യഹസ്കേൽ
34 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാർക്കെതിരെ പ്രവചിക്കൂ! അവരോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേലിന്റെ ഇടയന്മാർക്കു കഷ്ടം!+ അവർ സ്വന്തം വയറു നിറയ്ക്കുന്നല്ലോ. വാസ്തവത്തിൽ ഇടയന്മാർ ആട്ടിൻപറ്റത്തെയല്ലേ തീറ്റിപ്പോറ്റേണ്ടത്?+ 3 നിങ്ങൾ കൊഴുപ്പു കഴിക്കുന്നു. കമ്പിളി ധരിക്കുന്നു. ഏറ്റവും തടിച്ചുകൊഴുത്തതിനെ അറുക്കുന്നു.+ പക്ഷേ, ആട്ടിൻപറ്റത്തെ തീറ്റിപ്പോറ്റുന്നില്ല.+ 4 നിങ്ങൾ തളർന്നതിനെ ബലപ്പെടുത്തുകയോ രോഗമുള്ളതിനെ ചികിത്സിക്കുകയോ പരിക്കേറ്റതിനെ വെച്ചുകെട്ടുകയോ കൂട്ടംതെറ്റിയതിനെ മടക്കിക്കൊണ്ടുവരുകയോ കാണാതെപോയതിനെ തിരഞ്ഞ് പോകുകയോ ചെയ്തിട്ടില്ല.+ പകരം, അവയെ ക്രൂരതയോടെ അടിച്ചമർത്തി ഭരിച്ചു.+ 5 ഇടയനില്ലാത്തതുകൊണ്ട് അവ ചിതറിപ്പോയി.+ അങ്ങനെ ചിതറിപ്പോയവയെ വന്യമൃഗങ്ങൾ തിന്നുകളഞ്ഞു. 6 എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നുകളിലും വഴിതെറ്റി അലഞ്ഞു. ഭൂമുഖത്തെങ്ങും ചിതറിപ്പോയ അവയെ അന്വേഷിച്ച് പോകാനോ തിരഞ്ഞ് കണ്ടുപിടിക്കാനോ ആരുമുണ്ടായിരുന്നില്ല.
7 “‘“അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ സന്ദേശം കേൾക്കൂ: 8 ‘“ഞാനാണെ,” പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, “ഇടയനില്ലാത്തതുകൊണ്ട് എന്റെ ആടുകൾ വന്യമൃഗങ്ങൾക്കിരയായി; അവ അവയെ തിന്നു. പക്ഷേ, എന്റെ ഇടയന്മാർ എന്റെ ആടുകളെ തിരഞ്ഞ് പോയില്ല. അവയെ തീറ്റിപ്പോറ്റുന്നതിനു പകരം അവർ സ്വന്തം വയറു നിറച്ചു.”’ 9 അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ സന്ദേശം കേൾക്കൂ! 10 പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ ഇടയന്മാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്റെ ആടുകൾക്ക് അവർ എന്നോടു കണക്കു പറയേണ്ടിവരും.* എന്റെ ആടുകളെ തീറ്റിപ്പോറ്റുന്ന* ജോലിയിൽനിന്ന് ഞാൻ അവരെ നീക്കും.+ ഇടയന്മാർ സ്വന്തം വയറു നിറയ്ക്കുന്നത് അതോടെ അവസാനിക്കും. ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്ന് രക്ഷിക്കും; അവ മേലാൽ അവരുടെ ആഹാരമാകില്ല.’”
11 “‘കാരണം, പരമാധികാരിയായ യഹോവ പറയുന്നു: “ഇതാ ഞാൻ! എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ് കണ്ടുപിടിക്കും. ഞാൻ അവയെ പരിപാലിക്കും.+ 12 തന്റെ ചിതറിപ്പോയ ആടുകളെ കണ്ടെത്തി അവയെ തീറ്റിപ്പോറ്റുന്ന ഒരു ഇടയനെപ്പോലെ ഞാൻ എന്റെ ആടുകളെ പരിപാലിക്കും.+ മേഘങ്ങളും കനത്ത മൂടലും ഉള്ള ദിവസത്തിൽ ചിതറിപ്പോയ അവയെ ഞാൻ എല്ലാ സ്ഥലങ്ങളിൽനിന്നും രക്ഷിക്കും.+ 13 ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവയെ കൊണ്ടുവരും. പല ദേശങ്ങളിൽനിന്ന് അവയെ ഒരുമിച്ചുകൂട്ടും. എന്നിട്ട്, അവയെ സ്വദേശത്തേക്കു കൊണ്ടുവന്ന് ഇസ്രായേൽമലകളിലും അരുവികൾക്കരികെയും ജനവാസമുള്ള സ്ഥലങ്ങൾക്കടുത്തും മേയ്ക്കും.+ 14 നല്ല പുൽപ്പുറത്ത് ഞാൻ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയരമുള്ള മലകളിൽ അവ മേഞ്ഞുനടക്കും.+ അവിടെയുള്ള നല്ല മേച്ചിൽപ്പുറത്ത് അവ കിടക്കും.+ ഇസ്രായേൽമലകളിലെ ഏറ്റവും നല്ല പുൽത്തകിടികളിലൂടെ അവ മേഞ്ഞുനടക്കും.”
15 “‘“ഞാൻതന്നെ എന്റെ ആടുകളെ തീറ്റിപ്പോറ്റും;+ ഞാൻതന്നെ അവയെ കിടത്തും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 16 “കാണാതെപോയതിനെ ഞാൻ അന്വേഷിക്കും.+ കൂട്ടംതെറ്റിയതിനെ മടക്കിക്കൊണ്ടുവരും. പരിക്കേറ്റതിനെ വെച്ചുകെട്ടും. തളർന്നതിനെ ബലപ്പെടുത്തും. പക്ഷേ, തടിച്ചുകൊഴുത്തതിനെയും ബലമുള്ളതിനെയും ഞാൻ കൊന്നുകളയും. ന്യായവിധികൊണ്ട് ഞാൻ അവയുടെ വയറു നിറയ്ക്കും.”
17 “‘എന്റെ ആടുകളേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധിക്കാൻപോകുകയാണ്. ആൺചെമ്മരിയാടുകൾക്കും ആൺകോലാടുകൾക്കും ഇടയിൽ ഞാൻ ന്യായം വിധിക്കും.+ 18 നിങ്ങൾക്കു മേയാൻ ഏറ്റവും നല്ല മേച്ചിൽപ്പുറങ്ങളുണ്ടല്ലോ, അതു പോരേ? മറ്റു മേച്ചിൽപ്പുറങ്ങളുംകൂടെ ചവിട്ടിമെതിക്കണോ? ഏറ്റവും തെളിമയുള്ള വെള്ളം നിങ്ങൾ കുടിക്കുന്നു. എന്നിട്ട്, ബാക്കി വെള്ളം ചവിട്ടിക്കലക്കിയതു ശരിയാണോ? 19 നിങ്ങൾ ചവിട്ടിമെതിച്ച മേച്ചിൽപ്പുറത്ത് എന്റെ ആടുകൾ ഇനി മേയണമെന്നോ? നിങ്ങൾ ചവിട്ടിക്കലക്കിയ വെള്ളം അവ കുടിക്കണമെന്നോ?”
20 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ അവരോടു പറയുന്നു: “ഇതാ ഞാൻ! ഞാൻതന്നെ തടിച്ചുകൊഴുത്ത ആടിനും മെലിഞ്ഞ ആടിനും മധ്യേ ന്യായം വിധിക്കും. 21 കാരണം, രോഗമുള്ളവ ദൂരദേശങ്ങളിലേക്കു ചിതറിപ്പോകുന്നതുവരെ നീ അവയെ നിന്റെ വശംകൊണ്ടും തോളുകൊണ്ടും ഇടിച്ചു, കൊമ്പുകൊണ്ട് കുത്തിയോടിച്ചു. 22 ഞാൻ എന്റെ ആടുകളെ രക്ഷിക്കും. അവ ഇനി ഒരിക്കലും ഒന്നിനും ഇരയാകില്ല.+ ഞാൻ ആടിനും ആടിനും ഇടയിൽ ന്യായം വിധിക്കും. 23 ഞാൻ അവയ്ക്കെല്ലാംവേണ്ടി ഒരു ഇടയനെ എഴുന്നേൽപ്പിക്കും;+ എന്റെ ദാസനായ ദാവീദായിരിക്കും അത്.+ അവൻ അവയെ തീറ്റിപ്പോറ്റും. അവയെ തീറ്റിപ്പോറ്റുന്ന അവൻതന്നെ അവയുടെ ഇടയനാകും.+ 24 യഹോവ എന്ന ഞാൻ അവരുടെ ദൈവവും+ എന്റെ ദാസനായ ദാവീദ് അവരുടെ തലവനും ആകും.+ യഹോവ എന്ന ഞാനാണ് ഇതു പറയുന്നത്.
25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+ 26 ഞാൻ അവരെയും എന്റെ കുന്നിനു ചുറ്റുമുള്ള പ്രദേശത്തെയും ഒരു അനുഗ്രഹമാക്കും.+ തക്ക സമയത്ത് ഞാൻ മഴ പെയ്യിക്കും. അനുഗ്രഹങ്ങൾ മഴപോലെ പെയ്തിറങ്ങും.+ 27 നിലത്തെ മരങ്ങൾ കായ്ക്കും. മണ്ണു വിളവ് തരും.+ അവർ ദേശത്ത് സുരക്ഷിതരായി കഴിയും. ഞാൻ അവരുടെ നുകങ്ങൾ തകർത്ത്,+ അടിമകളാക്കിയവരുടെ പിടിയിൽനിന്ന് അവരെ വിടുവിക്കുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. 28 അവർ പിന്നെ ഒരിക്കലും ജനതകൾക്കിരയാകില്ല. ഭൂമിയിലെ വന്യമൃഗങ്ങൾ അവരെ തിന്നുകളയില്ല. അവർ സുരക്ഷിതരായി കഴിയും. ആരും അവരെ പേടിപ്പിക്കില്ല.+
29 “‘“ഞാൻ അവർക്ക് ഒരു തോപ്പ് ഉണ്ടാക്കിക്കൊടുക്കും, പേരുകേട്ട ഒരു തോപ്പ്!* ദേശത്ത് ആരും ഇനി ക്ഷാമത്താൽ മരിക്കില്ല.+ ജനതകൾ മേലാൽ അവരെ അപമാനിക്കുകയുമില്ല.+ 30 ‘അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടൊപ്പമുണ്ടെന്നും ഇസ്രായേൽഗൃഹം എന്റെ ജനമാണെന്നും+ അപ്പോൾ അവർ അറിയേണ്ടിവരും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’
31 “‘എന്റെ ആടുകളേ,+ എന്റെ പരിപാലനത്തിലുള്ള ആടുകളേ, നിങ്ങൾ വെറും മനുഷ്യരാണ്. ഞാനോ നിങ്ങളുടെ ദൈവവും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”