യിരെമ്യ
39 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ ഒൻപതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബൂഖദ്നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്ന് അത് ഉപരോധിച്ചു.+
2 സിദെക്കിയയുടെ ഭരണത്തിന്റെ 11-ാം വർഷം നാലാം മാസം ഒൻപതാം ദിവസം അവർ നഗരമതിൽ തകർത്ത് അകത്ത് കയറി.+ 3 ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസർ സംഗർ, നെബോ-സർസെഖീം റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും രാജാവിന്റെ മറ്റെല്ലാ പ്രഭുക്കന്മാരും മധ്യകവാടത്തിൽ+ വന്ന് അവിടെ ഇരുന്നു.
4 യഹൂദയിലെ സിദെക്കിയ രാജാവും പടയാളികളൊക്കെയും അവരെ കണ്ടപ്പോൾ അവിടെനിന്ന് രാത്രി രാജാവിന്റെ തോട്ടം വഴി ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിനു പുറത്ത് കടന്ന് ഓടിരക്ഷപ്പെട്ടു.+ അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+ 5 പക്ഷേ കൽദയസൈന്യം അവരുടെ പിന്നാലെ ചെന്ന് യരീഹൊ മരുപ്രദേശത്തുവെച്ച് സിദെക്കിയയെ പിടികൂടി.+ അവർ അദ്ദേഹത്തെ ഹമാത്ത്+ ദേശത്തുള്ള രിബ്ലയിൽ+ ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ* അടുത്ത് കൊണ്ടുവന്നു. അവിടെവെച്ച് രാജാവ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. 6 രിബ്ലയിൽവെച്ച് ബാബിലോൺരാജാവ് സിദെക്കിയയുടെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുന്നിൽവെച്ച് വെട്ടിക്കൊന്നു. യഹൂദയിലെ എല്ലാ പ്രഭുക്കന്മാരോടും അദ്ദേഹം അങ്ങനെതന്നെ ചെയ്തു.+ 7 പിന്നെ അദ്ദേഹം സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബിലോണിലേക്കു കൊണ്ടുപോകാൻ ചെമ്പുകൊണ്ടുള്ള കാൽവിലങ്ങ് ഇട്ട് ബന്ധിച്ചു.+
8 അതു കഴിഞ്ഞ് കൽദയർ രാജകൊട്ടാരത്തിനും ജനത്തിന്റെ വീടുകൾക്കും തീയിട്ടു.+ യരുശലേമിന്റെ മതിൽ അവർ ഇടിച്ചുനിരത്തി.+ 9 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ നഗരത്തിൽ ബാക്കിയുള്ളവരെയും കൂറുമാറി തന്റെ പക്ഷം ചേർന്നവരെയും മറ്റെല്ലാവരെയും ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.
10 പക്ഷേ കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ ഒന്നിനും വകയില്ലാത്ത ദരിദ്രരായ ചിലരെ യഹൂദാദേശത്ത് വിട്ടു. പണിയെടുക്കാൻ* അദ്ദേഹം അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും വയലുകളും കൊടുക്കുകയും ചെയ്തു.+
11 യിരെമ്യയുടെ കാര്യത്തിൽ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് കാവൽക്കാരുടെ മേധാവിയായ നെബൂസരദാന് ഈ കല്പന കൊടുത്തു: 12 “യിരെമ്യയെ കൊണ്ടുപോയി നന്നായി നോക്കിക്കൊള്ളണം. അയാളെ ഉപദ്രവിക്കരുത്. അയാൾ എന്തു ചോദിച്ചാലും അതു സാധിച്ചുകൊടുക്കണം.”+
13 അങ്ങനെ, കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ, നെബൂശസ്ബാൻ റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും ബാബിലോൺരാജാവിന്റെ പ്രധാനോദ്യോഗസ്ഥന്മാരെല്ലാവരും 14 യിരെമ്യയെ കാവൽക്കാരുടെ മുറ്റത്തുനിന്ന് ആളയച്ച് വരുത്തി.+ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോകാൻ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ ഏൽപ്പിച്ചു. അങ്ങനെ യിരെമ്യ ജനത്തിന്റെ ഇടയിൽ കഴിഞ്ഞു.
15 കാവൽക്കാരുടെ മുറ്റത്ത് തടവിൽ കഴിഞ്ഞപ്പോൾ,+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടിയിരുന്നു: 16 “ചെന്ന് എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനോട്+ ഇങ്ങനെ പറയുക: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഈ നഗരത്തിന് എതിരെയുള്ള എന്റെ സന്ദേശങ്ങൾ ഞാൻ ഇതാ, നിവർത്തിക്കുന്നു. നന്മയല്ല, ദുരന്തമാണ് അവർക്ക് ഉണ്ടാകുക. അതു സംഭവിക്കുന്നത് അന്നു നീ സ്വന്തകണ്ണാൽ കാണും.”’
17 “‘പക്ഷേ നിന്നെ ഞാൻ അന്നു രക്ഷിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നീ പേടിക്കുന്ന പുരുഷന്മാരുടെ കൈയിൽ നിന്നെ ഏൽപ്പിക്കില്ല.’
18 “‘ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും. നീ വാളിന് ഇരയാകില്ല. നീ എന്നിൽ ആശ്രയിച്ചതുകൊണ്ട്+ നിന്റെ ജീവൻ നിനക്കു കൊള്ളമുതൽപോലെ കിട്ടും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”