രാജാക്കന്മാർ രണ്ടാം ഭാഗം
5 സിറിയയിലെ രാജാവിനു നയമാൻ എന്നൊരു സൈന്യാധിപനുണ്ടായിരുന്നു. നയമാനെ ഉപയോഗിച്ച് യഹോവ സിറിയയ്ക്കു ജയം നൽകിയതുകൊണ്ട് രാജാവ് നയമാനെ ഒരു പ്രമുഖവ്യക്തിയായി ആദരിച്ചിരുന്നു. വീരയോദ്ധാവായിരുന്നെങ്കിലും അയാൾ ഒരു കുഷ്ഠരോഗിയായിരുന്നു.* 2 ഒരിക്കൽ സിറിയക്കാർ ഇസ്രായേലിനെ ആക്രമിച്ചപ്പോൾ അവർ അവിടെനിന്ന് ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി. ആ കുട്ടി പിന്നീട് നയമാന്റെ ഭാര്യയുടെ പരിചാരികയായി. 3 കുട്ടി യജമാനത്തിയോടു പറഞ്ഞു: “യജമാനൻ ചെന്ന് ശമര്യയിലെ പ്രവാചകനെ+ കണ്ടാൽ പ്രവാചകൻ യജമാനന്റെ കുഷ്ഠം മാറ്റിക്കൊടുത്തേനേ!”+ 4 അങ്ങനെ അയാൾ* ചെന്ന് ഇസ്രായേല്യപെൺകുട്ടി പറഞ്ഞ കാര്യം അയാളുടെ യജമാനനെ അറിയിച്ചു.
5 അപ്പോൾ സിറിയയിലെ രാജാവ് പറഞ്ഞു: “ഉടനെ പുറപ്പെടുക! ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തന്നയയ്ക്കാം.” അങ്ങനെ അയാൾ പത്തു താലന്തു* വെള്ളിയും 6,000 ശേക്കെൽ* സ്വർണവും പത്തു ജോടി വസ്ത്രവും എടുത്ത് പുറപ്പെട്ടു. 6 അയാൾ ആ കത്തുമായി ഇസ്രായേൽരാജാവിന്റെ അടുത്ത് ചെന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ഈ കത്തുമായി വരുന്നത് എന്റെ ഭൃത്യനായ നയമാനാണ്. നീ അയാളുടെ കുഷ്ഠം മാറ്റിക്കൊടുക്കണം.” 7 കത്തു വായിച്ച ഉടനെ ഇസ്രായേൽരാജാവ് വസ്ത്രം കീറി ഇങ്ങനെ പറഞ്ഞു: “ജീവൻ എടുക്കാനും കൊടുക്കാനും ഞാൻ എന്താ ദൈവമാണോ?+ കുഷ്ഠം മാറ്റിക്കൊടുക്കണമെന്നു പറഞ്ഞ് രാജാവ് ഇയാളെ എന്റെ അടുത്ത് അയച്ചിരിക്കുന്നു! എന്നോടു വഴക്കിനു വരാൻവേണ്ടി ചെയ്യുന്നതാണ് ഇതെന്നു വ്യക്തമല്ലേ?”
8 ഇസ്രായേൽരാജാവ് വസ്ത്രം കീറിയ കാര്യം അറിഞ്ഞപ്പോൾ ദൈവപുരുഷനായ എലീശ അദ്ദേഹത്തിന് ഇങ്ങനെയൊരു സന്ദേശം അയച്ചു: “അങ്ങ് വസ്ത്രം കീറിയത് എന്തിനാണ്? അയാൾ എന്റെ അടുത്തേക്കു വരട്ടെ; ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അയാൾ അറിയും.”+ 9 അങ്ങനെ നയമാൻ കുതിരകളും യുദ്ധരഥങ്ങളും ആയി വന്ന് എലീശയുടെ വീട്ടുവാതിൽക്കൽ നിന്നു. 10 എന്നാൽ എലീശ ഒരു ദൂതനെ അയച്ച് അയാളോടു പറഞ്ഞു: “പോയി യോർദാനിൽ ഏഴു തവണ+ കുളിക്കുക.+ അപ്പോൾ നിന്റെ ശരീരം പഴയതുപോലെയായി നീ ശുദ്ധനാകും.” 11 അതു കേട്ടപ്പോൾ ദേഷ്യം സഹിക്കാൻ വയ്യാതെ നയമാൻ തിരികെ പോകാൻ തീരുമാനിച്ചു. നയമാൻ പറഞ്ഞു: “‘പ്രവാചകൻ എന്റെ അടുത്ത് വന്ന് പ്രവാചകന്റെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുകയും കുഷ്ഠമുള്ള ഭാഗത്തിനു മേൽ കൈവീശി അതു സുഖപ്പെടുത്തുകയും ചെയ്യും’ എന്നാണു ഞാൻ വിചാരിച്ചത്. 12 ഇസ്രായേലിലെ എല്ലാ നദികളെക്കാളും മികച്ചവയല്ലേ ദമസ്കൊസിലെ+ അബാനയും പർപ്പറും? എനിക്ക് അവയിൽ കുളിച്ച് ശുദ്ധനായാൽ പോരേ?” അങ്ങനെ നയമാൻ ദേഷ്യത്തോടെ തിരികെ പോയി.
13 അപ്പോൾ അയാളുടെ ഭൃത്യന്മാർ അടുത്ത് ചെന്ന് പറഞ്ഞു: “പിതാവേ, ആ പ്രവാചകൻ എന്തെങ്കിലും വലിയൊരു കാര്യമാണ് അങ്ങയോടു പറഞ്ഞിരുന്നതെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? അങ്ങനെയെങ്കിൽ, ‘കുളിച്ച് ശുദ്ധനാകുക’ എന്നു പറഞ്ഞ ഈ ചെറിയൊരു കാര്യം അങ്ങയ്ക്ക് ഒന്നു ചെയ്തുനോക്കിക്കൂടേ?” 14 അങ്ങനെ അയാൾ ചെന്ന് ദൈവപുരുഷൻ പറഞ്ഞതുപോലെ യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി.+ അപ്പോൾ അയാളുടെ ദേഹം ഒരു ബാലന്റെ ദേഹംപോലെയായിത്തീർന്നു;+ അയാൾ ശുദ്ധനായി.+
15 അതിനു ശേഷം നയമാനും കൂടെയുള്ളവരും ദൈവപുരുഷന്റെ അടുത്ത് മടങ്ങിയെത്തി.+ പ്രവാചകന്റെ മുന്നിൽച്ചെന്ന് നയമാൻ പറഞ്ഞു: “ഇസ്രായേലിലല്ലാതെ ഭൂമിയിൽ ഒരിടത്തും ദൈവമില്ലെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.+ ദയവായി അടിയന്റെ കൈയിൽനിന്ന് ഒരു സമ്മാനം* സ്വീകരിച്ചാലും.” 16 എന്നാൽ എലീശ പറഞ്ഞു: “ഞാൻ സേവിക്കുന്ന യഹോവയാണെ, ഞാൻ അതു സ്വീകരിക്കില്ല.”+ നയമാൻ വളരെ നിർബന്ധിച്ചെങ്കിലും പ്രവാചകൻ സ്വീകരിച്ചില്ല. 17 ഒടുവിൽ നയമാൻ പറഞ്ഞു: “എങ്കിൽ ദയവായി രണ്ടു കോവർകഴുതയ്ക്കു ചുമക്കാവുന്നത്ര മണ്ണ് ഈ ദേശത്തുനിന്ന് അടിയനു തന്നാലും. കാരണം, യഹോവയ്ക്കല്ലാതെ മറ്റൊരു ദൈവത്തിനും ഞാൻ ഇനി ദഹനയാഗമോ ബലിയോ അർപ്പിക്കില്ല. 18 എന്നാൽ ഈ ഒരു കാര്യം യഹോവ അടിയനോടു ക്ഷമിക്കട്ടെ: എന്റെ യജമാനൻ രിമ്മോന്റെ മന്ദിരത്തിൽ* നമസ്കരിക്കാൻ പോകുമ്പോൾ അദ്ദേഹം എന്റെ കൈയിൽ താങ്ങിയാണു കുമ്പിടുന്നത്. അങ്ങനെ എനിക്കും രിമ്മോന്റെ മന്ദിരത്തിൽ കുമ്പിടേണ്ടിവരും. ഞാൻ അങ്ങനെ ചെയ്യുമ്പോൾ യഹോവ അത് അടിയനോടു ക്ഷമിക്കട്ടെ.” 19 അപ്പോൾ എലീശ പറഞ്ഞു: “സമാധാനത്തോടെ പോകുക.” അയാൾ അവിടെനിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോൾ 20 ദൈവപുരുഷനായ+ എലീശയുടെ ദാസനായ ഗേഹസി+ ഇങ്ങനെ മനസ്സിൽ പറഞ്ഞു: ‘സിറിയക്കാരനായ നയമാൻ+ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനൻ ഇതാ അയാളെ പറഞ്ഞയച്ചിരിക്കുന്നു! യഹോവയാണെ, അയാളുടെ പിന്നാലെ ഓടിച്ചെന്ന് ഞാൻ അയാളുടെ കൈയിൽനിന്ന് എന്തെങ്കിലും വാങ്ങിയെടുക്കും.’ 21 അങ്ങനെ ഗേഹസി നയമാന്റെ പിന്നാലെ ചെന്നു. ആരോ പുറകേ ഓടിവരുന്നതു കണ്ടപ്പോൾ നയമാൻ രഥത്തിൽനിന്ന് ഇറങ്ങി. അയാൾ ചോദിച്ചു: “എന്താണു കാര്യം, എന്തു പറ്റി?” 22 ഗേഹസി പറഞ്ഞു: “കുഴപ്പമൊന്നുമില്ല. എന്റെ യജമാനന്റെ ഈ സന്ദേശവുമായിട്ടാണു ഞാൻ വന്നിരിക്കുന്നത്: ‘എഫ്രയീംമലനാട്ടിൽനിന്ന് പ്രവാചകപുത്രന്മാരായ രണ്ടു ചെറുപ്പക്കാർ എന്റെ അടുത്ത് വന്നിരിക്കുന്നു. ദയവായി അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടു ജോടി വസ്ത്രവും തരുക.’”+ 23 നയമാൻ പറഞ്ഞു: “അതിന് എന്താ, രണ്ടു താലന്ത് എടുത്താലും.” നയമാൻ അയാളെ നിർബന്ധിച്ച്+ രണ്ടു താലന്തു വെള്ളി രണ്ടു സഞ്ചികളിലായി പൊതിഞ്ഞ് കൊടുത്തു; രണ്ടു ജോടി വസ്ത്രങ്ങളും കൊടുത്തു. നയമാൻ അവ രണ്ടു പരിചാരകരെ ഏൽപ്പിച്ചു. അവർ അതും ചുമന്നുകൊണ്ട് ഗേഹസിയുടെ മുമ്പിൽ നടന്നു.
24 ഓഫേലിൽ* എത്തിയപ്പോൾ ഗേഹസി അത് അവരുടെ കൈയിൽനിന്ന് വാങ്ങി വീട്ടിൽ വെച്ചിട്ട് അവരെ പറഞ്ഞയച്ചു. അവർ പോയശേഷം 25 അയാൾ യജമാനന്റെ അടുത്ത് ചെന്നു. എലീശ അയാളോടു ചോദിച്ചു: “ഗേഹസീ, നീ എവിടെ പോയതായിരുന്നു?” അയാൾ പറഞ്ഞു: “അടിയൻ എങ്ങും പോയില്ല.”+ 26 എലീശ അയാളോടു പറഞ്ഞു: “ആ മനുഷ്യൻ നിന്നെ കാണാൻ രഥത്തിൽനിന്ന് ഇറങ്ങിയപ്പോൾ എന്റെ ഹൃദയം അവിടെ നിന്നോടുകൂടെയുണ്ടായിരുന്നില്ലേ? വെള്ളിയും വസ്ത്രങ്ങളും ഒലിവുതോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും കൈവശമാക്കാനും ആടുമാടുകളെയും ദാസീദാസന്മാരെയും സമ്പാദിക്കാനും ഉള്ള സമയം ഇതാണോ?+ 27 ഇതാ, നയമാന്റെ കുഷ്ഠം+ നിന്നെയും നിന്റെ വംശജരെയും ബാധിക്കും; അത് ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല.” ഉടനെ ഗേഹസി ഹിമംപോലെ വെളുത്ത് ഒരു കുഷ്ഠരോഗിയായി+ എലീശയുടെ മുന്നിൽനിന്ന് പോയി.