മർക്കൊസ് എഴുതിയത്
10 യേശു അവിടെനിന്ന് പോയി യോർദാന് അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തി. വീണ്ടും അനേകം ആളുകൾ യേശുവിന്റെ അടുത്ത് വന്നുകൂടി. പതിവുപോലെ യേശു അവരെ പഠിപ്പിക്കാൻതുടങ്ങി.+ 2 അപ്പോൾ യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ ചെന്ന്, ഒരാൾ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ* എന്നു ചോദിച്ചു.+ 3 അപ്പോൾ യേശു, “മോശ നിങ്ങളോട് എന്താണു കല്പിച്ചത് ” എന്നു ചോദിച്ചു. 4 “മോചനപത്രം എഴുതിയിട്ട് വിവാഹമോചനം ചെയ്തുകൊള്ളാൻ മോശ അനുവദിച്ചിട്ടുണ്ട് ”+ എന്ന് അവർ പറഞ്ഞു. 5 പക്ഷേ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു+ മോശ നിങ്ങൾക്കുവേണ്ടി ഈ കല്പന എഴുതിയത്.+ 6 എന്നാൽ സൃഷ്ടിയുടെ ആരംഭത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 7 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും പിരിയുകയും+ 8 അവർ രണ്ടു പേരും ഒരു ശരീരമാകുകയും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. 9 അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+ 10 വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഇതെക്കുറിച്ച് യേശുവിനോടു ചോദിക്കാൻതുടങ്ങി. 11 യേശു അവരോടു പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.+ 12 ഒരു സ്ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ വിവാഹം കഴിച്ചാൽ അവളും വ്യഭിചാരം ചെയ്യുന്നു.”+
13 യേശു തൊട്ട് അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത് കൊണ്ടുവരാൻതുടങ്ങി. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14 ഇതു കണ്ട് അമർഷം തോന്നിയ യേശു അവരോടു പറഞ്ഞു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്.+ 15 ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു വിധത്തിലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 16 പിന്നെ യേശു കുട്ടികളെ കൈയിൽ എടുത്ത് അവരുടെ മേൽ കൈകൾ വെച്ച് അനുഗ്രഹിച്ചു.+
17 യേശു പോകുന്ന വഴിക്ക് ഒരു മനുഷ്യൻ ഓടിവന്ന് യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത് ” എന്നു ചോദിച്ചു.+ 18 യേശു അയാളോടു പറഞ്ഞു: “നീ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+ 19 ‘കൊല ചെയ്യരുത്,+ വ്യഭിചാരം ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ വഞ്ചന കാണിക്കരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ നിനക്ക് അറിയാമല്ലോ.” 20 അപ്പോൾ അയാൾ, “ഗുരുവേ, ഇക്കാര്യങ്ങളെല്ലാം ഞാൻ ചെറുപ്പംമുതൽ അനുസരിക്കുന്നുണ്ട് ” എന്നു പറഞ്ഞു. 21 യേശു അയാളെ നോക്കി. അയാളോടു സ്നേഹം തോന്നിയിട്ട് പറഞ്ഞു: “ഒരു കുറവ് നിനക്കുണ്ട്: പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.”+ 22 എന്നാൽ അയാൾ ഇതു കേട്ട് ആകെ സങ്കടപ്പെട്ട് അവിടെനിന്ന് പോയി. കാരണം അയാൾക്കു ധാരാളം വസ്തുവകകളുണ്ടായിരുന്നു.
23 യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോട്, “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്!” എന്നു പറഞ്ഞു.+ 24 എന്നാൽ യേശുവിന്റെ വാക്കുകൾ കേട്ട് ശിഷ്യന്മാർ അത്ഭുതപ്പെട്ടു. അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “മക്കളേ, ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്! 25 ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.”+ 26 അവർ മുമ്പത്തെക്കാൾ അതിശയിച്ച് യേശുവിനോട്, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ” എന്നു ചോദിച്ചു.+ 27 യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക് അസാധ്യം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. ദൈവത്തിന് എല്ലാം സാധ്യം.”+ 28 പത്രോസ് യേശുവിനോട്, “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 29 യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും+ 30 ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും;+ വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും! 31 എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.”+
32 അവർ യരുശലേമിലേക്കുള്ള വഴിയേ പോകുകയായിരുന്നു. യേശു അവരുടെ മുന്നിലായാണു നടന്നിരുന്നത്. അവർ ആകെ ആശ്ചര്യഭരിതരായിരുന്നു. അവരെ അനുഗമിച്ചിരുന്നവർക്കോ ഭയം തോന്നി. വീണ്ടും യേശു പന്ത്രണ്ടു പേരെ* അടുത്ത് വിളിച്ച് തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോടു വിവരിച്ചു:+ 33 “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച് ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. 34 അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും+ അവനെ ചാട്ടയ്ക്ക് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+
35 സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ+ സമീപിച്ച്, “ഗുരുവേ, ഞങ്ങൾ ചോദിക്കുന്നത് എന്തായാലും ചെയ്തുതരണം” എന്നു പറഞ്ഞു.+ 36 യേശു അവരോട്, “ഞാൻ എന്താണു ചെയ്തുതരേണ്ടത് ” എന്നു ചോദിച്ചു. 37 അവർ യേശുവിനോട്, “അങ്ങ് മഹത്ത്വത്തോടെ ഇരിക്കുമ്പോൾ ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്തേണമേ” എന്നു പറഞ്ഞു.+ 38 എന്നാൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? ഞാൻ ഏൽക്കുന്ന സ്നാനം ഏൽക്കാൻ നിങ്ങൾക്കാകുമോ?”+ 39 “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏൽക്കുന്ന സ്നാനം നിങ്ങൾ ഏൽക്കുകയും ചെയ്യും.+ 40 എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.”
41 എന്നാൽ ഇതെക്കുറിച്ച് കേട്ടപ്പോൾ മറ്റു പത്തു പേർക്കും യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി.+ 42 എന്നാൽ യേശു അവരെ അടുത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു: “ജനതകൾ ഭരണാധികാരികളായി കാണുന്നവർ അവരുടെ മേൽ ആധിപത്യം നടത്തുന്നെന്നും അവർക്കിടയിലെ ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക് അറിയാമല്ലോ.+ 43 എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 44 നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം. 45 കാരണം മനുഷ്യപുത്രൻപോലും വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്.”+
46 പിന്നെ അവർ യരീഹൊയിൽ എത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം യേശു യരീഹൊ വിട്ട് പോകുമ്പോൾ ബർത്തിമായി (തിമായിയുടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 47 നസറെത്തുകാരനായ യേശുവാണ് അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന് ഉറക്കെ വിളിച്ചുപറയാൻതുടങ്ങി. 48 പലരും മിണ്ടാതിരിക്കാൻ പറഞ്ഞ് ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 49 യേശു നിന്നിട്ട്, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യനെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ് വരൂ.” 50 അപ്പോൾ അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്ത് ചെന്നു. 51 “ഞാൻ എന്താണു ചെയ്തുതരേണ്ടത് ” എന്ന് യേശു ചോദിച്ചപ്പോൾ, “റബ്ബോനീ,+ എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52 യേശു അയാളോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”*+ ഉടനെ ബർത്തിമായിക്കു കാഴ്ച തിരിച്ചുകിട്ടി.+ യാത്രയിൽ അയാളും യേശുവിനെ അനുഗമിച്ചു.