സംഖ്യ
31 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു+ പ്രതികാരം ചെയ്യുക.+ അതിനു ശേഷം നീ നിന്റെ ജനത്തോടു ചേരും.”*+
3 അപ്പോൾ മോശ ജനത്തോട് ഇങ്ങനെ പറഞ്ഞു: “മിദ്യാനോടു യുദ്ധം ചെയ്യാനും അവരുടെ മേൽ യഹോവയുടെ പ്രതികാരം നടത്താനും നിങ്ങൾക്കിടയിൽനിന്ന് പുരുഷന്മാരെ സജ്ജരാക്കുക. 4 ഇസ്രായേലിലെ എല്ലാ ഗോത്രത്തിൽനിന്നും 1,000 പേരെ വീതം യുദ്ധത്തിന് അയയ്ക്കണം.” 5 അങ്ങനെ ഇസ്രായേൽസഹസ്രങ്ങളിലെ+ ഓരോ ഗോത്രത്തിൽനിന്നും 1,000 പേരെ വീതം നിയമിച്ചു. ആകെ 12,000 പേർ യുദ്ധത്തിനു സജ്ജരായി.
6 പിന്നെ ഓരോ ഗോത്രത്തിൽനിന്നും 1,000 പേർ വീതമുള്ള ആ സൈന്യത്തെ മോശ എലെയാസരിന്റെ മകനും സൈന്യത്തിന്റെ പുരോഹിതനും ആയ ഫിനെഹാസിനോടൊപ്പം+ യുദ്ധത്തിന് അയച്ചു. ഫിനെഹാസിന്റെ കൈയിൽ വിശുദ്ധമായ ഉപകരണങ്ങളും യുദ്ധകാഹളങ്ങളും+ ഉണ്ടായിരുന്നു. 7 യഹോവ മോശയോടു കല്പിച്ചതുപോലെ അവർ മിദ്യാനോടു യുദ്ധം ചെയ്ത് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. 8 കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു മിദ്യാന്യരാജാക്കന്മാരുമുണ്ടായിരുന്നു. ബയോരിന്റെ മകനായ ബിലെയാമിനെയും+ അവർ വാളുകൊണ്ട് കൊന്നു. 9 എന്നാൽ മിദ്യാനിലെ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്യർ ബന്ദികളായി പിടിച്ചു. അവിടെയുള്ള വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മൃഗസമ്പത്ത് മുഴുവനും, അവരുടെ എല്ലാ വസ്തുവകകളും, അവർ കൊള്ളയടിച്ചു. 10 അവർ താമസിച്ചിരുന്ന എല്ലാ നഗരങ്ങളും അവരുടെ എല്ലാ പാളയങ്ങളും* അവർ ചുട്ടെരിച്ചു. 11 കൊള്ളമുതലും തങ്ങൾ പിടിച്ചെടുത്ത എല്ലാ വസ്തുവകകളും അതുപോലെ, മനുഷ്യരെയും മൃഗങ്ങളെയും അവർ കൊണ്ടുപോന്നു. 12 അവർ ബന്ദികളെ കൊള്ളമുതലിനോടും തങ്ങൾ പിടിച്ചെടുത്ത എല്ലാ വസ്തുവകകളോടും ഒപ്പം മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത്, യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തിലെ+ പാളയത്തിലേക്ക്, കൊണ്ടുവന്നു.
13 അപ്പോൾ മോശയും പുരോഹിതനായ എലെയാസരും സമൂഹത്തിലെ എല്ലാ തലവന്മാരും അവരെ എതിരേൽക്കാൻ പാളയത്തിനു പുറത്തേക്കു വന്നു. 14 പക്ഷേ സൈന്യത്തിലെ നിയമിതപുരുഷന്മാരോട്, അതായത് യുദ്ധത്തിനു പോയ സഹസ്രാധിപന്മാരോടും* ശതാധിപന്മാരോടും,* മോശ കോപിച്ചു. 15 മോശ അവരോടു പറഞ്ഞു: “നിങ്ങൾ സ്ത്രീകളെ മുഴുവൻ ജീവനോടെ വെച്ചിരിക്കുന്നോ? 16 നോക്കൂ, ഇവരാണു ബിലെയാമിന്റെ വാക്കു കേട്ട് പെയോരിന്റെ കാര്യത്തിൽ+ യഹോവയോട് അവിശ്വസ്തത+ കാണിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചത്. അങ്ങനെ ഇവർ കാരണമാണ് യഹോവയുടെ സമൂഹത്തിന്റെ മേൽ ബാധ വന്നത്.+ 17 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ എല്ലാ ആൺകുട്ടികളെയും പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്ത്രീകളെയും കൊന്നുകളയണം. 18 എന്നാൽ പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത പെൺകുട്ടികളെയെല്ലാം ജീവനോടെ വെക്കാം.+ 19 നിങ്ങൾ ഏഴു ദിവസം പാളയത്തിനു പുറത്ത് കഴിയണം. നിങ്ങളാകട്ടെ നിങ്ങളുടെ ബന്ദികളാകട്ടെ, ആരെയെങ്കിലും കൊന്നവനും കൊല്ലപ്പെട്ട ഒരാളെ തൊട്ടവനും+ മൂന്നാം ദിവസവും ഏഴാം ദിവസവും തന്നെത്തന്നെ ശുദ്ധീകരിക്കണം.+ 20 നിങ്ങളുടെ എല്ലാ വസ്ത്രങ്ങളും കോലാട്ടുരോമംകൊണ്ടുള്ള എല്ലാ വസ്തുക്കളും മരംകൊണ്ടും തോലുകൊണ്ടും ഉള്ള എല്ലാ സാധനങ്ങളും പാപം നീക്കി ശുദ്ധീകരിക്കണം.”
21 പിന്നെ പുരോഹിതനായ എലെയാസർ യുദ്ധത്തിനു പോയ സൈനികരോടു പറഞ്ഞു: “യഹോവ മോശയോടു കല്പിച്ച നിയമത്തിലെ ചട്ടം ഇതാണ്: 22 ‘സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തകരം, ഈയം 23 എന്നിങ്ങനെ തീയിലിട്ടാൽ നശിക്കാത്തതൊക്കെയും നിങ്ങൾ തീയിലിട്ട് എടുക്കണം; അപ്പോൾ അവ ശുദ്ധമാകും. എന്നാൽ, ശുദ്ധീകരണത്തിനുള്ള ജലംകൊണ്ടും അവ ശുദ്ധീകരിക്കണം.+ പക്ഷേ തീയിൽ നശിക്കുന്നതെല്ലാം നിങ്ങൾ വെള്ളത്താൽ ശുദ്ധീകരിക്കണം. 24 ഏഴാം ദിവസം നിങ്ങൾ വസ്ത്രം അലക്കി ശുദ്ധരാകണം. അതിനു ശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.’”+
25 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 26 “പിടിച്ചുകൊണ്ടുവന്ന മനുഷ്യരെയും മൃഗങ്ങളെയും എണ്ണി, കൊള്ളമുതലിന്റെ ഒരു പട്ടിക ഉണ്ടാക്കുക. പുരോഹിതനായ എലെയാസരിനെയും സമൂഹത്തിലെ പിതൃഭവനത്തലവന്മാരെയും നിന്നോടൊപ്പം കൂട്ടണം. 27 ഇസ്രായേൽസമൂഹത്തിനും യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കും വേണ്ടി കൊള്ളമുതൽ രണ്ടായി ഭാഗിക്കുക.+ 28 യുദ്ധത്തിനു പോയ സൈനികർക്കു ലഭിച്ച മനുഷ്യർ, കന്നുകാലികൾ, കഴുതകൾ, ആടുകൾ എന്നിവയിൽനിന്ന് 500-ൽ ഒരു ദേഹിയെ* വീതം യഹോവയ്ക്ക് ഒരു നികുതിയായി എടുക്കണം. 29 അവർക്കു ഭാഗിച്ചുകിട്ടിയ പകുതിയിൽനിന്ന് നിങ്ങൾ അത് എടുത്ത് യഹോവയ്ക്കുള്ള സംഭാവനയായി പുരോഹിതനായ എലെയാസരിനു കൊടുക്കണം.+ 30 കൂടാതെ, ഇസ്രായേല്യർക്കു ഭാഗിച്ചുകിട്ടിയ പകുതിയിലെ മനുഷ്യരിൽനിന്നും കന്നുകാലികളിൽനിന്നും കഴുതകളിൽനിന്നും ആടുകളിൽനിന്നും എല്ലാ തരം വളർത്തുമൃഗങ്ങളിൽനിന്നും 50-ലൊന്നു വീതം എടുത്ത് യഹോവയുടെ വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുക്കണം.”+
31 മോശയും പുരോഹിതനായ എലെയാസരും യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ചെയ്തു. 32 യുദ്ധത്തിനു പോയവർ എടുത്തശേഷം കൊള്ളമുതലിൽ ബാക്കിയുണ്ടായിരുന്നത് ആകെ 6,75,000 ആടുകളും 33 72,000 കന്നുകാലികളും 34 61,000 കഴുതകളും ആയിരുന്നു. 35 പുരുഷന്മാരോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ത്രീകൾ ആകെ 32,000 പേർ.+ 36 യുദ്ധത്തിനു പോയവർക്കു പകുതി ഓഹരിയായി ഭാഗിച്ചുകിട്ടിയ ആടുകൾ ആകെ 3,37,500. 37 ആടുകളിൽനിന്ന് യഹോവയ്ക്കുള്ള നികുതി 675. 38 കന്നുകാലികൾ ആകെ 36,000. അതിൽനിന്ന് യഹോവയ്ക്കുള്ള നികുതി 72. 39 കഴുതകൾ ആകെ 30,500. അതിൽനിന്ന് യഹോവയ്ക്കുള്ള നികുതി 61. 40 കൂടാതെ മനുഷ്യർ ആകെ 16,000. അവരിൽനിന്ന് യഹോവയ്ക്കു നികുതിയായി ലഭിച്ചത് 32 പേർ. 41 യഹോവ മോശയോടു കല്പിച്ചതുപോലെ മോശ ആ നികുതി യഹോവയുടെ സംഭാവനയായി പുരോഹിതനായ എലെയാസരിനു കൊടുത്തു.+
42 യുദ്ധത്തിനു പോയ പുരുഷന്മാർ കൊണ്ടുവന്നതിൽനിന്ന് മോശ ഇസ്രായേല്യർക്കു ഭാഗിച്ചുകൊടുത്ത പകുതിയിൽ 43 3,37,500 ആടുകളും 44 36,000 കന്നുകാലികളും 45 30,500 കഴുതകളും 46 16,000 മനുഷ്യരും ഉണ്ടായിരുന്നു. 47 യഹോവ മോശയോടു കല്പിച്ചതുപോലെ, ഇസ്രായേല്യർക്കുള്ള പകുതിയിൽനിന്ന് 50-ലൊന്ന് എന്ന കണക്കിൽ മനുഷ്യരെയും മൃഗങ്ങളെയും വേർതിരിച്ച് മോശ യഹോവയുടെ വിശുദ്ധകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുത്തു.+
48 പിന്നീട്, സൈന്യത്തിലെ സഹസ്രങ്ങളുടെ മേൽ+ നിയമിതരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയെ സമീപിച്ചു. 49 അവർ മോശയോടു പറഞ്ഞു: “അടിയങ്ങൾ യുദ്ധത്തിനു പോയവരുടെ കണക്ക് എടുത്തു. ഞങ്ങളുടെ കീഴിലുള്ള ഒരാൾപ്പോലും നഷ്ടപ്പെട്ടിട്ടില്ല.+ 50 അതുകൊണ്ട് യഹോവയുടെ മുമ്പാകെ ഞങ്ങൾക്കു പാപപരിഹാരം വരുത്താനായി, ഞങ്ങൾക്ക് ഓരോരുത്തർക്കും കിട്ടിയ സ്വർണംകൊണ്ടുള്ള വസ്തുക്കളും പാദസരങ്ങളും വളകളും മുദ്രമോതിരങ്ങളും കമ്മലുകളും മറ്റ് ആഭരണങ്ങളും യഹോവയ്ക്കു യാഗമായി കൊണ്ടുവരാൻ ഞങ്ങളെ അനുവദിച്ചാലും.”
51 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും അവരിൽനിന്ന് ആ സ്വർണാഭരണങ്ങളെല്ലാം സ്വീകരിച്ചു. 52 സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്കു സംഭാവനയായി കൊടുത്ത സ്വർണത്തിന്റെ ആകെ തൂക്കം 16,750 ശേക്കെൽ.* 53 ഓരോ സൈനികനും തനിക്കുവേണ്ടി കൊള്ളയടിച്ചിരുന്നു. 54 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ചു. അവർ അത് യഹോവയുടെ സന്നിധിയിൽ ഇസ്രായേൽ ജനത്തിനുവേണ്ടിയുള്ള ഒരു ഓർമിപ്പിക്കലായി* സാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവന്നു.