എസ്ഥേർ
1 ഇന്ത്യ മുതൽ എത്യോപ്യ* വരെയുള്ള 127 സംസ്ഥാനങ്ങൾ+ ഭരിച്ച അഹശ്വേരശിന്റെ* ഭരണകാലത്ത്, 2 അദ്ദേഹം ശൂശൻ*+ കോട്ടയിലുള്ള* രാജാസനത്തിൽ ഇരിക്കുമ്പോൾ, 3 തന്റെ ഭരണത്തിന്റെ മൂന്നാം വർഷം എല്ലാ പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടി ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി. പേർഷ്യയിലെയും+ മേദ്യയിലെയും+ സൈനികരും പ്രധാനികളും സംസ്ഥാനപ്രഭുക്കന്മാരും രാജാവിന്റെ സന്നിധിയിലുണ്ടായിരുന്നു. 4 രാജാവ് തന്റെ മഹത്ത്വമാർന്ന രാജ്യത്തിന്റെ സമ്പത്തും മഹിമയുടെ പ്രതാപവും പ്രൗഢിയും 180 ദിവസം അവരുടെ മുന്നിൽ പ്രദർശിപ്പിച്ചു. 5 അതു കഴിഞ്ഞ് രാജാവ് ശൂശൻ കോട്ടയിലുണ്ടായിരുന്ന മഹാന്മാർമുതൽ താഴേക്കിടയിലുള്ളവർവരെ എല്ലാവർക്കുംവേണ്ടി രാജാവിന്റെ കൊട്ടാരോദ്യാനത്തിലെ അങ്കണത്തിൽ ഏഴു ദിവസം നീണ്ട ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി. 6 അവിടെ ലിനനും നേർത്ത പരുത്തിത്തുണിയും നീല നിറത്തിലുള്ള തുണിയും കൊണ്ടുള്ള തിരശ്ശീല, അതു ബന്ധിക്കുന്ന മേത്തരം തുണികൊണ്ടുണ്ടാക്കിയ കയർ, വെള്ളിവളയത്തിൽ പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, മാർബിൾത്തൂണുകൾ എന്നിവയുണ്ടായിരുന്നു. കൂടാതെ, മാർബിൾ, മുത്ത്, വർണക്കല്ല്, കറുത്ത മാർബിൾ എന്നിവ പതിച്ച തളത്തിൽ സ്വർണവും വെള്ളിയും കൊണ്ടുള്ള മഞ്ചങ്ങളും ഉണ്ടായിരുന്നു.
7 വീഞ്ഞു വിളമ്പിയതു പൊൻപാനപാത്രങ്ങളിലാണ്.* ഓരോ പാനപാത്രവും വ്യത്യസ്തമായിരുന്നു. രാജാവിന്റെ നിലയ്ക്കു ചേരുന്ന വിധത്തിൽ ഇഷ്ടംപോലെ രാജകീയവീഞ്ഞുമുണ്ടായിരുന്നു. 8 കുടിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ച് വ്യവസ്ഥയൊന്നും വെക്കരുതെന്നു കല്പനയുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് ചെയ്യട്ടെ എന്നു രാജാവ് കൊട്ടാരോദ്യോഗസ്ഥന്മാരോടു പറഞ്ഞ് ഏർപ്പാടാക്കി.
9 വസ്ഥി രാജ്ഞിയും+ അഹശ്വേരശിന്റെ രാജഭവനത്തിൽ* സ്ത്രീകൾക്കുവേണ്ടി ഒരു ഗംഭീരവിരുന്നു നടത്തി.
10 ഏഴാം ദിവസം അഹശ്വേരശ് രാജാവ് വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ രാജസന്നിധിയിൽ ശുശ്രൂഷ ചെയ്തിരുന്ന കൊട്ടാരോദ്യോഗസ്ഥന്മാരായ മെഹൂമാൻ, ബിസ്ഥ, ഹർബോന,+ ബിഗ്ധ, അബഗ്ത, സേഥർ, കർക്കസ് എന്നീ ഏഴു പേരോട് 11 രാജകീയശിരോവസ്ത്രം* ധരിപ്പിച്ച് വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; രാജ്ഞി അതിസുന്ദരിയായിരുന്നതുകൊണ്ട് ജനങ്ങളെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാൻ രാജാവ് ആഗ്രഹിച്ചു. 12 പക്ഷേ എത്ര നിർബന്ധിച്ചിട്ടും കൊട്ടാരോദ്യോഗസ്ഥന്മാർ മുഖേന അറിയിച്ച രാജകല്പനയനുസരിച്ച് അവിടെ ചെല്ലാൻ വസ്ഥി രാജ്ഞി കൂട്ടാക്കിയില്ല. അപ്പോൾ രാജാവിനു നല്ല ദേഷ്യം വന്നു. രാജാവിന്റെ ഉള്ളിൽ രോഷം ആളിക്കത്തി.
13 അപ്പോൾ രാജാവ് അവിടത്തെ കീഴ്വഴക്കങ്ങളെക്കുറിച്ച്* അറിവും ഗ്രാഹ്യവും ഉള്ള ജ്ഞാനികളോടു സംസാരിച്ചു. (ഇത്തരത്തിൽ, നിയമത്തിലും നീതിന്യായവ്യവഹാരത്തിലും പാണ്ഡിത്യമുള്ള എല്ലാവരുടെയും മുന്നിൽ രാജാവിന്റെ കാര്യം അവതരിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു; 14 രാജ്യത്ത് ഏറ്റവും ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചിരുന്നവരും രാജസന്നിധിയിൽ ചെല്ലാൻ അനുവാദമുണ്ടായിരുന്നവരും ആയിരുന്നു കെർശന, ശേഥാർ, അദ്മാഥ, തർശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നിവർ. പേർഷ്യയിലെയും മേദ്യയിലെയും ഈ ഏഴു പ്രഭുക്കന്മാരായിരുന്നു+ രാജാവിനോട് ഏറ്റവും അടുപ്പമുള്ളവർ.) 15 രാജാവ് അവരോടു ചോദിച്ചു: “കൊട്ടാരോദ്യോഗസ്ഥന്മാർ മുഖേന അറിയിച്ച അഹശ്വേരശ് രാജാവിന്റെ കല്പന അനുസരിക്കാത്ത വസ്ഥി രാജ്ഞിയെ നിയമമനുസരിച്ച് എന്തു ചെയ്യണം?”
16 അപ്പോൾ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ മെമൂഖാൻ പറഞ്ഞു: “വസ്ഥി രാജ്ഞി തെറ്റു ചെയ്തിരിക്കുന്നത്+ രാജാവിനോടു മാത്രമല്ല, രാജാവിന്റെ സംസ്ഥാനങ്ങളിലെങ്ങുമുള്ള എല്ലാ പ്രഭുക്കന്മാരോടും ജനങ്ങളോടും ആണ്. 17 കാരണം, രാജ്ഞി ചെയ്തത് എല്ലാ ഭാര്യമാരും അറിയും; അപ്പോൾ അവരും അവരുടെ ഭർത്താക്കന്മാരെ നിന്ദിക്കുകയും ‘അഹശ്വേരശ് രാജാവ് വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരാൻ കല്പിച്ചിട്ട് രാജ്ഞി ചെന്നില്ലല്ലോ’ എന്നു പറയുകയും ചെയ്യും. 18 രാജ്ഞി ചെയ്തതിനെക്കുറിച്ച് അറിയുന്ന പേർഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ ഇന്നുതന്നെ രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും അതുപോലെ പറയും; അത് ഏറെ നിന്ദയും ധാർമികരോഷവും ഉളവാക്കും. 19 ഉചിതമെന്നു രാജാവിനു തോന്നുന്നെങ്കിൽ, വസ്ഥി മേലാൽ അഹശ്വേരശ് രാജാവിന്റെ സന്നിധിയിൽ വരരുതെന്നു തിരുമനസ്സ് ഒരു കല്പന പുറപ്പെടുവിച്ച് പേർഷ്യയുടെയും മേദ്യയുടെയും മാറ്റം വരുത്താനാകാത്ത നിയമങ്ങളിൽ അത് എഴുതിക്കട്ടെ;+ രാജാവ് വസ്ഥിയുടെ രാജ്ഞീപദം വസ്ഥിയെക്കാൾ ഉത്തമയായ മറ്റൊരു സ്ത്രീക്കു കൊടുക്കട്ടെ. 20 ഈ രാജകല്പന അങ്ങയുടെ വിസ്തൃതമായ സാമ്രാജ്യത്തിലെങ്ങും കേൾക്കുമ്പോൾ എല്ലാ ഭാര്യമാരും വലിയവരോ ചെറിയവരോ എന്ന വ്യത്യാസം കൂടാതെ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
21 ഈ അഭിപ്രായം രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടമായി; മെമൂഖാൻ പറഞ്ഞതുപോലെ രാജാവ് ചെയ്തു. 22 അതനുസരിച്ച്, രാജാവ് തന്റെ എല്ലാ രാജകീയസംസ്ഥാനങ്ങളിലേക്കും കത്ത് അയച്ചു.+ ഓരോ സംസ്ഥാനത്തിനും അതതിന്റെ ലിപിയിലും* ഓരോ ജനത്തിനും അതതിന്റെ ഭാഷയിലും ആണ് കത്ത് അയച്ചത്. എല്ലാ ഭർത്താക്കന്മാരും സ്വന്തം വീട്ടിൽ യജമാനനായിരിക്കുകയും സ്വന്തം ജനത്തിന്റെ ഭാഷ സംസാരിക്കുകയും വേണമെന്ന് ആ കത്തിൽ എഴുതിയിരുന്നു.