രാജാക്കന്മാർ ഒന്നാം ഭാഗം
11 എന്നാൽ ഫറവോന്റെ മകൾക്കു+ പുറമേ ശലോമോൻ മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ, സീദോന്യർ,+ ഹിത്യർ+ എന്നിവരിൽപ്പെട്ട മറ്റ് അനേകം വിദേശസ്ത്രീകളെ+ സ്നേഹിച്ചു. 2 “നിങ്ങൾ അവർക്കിടയിലേക്കു പോകരുത്,* അവർ നിങ്ങൾക്കിടയിലേക്കു വരുകയുമരുത്. കാരണം അവരുടെ ദൈവങ്ങളെ സേവിക്കാനായി അവർ നിങ്ങളുടെ ഹൃദയം വശീകരിച്ചുകളയും”+ എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞ ജനതകളിൽപ്പെട്ടവരായിരുന്നു അവരെല്ലാം. എന്നാൽ ശലോമോൻ അവരോടു പറ്റിച്ചേരുകയും അവരെ സ്നേഹിക്കുകയും ചെയ്തു. 3 ശലോമോനു രാജ്ഞിമാരായി 700 ഭാര്യമാരും, കൂടാതെ 300 ഉപപത്നിമാരും* ഉണ്ടായിരുന്നു. ക്രമേണ ഭാര്യമാർ ശലോമോന്റെ ഹൃദയം വശീകരിച്ചു.* 4 ശലോമോന്റെ വാർധക്യത്തിൽ,+ അന്യദൈവങ്ങളെ സേവിക്കാൻ+ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചു.* അപ്പനായ ദാവീദിനെപ്പോലെ ശലോമോന്റെ ഹൃദയം തന്റെ ദൈവമായ യഹോവയിൽ പൂർണമായിരുന്നില്ല.* 5 ശലോമോൻ സീദോന്യരുടെ ദേവിയായ അസ്തോരെത്തിനെയും+ അമ്മോന്യരുടെ മ്ലേച്ഛദൈവമായ മിൽക്കോമിനെയും+ ആരാധിച്ചു. 6 ശലോമോൻ യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിച്ചു. അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണമായി അനുഗമിച്ചില്ല.+
7 അക്കാലത്താണ് മോവാബ്യരുടെ മ്ലേച്ഛദൈവമായ കെമോശിനുവേണ്ടി ശലോമോൻ യരുശലേമിനു മുന്നിലുള്ള മലയിൽ ഒരു ആരാധനാസ്ഥലം*+ പണിതത്. അമ്മോന്യരുടെ മ്ലേച്ഛദൈവമായ+ മോലേക്കിനുവേണ്ടിയും*+ ശലോമോൻ അത്തരമൊന്നു പണിതു. 8 തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തിരുന്ന എല്ലാ വിദേശഭാര്യമാർക്കും ശലോമോൻ അങ്ങനെതന്നെ ചെയ്തുകൊടുത്തു.
9 തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ട+ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്ന് ശലോമോന്റെ ഹൃദയം വ്യതിചലിച്ചുപോയതിനാൽ+ ശലോമോനു നേരെ യഹോവയുടെ കോപം ആളിക്കത്തി. 10 മറ്റു ദൈവങ്ങളുടെ+ പിന്നാലെ പോകരുതെന്നു ദൈവം മുന്നറിയിപ്പു നൽകിയിരുന്നു; എന്നാൽ യഹോവയുടെ കല്പന ശലോമോൻ അനുസരിച്ചില്ല. 11 അതുകൊണ്ട് യഹോവ ശലോമോനോടു പറഞ്ഞു: “നീ ഇങ്ങനെ ചെയ്തതുകൊണ്ടും എന്റെ ഉടമ്പടിയും ഞാൻ നിന്നോടു കല്പിച്ച നിയമങ്ങളും പാലിക്കാതിരുന്നതുകൊണ്ടും ഞാൻ നിന്നിൽനിന്ന് രാജ്യം കീറിയെടുത്ത്+ നിന്റെ ഒരു ദാസനു കൊടുക്കും. 12 എന്നാൽ നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ അതു നിന്റെ ജീവിതകാലത്ത് ചെയ്യില്ല. നിന്റെ മകന്റെ കൈയിൽനിന്നായിരിക്കും ഞാൻ അതു കീറിയെടുക്കുന്നത്.+ 13 എന്നാൽ രാജ്യം മുഴുവൻ ഞാൻ അവനിൽനിന്ന് കീറിയെടുക്കില്ല.+ എന്റെ ദാസനായ ദാവീദിനെപ്രതിയും ഞാൻ തിരഞ്ഞെടുത്ത യരുശലേമിനെപ്രതിയും+ ഒരു ഗോത്രം ഞാൻ നിന്റെ മകനു കൊടുക്കും.”+
14 അങ്ങനെ ശലോമോന്റെ എതിരാളിയായി ഹദദ് എന്നൊരു ഏദോമ്യനെ യഹോവ എഴുന്നേൽപ്പിച്ചു. അയാൾ ഏദോംരാജകുടുംബത്തിൽപ്പെട്ടവനായിരുന്നു.+ 15 ദാവീദ് ഏദോമ്യരെ തോൽപ്പിച്ച സമയത്ത്+ സൈന്യാധിപനായ യോവാബ്, കൊല്ലപ്പെട്ടവരെ അടക്കം ചെയ്യാൻ ഏദോമിലേക്കു ചെല്ലുകയും അവിടെയുള്ള പുരുഷന്മാരെയെല്ലാം നിശ്ശേഷം ഇല്ലാതാക്കുകയും ചെയ്തിരുന്നു. 16 (ഏദോമിലെ പുരുഷന്മാരെയെല്ലാം കൊന്നൊടുക്കുന്നതുവരെ യോവാബും എല്ലാ ഇസ്രായേലും ആറു മാസം അവിടെ തങ്ങി.) 17 എന്നാൽ അപ്പന്റെ ഏദോമ്യരായ ചില ഭൃത്യന്മാരോടൊപ്പം ഹദദ് ഈജിപ്തിലേക്ക് ഓടിപ്പോയി. ആ സമയത്ത് ഹദദ് തീരെ ചെറുപ്പമായിരുന്നു. 18 അവർ മിദ്യാനിൽനിന്ന് പുറപ്പെട്ട് പാരാനിൽ+ ചെന്നു. അവർ പാരാനിൽനിന്ന് ആളുകളെയും കൂട്ടി ഈജിപ്തിലെ രാജാവായ ഫറവോന്റെ അടുത്ത് എത്തി. ഫറവോൻ അയാൾക്ക് ഒരു വീടും ഒരു ദേശവും നൽകി. അയാളുടെ ഭക്ഷണത്തിനുവേണ്ട ക്രമീകരണങ്ങളും ചെയ്തു. 19 ഫറവോനു ഹദദിനെ വളരെ ഇഷ്ടപ്പെട്ടു. ഫറവോൻ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ* സഹോദരിയെ അയാൾക്കു ഭാര്യയായി കൊടുത്തു. 20 പിന്നീട് തഹ്പെനേസിന്റെ സഹോദരി ഹദദിനു ഗനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു. തഹ്പെനേസ് ഫറവോന്റെ കൊട്ടാരത്തിൽ ആ കുട്ടിയെ വളർത്തി.* അങ്ങനെ ഗനൂബത്ത് ഫറവോന്റെ മക്കളോടൊപ്പം കൊട്ടാരത്തിൽ കഴിഞ്ഞു.
21 ദാവീദ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ട+ കാര്യവും സൈന്യാധിപനായ യോവാബ് മരിച്ച+ കാര്യവും ഈജിപ്തിൽവെച്ച് ഹദദ് കേട്ടു. അപ്പോൾ അയാൾ ഫറവോനോട്, “എന്നെ യാത്രയയച്ചാലും, ഞാൻ എന്റെ സ്വന്തം ദേശത്തേക്കു പോകട്ടെ” എന്നു പറഞ്ഞു. 22 എന്നാൽ ഫറവോൻ അയാളോട്: “നീ ഇപ്പോൾ സ്വദേശത്തേക്കു പോകാൻമാത്രം നിനക്ക് ഇവിടെ എന്താണൊരു കുറവുള്ളത്?” അപ്പോൾ ഹദദ് പറഞ്ഞു: “ഒന്നുമുണ്ടായിട്ടല്ല. പക്ഷേ എന്നെ പോകാൻ അനുവദിച്ചാലും.”
23 എല്യാദയുടെ മകൻ രസോൻ എന്നൊരു എതിരാളിയെക്കൂടി ദൈവം ശലോമോന് എതിരെ എഴുന്നേൽപ്പിച്ചു.+ അയാൾ യജമാനനായ സോബയിലെ രാജാവ് ഹദദേസെരിന്റെ+ അടുത്തുനിന്ന് ഓടിപ്പോന്നവനായിരുന്നു. 24 ദാവീദ് സോബയിലുള്ളവരെ തോൽപ്പിച്ചപ്പോൾ*+ രസോൻ ആളുകളെ സംഘടിപ്പിച്ച് ഒരു കൊള്ളസംഘം ഉണ്ടാക്കി അതിന്റെ തലവനായി. അവർ ദമസ്കൊസിലേക്കു+ ചെന്ന് അവിടെ താമസിച്ച് ആ ദേശം ഭരിച്ചു. 25 ഹദദ് ഇസ്രായേലിനെ ദ്രോഹിച്ചതിനു പുറമേ രസോനും ശലോമോന്റെ കാലത്ത് ഉടനീളം അവരെ ദ്രോഹിച്ച് അവരുടെ ഒരു എതിരാളിയായിത്തീർന്നു. അയാൾ സിറിയയിൽ ഭരണം നടത്തുകയും ഇസ്രായേലിനെ അങ്ങേയറ്റം വെറുക്കുകയും ചെയ്തു.
26 നെബാത്തിന്റെ മകനായ യൊരോബെയാം+ എന്നൊരാളുണ്ടായിരുന്നു; ശലോമോൻ രാജാവിന്റെ ദാസനായ+ അയാളും ശലോമോനോടു മത്സരിച്ചു.*+ സെരേദയിൽനിന്നുള്ള ഒരു എഫ്രയീമ്യനായിരുന്നു അയാൾ. അയാളുടെ അമ്മയുടെ പേര് സെറൂയ എന്നാണ്. സെറൂയ വിധവയായിരുന്നു. 27 അയാൾ ശലോമോനോടു മത്സരിച്ചതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മില്ലോ*+ പണിയുകയും അപ്പനായ ദാവീദിന്റെ നഗരത്തിന്റെ+ മതിൽ പണിതുപൂർത്തിയാക്കുകയും ചെയ്തു. 28 കാര്യപ്രാപ്തിയുള്ള ഒരു യുവാവായിരുന്നു യൊരോബെയാം. അയാൾ കഠിനാധ്വാനിയാണെന്നു കണ്ടപ്പോൾ ശലോമോൻ അയാളെ യോസേഫ് ഗൃഹത്തിലെ നിർബന്ധിതസേവനത്തിന്റെ മേൽനോട്ടം+ മുഴുവൻ ഏൽപ്പിച്ചു. 29 അക്കാലത്ത് ഒരിക്കൽ, യൊരോബെയാം യരുശലേമിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് ശീലോന്യനായ അഹീയ പ്രവാചകൻ+ അയാളെ കണ്ടു. ആ സമയത്ത് അവിടെ അവർ രണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഹീയ ഒരു പുതിയ വസ്ത്രമാണു ധരിച്ചിരുന്നത്. 30 അഹീയ താൻ ധരിച്ചിരുന്ന പുതിയ വസ്ത്രം 12 കഷണങ്ങളായി കീറി. 31 എന്നിട്ട് അഹീയ യൊരോബെയാമിനോടു പറഞ്ഞു:
“പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളൂ. കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഇതാ, രാജ്യം ശലോമോന്റെ കൈയിൽനിന്ന് കീറിയെടുക്കുന്നു! പത്തു ഗോത്രം ഞാൻ നിനക്കു തരും.+ 32 എന്നാൽ എന്റെ ദാസനായ ദാവീദ് നിമിത്തവും+ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും ഞാൻ തിരഞ്ഞെടുത്ത നഗരമായ യരുശലേം+ നിമിത്തവും ഒരു ഗോത്രം+ അവന്റെ കൈയിൽ ശേഷിക്കും. 33 ഞാൻ ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം ഇതാണ്: അവർ എന്നെ ഉപേക്ഷിച്ച്+ സീദോന്യരുടെ ദേവിയായ അസ്തോരെത്തിന്റെയും മോവാബിലെ ദൈവമായ കെമോശിന്റെയും അമ്മോന്യരുടെ ദൈവമായ മിൽക്കോമിന്റെയും മുന്നിൽ കുമ്പിട്ട് നമസ്കരിച്ചു. അവന്റെ അപ്പനായ ദാവീദിനെപ്പോലെ, എന്റെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചുകൊണ്ടും എന്റെ നിയമങ്ങളും ന്യായത്തീർപ്പുകളും അനുസരിച്ചുകൊണ്ടും അവർ എന്റെ വഴിയിൽ നടന്നതുമില്ല. 34 എന്നാൽ ഞാൻ രാജ്യം മുഴുവനും അവന്റെ കൈയിൽനിന്ന് പിടിച്ചെടുക്കില്ല. മാത്രമല്ല, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസനായ ദാവീദ്+ എന്റെ കല്പനകളും നിയമങ്ങളും അനുസരിച്ചതുകൊണ്ട്, അവനെപ്രതി ശലോമോന്റെ ആയുഷ്കാലം മുഴുവൻ ശലോമോനെ തലവനായി നിലനിറുത്തുകതന്നെ ചെയ്യും. 35 എന്നാൽ അവന്റെ മകന്റെ കൈയിൽനിന്ന് ഞാൻ രാജാധികാരം, അതായത് പത്തു ഗോത്രങ്ങൾ,+ എടുത്ത് നിനക്കു തരും. 36 പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടുക്കും. അങ്ങനെ, എന്റെ പേര് സ്ഥാപിക്കാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ നഗരമായ യരുശലേമിൽ എന്റെ ദാസനായ ദാവീദിന് എന്റെ മുമ്പാകെ എന്നും ഒരു വിളക്ക് ഉണ്ടാകും.+ 37 നിന്നെ ഞാൻ തിരഞ്ഞെടുക്കും, നീ ആഗ്രഹിക്കുന്നിടത്തെല്ലാം നീ ഭരിക്കും. നീ ഇസ്രായേലിനു രാജാവാകും. 38 എന്റെ ദാസനായ ദാവീദിനെപ്പോലെ,+ നീ എന്റെ നിയമങ്ങളും കല്പനകളും പാലിച്ചുകൊണ്ട് ഞാൻ കല്പിക്കുന്നതെല്ലാം അനുസരിക്കുകയും എന്റെ വഴികളിൽ നടക്കുകയും എന്റെ മുന്നിൽ ശരിയായതു പ്രവർത്തിക്കുകയും ചെയ്താൽ ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും. ഞാൻ ദാവീദിനു പണിതുകൊടുത്തതുപോലെ നിനക്കുവേണ്ടിയും ദീർഘകാലത്തേക്കുള്ള ഒരു ഭവനം പണിയും.+ ഇസ്രായേലിനെ ഞാൻ നിനക്കു തരുകയും ചെയ്യും. 39 ഈ കാരണത്താൽ, ദാവീദിന്റെ സന്തതിയെ ഞാൻ താഴ്ത്തും,+ എന്നാൽ എന്നേക്കുമായിട്ടല്ല.’”+
40 അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ യൊരോബെയാം ഈജിപ്തിലെ+ രാജാവായ ശീശക്കിന്റെ+ അടുത്തേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ യൊരോബെയാം ഈജിപ്തിൽ കഴിഞ്ഞു.
41 ശലോമോന്റെ ബാക്കി ചരിത്രം, ശലോമോൻ ചെയ്ത കാര്യങ്ങളെക്കുറിച്ചും ശലോമോന്റെ ജ്ഞാനത്തെക്കുറിച്ചും, ശലോമോന്റെ ചരിത്രപുസ്തകത്തിൽ+ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 42 ശലോമോൻ യരുശലേമിലിരുന്ന് 40 വർഷം ഇസ്രായേൽ മുഴുവൻ ഭരിച്ചു. 43 പിന്നെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. ശലോമോനെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു. ശലോമോന്റെ മകൻ രഹബെയാം+ അടുത്ത രാജാവായി.