യിരെമ്യ
8 യഹോവ പ്രഖ്യാപിക്കുന്നു: “ആ സമയത്ത് യഹൂദാരാജാക്കന്മാരുടെയും അവിടത്തെ പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും യരുശലേംനിവാസികളുടെയും അസ്ഥികൾ ശവക്കുഴിയിൽനിന്ന് പുറത്തെടുക്കും. 2 എന്നിട്ട്, അവർ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും ഉപദേശം തേടുകയും കുമ്പിടുകയും ചെയ്ത സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ സർവസൈന്യത്തിന്റെയും മുന്നിൽ അവ നിരത്തിയിടും.+ ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ഇല്ല. വളംപോലെ അവ നിലത്ത് ചിതറിക്കിടക്കും.”+
3 “ഞാൻ ഈ ദുഷ്ടവംശത്തിൽ ബാക്കിയുള്ളവരെ ചിതറിക്കുന്നിടത്തെല്ലാം അവർ ജീവനെക്കാൾ മരണത്തെ പ്രിയപ്പെടും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
4 “നീ അവരോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്:
“അവർ വീണാൽ എഴുന്നേൽക്കില്ലേ?
ഒരാൾ തിരിഞ്ഞുവന്നാൽ മറ്റേ ആളും തിരിഞ്ഞ് വരില്ലേ?
5 ഈ യരുശലേംനിവാസികൾ എന്നോട് ഇങ്ങനെ അവിശ്വസ്തത കാണിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?
അവർ വഞ്ചന മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു;
തിരിഞ്ഞുവരാൻ അവർക്കു മനസ്സില്ല.+
6 ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു; പക്ഷേ അവരുടെ സംസാരം അത്ര ശരിയല്ലായിരുന്നു.
ഒറ്റ ഒരുത്തൻപോലും തന്റെ ദുഷ്ടതയെക്കുറിച്ച് പശ്ചാത്തപിക്കുകയോ ‘ഞാൻ എന്താണ് ഈ ചെയ്തത്’ എന്നു ചോദിക്കുകയോ ചെയ്തില്ല.+
യുദ്ധക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും ഭൂരിപക്ഷത്തിന്റെ പിന്നാലെ പായുന്നു.
7 ആകാശത്തിലെ കൊക്കുകൾപോലും അവയുടെ കാലം* അറിയുന്നു;
ചെങ്ങാലിപ്രാവും ശരപ്പക്ഷിയും മറ്റു പല പക്ഷികളും, മടങ്ങിവരാനുള്ള* സമയം കൃത്യമായി പാലിക്കുന്നു.
പക്ഷേ എന്റെ സ്വന്തം ജനം യഹോവയുടെ ന്യായവിധി വരുന്നതു തിരിച്ചറിയുന്നില്ലല്ലോ.”’+
8 ‘“ഞങ്ങൾ ജ്ഞാനികളാണ്; യഹോവയുടെ നിയമം* ഞങ്ങൾക്കുണ്ടല്ലോ” എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും?
വാസ്തവത്തിൽ, ശാസ്ത്രിമാരുടെ* കള്ളയെഴുത്തുകോൽ*+ നുണകൾ എഴുതാൻ മാത്രമല്ലേ ഉപയോഗിച്ചിട്ടുള്ളൂ?
9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+
അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും.
കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;
എന്തു ജ്ഞാനമാണ് അവർക്കുള്ളത്?
10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ മറ്റു പുരുഷന്മാർക്കു കൊടുക്കും;
അവരുടെ നിലങ്ങളുടെ ഉടമസ്ഥാവകാശം അന്യർക്കും;+
കാരണം, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നു;+
പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+
11 സമാധാനമില്ലാത്തപ്പോൾ
“സമാധാനം! സമാധാനം!”
എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തിൻപുത്രിയുടെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
12 അവർ കാണിച്ച വൃത്തികേടുകൾ കാരണം അവർക്കു നാണം തോന്നുന്നുണ്ടോ?
ഇല്ല, ഒട്ടുമില്ല!
നാണം എന്തെന്നുപോലും അവർക്ക് അറിയില്ല!+
അതുകൊണ്ട്, വീണുപോയവരുടെ ഇടയിലേക്ക് അവരും വീഴും.
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർക്കു കാലിടറും’+ എന്ന് യഹോവ പറയുന്നു.
13 ‘വിളവെടുപ്പിൽ ഞാൻ അവരെ ശേഖരിച്ച് പൂർണമായി നശിപ്പിച്ചുകളയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘മുന്തിരിവള്ളിയിൽ മുന്തിരിപ്പഴമോ അത്തി മരത്തിൽ അത്തിപ്പഴമോ ബാക്കിയുണ്ടാകില്ല; ഇലകളെല്ലാം വാടിപ്പോകും.
ഞാൻ കൊടുത്തതെല്ലാം അവർക്കു നഷ്ടമാകും.’”
14 “നമ്മൾ എന്തിനാണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്?
നമുക്കെല്ലാം ഒത്തുകൂടി കോട്ടമതിലുള്ള നഗരങ്ങളിലേക്കു പോകാം;+ അവിടെവെച്ച് നശിക്കാം.
എന്തായാലും, നമ്മുടെ ദൈവമായ യഹോവ നമ്മളെ സംഹരിക്കും;
ദൈവം നമുക്കു വിഷം കലർത്തിയ വെള്ളം കുടിക്കാൻ തരുന്നു;+
കാരണം, നാമെല്ലാം യഹോവയ്ക്കെതിരെ പാപം ചെയ്തു.
15 സമാധാനമുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു; പക്ഷേ ഒരു ഗുണവുമുണ്ടായില്ല;
രോഗശമനത്തിനുവേണ്ടി കാത്തിരുന്നു; പക്ഷേ എങ്ങും ഭീതി മാത്രം!+
16 ദാനിൽനിന്ന് അവന്റെ കുതിരകളുടെ ചീറ്റൽ കേൾക്കുന്നു.
അവന്റെ വിത്തുകുതിരകൾ ചിനയ്ക്കുന്ന ശബ്ദം കേട്ട്
നാടു മുഴുവൻ നടുങ്ങുന്നു.
അവർ വന്ന് ദേശത്തെയും അതിലുള്ള സർവതിനെയും,
നഗരത്തെയും നഗരവാസികളെയും, വിഴുങ്ങുന്നു.”
17 “ഞാൻ ഇതാ, നിങ്ങളുടെ ഇടയിലേക്കു സർപ്പങ്ങളെ,
മയക്കുമന്ത്രം ഫലിക്കാത്ത വിഷപ്പാമ്പുകളെ, അയയ്ക്കുന്നു;
അവ നിങ്ങളെ കടിക്കുമെന്ന കാര്യം ഉറപ്പാണ്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 എന്റെ മനോവേദന ശമിപ്പിക്കാവുന്നതല്ല;
എന്റെ ഹൃദയം രോഗബാധിതമാണ്.
19 “യഹോവ സീയോനിലില്ലേ?
അവളുടെ രാജാവ് അവളിലില്ലേ?”
എന്നൊരു നിലവിളി ദൂരദേശത്തുനിന്ന് കേൾക്കുന്നു;
അതു സഹായത്തിനായുള്ള എന്റെ ജനത്തിൻപുത്രിയുടെ നിലവിളിയാണ്.
“കൊത്തിയുണ്ടാക്കിയ രൂപങ്ങൾകൊണ്ടും
ഒരു ഗുണവുമില്ലാത്ത അന്യദൈവങ്ങളെക്കൊണ്ടും അവർ എന്നെ കോപിപ്പിച്ചത് എന്തിന്?”
20 “കൊയ്ത്തു കഴിഞ്ഞു; വേനൽ അവസാനിച്ചു;
എന്നിട്ടും ഞങ്ങൾ രക്ഷപ്പെട്ടില്ല!”
21 എന്റെ ജനത്തിൻപുത്രിക്ക് ഉണ്ടായ മുറിവ് കാരണം ഞാൻ ആകെ തകർന്നിരിക്കുന്നു;+
ഞാൻ കടുത്ത നിരാശയിലാണ്.
കൊടുംഭീതി എന്നെ പിടികൂടിയിരിക്കുന്നു.
22 ഗിലെയാദിൽ ഔഷധതൈലമില്ലേ?*+
അവിടെ വൈദ്യന്മാർ ആരുമില്ലേ?+
പിന്നെ എന്താണ് എന്റെ ജനത്തിൻപുത്രിയുടെ അസുഖം ഭേദമാകാത്തത്?+