അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
21 അതിവേദനയോടെ അവരോടു യാത്ര പറഞ്ഞ് പിരിഞ്ഞിട്ട് ഞങ്ങൾ കപ്പൽ കയറി നേരെ കോസിൽ എത്തി. പിറ്റേന്ന് രൊദൊസിലും അവിടെനിന്ന് പത്തരയിലും ചെന്നു. 2 അവിടെ ഫൊയ്നിക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. 3 ഇടതുവശത്തായി കണ്ട സൈപ്രസ് ദ്വീപു പിന്നിട്ട് ഞങ്ങൾ സിറിയ ലക്ഷ്യമാക്കി നീങ്ങി. ചരക്ക് ഇറക്കാനായി കപ്പൽ സോരിൽ എത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. 4 ശിഷ്യന്മാരെ കണ്ടുപിടിച്ച് ഏഴു ദിവസം ഞങ്ങൾ അവിടെ താമസിച്ചു. എന്നാൽ യരുശലേമിലേക്കു പോകരുതെന്ന് അവർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലോസിനോട് ആവർത്തിച്ചുപറഞ്ഞു.+ 5 അവിടത്തെ താമസം കഴിഞ്ഞ് പോന്നപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ഞങ്ങളുടെകൂടെ നഗരത്തിനു പുറത്തുവരെ വന്നു. ഞങ്ങൾ കടൽത്തീരത്ത് മുട്ടുകുത്തി പ്രാർഥിച്ചു. 6 എന്നിട്ട് യാത്ര പറഞ്ഞ് കപ്പൽ കയറി, അവർ വീടുകളിലേക്കും പോയി.
7 സോരിൽനിന്ന് യാത്ര ചെയ്ത് ഞങ്ങൾ പ്തൊലെമായിസിൽ ഇറങ്ങി. സഹോദരന്മാരെ കണ്ട് അഭിവാദനം ചെയ്ത് ഒരു ദിവസം അവിടെ താമസിച്ചു. 8 പിറ്റേന്ന് ഞങ്ങൾ യാത്ര തിരിച്ച് കൈസര്യയിൽ എത്തി. അവിടെ ഞങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരിൽ ഒരാളായ ഫിലിപ്പോസ്+ എന്ന സുവിശേഷകന്റെ വീട്ടിൽ+ ചെന്ന് താമസിച്ചു. 9 ഫിലിപ്പോസിന് അവിവാഹിതരായ നാലു പെൺമക്കളുണ്ടായിരുന്നു. അവർ നാലും പ്രവചിക്കുന്നവരായിരുന്നു.+ 10 കുറെ നാൾ ഞങ്ങൾ അവിടെ താമസിച്ചു. അപ്പോൾ അഗബൊസ്+ എന്നൊരു പ്രവാചകൻ യഹൂദ്യയിൽനിന്ന് അവിടെ എത്തി. 11 അഗബൊസ് ഞങ്ങളുടെ അടുത്ത് വന്ന് പൗലോസിന്റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകൾ കെട്ടിയിട്ട് ഇങ്ങനെ പറഞ്ഞു: “‘ഈ അരക്കച്ചയുടെ ഉടമസ്ഥനെ ജൂതന്മാർ യരുശലേമിൽവെച്ച് ഇങ്ങനെ കെട്ടി ജനതകളിൽപ്പെട്ടവരുടെ കൈകളിൽ ഏൽപ്പിക്കും’+ എന്നു പരിശുദ്ധാത്മാവ് പറയുന്നു.”+ 12 ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന എല്ലാവരും, യരുശലേമിലേക്കു പോകരുതെന്നു പൗലോസിനോട് അപേക്ഷിച്ചു. 13 അപ്പോൾ പൗലോസ് പറഞ്ഞു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കരഞ്ഞ് എന്റെ മനസ്സു മാറ്റാൻ നോക്കുകയാണോ? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി യരുശലേമിൽവെച്ച് ബന്ധനസ്ഥനാകാൻ മാത്രമല്ല, മരിക്കാനും ഞാൻ തയ്യാറാണ്.”+ 14 പൗലോസിനെ പിന്തിരിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോൾ,“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ” എന്നു പറഞ്ഞ് ഞങ്ങൾ പൗലോസിനെ നിർബന്ധിക്കുന്നതു നിറുത്തി.*
15 ഇതിനു ശേഷം ഞങ്ങൾ യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പുകൾ നടത്തി. എന്നിട്ട് യരുശലേമിലേക്കു പോയി. 16 കൈസര്യയിൽനിന്നുള്ള ചില ശിഷ്യന്മാരും ഞങ്ങളോടൊപ്പം പോന്നു. ആദ്യകാലശിഷ്യന്മാരിൽ ഒരാളും സൈപ്രസുകാരനും ആയ മ്നാസോന്റെ അടുത്തേക്ക് അവർ ഞങ്ങളെ കൊണ്ടുപോയി. മ്നാസോന്റെ വീട്ടിലാണു ഞങ്ങളുടെ താമസം ഏർപ്പാടാക്കിയിരുന്നത്. 17 യരുശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. 18 പിറ്റേന്ന് പൗലോസ് ഞങ്ങളെയും കൂട്ടി യാക്കോബിന്റെ+ അടുത്തേക്കു പോയി. മൂപ്പന്മാരെല്ലാം അവിടെയുണ്ടായിരുന്നു.* 19 പൗലോസ് അവരെ അഭിവാദനം ചെയ്തിട്ട് തന്റെ ശുശ്രൂഷയിലൂടെ ജനതകൾക്കിടയിൽ ദൈവം ചെയ്ത കാര്യങ്ങൾ വിശദമായി വിവരിച്ചു.
20 ഇതു കേട്ടപ്പോൾ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി. പക്ഷേ അവർ പൗലോസിനോടു പറഞ്ഞു: “സഹോദരാ, ജൂതന്മാരായ ആയിരക്കണക്കിനു വിശ്വാസികളുണ്ടെന്ന് അറിയാമല്ലോ. അവർ എല്ലാവരും വളരെ കണിശമായി നിയമം പാലിക്കുന്നവരാണ്.+ 21 എന്നാൽ മക്കളെ പരിച്ഛേദന* ചെയ്യിക്കുകയോ ആചാരങ്ങൾ അനുഷ്ഠിക്കുകയോ വേണ്ടെന്നു പറഞ്ഞുകൊണ്ട് പൗലോസ് ജനതകൾക്കിടയിലുള്ള ജൂതന്മാരെയെല്ലാം മോശയുടെ നിയമം ഉപേക്ഷിക്കാൻ പഠിപ്പിക്കുന്നു എന്നൊരു വാർത്ത അവർ കേട്ടിട്ടുണ്ട്.+ 22 അതുകൊണ്ട് ഇക്കാര്യത്തിൽ നമ്മൾ എന്തു ചെയ്യണം? പൗലോസ് വന്നിട്ടുണ്ടെന്ന് എന്തായാലും അവർ അറിയും. 23 അതുകൊണ്ട് ഞങ്ങൾ പറയുന്നതുപോലെ ചെയ്യുക: നേർച്ച നേർന്നിട്ടുള്ള നാലു പേർ ഇവിടെയുണ്ട്. 24 ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി അവരുടെ തല വടിപ്പിക്കുക. അവരോടൊപ്പം താങ്കളും ആചാരപ്രകാരം സ്വയം ശുദ്ധീകരിക്കണം; അവരുടെ ചെലവുകൾ വഹിക്കുകയും വേണം. താങ്കളെപ്പറ്റി കേട്ടതൊന്നും ശരിയല്ലെന്നും താങ്കളും നിയമം പാലിച്ചുകൊണ്ട് നേരോടെ നടക്കുന്നയാളാണെന്നും+ അപ്പോൾ എല്ലാവർക്കും മനസ്സിലാകും. 25 എന്നാൽ ജനതകളിൽനിന്നുള്ള വിശ്വാസികളുടെ കാര്യത്തിൽ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,+ ലൈംഗിക അധാർമികത+ എന്നിവയിൽനിന്ന് അവർ അകന്നിരിക്കണം എന്നുള്ള നമ്മുടെ തീരുമാനം നമ്മൾ എഴുതി അയച്ചിട്ടുണ്ടല്ലോ.”
26 പിറ്റേന്ന് പൗലോസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം ആചാരപ്രകാരം സ്വയം ശുദ്ധീകരിച്ചു.+ അവരുടെ ശുദ്ധീകരണകാലം തീരുന്നത് എന്നാണെന്നും അവരിൽ ഓരോരുത്തർക്കുംവേണ്ടി വഴിപാട് അർപ്പിക്കേണ്ടത് എന്നാണെന്നും അറിയിക്കാൻ പൗലോസ് ദേവാലയത്തിൽ ചെന്നു.
27 ഏഴു ദിവസം തികയാറായപ്പോൾ ഏഷ്യയിൽനിന്നുള്ള ചില ജൂതന്മാർ പൗലോസിനെ ദേവാലയത്തിൽ കണ്ടിട്ട് ജനക്കൂട്ടത്തെ മുഴുവൻ ഇളക്കിവിട്ട് പൗലോസിനെ പിടികൂടി. 28 അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇസ്രായേൽപുരുഷന്മാരേ, ഓടിവരൂ! ഇയാളാണ് എല്ലായിടത്തും പോയി നമ്മുടെ ജനത്തിനും നമ്മുടെ നിയമത്തിനും ഈ സ്ഥലത്തിനും എതിരായി ആളുകളെയെല്ലാം പഠിപ്പിക്കുന്നത്. അതും പോരാഞ്ഞിട്ട്, ഇയാൾ ഗ്രീക്കുകാരെ ദേവാലയത്തിലേക്കു കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തു.”+ 29 അവർ നഗരത്തിൽവെച്ച് എഫെസൊസുകാരനായ ത്രൊഫിമൊസിനെ+ പൗലോസിനോടൊപ്പം കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് പൗലോസ് ത്രൊഫിമൊസിനെയും ദേവാലയത്തിൽ കൊണ്ടുവന്നിട്ടുണ്ടാകും എന്ന് അവർ കരുതി. 30 നഗരം സംഘർഷഭരിതമായി; ജനം ഓടിക്കൂടി. അവർ പൗലോസിനെ പിടിച്ച് ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ച് കൊണ്ടുപോയി. ഉടനെ വാതിലുകൾ അടയ്ക്കുകയും ചെയ്തു. 31 അവർ പൗലോസിനെ കൊല്ലാൻ ശ്രമിച്ച ആ സമയത്ത്, യരുശലേമിൽ സംഘർഷാവസ്ഥയുള്ളതായി സൈന്യാധിപനു വിവരം ലഭിച്ചു. 32 സൈന്യാധിപൻ ഉടനെ പടയാളികളെയും സൈനികോദ്യോഗസ്ഥരെയും കൂട്ടി അവിടേക്കു പാഞ്ഞുചെന്നു. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിറുത്തി.
33 സൈന്യാധിപൻ അടുത്ത് വന്ന് പൗലോസിനെ അറസ്റ്റു ചെയ്തിട്ട് രണ്ടു ചങ്ങലകൊണ്ട് ബന്ധിക്കാൻ കല്പിച്ചു.+ എന്നിട്ട് പൗലോസ് ആരാണെന്നും എന്താണു ചെയ്തതെന്നും അന്വേഷിച്ചു. 34 എന്നാൽ ജനക്കൂട്ടം അതുമിതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം കാരണം സൈന്യാധിപനു കാര്യങ്ങളൊന്നും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. അതുകൊണ്ട് പൗലോസിനെ പടയാളികളുടെ താമസസ്ഥലത്തേക്കു കൊണ്ടുവരാൻ സൈന്യാധിപൻ ഉത്തരവിട്ടു. 35 പൗലോസ് പടികളുടെ അടുത്ത് എത്തിയപ്പോഴേക്കും ജനക്കൂട്ടം അക്രമാസക്തമായി. 36 “അവനെ കൊന്നുകളയുക” എന്ന് ആർത്ത് ജനക്കൂട്ടം പിന്നാലെ ചെന്നതുകൊണ്ട് പടയാളികൾക്കു പൗലോസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു.
37 പടയാളികളുടെ താമസസ്ഥലത്തേക്കു കടക്കാറായപ്പോൾ പൗലോസ് സൈന്യാധിപനോടു ചോദിച്ചു: “ഞാൻ അങ്ങയോട് ഒരു കാര്യം പറഞ്ഞോട്ടേ, എനിക്ക് അതിന് അനുവാദമുണ്ടോ?” അപ്പോൾ സൈന്യാധിപൻ ചോദിച്ചു: “നിനക്കു ഗ്രീക്ക് അറിയാമോ? 38 അപ്പോൾ നീയാണല്ലേ, കുറെ നാൾ മുമ്പ് ഒരു കലാപം ഇളക്കിവിട്ട് 4,000 കഠാരക്കാരെ മരുഭൂമിയിലേക്കു* കൊണ്ടുപോയ ഈജിപ്തുകാരൻ?” 39 പൗലോസ് പറഞ്ഞു: “കിലിക്യയിലെ തർസൊസിൽനിന്നുള്ള+ ഒരു ജൂതനാണു ഞാൻ;+ ഒരു പ്രധാനനഗരത്തിലെ പൗരൻ. അതുകൊണ്ട് ഈ ജനത്തോടു സംസാരിക്കാൻ എന്നെ അനുവദിക്കേണമേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്.” 40 സൈന്യാധിപൻ അനുവദിച്ചപ്പോൾ പൗലോസ് പടികളിൽ നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് ജനക്കൂട്ടത്തെ നിശ്ശബ്ദരാക്കി. പൗലോസ് എബ്രായ ഭാഷയിൽ+ അവരോട് ഇങ്ങനെ പറഞ്ഞു: