ദാനിയേൽ
1 യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ ബാബിലോൺരാജാവായ നെബൂഖദ്നേസർ യരുശലേമിനു നേരെ വന്ന് അതിനെ ഉപരോധിച്ചു.+ 2 ഒടുവിൽ യഹോവ, യഹൂദാരാജാവായ യഹോയാക്കീമിനെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യദൈവത്തിന്റെ ഭവനത്തിലെ* ചില ഉപകരണങ്ങളും പാത്രങ്ങളും നെബൂഖദ്നേസറിനു നൽകി. നെബൂഖദ്നേസർ അവ ശിനാർ* ദേശത്ത്+ തന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു* കൊണ്ടുപോയി അവിടത്തെ ഖജനാവിൽ വെച്ചു.+
3 പിന്നെ, രാജാവ് കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനായ അശ്പെനാസിനോട് ഇസ്രായേല്യരിൽ ചിലരെ കൊണ്ടുവരാൻ ഉത്തരവിട്ടു. രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവരെയും കൊണ്ടുവരണമെന്നു കല്പനയുണ്ടായിരുന്നു.+ 4 വൈകല്യങ്ങളൊന്നുമില്ലാത്ത, നല്ല അറിവും ജ്ഞാനവും ഉള്ള, വിവേകികളായ,+ കണ്ടാൽ കൊള്ളാവുന്ന ചെറുപ്പക്കാരെ* ആയിരുന്നു കൊണ്ടുവരേണ്ടത്. കൊട്ടാരത്തിൽ സേവനം അനുഷ്ഠിക്കാനും അവർ പ്രാപ്തരായിരിക്കണമായിരുന്നു. അദ്ദേഹം അവരെ കൽദയരുടെ എഴുത്തും* ഭാഷയും പഠിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. 5 താൻ കഴിക്കുന്ന വിശിഷ്ടവിഭവങ്ങളിൽനിന്നും കുടിക്കുന്ന വീഞ്ഞിൽനിന്നും ദിവസവും ഒരു പങ്ക് അവർക്കു കൊടുക്കാനും രാജാവ് നിർദേശിച്ചു. മൂന്നു വർഷത്തെ പരിശീലനത്തിനു ശേഷം* അവരെ രാജാവിന്റെ സേവനത്തിനു നിയമിക്കാനായിരുന്നു പദ്ധതി.
6 അക്കൂട്ടത്തിൽ യഹൂദാഗോത്രത്തിലെ ദാനിയേൽ,*+ ഹനന്യ,* മീശായേൽ,* അസര്യ*+ എന്നിവരുമുണ്ടായിരുന്നു. 7 കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ ദാനിയേലിനു ബേൽത്ത്ശസ്സർ+ എന്നും ഹനന്യക്കു ശദ്രക്ക് എന്നും മീശായേലിനു മേശക്ക് എന്നും അസര്യക്ക് അബേദ്-നെഗൊ+ എന്നും പേരിട്ടു.*
8 എന്നാൽ രാജാവിന്റെ വിശിഷ്ടവിഭവങ്ങളാലോ വീഞ്ഞിനാലോ അശുദ്ധനാകില്ലെന്നു ദാനിയേൽ ഹൃദയത്തിൽ തീരുമാനിച്ച് ഉറപ്പിച്ചു. അതുകൊണ്ട്, ഇവയാൽ അശുദ്ധനാകാതിരിക്കാൻ അനുവദിക്കണമെന്നു കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനോടു ദാനിയേൽ അപേക്ഷിച്ചു. 9 അദ്ദേഹത്തിനു ദാനിയേലിനോടു പ്രീതിയും* കരുണയും തോന്നാൻ സത്യദൈവം ഇടയാക്കി.+ 10 എങ്കിലും അദ്ദേഹം ദാനിയേലിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനെ എനിക്കു പേടിയാണ്. നിങ്ങൾ എന്തു കഴിക്കണമെന്നും കുടിക്കണമെന്നും നിശ്ചയിച്ചതു രാജാവാണല്ലോ. നിങ്ങളുടെ പ്രായത്തിലുള്ള മറ്റു ചെറുപ്പക്കാരെക്കാൾ* നിങ്ങൾ ക്ഷീണിച്ചിരിക്കുന്നതായി രാജാവ് കണ്ടാൽ എന്താകും സ്ഥിതി? നിങ്ങൾ കാരണം രാജാവിന്റെ മുന്നിൽ ഞാൻ കുറ്റക്കാരനാകും.” 11 എന്നാൽ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവരുടെ രക്ഷാധികാരിയായി കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ നിയമിച്ചിരുന്ന വ്യക്തിയോടു ദാനിയേൽ പറഞ്ഞു: 12 “ദയവായി പത്തു ദിവസം അങ്ങയുടെ ഈ ദാസന്മാരെ പരീക്ഷിച്ചുനോക്കേണമേ. കഴിക്കാൻ ഞങ്ങൾക്കു പച്ചക്കറികളും വെള്ളവും തന്നാൽ മതി. 13 എന്നിട്ട്, രാജാവിന്റെ വിശിഷ്ടവിഭവങ്ങൾ കഴിക്കുന്ന ചെറുപ്പക്കാരും ഞങ്ങളും കാഴ്ചയ്ക്ക് എങ്ങനെയിരിക്കുന്നെന്ന് ഒത്തുനോക്കിയാലും. അതിനു ശേഷം, അങ്ങ് കാണുന്നതനുസരിച്ച് ഈ ദാസരോടു ചെയ്തുകൊള്ളൂ.”
14 അദ്ദേഹം അവരുടെ നിർദേശം അംഗീകരിച്ചു; പത്തു ദിവസം അവരെ പരീക്ഷിച്ചു. 15 പത്തു ദിവസം കഴിഞ്ഞപ്പോൾ ഇവർ, രാജാവിന്റെ വിശിഷ്ടവിഭവങ്ങൾ കഴിച്ചിരുന്ന എല്ലാ ചെറുപ്പക്കാരെക്കാളും കാഴ്ചയ്ക്ക് ഏറെ അഴകും ആരോഗ്യവും ഉള്ളവരായി കാണപ്പെട്ടു. 16 അതുകൊണ്ട്, രക്ഷാധികാരി അവർക്കുള്ള വിശിഷ്ടവിഭവങ്ങളും വീഞ്ഞും മാറ്റിയിട്ട് പകരം പച്ചക്കറികൾ കൊടുക്കാൻതുടങ്ങി. 17 സത്യദൈവം ഈ നാലു ചെറുപ്പക്കാർക്കും സകലവിധ രചനകളിലും വിജ്ഞാനശാഖകളിലും അറിവും ഉൾക്കാഴ്ചയും കൊടുത്തു. ദാനിയേലിന് എല്ലാ തരം ദിവ്യദർശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാനുള്ള കഴിവും നൽകി.+
18 അവരെ രാജസന്നിധിയിൽ കൊണ്ടുവരാൻ കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ+ കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ അവരെ നെബൂഖദ്നേസർ രാജാവിന്റെ മുന്നിൽ ഹാജരാക്കി. 19 രാജാവ് അവരോടു സംസാരിച്ചപ്പോൾ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവർക്കു തുല്യരായി അക്കൂട്ടത്തിൽ ഒരാൾപ്പോലുമില്ലെന്നു കണ്ടെത്തി;+ അങ്ങനെ അവർ രാജസന്നിധിയിൽ സേവിക്കാൻ തുടങ്ങി. 20 ജ്ഞാനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴും അവർ സാമ്രാജ്യത്തിലുടനീളമുള്ള എല്ലാ മന്ത്രവാദികളെക്കാളും മാന്ത്രികരെക്കാളും പത്തിരട്ടി മെച്ചമാണെന്നു രാജാവ് കണ്ടു.+ 21 കോരെശ് രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷംവരെ ദാനിയേൽ അവിടെ കഴിഞ്ഞു.+