രാജാക്കന്മാർ ഒന്നാം ഭാഗം
19 ഏലിയ ചെയ്ത എല്ലാ കാര്യങ്ങളും പ്രവാചകന്മാരെയെല്ലാം ഏലിയ വാളുകൊണ്ട് കൊന്ന വിവരവും+ ആഹാബ്+ ഇസബേലിനോടു+ പറഞ്ഞു. 2 അപ്പോൾ ഇസബേൽ ഏലിയയുടെ അടുത്ത് ഒരു ദൂതനെ അയച്ച് ഇങ്ങനെ പറഞ്ഞു: “നാളെ ഈ സമയത്തിനുള്ളിൽ ഞാൻ നിന്നെ അവരിൽ ഒരാളെപ്പോലെയാക്കുന്നില്ലെങ്കിൽ എന്റെ ദൈവങ്ങൾ ഇതും ഇതിലധികവും എന്നോടു ചെയ്യട്ടെ!” 3 അതു കേട്ടപ്പോൾ ഏലിയ ആകെ പേടിച്ചുപോയി. ഏലിയ ജീവനുംകൊണ്ട് ഓടി+ യഹൂദയിലുള്ള+ ബേർ-ശേബയിൽ+ എത്തി. ദാസനെ അവിടെ വിട്ടിട്ട് ഏലിയ 4 വിജനഭൂമിയിലൂടെ ഒരു ദിവസത്തെ വഴിദൂരം യാത്ര ചെയ്ത് ഒരു കുറ്റിച്ചെടിയുടെ കീഴെ ചെന്ന് ഇരുന്നു. മരിക്കാൻ ആഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: “എനിക്കു മതിയായി! യഹോവേ, എന്റെ ജീവനെടുക്കേണമേ!+ എന്റെ അവസ്ഥ എന്റെ പൂർവികരുടേതിനെക്കാൾ ഒട്ടും മെച്ചമല്ലല്ലോ.”
5 ഏലിയ ആ കുറ്റിച്ചെടിയുടെ കീഴെ കിടന്ന് ഉറക്കംപിടിച്ചു. പെട്ടെന്ന് ഒരു ദൈവദൂതൻ ഏലിയയെ തട്ടിയുണർത്തി+ ഏലിയയോട്, “എഴുന്നേറ്റ് ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു.+ 6 ഏലിയ നോക്കിയപ്പോൾ തലയ്ക്കൽ, ചൂടുള്ള കല്ലിൽ ഒരു അപ്പവും ഒരു പാത്രത്തിൽ വെള്ളവും ഇരിക്കുന്നതു കണ്ടു. തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഏലിയ വീണ്ടും കിടന്നുറങ്ങി. 7 പിന്നീട് യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് തട്ടിയുണർത്തി ഏലിയയോട്, “എഴുന്നേറ്റ് ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ യാത്ര ചെയ്ത് നീ തളർന്നുപോകും” എന്നു പറഞ്ഞു. 8 അങ്ങനെ ഏലിയ എഴുന്നേറ്റ് തിന്നുകയും കുടിക്കുകയും ചെയ്തു. ആ ഭക്ഷണത്തിന്റെ ബലംകൊണ്ട് 40 പകലും 40 രാത്രിയും യാത്ര ചെയ്ത് സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
9 അവിടെ ഒരു ഗുഹയിൽ+ രാത്രിതാമസിച്ചു. അപ്പോൾ ഏലിയയ്ക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു. ദൈവം അവനോട്, “ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. 10 ഏലിയ പറഞ്ഞു: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തി+ കാണിച്ചു. കാരണം ഇസ്രായേൽ ജനം അങ്ങയുടെ ഉടമ്പടി+ മറക്കുകയും അങ്ങയുടെ യാഗപീഠങ്ങൾ ഇടിച്ചുകളയുകയും അങ്ങയുടെ പ്രവാചകന്മാരെ വാളുകൊണ്ട് കൊല്ലുകയും+ ചെയ്തു; ഞാൻ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോൾ ഇതാ, അവർ എന്റെയും ജീവനെടുക്കാൻ നോക്കുന്നു.”+ 11 എന്നാൽ ദൈവം പറഞ്ഞു: “നീ പുറത്ത് ചെന്ന് പർവതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്കുക.” അപ്പോൾ അതാ, യഹോവ കടന്നുപോകുന്നു!+ അതിശക്തമായ ഒരു കൊടുങ്കാറ്റ്+ യഹോവയുടെ മുമ്പാകെ പർവതങ്ങളെ പിളർക്കുകയും പാറക്കെട്ടുകളെ തകർക്കുകയും ചെയ്തു. എന്നാൽ ആ കാറ്റിൽ യഹോവയില്ലായിരുന്നു. കാറ്റിനു ശേഷം ഒരു ഭൂകമ്പം ഉണ്ടായി.+ എന്നാൽ ഭൂകമ്പത്തിലും യഹോവയുണ്ടായിരുന്നില്ല. 12 ഭൂകമ്പത്തിനു ശേഷം ഒരു തീ ഉണ്ടായി;+ എന്നാൽ ആ തീയിലും യഹോവയുണ്ടായിരുന്നില്ല. തീ അടങ്ങിയപ്പോൾ ശാന്തമായ ഒരു മൃദുസ്വരം+ കേട്ടു. 13 അതു കേട്ട ഉടനെ ഏലിയ വസ്ത്രംകൊണ്ട് മുഖം മൂടി;+ പുറത്ത് ഗുഹയുടെ വാതിൽക്കൽ വന്ന് നിന്നു. അപ്പോൾ ഒരു ശബ്ദം ഏലിയയോട്, “ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. 14 ഏലിയ പറഞ്ഞു: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തി കാണിച്ചു. കാരണം ഇസ്രായേൽ ജനം അങ്ങയുടെ ഉടമ്പടി മറക്കുകയും+ അങ്ങയുടെ യാഗപീഠങ്ങൾ ഇടിച്ചുകളയുകയും അങ്ങയുടെ പ്രവാചകന്മാരെ വാളുകൊണ്ട് കൊല്ലുകയും ചെയ്തു; ഞാൻ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോൾ ഇതാ, അവർ എന്റെയും ജീവനെടുക്കാൻ നോക്കുന്നു.”+
15 അപ്പോൾ യഹോവ ഏലിയയോടു പറഞ്ഞു: “നീ തിരിച്ചുപോകുക; ദമസ്കൊസ് വിജനഭൂമിയിൽ എത്തുമ്പോൾ ഹസായേലിനെ+ സിറിയയിലെ രാജാവായി അഭിഷേകം* ചെയ്യുക. 16 കൂടാതെ, നിംശിയുടെ കൊച്ചുമകനായ യേഹുവിനെ+ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലയിലെ, ശാഫാത്തിന്റെ മകനായ എലീശയെ* നിനക്കു പകരം പ്രവാചകനായും നീ അഭിഷേകം ചെയ്യണം.+ 17 ഹസായേലിന്റെ വാളിൽനിന്ന്+ രക്ഷപ്പെടുന്നവനെ യേഹു കൊല്ലും.+ യേഹുവിന്റെ വാളിൽനിന്ന് രക്ഷപ്പെടുന്നവനെ എലീശ കൊല്ലും.+ 18 എന്നാൽ ബാലിനു മുമ്പാകെ മുട്ടുകുത്തുകയോ+ ബാലിനെ ചുംബിക്കുകയോ+ ചെയ്യാതെ എന്റെ പക്ഷത്ത് നിൽക്കുന്ന 7,000 പേർ+ ഇസ്രായേലിൽ ബാക്കിയുണ്ട്.”
19 അങ്ങനെ ഏലിയ അവിടെനിന്ന് പോയി ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി. എലീശ അപ്പോൾ നിലം ഉഴുകയായിരുന്നു. എലീശയുടെ മുന്നിൽ 12 ജോടി കാളകളുണ്ടായിരുന്നു, 12-ാമത്തെ ജോടിയുടെകൂടെയായിരുന്നു എലീശ. അപ്പോൾ ഏലിയ എലീശയുടെ അടുത്തേക്കു ചെന്ന് തന്റെ പ്രവാചകവസ്ത്രം+ എലീശയുടെ മേൽ ഇട്ടു. 20 ഉടനെ എലീശ കാളകളെ വിട്ട് ഏലിയയുടെ പിന്നാലെ ഓടിച്ചെന്ന് പറഞ്ഞു: “ദയവുചെയ്ത് എന്റെ അപ്പനെയും അമ്മയെയും ചുംബിക്കാൻ എന്നെ അനുവദിക്കണം; പിന്നെ ഞാൻ വന്ന് അങ്ങയെ അനുഗമിച്ചുകൊള്ളാം.” അപ്പോൾ ഏലിയ എലീശയോടു പറഞ്ഞു: “പോയി വരൂ, ഞാൻ നിന്നെ തടഞ്ഞില്ലല്ലോ?” 21 അങ്ങനെ എലീശ മടങ്ങിച്ചെന്ന് ഒരു ജോടി കാളയെ ബലി അർപ്പിച്ചു. ഉഴുതുകൊണ്ടിരുന്ന ഉപകരണങ്ങൾ കത്തിച്ച് അവയുടെ ഇറച്ചി വേവിച്ച് ആളുകൾക്കു കൊടുത്തു, അവർ കഴിച്ചു. അതിനു ശേഷം എലീശ എഴുന്നേറ്റ് ഏലിയയെ അനുഗമിച്ച് ഏലിയയ്ക്കു ശുശ്രൂഷ ചെയ്തു.+