരത്തെ മണൽത്തരികൾപോലെ എണ്ണമറ്റ സൈന്യവും അവർക്കുണ്ടായിരുന്നു.+ അവർ ചെന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാശിൽ പാളയമടിച്ചു.+ 6 ഇസ്രായേല്യർ ഞെരുക്കത്തിലായി. തങ്ങൾ വലിയ കഷ്ടത്തിലായെന്നു കണ്ടപ്പോൾ അവർ ഗുഹകളിലും പാറപ്പിളർപ്പുകളിലും പാറക്കെട്ടുകളിലും അറകളിലും കുഴികളിലും* ഒളിച്ചു.+ 7 ചില എബ്രായർ യോർദാൻപോലും കടന്ന് ഗാദ് ദേശത്തേക്കും ഗിലെയാദ് ദേശത്തേക്കും പോയി.+ പക്ഷേ, ശൗൽ ഗിൽഗാലിൽത്തന്നെ തങ്ങി. ശൗലിന്റെകൂടെയുള്ളവർ പേടിച്ചുവിറച്ചു. 8 ശമുവേൽ പറഞ്ഞിരുന്നതുപോലെ ശൗൽ ഏഴു ദിവസം കാത്തിരുന്നു. പക്ഷേ, പറഞ്ഞ* സമയമായിട്ടും ശമുവേൽ ഗിൽഗാലിൽ എത്തിയില്ല. ജനമാകട്ടെ ശൗലിനെ വിട്ട് പോകാനും തുടങ്ങി. 9 ഒടുവിൽ, ശൗൽ പറഞ്ഞു: “ദഹനബലിയും സഹഭോജനബലികളും എന്റെ അടുത്ത് കൊണ്ടുവരുക.” അങ്ങനെ, ശൗൽ ദഹനബലി അർപ്പിച്ചു.+
10 പക്ഷേ, ശൗൽ ദഹനബലി അർപ്പിച്ചുകഴിഞ്ഞ ഉടനെ ശമുവേൽ എത്തി. ശമുവേലിനെ അഭിവാദനം ചെയ്ത് സ്വീകരിക്കാൻ ശൗൽ ചെന്നപ്പോൾ 11 ശമുവേൽ, “താങ്കൾ എന്താണ് ഈ ചെയ്തത്” എന്നു ചോദിച്ചു. അപ്പോൾ ശൗൽ പറഞ്ഞു: “ഞാൻ നോക്കിയപ്പോൾ ജനമെല്ലാം എന്നെ വിട്ട് പോകുന്നു.+ പറഞ്ഞ സമയമായിട്ടും അങ്ങയെ കാണുന്നുമില്ല. മാത്രമല്ല, ഫെലിസ്ത്യർ മിക്മാശിൽ ഒന്നിച്ചുകൂടാനും തുടങ്ങി.+ 12 അതുകൊണ്ട്, ഞാൻ വിചാരിച്ചു: ‘ഫെലിസ്ത്യർ ഇപ്പോൾ ഗിൽഗാലിലേക്കു വന്ന് എന്നെ ആക്രമിക്കും. ഞാനാണെങ്കിൽ യഹോവയെ പ്രസാദിപ്പിക്കാൻ ഒന്നും ചെയ്തിട്ടുമില്ല.’ അതുകൊണ്ട്, ദഹനബലി അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി.”
13 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഈ കാണിച്ചതു വിഡ്ഢിത്തമാണ്. ദൈവമായ യഹോവ തന്ന കല്പന താങ്കൾ അനുസരിച്ചില്ല.+ അനുസരിച്ചിരുന്നെങ്കിൽ യഹോവ താങ്കളുടെ രാജ്യാധികാരം ഇസ്രായേലിന്മേൽ എന്നേക്കുമായി ഉറപ്പിക്കുമായിരുന്നു. 14 പക്ഷേ, ഇനി താങ്കളുടെ അധികാരം നിലനിൽക്കില്ല.+ യഹോവ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി+ തന്റെ ജനത്തിനു നേതാവായി നിയോഗിക്കും.+ കാരണം, യഹോവ കല്പിച്ചതു താങ്കൾ അനുസരിച്ചില്ലല്ലോ.”+
15 പിന്നെ, ശമുവേൽ എഴുന്നേറ്റ് ഗിൽഗാലിൽനിന്ന് ബന്യാമീന്യരുടെ ഗിബെയയിലേക്കു പോയി. ശൗൽ തന്റെകൂടെയുള്ള ജനത്തെ എണ്ണിനോക്കി; 600-ഓളം പുരുഷന്മാർ ബാക്കിയുണ്ടായിരുന്നു.+ 16 ശൗലും മകനായ യോനാഥാനും അവരുടെകൂടെ ശേഷിച്ച ജനവും ബന്യാമീന്യരുടെ ഗേബയിലാണു തങ്ങിയത്.+ ഫെലിസ്ത്യർ കൂടാരം അടിച്ചിരുന്നതാകട്ടെ മിക്മാശിലും.+ 17 ഫെലിസ്ത്യപാളയത്തിൽനിന്ന് കവർച്ചപ്പടയാളികൾ മൂന്നു പടയായി പുറപ്പെട്ട് മൂന്നു വഴിക്കു പോകും. ഒരു പട ഒഫ്രയിലേക്കുള്ള വഴിയേ ശൂവാൽ ദേശത്തേക്കും 18 മറ്റൊരു പട ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കും+ മൂന്നാമത്തെ പട സെബോയീം താഴ്വരയ്ക്ക് അഭിമുഖമായുള്ള അതിർത്തിയിലേക്കു ചെല്ലുന്ന വഴിക്ക്, വിജനഭൂമിയുടെ നേർക്കും പോകുമായിരുന്നു.
19 ഇസ്രായേലിലെങ്ങും ഒരു ലോഹപ്പണിക്കാരൻപോലും ഉണ്ടായിരുന്നില്ല. കാരണം, “എബ്രായർക്ക് ഒരു വാളോ കുന്തമോ ഉണ്ടാക്കാൻ കഴിയരുത്” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു. 20 അതുകൊണ്ട്, എല്ലാ ഇസ്രായേല്യർക്കും തങ്ങളുടെ കലപ്പനാക്കുകളും മൺവെട്ടികളും കോടാലികളും അരിവാളുകളും മൂർച്ചവരുത്താൻ ഫെലിസ്ത്യരുടെ അടുത്ത് ചെല്ലേണ്ടിവന്നു. 21 കലപ്പനാക്കോ മൺവെട്ടിയോ മുപ്പല്ലിയോ കോടാലിയോ മൂർച്ചവരുത്തണമെങ്കിൽ ഒരു പീം* ആയിരുന്നു കൂലി. മുടിങ്കോൽ* ഉറപ്പിക്കാനും ഒരു പീം കൊടുക്കണമായിരുന്നു. 22 യുദ്ധദിവസത്തിൽ, ശൗലിന്റെയും യോനാഥാന്റെയും കൂടെയുണ്ടായിരുന്ന ഒരാളുടെ കൈയിൽപ്പോലും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.+ ശൗലിനും മകനായ യോനാഥാനും മാത്രമാണ് ആയുധങ്ങളുണ്ടായിരുന്നത്.
23 ഫെലിസ്ത്യരുടെ ഒരു കാവൽസേനാകേന്ദ്രത്തിലെ സൈനികർ ഇതിനോടകം മിക്മാശ് ചുരത്തിലേക്കു നീങ്ങിയിരുന്നു.+