യിരെമ്യ
10 ഇസ്രായേൽഗൃഹമേ, നിനക്ക് എതിരെയുള്ള യഹോവയുടെ സന്ദേശം കേൾക്കൂ. 2 യഹോവ പറയുന്നു:
“ജനതകളുടെ വഴികൾ പഠിക്കരുത്.+
ആകാശത്തെ അടയാളങ്ങൾ കണ്ട് അവർ പേടിക്കുന്നു:
പക്ഷേ അവരെപ്പോലെ നിങ്ങൾ പേടിക്കരുത്.+
3 കാരണം, അവരുടെ ആചാരങ്ങൾ മായയാണ്.*
അവരുടെ വിഗ്രഹം കാട്ടിൽനിന്ന് വെട്ടിയെടുത്ത വെറും മരമാണ്;
ഒരു ശില്പി തന്റെ ആയുധംകൊണ്ട് ആ മരത്തിൽ പണിയുന്നു.+
4 സ്വർണവും വെള്ളിയും കൊണ്ട് അവർ അത് അലങ്കരിക്കുന്നു;+
അത് ഇളകി വീഴാതിരിക്കാൻ ഒരു ചുറ്റികകൊണ്ട് ആണിയടിച്ച് ഉറപ്പിക്കുന്നു.+
5 വെള്ളരിത്തോട്ടത്തിലെ വെറും നോക്കുകുത്തികളാണ് ആ വിഗ്രഹങ്ങൾ; അവയ്ക്കു സംസാരിക്കാനാകില്ല;+
നടക്കാനാകാത്ത അവയെ ആരെങ്കിലും ചുമന്നുകൊണ്ട് നടക്കണം.+
അവയെ പേടിക്കേണ്ടാ. കാരണം, അവയ്ക്കു നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല;
എന്തെങ്കിലും ഉപകാരം ചെയ്യാനും അവയ്ക്കു സാധിക്കില്ല.”+
6 യഹോവേ, അങ്ങയ്ക്കു തുല്യനായി ആരുമില്ല.+
അങ്ങ് വലിയവനാണ്; അങ്ങയുടെ പേര് മഹനീയവും; അതിനു വലിയ ശക്തിയുണ്ട്.
7 ജനതകളുടെ രാജാവേ,+ ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ് അതിന് അർഹനാണല്ലോ;
കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും
അങ്ങയെപ്പോലെ മറ്റാരുമില്ല.+
8 അവരെല്ലാം ബുദ്ധിഹീനരും മണ്ടന്മാരും ആണ്.+
മരത്തിൽനിന്നുള്ള നിർദേശങ്ങൾ വെറും മായയാണ്.*+
9 തർശീശിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിത്തകിടുകളും+ ഊഫാസിൽനിന്നുള്ള സ്വർണവുംകൊണ്ട്
ശില്പിയും ലോഹപ്പണിക്കാരനും അവ പൊതിയുന്നു.
അവയുടെ വസ്ത്രങ്ങൾ നീലനൂലുകൊണ്ടും പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലുകൊണ്ടും ഉള്ളതാണ്.
വിദഗ്ധരായ പണിക്കാരാണ് അവയെല്ലാം ഉണ്ടാക്കിയത്.
10 പക്ഷേ യഹോവയാണു സത്യദൈവം;
ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+
ദൈവകോപത്താൽ ഭൂമി കുലുങ്ങും;+
ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.
11 * നിങ്ങൾ അവരോടു പറയേണ്ടത് ഇതാണ്:
“ആകാശവും ഭൂമിയും സൃഷ്ടിക്കാത്ത ദൈവങ്ങളെല്ലാം
ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകും.”+
12 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതും
തന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+
തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.+
13 ദൈവം തന്റെ സ്വരം കേൾപ്പിക്കുമ്പോൾ
ആകാശത്തിലെ വെള്ളം ഇളകിമറിയുന്നു;+
ദൈവം ഭൂമിയുടെ അറുതികളിൽനിന്ന് മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു.+
മഴയ്ക്കായി മിന്നൽപ്പിണരുകൾ അയയ്ക്കുന്നു;*
തന്റെ സംഭരണശാലകളിൽനിന്ന് കാറ്റ് അടിപ്പിക്കുന്നു.+
14 എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു.
15 അവ മായയാണ്;* വെറും പരിഹാസപാത്രങ്ങൾ.+
കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും.
16 യാക്കോബിന്റെ ഓഹരി ഇവയെപ്പോലെയല്ല;
ആ ദൈവമാണല്ലോ എല്ലാം ഉണ്ടാക്കിയത്;
ദൈവത്തിന്റെ അവകാശദണ്ഡ് ഇസ്രായേലാണ്.+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്.+
17 ഉപരോധത്തിൽ കഴിയുന്നവളേ,
നിന്റെ ഭാണ്ഡക്കെട്ടു നിലത്തുനിന്ന് എടുക്കൂ.
18 കാരണം, യഹോവ പറയുന്നു:
“ഇതാ, ഞാൻ ദേശത്തുള്ളവരെയെല്ലാം അവിടെനിന്ന് എറിഞ്ഞുകളയാൻ* പോകുന്നു;+
അവർ കഷ്ടപ്പെടാൻ ഞാൻ ഇടയാക്കും.”
19 കഷ്ടം! എനിക്കു മുറിവേറ്റല്ലോ!*+
എന്റെ മുറിവ് ഭേദമാകില്ല.
ഞാൻ പറഞ്ഞു: “ഇത് എനിക്കു വന്ന രോഗമാണ്; ഞാൻ സഹിച്ചേ തീരൂ.
20 എന്റെ കൂടാരം നശിച്ചുപോയി. എന്റെ കൂടാരക്കയറുകളെല്ലാം പൊട്ടിപ്പോയി.+
എന്റെ പുത്രന്മാരെല്ലാം എന്നെ വിട്ടുപോയി; അവർ ആരും ഇപ്പോഴില്ല.+
എന്റെ കൂടാരശീലകൾ നിവർത്താനോ കൂടാരം ഉയർത്താനോ ആരും ബാക്കിയില്ല.
21 കാരണം, ഇടയന്മാർ ബുദ്ധിശൂന്യമായാണു പെരുമാറിയത്;+
അവർ യഹോവയുടെ ഇഷ്ടം ചോദിച്ചറിഞ്ഞില്ല.+
അതുകൊണ്ട് അവർ ഉൾക്കാഴ്ചയില്ലാതെ പ്രവർത്തിച്ചു;
അവരുടെ ആട്ടിൻപറ്റങ്ങളെല്ലാം ചിതറിപ്പോയി.”+
22 ശ്രദ്ധിക്കൂ! ഒരു വാർത്തയുണ്ട്! അതു വരുന്നു!
വടക്കുള്ള ദേശത്തുനിന്ന് വലിയൊരു ശബ്ദം കേൾക്കുന്നു!+ അമർത്തിച്ചവിട്ടി നടക്കുന്ന ശബ്ദം!
അത് യഹൂദാനഗരങ്ങളെ വിജനമാക്കും; അവയെ കുറുനരികളുടെ താവളമാക്കും.+
23 യഹോവേ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ലെന്ന് എനിക്കു നന്നായി അറിയാം.
സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.+
24 യഹോവേ, ന്യായത്തോടെ വിധിച്ച് എന്നെ തിരുത്തേണമേ.
പക്ഷേ കോപത്തോടെ അതു ചെയ്യരുതേ.+ അങ്ങനെ ചെയ്താൽ ഞാൻ ഇല്ലാതായിപ്പോകുമല്ലോ.+
25 അങ്ങയെ അവഗണിക്കുന്ന ജനതകളുടെ മേലും
അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെ മേലും
അങ്ങ് ക്രോധം ചൊരിയേണമേ.+
അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞല്ലോ;+
അതെ, അവനെ ഇല്ലായ്മ ചെയ്യുന്ന അളവോളം അവർ പോയി;+
അവർ അവന്റെ സ്വദേശം വിജനവുമാക്കി.+