രാജാക്കന്മാർ ഒന്നാം ഭാഗം
2 മരണസമയം അടുത്തപ്പോൾ ദാവീദ് തന്റെ മകൻ ശലോമോന് ഈ നിർദേശങ്ങൾ നൽകി: 2 “ഞാൻ ഇതാ, മരിക്കാറായിരിക്കുന്നു.* നീ ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക.+ 3 നിന്റെ ദൈവത്തിന്റെ വഴികളിൽ നടക്കുകയും മോശയുടെ നിയമത്തിൽ* എഴുതിയിരിക്കുന്ന ദൈവനിയമങ്ങൾ, കല്പനകൾ, ന്യായത്തീർപ്പുകൾ, ഓർമിപ്പിക്കലുകൾ എന്നിവ അതേപടി അനുസരിക്കുകയും ചെയ്തുകൊണ്ട് നീ നിന്റെ ദൈവമായ യഹോവയോടുള്ള കടമ നിറവേറ്റണം.+ അപ്പോൾ, എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും നീ വിജയം വരിക്കും.* 4 മാത്രമല്ല, എന്നെക്കുറിച്ചുള്ള വാഗ്ദാനം യഹോവ നിറവേറ്റുകയും ചെയ്യും. അതായത്, ‘നിന്റെ മക്കൾ മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ എന്റെ മുമ്പാകെ വിശ്വസ്തമായി നടന്ന്+ ശ്രദ്ധാപൂർവം ജീവിച്ചാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ + എന്ന വാഗ്ദാനം.
5 “സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തതിനെക്കുറിച്ച് നിനക്കു നന്നായി അറിയാമല്ലോ. യോവാബ് ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ, നേരിന്റെ മകനായ അബ്നേരിനെയും+ യേഥെരിന്റെ മകനായ അമാസയെയും,+ കൊന്ന് സമാധാനകാലത്ത് രക്തം ചൊരിഞ്ഞു.+ അയാൾ ആ രക്തം തന്റെ അരപ്പട്ടയിലും ചെരിപ്പിലും വീഴ്ത്തി. 6 നീ ജ്ഞാനപൂർവം പ്രവർത്തിക്കണം. അയാളുടെ നരച്ച തല സമാധാനത്തോടെ ശവക്കുഴിയിൽ* ഇറങ്ങാൻ അനുവദിക്കരുത്.+
7 “എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ+ ആൺമക്കളോടു നീ അചഞ്ചലമായ സ്നേഹം കാണിക്കണം. നിന്റെ മേശയിൽനിന്ന് ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ അവരെയും ഉൾപ്പെടുത്തണം. കാരണം ഞാൻ നിന്റെ സഹോദരനായ അബ്ശാലോമിന്റെ അടുത്തുനിന്ന് ഓടിപ്പോയപ്പോൾ+ അവർ എനിക്കു സഹായവും പിന്തുണയും+ തന്നു.
8 “ബഹൂരീമിൽനിന്നുള്ള, ബന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി ഇവിടെ അടുത്ത് താമസിക്കുന്നുണ്ടല്ലോ. ഞാൻ മഹനയീമിലേക്കു+ പോകുമ്പോൾ കടുത്ത ശാപവാക്കുകൾ പറഞ്ഞുകൊണ്ട് എന്നെ ശപിച്ചവനാണ് അയാൾ.+ എന്നാൽ യോർദാന് അരികെവെച്ച് എന്നെ എതിരേൽക്കാൻ വന്നപ്പോൾ, ‘ഞാൻ നിന്നെ വാളുകൊണ്ട് കൊല്ലില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു സത്യം ചെയ്തു.+ 9 പക്ഷേ അയാളെ ശിക്ഷിക്കാതെ വിടരുത്.+ നീ ജ്ഞാനിയാണ്; അയാളെ എന്തു ചെയ്യണമെന്നു നിനക്ക് അറിയാം. അയാളുടെ നരച്ച തലയെ രക്തത്തോടുകൂടെ നീ ശവക്കുഴിയിൽ* ഇറക്കണം.”+
10 പിന്നീട് ദാവീദ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ 11 ദാവീദ് 40 വർഷം ഇസ്രായേലിനെ ഭരിച്ചു; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശലേമിലും.+
12 ശലോമോൻ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു. കാലക്രമത്തിൽ ശലോമോന്റെ രാജാധികാരം സുസ്ഥിരമായിത്തീർന്നു.+
13 ഇതിനിടെ ഹഗ്ഗീത്തിന്റെ മകൻ അദോനിയ ശലോമോന്റെ അമ്മ ബത്ത്-ശേബയെ സമീപിച്ചു. ബത്ത്-ശേബ അദോനിയയോട്, “നിന്റെ വരവ് സമാധാനത്തിനാണോ” എന്നു ചോദിച്ചു. “അതെ, സമാധാനത്തിനുതന്നെ” എന്ന് അദോനിയ പറഞ്ഞു. 14 “എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്ന് അയാൾ പറഞ്ഞപ്പോൾ “പറഞ്ഞുകൊള്ളൂ” എന്നു ബത്ത്-ശേബ പറഞ്ഞു. 15 അയാൾ പറഞ്ഞു: “രാജാധികാരം എനിക്കു കിട്ടേണ്ടതായിരുന്നെന്ന് അറിയാമല്ലോ. ഞാൻ രാജാവാകുമെന്നാണ് ഇസ്രായേൽ മുഴുവൻ പ്രതീക്ഷിച്ചിരുന്നത്.+ പക്ഷേ രാജാധികാരം എന്നിൽനിന്ന് മാറിപ്പോയി എന്റെ സഹോദരനു ചെന്നുചേർന്നു; യഹോവയാണ് അതു ശലോമോനു കൊടുത്തത്.+ 16 എന്നാൽ ഒരു കാര്യം മാത്രം ഞാൻ അപേക്ഷിച്ചുകൊള്ളട്ടെ; ദയവുചെയ്ത് അതു തള്ളിക്കളയരുതേ.” അപ്പോൾ, “പറഞ്ഞുകൊള്ളൂ” എന്നു ബത്ത്-ശേബ പറഞ്ഞു. 17 അദോനിയ പറഞ്ഞു: “ദയവുചെയ്ത്, ശൂനേംകാരിയായ അബീശഗിനെ+ എനിക്കു ഭാര്യയായി തരാൻ ശലോമോൻ രാജാവിനോട് അപേക്ഷിക്കണം. അമ്മയുടെ വാക്കു ശലോമോൻ തള്ളിക്കളയില്ല.” 18 ബത്ത്-ശേബ അദോനിയയോടു പറഞ്ഞു: “ശരി, ഞാൻ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം.”
19 അങ്ങനെ അദോനിയയ്ക്കുവേണ്ടി സംസാരിക്കാൻ ബത്ത്-ശേബ ശലോമോൻ രാജാവിന്റെ അടുത്ത് ചെന്നു. ഉടനെ രാജാവ് എഴുന്നേറ്റ് ബത്ത്-ശേബയെ സ്വീകരിക്കുകയും കുമ്പിട്ട് നമസ്കരിക്കുകയും ചെയ്തു. പിന്നെ സിംഹാസനത്തിൽ ഇരുന്നിട്ട് രാജമാതാവിന് ഇരിക്കാൻ ഒരു സിംഹാസനം ക്രമീകരിച്ചു. ബത്ത്-ശേബ രാജാവിന്റെ വലതുഭാഗത്ത് ഇരുന്നു. 20 എന്നിട്ട് പറഞ്ഞു: “എനിക്ക് ഒരു ചെറിയ കാര്യം നിന്നോടു പറയാനുണ്ട്; നീ അതു തള്ളിക്കളയരുത്.” രാജാവ് പറഞ്ഞു: “പറയൂ അമ്മേ, അമ്മയുടെ അപേക്ഷ ഞാൻ തള്ളിക്കളയില്ല.” 21 ബത്ത്-ശേബ പറഞ്ഞു: “ശൂനേംകാരിയായ അബീശഗിനെ നിന്റെ ചേട്ടനായ അദോനിയയ്ക്കു ഭാര്യയായി കൊടുക്കണം.” 22 അപ്പോൾ ശലോമോൻ രാജാവ് അമ്മയോടു പറഞ്ഞു: “ശൂനേംകാരിയായ അബീശഗിനെ മാത്രം അദോനിയയ്ക്കുവേണ്ടി ചോദിക്കുന്നത് എന്താണ്? അദോനിയ എന്റെ ചേട്ടനല്ലേ,+ രാജാധികാരംകൂടെ അദോനിയയ്ക്കുവേണ്ടി ചോദിക്കാമായിരുന്നില്ലേ?+ അബ്യാഥാർ പുരോഹിതനും സെരൂയയുടെ മകൻ യോവാബും+ അയാളുടെ പക്ഷത്തുണ്ടല്ലോ.”
23 അപ്പോൾ ശലോമോൻ രാജാവ് യഹോവയുടെ നാമത്തിൽ ഇങ്ങനെ സത്യം ചെയ്തു: “സ്വന്തം ജീവൻ കളയാനല്ല അദോനിയ ഈ അപേക്ഷ നടത്തിയതെങ്കിൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ. 24 എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി അതു സുസ്ഥിരമായി സ്ഥാപിക്കുകയും+ വാഗ്ദാനം ചെയ്തതുപോലെ എനിക്ക് ഒരു ഭവനം* പണിയുകയും+ ചെയ്ത യഹോവയാണെ, ഇന്നുതന്നെ അദോനിയ മരിക്കും.”+ 25 ഉടനെ ശലോമോൻ രാജാവ് യഹോയാദയുടെ മകനായ ബനയയെ+ അയച്ചു. അയാൾ ചെന്ന് അദോനിയയെ കൊന്നുകളഞ്ഞു.
26 പുരോഹിതനായ അബ്യാഥാരിനോടു+ രാജാവ് പറഞ്ഞു: “അനാഥോത്തിലെ+ നിങ്ങളുടെ സ്ഥലത്തേക്കു പൊയ്ക്കൊള്ളുക! വാസ്തവത്തിൽ നിങ്ങൾ മരണയോഗ്യനാണ്. എന്നാൽ നിങ്ങൾ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ പരമാധികാരിയായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും+ എന്റെ അപ്പന്റെ എല്ലാ കഷ്ടങ്ങളിലും അദ്ദേഹത്തിന്റെകൂടെ നിന്നതുകൊണ്ടും+ ഇന്നു ഞാൻ നിങ്ങളെ കൊല്ലുന്നില്ല.” 27 അങ്ങനെ, യഹോവയുടെ പുരോഹിതൻ എന്ന സ്ഥാനത്തുനിന്ന് ശലോമോൻ അബ്യാഥാരിനെ മാറ്റി. ശീലോയിൽവെച്ച്+ ഏലിയുടെ ഭവനത്തിന്+ എതിരെ യഹോവ പറഞ്ഞ വാക്കുകൾ അങ്ങനെ നിറവേറി.
28 ഈ വാർത്ത യോവാബ് അറിഞ്ഞപ്പോൾ അയാൾ യഹോവയുടെ കൂടാരത്തിലേക്ക്+ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും+ അദോനിയയെ പിന്തുണച്ചിരുന്നു.+ 29 “യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് അവിടെ യാഗപീഠത്തിന് അരികെ നിൽക്കുന്നു” എന്നു ശലോമോൻ രാജാവിന് അറിവുകിട്ടി. അപ്പോൾ ശലോമോൻ യഹോയാദയുടെ മകൻ ബനയയോടു പറഞ്ഞു: “പോയി അയാളെ കൊന്നുകളയുക!” 30 അങ്ങനെ ബനയ യഹോവയുടെ കൂടാരത്തിൽ ചെന്ന് യോവാബിനോട്, “‘പുറത്ത് വാ!’ എന്നു രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ യോവാബ് പറഞ്ഞു: “ഇല്ല, ഞാൻ ഇവിടെവെച്ച് മരിക്കും.” ബനയ രാജാവിന്റെ അടുത്ത് മടങ്ങിച്ചെന്ന്, “യോവാബ് ഇങ്ങനെയാണു പറഞ്ഞത്, ഇതാണ് അയാളുടെ മറുപടി” എന്ന് അറിയിച്ചു. 31 അപ്പോൾ രാജാവ് ബനയയോടു പറഞ്ഞു: “അയാൾ പറഞ്ഞതുപോലെതന്നെ ചെയ്യുക. അയാളെ കൊന്ന് കുഴിച്ചുമൂടുക! യോവാബ് ഒരു കാരണവുമില്ലാതെ ചൊരിഞ്ഞ രക്തം+ അങ്ങനെ എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും* നീക്കിക്കളയുക. 32 യഹോവ യോവാബിന്റെ രക്തം അയാളുടെ തലമേൽത്തന്നെ വരുത്തും. കാരണം അയാളെക്കാൾ നീതിമാന്മാരും മികച്ചവരും ആയ രണ്ടു പേരെ—ഇസ്രായേലിന്റെ സൈന്യാധിപനായ,+ നേരിന്റെ മകൻ അബ്നേരിനെയും+ യഹൂദയുടെ സൈന്യാധിപനായ, യേഥെരിന്റെ മകൻ അമാസയെയും+—എന്റെ അപ്പനായ ദാവീദ് അറിയാതെ അയാൾ വാളുകൊണ്ട് വെട്ടിക്കൊന്നു. 33 അവരുടെ രക്തം എന്നും യോവാബിന്റെ തലമേലും അയാളുടെ സന്തതികളുടെ* തലമേലും ഇരിക്കട്ടെ.+ എന്നാൽ ദാവീദിനും സന്തതികൾക്കും ദാവീദിന്റെ ഭവനത്തിനും ദാവീദിന്റെ സിംഹാസനത്തിനും യഹോവയിൽനിന്ന് എന്നുമെന്നേക്കും സമാധാനം ഉണ്ടാകട്ടെ.” 34 അങ്ങനെ യഹോയാദയുടെ മകനായ ബനയ ചെന്ന് യോവാബിനെ വെട്ടിക്കൊന്നു. അയാളെ വിജനഭൂമിയിലുള്ള* അയാളുടെ ഭവനത്തിന് അടുത്ത് അടക്കം ചെയ്തു. 35 രാജാവ് യഹോയാദയുടെ മകനായ ബനയയെ+ അടുത്ത സൈന്യാധിപനായി നിയമിച്ചു. അബ്യാഥാരിന്റെ സ്ഥാനത്ത് സാദോക്ക് പുരോഹിതനെയും+ നിയമിച്ചു.
36 പിന്നെ രാജാവ് ശിമെയിയെ+ വരുത്തി അയാളോടു പറഞ്ഞു: “യരുശലേമിൽ ഒരു വീടു പണിത് അവിടെ താമസിക്കുക. അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്കും പോകരുത്. 37 അവിടം വിട്ട് കിദ്രോൻ താഴ്വര+ കടക്കുന്ന ദിവസം നീ മരിക്കുമെന്ന് അറിഞ്ഞുകൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും.” 38 ശിമെയി രാജാവിനോടു പറഞ്ഞു: “അങ്ങ് പറഞ്ഞതു ന്യായമാണ്. എന്റെ യജമാനനായ രാജാവ് പറഞ്ഞതുപോലെ അടിയൻ ചെയ്തുകൊള്ളാം.” അങ്ങനെ കുറെ കാലം ശിമെയി യരുശലേമിൽ താമസിച്ചു.
39 പക്ഷേ മൂന്നു വർഷം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ ഗത്തിലെ രാജാവായ, മാഖയുടെ മകൻ ആഖീശിന്റെ+ അടുത്തേക്ക് ഓടിപ്പോയി. “അടിമകൾ ഗത്തിലുണ്ട്” എന്ന് അറിഞ്ഞപ്പോൾ 40 ശിമെയി ഉടനെ കഴുതയ്ക്കു കോപ്പിട്ട് അടിമകളെ തിരഞ്ഞ് ആഖീശിന്റെ അടുത്ത് ഗത്തിലേക്കു പോയി. ശിമെയി അടിമകളുമായി ഗത്തിൽനിന്ന് മടങ്ങിവന്നപ്പോൾ, 41 “ശിമെയി യരുശലേമിനു പുറത്ത് ഗത്തിൽ പോയി മടങ്ങിവന്നിരിക്കുന്നു” എന്നു ശലോമോനു വിവരം കിട്ടി. 42 അപ്പോൾ രാജാവ് ശിമെയിയെ വരുത്തി അയാളോടു പറഞ്ഞു: “‘നീ ഇവിടം വിട്ട് മറ്റ് എവിടേക്കെങ്കിലും പോകുന്ന ദിവസം നീ മരിക്കുമെന്ന് അറിഞ്ഞുകൊള്ളുക’ എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകുകയും യഹോവയുടെ നാമത്തിൽ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കുകയും ചെയ്തിരുന്നതല്ലേ? അപ്പോൾ നീ എന്നോട്, ‘അങ്ങ് പറഞ്ഞതു ന്യായമാണ്; ഞാൻ അത് അനുസരിച്ചുകൊള്ളാം’+ എന്നു പറയുകയും ചെയ്തു. 43 പിന്നെ എന്തുകൊണ്ടാണു നീ യഹോവയോടു ചെയ്ത സത്യം പാലിക്കാതിരുന്നത്? എന്തുകൊണ്ട് ഞാൻ നിനക്കു നൽകിയ കല്പന അനുസരിച്ചില്ല?” 44 രാജാവ് തുടർന്നു: “നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്ത ദ്രോഹം മുഴുവൻ+ നിനക്കു നന്നായി അറിയാമല്ലോ. അതെല്ലാം യഹോവ നിന്റെ തലമേൽത്തന്നെ വരുത്തും.+ 45 എന്നാൽ ശലോമോൻ രാജാവ് അനുഗൃഹീതനായിരിക്കും;+ ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നും സുസ്ഥിരമായിരിക്കും.” 46 അങ്ങനെ രാജാവിന്റെ കല്പനയനുസരിച്ച് യഹോയാദയുടെ മകനായ ബനയ ചെന്ന് അയാളെ കൊന്നുകളഞ്ഞു.+
അങ്ങനെ രാജ്യം ശലോമോന്റെ കൈകളിൽ ഭദ്രമായിത്തീർന്നു.+