യശയ്യ
21 കടലിന്റെ വിജനഭൂമിക്കെതിരെയുള്ള* പ്രഖ്യാപനം:+
തെക്കുനിന്ന് വീശിയടിക്കുന്ന കൊടുങ്കാറ്റുകൾപോലെ അതു വരുന്നു,
വിജനഭൂമിയിൽനിന്ന്, പേടിപ്പെടുത്തുന്ന ഒരു ദേശത്തുനിന്നുതന്നെ, അതു വരുന്നു!+
2 ഭീകരമായ ഒരു ദിവ്യദർശനം എന്നെ അറിയിച്ചിരിക്കുന്നു:
വഞ്ചകൻ വഞ്ചന കാണിക്കുന്നു,
വിനാശകൻ നാശം വിതയ്ക്കുന്നു,
ഏലാമേ, ചെല്ലുക! മേദ്യയേ, ഉപരോധിക്കുക!+
അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പിനെല്ലാം ഞാൻ അറുതി വരുത്തും.+
3 ഈ ദർശനം നിമിത്തം ഞാൻ അതിവേദനയിലായിരിക്കുന്നു.*+
പ്രസവവേദന തിന്നുന്ന ഒരു സ്ത്രീയെപ്പോലെ
എന്റെ പേശികൾ വലിഞ്ഞുമുറുകുന്നു.
കേൾക്കാനാകാത്ത വിധം ഞാൻ ദുഃഖിതനാണ്,
കാണാനാകാത്ത വിധം ഞാൻ അസ്വസ്ഥനാണ്.
4 എന്റെ ഹൃദയം പിടയുന്നു, ഞാൻ പേടിച്ചുവിറയ്ക്കുന്നു.
ഞാൻ കാത്തിരുന്ന സന്ധ്യ എന്നെ വിറകൊള്ളിക്കുന്നു!
5 മേശയൊരുക്കി ഇരിപ്പിടങ്ങൾ നിരത്തിയിടൂ!
ഭക്ഷിച്ച് പാനം ചെയ്യൂ!+
പ്രഭുക്കന്മാരേ, എഴുന്നേൽക്കൂ! പരിചയെ അഭിഷേകം ചെയ്യൂ!*
6 യഹോവ എന്നോടു പറഞ്ഞത് ഇതാണ്:
“കാണുന്നതെല്ലാം അറിയിക്കാനായി ഒരു കാവൽക്കാരനെ നിയമിക്കുക.”
അയാൾ അതീവജാഗ്രതയോടെ, ശ്രദ്ധാപൂർവം നോക്കിക്കൊണ്ടിരുന്നു.
8 എന്നിട്ട് ഒരു സിംഹത്തെപ്പോലെ വിളിച്ചുപറഞ്ഞു:
“യഹോവേ, പകൽ മുഴുവൻ ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു,
എല്ലാ രാത്രിയിലും ഞാൻ എന്റെ നിയമിതസ്ഥാനത്ത് നിലയുറപ്പിക്കുന്നു.+
9 അതാ നോക്കൂ:
കുതിരകളെ പൂട്ടിയ തേരിൽ യോദ്ധാക്കൾ വരുന്നു!”+
അയാൾ പിന്നെയും പറഞ്ഞു:
“അവൾ വീണിരിക്കുന്നു! ബാബിലോൺ വീണിരിക്കുന്നു!+
അവളുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിലത്ത് ഉടഞ്ഞുകിടക്കുന്നു!”+
10 ധാന്യംപോലെ ചവിട്ടിമെതിക്കപ്പെട്ട എന്റെ ജനമേ,
ഞാൻ മെതിച്ചെടുത്ത എന്റെ ധാന്യമേ,*+
ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, എന്നോടു പറഞ്ഞതു ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.
11 ദൂമയ്ക്കെതിരെയുള്ള* പ്രഖ്യാപനം:
സേയീരിൽനിന്ന് ഒരാൾ എന്നോടു വിളിച്ചുചോദിക്കുന്നു:+
“കാവൽക്കാരാ, രാത്രി കഴിയാറായോ?
കാവൽക്കാരാ, രാത്രി കഴിയാറായോ?”
12 കാവൽക്കാരൻ പറഞ്ഞു:
“നേരം വെളുക്കാറായി, രാത്രിയും വരുന്നു.
നിങ്ങൾക്ക് അറിയണമെങ്കിൽ അന്വേഷിക്കുക,
മടങ്ങിവരുക!”
13 മരുപ്രദേശത്തിന് എതിരെയുള്ള പ്രഖ്യാപനം:
ദേദാനിലെ സഞ്ചാരിസംഘങ്ങളേ,+
മരുപ്രദേശത്തെ കാട്ടിൽ നിങ്ങൾ രാത്രിതങ്ങും!
14 തേമയിൽ താമസിക്കുന്നവരേ,+
ദാഹിച്ചിരിക്കുന്നവനു വെള്ളവുമായി വരുക.
രക്ഷപ്പെട്ട് ഓടുന്നവന് ആഹാരം കൊണ്ടുവരുക.
15 വാളിൽനിന്ന്, ഊരിപ്പിടിച്ച വാളിൽനിന്ന്, അവർ രക്ഷപ്പെട്ടിരിക്കുന്നല്ലോ;
കുലച്ചിരിക്കുന്ന വില്ലിൽനിന്നും ഘോരമായ യുദ്ധത്തിൽനിന്നും അവർ ഓടിപ്പോയിരിക്കുന്നല്ലോ.
16 യഹോവ എന്നോട് ഇങ്ങനെ പറഞ്ഞു: “ഒരു കൂലിക്കാരന്റെ വർഷംപോലുള്ള ഒരു വർഷത്തിനകം* കേദാരിന്റെ മഹത്ത്വമെല്ലാം+ ഇല്ലാതാകും. 17 കേദാരിന്റെ യോദ്ധാക്കളിൽപ്പെട്ട വില്ലാളികളുടെ എണ്ണം ചുരുക്കമാകും. ഇസ്രായേലിന്റെ ദൈവമായ യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.”