ഹാനികരമായ കുശുകുശുപ്പ്—എങ്ങനെ തകർക്കാൻ കഴിയും?
“യഹോവേ, എന്റെ വായിക്ക് ഒരു സംരക്ഷണം ഏർപ്പെടുത്തേണമേ; എന്റെ അധരങ്ങളുടെ വാതിലിന് ഒരു കാവൽ ഏർപ്പെടുത്തേണമേ.”—സങ്കീർത്തനം 141:3.
1. നമ്മുടെ ദൈവദത്തമായ തലച്ചോറിന് എന്തു പ്രാപ്തിയുണ്ട്?
യഹോവ നമുക്ക് ഒരു തലച്ചോർ നൽകിയിരിക്കുന്നു, അത് എത്ര അത്ഭുതകരമാണ്! ദി ഇൻക്രെഡിബിൾ മെഷീൻ എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “നമുക്കു വിഭാവനചെയ്യാൻ കഴിയുന്ന ഏററവും പരിഷ്കൃതമായ കമ്പ്യൂട്ടറുകൾപോലും മാനുഷമസ്തിഷ്ക്കത്തിന്റെ ഏറെക്കുറെ അപരിമിതമായ സങ്കീർണ്ണതയോടും വഴക്കത്തോടും താരതമ്യപ്പെടുത്തുമ്പോൾ അപരിഷ്കൃതമാണ് . . . ഏതു നിമിഷവും നിങ്ങളുടെ തലച്ചോറിലൂടെ മിന്നിമറയുന്ന ദശലക്ഷക്കണക്കിനു സംജ്ഞകൾ ഒരു അസാധാരണമായ അളവിൽ വിവരങ്ങൾ വഹിക്കുന്നു. അവ നിങ്ങളുടെ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ പരിസ്ഥിതികൾസംബന്ധിച്ച് വാർത്തകൾ കൊണ്ടുവരുന്നു . . . മററു സംജ്ഞകൾ വിവരങ്ങളെ സംസാധനംചെയ്യുകയും അപഗ്രഥിക്കുകയും ചെയ്യുമ്പോൾ അവ ഒരു തീരുമാനത്തിലേക്കെത്തിക്കുന്ന ചില വികാരങ്ങളൊ സ്മരണകളൊ ചിന്തകളൊ ആസൂത്രണങ്ങളൊ ഉളവാക്കുന്നു. ഉടൻതന്നെ നിങ്ങളുടെ തലച്ചോറിൽനിന്നുള്ള സംജ്ഞകൾ നിങ്ങളുടെ ശരീരത്തിന്റെ മററു ഭാഗങ്ങളോട് എന്തു ചെയ്യണമെന്ന് പറയുന്നു . . . അതേ സമയം നിങ്ങളുടെ തലച്ചോറ് നിങ്ങളുടെ ശ്വസനത്തെയും രക്ഷ രസതന്ത്രത്തെയും ഊഷ്മാവിനെയും നിങ്ങളുടെ അറിവിൽപ്പെടാത്ത മററു അത്യാവശ്യ പ്രവർത്തനങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.”—പേജ് 326.
2. ഇപ്പോൾ ഏതു ചോദ്യം പരിചിന്തനാർഹമാണ്?
2 നിശ്ചയമായും, ദൈവത്തിൽനിന്നുള്ള അത്തരം ഒരു അത്ഭുതകരമായ ദാനം ഒരിക്കലും ഒരു ചപ്പുചവറുവീപ്പയായോ ചവററുകൊട്ടയായോ ഉപയോഗിക്കരുത്. എന്നിരുന്നാലും ഹാനികരമായ കുശുകുശുപ്പ് ശ്രദ്ധിക്കുന്നതിനാലും പരത്തുന്നതിനാലും നമുക്ക് തലച്ചോറിനെ ദുരുപയോഗപ്പെടുത്താൻ കഴിയും. നമുക്ക് എങ്ങനെ അത്തരം സംസാരത്തെ ഒഴിവാക്കാനും മററുള്ളവർ അതിൽ ഏർപ്പെടുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ സഹായിക്കാനും കഴിയും?
ദൈവദത്തമായ നിങ്ങളുടെ മനസ്സിനെ വിലമതിക്കുക
3. യാതൊരു സത്യക്രിസ്ത്യാനിയും ഹാനികരമായ സംസാരത്തിൽ ഏർപ്പെടുകയില്ലാത്തതെന്തുകൊണ്ട്?
3 ദൈവദത്തമായ നമ്മുടെ മനസ്സിനോടുള്ള വിലമതിപ്പ് ഹാനികരമായ കുശുകുശുപ്പ് ശ്രദ്ധിക്കുന്നതിൽനിന്നും അത് പരത്തുന്നതിൽനിന്നും നമ്മെ നിയന്ത്രിക്കും. യഹോവയുടെ ആത്മാവ് ആരെയും തങ്ങളുടെ മനസ്സ് അത്തരം ആശയങ്ങളാൽ നിറക്കുന്നതിനും തങ്ങളുടെ നാവ് ആരെയെങ്കിലും ദ്രോഹിക്കുന്നതിന് ഉപയോഗിക്കുന്നതിനും പ്രേരിപ്പിക്കുകയില്ല. പകരം ദൈവവചനം പറയുന്നു: “ദുഷ്ടമനുഷ്യൻ തന്റെ വഴിയെയും ദ്രോഹിയായ മനുഷ്യൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിക്കട്ടെ.” (യെശയ്യാവ് 55:7) ദുഷ്ടനായ ഒരാളുടെ മനസ്സ് ദുഷിച്ച ആശയങ്ങളാൽ നിറഞ്ഞിരിക്കുന്നു, അയാൾ നീതിമാനെക്കുറിച്ച് അപവാദം പറയുന്നതിന് ധൃതിപ്പെടുന്നു. എന്നാൽ തങ്ങളുടെ ദൈവദത്തമായ മനസ്സിനെ വിലമതിക്കുന്നവരിൽനിന്ന് നാം ഒരിക്കലും അത്തരം സംസാരം പ്രതീക്ഷിക്കുകയില്ല.
4. നാം നമ്മുടെ തലച്ചോറിനെയും സംസാരിക്കുന്നതിനുള്ള നമ്മുടെ പ്രാപ്തിയെയും വിലമതിക്കുന്നെങ്കിൽ നാം നമ്മുടെ മനസ്സിനെയും നാവിനെയും എങ്ങനെ ഉപയോഗിക്കും?
4 ഉചിതമായ വിലമതിപ്പ് നമ്മുടെ മനസ്സിനെയും നാവിനെയും നമ്മുടെ പാപപൂർണ്ണമായ ജഡത്തെ പോഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് നമ്മെ സഹായിക്കും. പകരം നാം നമ്മുടെ ചിന്തയെയും സംസാരത്തെയും ഉന്നതമായ തലത്തിൽ കാക്കും. നമുക്ക് നമ്മുടേതിനെക്കാൾ വളരെയധികം ഉന്നതമായ വിചാരങ്ങളുള്ള ഒരുവനിൽ പ്രാർത്ഥനാപൂർവകമായി ആശ്രയം വെക്കുന്നതിനാൽ ഹാനികരമായ കുശുകുശുപ്പ് വർജ്ജിക്കുന്നതിന് കഴിയും. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “സത്യമായ ഏതു കാര്യങ്ങളും [വ്യാജമൊ അപവാദമൊ അല്ല], ഗൗരവമായ ഏതു കാര്യങ്ങളും [നിസ്സാരങ്ങളല്ല], നീതിയായ ഏതു കാര്യങ്ങളും [ദുഷ്ടവും ഹാനികരവുമല്ല], നിർമ്മലമായ ഏതു കാര്യങ്ങളും [അശുദ്ധമായ അപവാദമൊ ദുഷ്ടസംശയങ്ങളൊ അല്ല], പ്രീതികരമായ ഏതു കാര്യങ്ങളും [വിദ്വേഷകരമൊ തുച്ഛീകരിക്കുന്നതോ അല്ല], പ്രശംസിക്കപ്പെടുന്ന ഏതു കാര്യങ്ങളും [അനാദരസൂചകമല്ല], ഏതു നൻമയും [തിൻമയല്ല], സ്തുത്യർഹമായ ഏതു കാര്യവും, [കുററം വിധിക്കപ്പെട്ടവയല്ല] ഈ കാര്യങ്ങൾ പരിചിന്തിച്ചുകൊണ്ടിരിക്കുക.”—ഫിലിപ്പിയർ 4:8.
5. പൗലോസിനോടുള്ള ബന്ധത്തിൽ സഹവിശ്വാസികൾ എന്തു കാണുകയും കേൾക്കുകയും ചെയ്തിരുന്നു?
5 പൗലോസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “നിങ്ങൾ എന്നോടുള്ള ബന്ധത്തിൽ പഠിക്കുകയും സ്വീകരിക്കുകയും കേൾക്കുകയും കാണുകയും ചെയ്തിട്ടുള്ള കാര്യങ്ങൾ, ഇവ പ്രവർത്തിക്കുക; സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും.” (ഫിലിപ്പിയർ 4:9) മററുള്ളവർ പൗലോസിനോടുള്ള ബന്ധത്തിൽ എന്തു കേൾക്കുകയും കാണുകയും ചെയ്തിരുന്നു? നിർമ്മലവും ആത്മീയമായി കെട്ടുപണിചെയ്യുന്നതുമായ കാര്യങ്ങൾ. അവൻ ലുദിയായെയൊ തിമൊഥെയോസിനെയൊ സംബന്ധിച്ച ഏററം പുതിയ കുശുകുശുപ്പിനാൽ അവരുടെ കാതുകളെ നിറച്ചില്ല. പൗലോസ് യെരൂശലേമിലെ പ്രായമേറിയ പുരുഷൻമാരെ സംബന്ധിച്ച കിംവദന്തികൾ ശ്രദ്ധിക്കുകയൊ പരത്തുകയൊ ചെയ്തില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.a ദൈവദത്തമായ തന്റെ മനസ്സിനോടുള്ള ബഹുമാനം പൗലോസിനെ ഹാനികരമായ കുശുകുശുപ്പിൽ ഇടപെടുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ സഹായിച്ചിരിക്കാനിടയുണ്ട്. നാം യഥാർത്ഥത്തിൽ യഹോവ നമുക്കു നൽകിയിരിക്കുന്ന മനസ്സിനെയും നാവിനെയും വിലമതിക്കുന്നെങ്കിൽ നാം അവന്റെ ദൃഷ്ടാന്തത്തെ അനുകരിക്കും.
ദൈവത്തെയും അവന്റെ വചനത്തെയും ആദരിക്കുക
6, 7. (എ) യാക്കോബ് അനിയന്ത്രിതമായ നാവിന്റെ ഫലങ്ങളെ എങ്ങനെ വെളിപ്പെടുത്തി? (ബി) നാം ദൈവത്തെയും അവന്റെ വചനത്തെയും ആദരിക്കുന്നെങ്കിൽ എന്തു സംഭവിക്കുകയില്ല?
6 ദൈവത്തോടും അവന്റെ വിശുദ്ധവചനത്തോടുമുള്ള ഹൃദയംഗമമായ ആദരവ് ഹാനികരമായ കുശുകുശുപ്പിനെ തകർക്കാനും നമ്മെ സഹായിക്കും. നിശ്ചമായും അത്തരം ആദരവ് നാവിനെ കുററപ്പെടുത്തിയ യാക്കോബിന്റെ ബുദ്ധിയുപദേശം അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കും. (യാക്കോബ് 3:2-12) ഒരു വ്യക്തിക്ക് നാവിനെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, അയാൾക്ക് അയാളുടെ മുഴുശരീരത്തിനും കടിഞ്ഞാണിടാൻ കഴിയും, ഒരു കുതിരയുടെ വായിലെ കടിവാളത്തിന് അതിനെ നയിക്കാൻ കഴിയുന്നതുപോലെതന്നെ. കേവലം ഒരു തീപ്പൊരിക്ക് ഒരു വനത്തിനു തീകൊളുത്താൻ കഴിയുന്നതുപോലെ ചെറിയ നാവിനും ജീവചക്രത്തെ ദഹിപ്പിക്കുന്ന ഒരു തീയായിരിക്കാൻ കഴിയും. മനുഷ്യന് വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജാതികളെയും കടൽജന്തുക്കളെയും മെരുക്കാൻ കഴിയും, “എന്നാൽ നാവിനെ മനുഷ്യവർഗ്ഗത്തിൽ ആർക്കും മെരുക്കാൻ കഴിവില്ല” എന്ന് യാക്കോബ് പറഞ്ഞു. എന്നാൽ അത് ഹാനികരമായ കുശുകുശുപ്പിനെ തകർക്കുന്നതിനുള്ള യാതൊരു ശ്രമവും ചെയ്യാതിരിക്കുന്നതിനുള്ള ഒഴികഴിവല്ല.
7 നാവ് ഒരേ വായിൽനിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുവിക്കുന്നുവെന്നും യാക്കോബ് പറഞ്ഞു. ഇത് ഉചിതമല്ല, എന്തുകൊണ്ടെന്നാൽ ഒരേ ഉറവിൽനിന്ന് മധുരവും കയ്പ്പുമുള്ള വെള്ളം കുമിളിച്ചുപൊന്തുകയില്ല. അത്തിവൃക്ഷത്തിന് ഒലിവുപഴം ഉൽപ്പാദിപ്പിക്കാൻ കഴിയുകയില്ല, ഉപ്പുവെള്ളം മധുരമുള്ള വെള്ളം ഉൽപ്പാദിപ്പിക്കയില്ല. തീർച്ചയായും ക്രിസ്ത്യാനികൾ അപൂർണ്ണരായിരിക്കുന്നടത്തോളം കാലം നാവ് പൂർണ്ണമായി മരുക്കുന്നതിനതീതമായിരിക്കും. ഇത് അനുതപിക്കുന്ന കുററക്കാരോട് നാം കരുണയുള്ളവരായിരിക്കാൻ ഇടയാക്കണം, എന്നിരുന്നാലും അത് ഹാനികരമായ കുശുകുശുപ്പിന് ഒഴികഴിവു കൊടുക്കുന്നില്ല. നമ്മെ ആശ്രയിച്ചിരിക്കുന്നടത്തോളം, നാം ദൈവത്തെയും അവന്റെ വചനത്തെയും യഥാർത്ഥത്തിൽ ആദരിക്കുന്നെങ്കിൽ നാവിന്റെ അത്തരം വിഷപൂരിതമായ ദുരുപയോഗം സംഭവിച്ചുകൊണ്ടിരിക്കയില്ല.
പ്രാർത്ഥനക്ക് സഹായിക്കാൻ കഴിയുന്ന വിധം
8. പ്രാർത്ഥനക്ക് ഹാനികരമായ കുശുകുശുപ്പിനെ തകർക്കാൻ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
8 ഹാനികരമായ കുശുകുശുപ്പ് ശ്രദ്ധിക്കുന്നതിനും പിന്നീട് അത് പരത്തുന്നതിനുമുള്ള പ്രലോഭനം വളരെ ശക്തമായിരിക്കാൻ കഴിയും. അതുകൊണ്ട് നിങ്ങൾ കഴിഞ്ഞ കാലത്ത് അത്തരം പ്രലോഭനത്തിന് വശംവദനായിരുന്നിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ക്ഷമക്കും സഹായത്തിനും വേണ്ടി ദൈവത്തോട് എന്തുകൊണ്ട് അപേക്ഷിച്ചുകൂടാ? യേശു നമ്മെ ഇപ്രകാരം പ്രാർത്ഥിക്കാൻ പഠിപ്പിച്ചു: “ഞങ്ങളെ പ്രലോഭനത്തിലേക്കു വരുത്തരുതേ, എന്നാൽ ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.” (മത്തായി 6:13) ദൈവം തങ്ങളെ അത്തരം പ്രലോഭനത്തിൽ ഉപേക്ഷിച്ചുകളയാതിരിക്കുന്നതിനും ദുഷിച്ച സംസാരം സാത്താന്റെ ഈ തന്ത്രത്തിന് വശംവദരാക്കാതിരിക്കുന്നതിനും അവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനികൾ വലിയ അപവാദിയിൽനിന്ന് സംരക്ഷിക്കപ്പെടും.
9. ആരെ സംബന്ധിച്ചെങ്കിലും അപവാദം പറയാൻ നമുക്ക് പ്രലോഭനമുണ്ടായാൽ നമുക്ക് എങ്ങനെ പ്രാർത്ഥിക്കാം?
9 നാം ആർക്കെങ്കിലും എതിരെ അപവാദം പറയാൻ പ്രലോഭിപ്പിക്കപ്പെടുന്നുവെങ്കിൽ നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാൻ കഴിയും: “യഹോവേ, എന്റെ വായ്ക്ക് ഒരു സംരക്ഷണം ഏർപ്പെടുത്തേണമേ; എന്റെ അധരങ്ങളുടെ വാതിലിന് ഒരു കാവൽ ഏർപ്പെടുത്തേണമേ.” (സങ്കീർത്തനം 141:3) പ്രലോഭനത്തിനു വഴങ്ങുന്നതിനാലും വിദ്വേഷം നിറഞ്ഞവനും നുണയനും കൊലപാതകിയുമായ അപവാദിയെന്ന നിലയിൽ പിശാചിനെ അനുകരിക്കുന്നതിനാലും നമുക്ക് നിത്യജീവനുവേണ്ടിയുള്ള നമ്മുടെ പ്രതീക്ഷയെ തകരാറിലാക്കാൻ കഴിയും. (യോഹന്നാൻ 8:44) അപ്പോസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “തന്റെ സഹോദരനെ ദ്വേഷിക്കുന്ന ഏവനും ഒരു മാനുഷഘാതകൻ ആകുന്നു, യാതൊരു മാനുഷഘാതകനും അവന്റെ ഉള്ളിൽ നിത്യജീവൻ സ്ഥിതിചെയ്യുന്നില്ല എന്ന് നിങ്ങൾ അറിയുന്നു.”—1 യോഹന്നാൻ 3:15.
സനേഹം കുശുകുശുപ്പിനെ ബഹിഷകരിക്കുന്നു
10. നാം മററുള്ളവരെക്കുറിച്ച് കുശുകുശുക്കുന്നതിനുപകരം നാം അവർക്ക് എന്തു കടപ്പെട്ടിരിക്കുന്നു?
10 നാമെല്ലാം മററുള്ളവരോട് എന്തിനെങ്കിലുംവേണ്ടി കടപ്പെട്ടിരിക്കുന്നു, എന്നാൽ ഹാനികരമായ കുശുകുശുപ്പിനു പ്രേരിപ്പിക്കുന്ന വിദ്വേഷത്തിന് കടപ്പെട്ടിരിക്കുന്നില്ല. “നിങ്ങൾ അന്യോന്യം സ്നേഹിക്കാനല്ലാതെ ആർക്കും ഒന്നിനും കടപ്പെട്ടിരിക്കരുത്” എന്ന് പൗലോസ് എഴുതി. (റോമർ 13:8) നാം മററുള്ളവർക്കെതിരെ സംസാരിക്കുന്നതിനും അവരുടെ സൽപ്പേരിന് കോട്ടംവരുത്തുന്നതിനും പകരം ദിവസവും ആ കടം വീട്ടിക്കൊണ്ടിരിക്കണം. നാം യഹോവയെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നെങ്കിൽ നമുക്ക് ഒരു സഹാരാധകനെതിരെ അപവാദം പറയാൻ കഴിയില്ല, “എന്തുകൊണ്ടെന്നാൽ താൻ കണ്ടിരിക്കുന്ന തന്റെ സഹോദരനെ സ്നേഹിക്കാത്തവന് താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴികയില്ല.”—1 യോഹന്നാൻ 4:20.
11. ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ചുള്ള യേശുവിന്റെ ഉപമ ഹാനികരമായ കുശുകുശുപ്പു സംബന്ധിച്ച് നമുക്ക് എങ്ങനെ ചിന്തക്കു കുറെ വക നൽകിയേക്കാം?
11 ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ഉപമ പരിചിന്തിക്കുക. കോലാടുതുല്യരായ ആടുകളെസംബന്ധിച്ച്, അവർ ക്രിസ്തുവിന്റെ സഹോദരൻമാർക്ക് ചെയ്തടത്തോളം അവന് ചെയ്തതായി കണക്കാക്കുമെന്ന് പറഞ്ഞിരിക്കുന്നു. നിങ്ങൾ ക്രിസ്തുവിനെതിരെ കുശുകുശുക്കുമോ? നിങ്ങൾ നിങ്ങളുടെ കർത്താവും യജമാനനുമായവനെതിരെ സംസാരിക്കയില്ലെങ്കിൽ അവന്റെ അഭിഷിക്തസഹോദരൻമാരോട് ആ വിധത്തിൽ പെരുമാറരുത്. “നിത്യച്ഛേദനത്തിലേക്ക് പോകുന്ന” കോലാടുകൾ ചെയ്തതുപോലെയുള്ള തെററു ചെയ്യരുത്. നിങ്ങൾ യേശുവിന്റെ സഹോദരൻമാരെ സ്നേഹിക്കുന്നെങ്കിൽ നിങ്ങൾ അവരെക്കുറിച്ച് പറയുന്നതിനാൽ അത് പ്രകടമാക്കുക.—മത്തായി 25:31-46.
12. സദൃശവാക്യങ്ങൾ 16:2-ന്റെ സാരം എന്താണ്, അത് നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും സംസാരത്തെയും എങ്ങനെ ബാധിക്കണം?
12 നാമെല്ലാം പാപികളായിരിക്കുന്നതിനാലും യേശുവിന്റെ മറുവിലയാഗത്തിന്റെ ആവശ്യമുള്ളവരാകയാലും ആരെങ്കിലും നമ്മെ സംബന്ധിച്ച് പ്രതികൂലമായ വിമർശനങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അയാൾക്ക് പറയുന്നതിന് അനേകം കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയും. (1 യോഹന്നാൻ 2:1, 2) തീർച്ചയായും നാം നന്നായി ചെയ്യുന്നുണ്ടെന്ന് നാം ചിന്തിച്ചേക്കാം. “ഒരു മമനുഷ്യന്റെ വഴികളെല്ലാം തന്റെ സ്വന്തം ദൃഷ്ടിയിൽ ശുദ്ധമാണ്, എന്നാൽ യഹോവ ആത്മാക്കളെ വിലയിരുത്തുന്നു.” ദൈവത്തിന്റെ ത്രാസ് ആനുകൂല്യത്താലും പക്ഷപാതിത്വത്താലും ചായുകയില്ല. (സദൃശവാക്യങ്ങൾ 16:2; പ്രവൃത്തികൾ 10:34, 35) ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സംസാരിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്ന നമ്മുടെ പ്രകൃതത്തെയും പ്രചോദനങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് അവൻ നമ്മുടെ ആത്മാവിനെ തൂക്കിനോക്കുന്നു. അപ്പോൾ, നാം നിശ്ചയമായും നമ്മേത്തന്നെ ശുദ്ധിയുള്ളവരായും മററുള്ളവരെ ചെളിപുരണ്ടവരായും ദ്രോഹകരമായ വിമർശനങ്ങൾക്ക് അർഹരായും തെററായി കണക്കാക്കുന്നവരായി ദൈവം നമ്മെ കണ്ടെത്താൻ നാം ആഗ്രഹിക്കുകയില്ല. യഹോവയെപ്പോലെ നാമും നിഷ്പക്ഷരും കരുണയുള്ളവരും സ്നേഹമുള്ളവരും ആയിരിക്കണം.
13. (എ) “സ്നേഹം ദീർഘക്ഷമയുള്ളതും ദയയുള്ളതുമാകുന്നു”വെന്ന വസ്തുതക്ക് ഹാനികരമായ കുശുകുശുപ്പിനെ തകർക്കാൻ എങ്ങനെ സഹായിക്കുന്നതിനു കഴിയും? (ബി) നമുക്ക് ഇല്ലാത്ത സേവനപദവി ലഭിക്കുന്ന ആർക്കെങ്കിലുമെതിരെ സംസാരിക്കുന്നതിൽനിന്ന് എന്തു നമ്മെ തടയും?
13 പൗലോസ് 1 കൊരിന്ത്യർ 13:4-8-ൽ പറഞ്ഞിരിക്കുന്നത് ബാധകമാക്കുന്നുവെങ്കിൽ അതിന് ഹാനികരമായ കുശുകുശുപ്പിനെ തകർക്കുന്നതിന് നമ്മെ സഹായിക്കാൻ കഴിയും. അവൻ ഇപ്രകാരം എഴുതി: “സ്നേഹം ദീർഘക്ഷമയുള്ളതും ദയയുള്ളതുമാകുന്നു.” ഛിദ്രിച്ച ഒരു ഭവനത്തിൽ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സഹോദരി നമ്മെ സന്തോഷത്തോടെ അഭിവാദനം ചെയ്യുകയില്ലായിരിക്കാം. അല്ലെങ്കിൽ ചിലർ, ഒരുപക്ഷേ അനാരോഗ്യം നിമിത്തം, ശാരീരികമായി മാന്ദ്യമുള്ളവരായിരിക്കാം. അത്തരം വ്യക്തികളെ വിമർശനപരമായ കുശുകുശുപ്പിന്റെ ഇരകളാക്കുന്നതിനുപകരം അവരോട് ക്ഷമയും കരുണയും പ്രകടമാക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? ‘സ്നേഹം അസൂയയുള്ളതല്ല, വീമ്പുപറയുന്നില്ല, ചീർക്കുന്നില്ല.’ അതുകൊണ്ട് മറെറാരു ക്രിസ്ത്യാനിക്ക് നമുക്കു ലഭിക്കാത്ത ഒരു സേവനപദവി ലഭിക്കുന്നെങ്കിൽ, അയാൾ ആ വേലക്ക് യോജിച്ചവനല്ല എന്ന് സൂചിപ്പിച്ചുകൊണ്ട് അയാൾക്കെതിരെ സംസാരിക്കുന്നതിൽനിന്ന് സ്നേഹം നമ്മെ തടയും. സ്നേഹം നമ്മുടെ നേട്ടങ്ങളെക്കുറിച്ച് വമ്പുപറയുന്നതിൽനിന്ന്, കുറഞ്ഞ പദവിയുള്ളവരെ താഴ്ത്തിക്കെട്ടുന്ന സംസാരത്തിൽനിന്ന് നമ്മെ തടയും.
14. നാം മററുള്ളവരെക്കുറിച്ചു പറയുന്നതിനെ ബാധിക്കുന്നതായി സ്നേഹം സംബന്ധിച്ച് മറെറന്ത് ഉണ്ട്?
14 ‘സ്നേഹം അയോഗ്യമായി പെരുമാറുന്നില്ല, അതിന്റെ സ്വന്തം താൽപ്പര്യങ്ങൾ അന്വേഷിക്കുന്നില്ല, പ്രകോപിതമാകുന്നില്ല, ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല’ എന്നും പൗലോസ് തുടർന്നുപറഞ്ഞു. ക്രിസ്തീയമല്ലാത്ത കാര്യങ്ങൾ അയോഗ്യമായി സംസാരിക്കുന്നതിനുപകരം, മററുള്ളവരെക്കുറിച്ച് പ്രശംസിച്ചു പറയാനും അവരുടെ താൽപ്പര്യങ്ങൾ പരിഗണിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നതിന് നാം സ്നേഹത്തെ അനുവദിക്കണം. അതു നമ്മെ പ്രകോപിതരാകുന്നതിൽനിന്നും യഥാർത്ഥമൊ സാങ്കൽപ്പികമൊ ആയ ദ്രോഹങ്ങളെപ്രതി ആളുകൾക്കെതിരെ സംസാരിക്കുന്നതിൽനിന്നും നമ്മെ തടയുന്നു. ‘സ്നേഹം അനീതിയിലല്ല, സത്യത്തിൽ സന്തോഷിക്കുന്നതിനാൽ’ അത് നമ്മെ അനീതി അനുഭവിക്കുന്ന എതിരാളികൾക്കെതിരെപോലും ഹാനികരമായ കുശുകുശുപ്പിൽ ഏർപ്പെടാതെ തടയുന്നു.
15. (എ) ‘സ്നേഹം എല്ലാം വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു’ എന്ന വസ്തുതയാൽ നാം എങ്ങനെ ബാധിക്കപ്പെടണം? (ബി) മററുള്ളവർ യഹോവയുടെ സ്ഥാപനത്തിനെതിരെ സംസാരിച്ചാലും സ്നേഹത്തിന്റെ ഏതു വശങ്ങൾക്ക് നമ്മെ അതിനോട് പററിനിൽക്കാൻ സഹായിക്കാൻ കഴിയും?
15 സ്നേഹം ദൈവവചനത്തിൽ കാണുന്ന ‘എല്ലാം വിശ്വസിക്കയും പ്രത്യാശിക്കയും’ ചെയ്യുകയും നുണപറയുന്ന വിശ്വാസത്യാഗികളുടെ അപവാദപരമായ പ്രസ്താവനകൾ ശ്രദ്ധിക്കുന്നതിനുപകരം ‘വിശ്വസ്ത അടിമ’ വർഗ്ഗം പ്രദാനംചെയ്യുന്ന ആത്മീയാഹാരം വിലമതിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (മത്തായി 24:45-47; 1 യോഹന്നാൻ 2:18-21) ‘സ്നേഹം എല്ലാം സഹിക്കുന്നതിനാലും, ഒരിക്കലും നിലച്ചുപോകുന്നില്ലാത്തതിനാലും’ ദൈവസ്ഥാപനത്തിനൊ അതിലെ അംഗങ്ങൾക്കൊ എതിരെ “വ്യാജസഹോദരൻമാരോ” മററുള്ളവരോ സംസാരിച്ചാലും അതിനോട് വിശ്വസ്തതയുള്ളവരായി നിലകൊള്ളാൻ അത് നമ്മെ സഹായിക്കുകയും ചെയ്യുന്നു.—ഗലാത്യർ 2:4.
ആദരവ് കുശുകുശുപ്പിനെ നിരോധിക്കുന്നു
16. കൊരിന്തിലെ വ്യാജസഹോദരൻമാർ പൗലോസിനോട് എങ്ങനെ പെരുമാറി?
16 സഹവിശ്വാസികളോടുള്ള ആദരവും ഹാനികരമായ കുശുകുശുപ്പിനെ തകർക്കാൻ നമ്മെ സഹായിക്കുന്നു. അവർ ദൈവത്തിനു സ്വീകാര്യരാകയാൽ നിശ്ചയമായും നാം അവരെ അപകീർത്തിപ്പെടുത്തരുത്. നമുക്ക് ഒരിക്കലും പൗലോസ് അഭിമുഖീകരിച്ച “വ്യാജ സഹോരൻമാരെ”പ്പോലെയാകാതിരിക്കാം. അവർ അവനെതിരെ തിൻമയായ കാര്യങ്ങൾ പറഞ്ഞുവെന്നതിനു സംശയമില്ല. (2 കൊരിന്ത്യർ 11:26) വിശ്വാസത്യാഗികളും അവനെ അപകീർത്തിപ്പെടുത്തിയിരിക്കണം. (യൂദാ 3, 4 താരതമ്യപ്പെടുത്തുക.) കൊരിന്തിൽ ചിലയാളുകൾ പറഞ്ഞു: “അവന്റെ ലേഖനങ്ങൾ ഘനമുള്ളതും ശക്തവുമാണ്, എന്നാൽ അവന്റെ ശാരീരികസാന്നിദ്ധ്യം ബലഹീനവും അവന്റെ സംസാരം വെറുക്കത്തക്കതുമാണ്.” (2 കൊരിന്ത്യർ 10:10) ആളുകൾ തങ്ങൾ സ്നേഹിക്കുന്നവരേസംബന്ധിച്ച് അങ്ങനെയുള്ള പ്രസ്താവനകൾ നടത്തുന്നില്ല.
17. ദിയൊത്രെഫേസ് അപ്പോസ്തലനായ യോഹന്നാനെതിരെ ഏതുതരം വാക്കുകളാൽ സംസാരിച്ചു?
17 ദിയൊത്രെഫേസ് ആർക്കെതിരായി സംസാരിച്ചോ ആ യോഹന്നാനെക്കുറിച്ചു പരിചിന്തിക്കുക. “ഞാൻ സഭക്ക് ചിലത് എഴുതിയിരുന്നു, എന്നാൽ അവരിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളിൽനിന്നുള്ള യാതൊന്നും ആദരവോടെ സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ വന്നാൽ, ദുഷ്ട വാക്കുകളാൽ ഞങ്ങൾക്കെതിരെ ജൽപ്പനംനടത്തിക്കൊണ്ട് അവൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ അവനെ ഓർമ്മിപ്പിക്കുന്നത്.” (3 യോഹന്നാൻ 9, 10) അത്തരം ജൽപ്പനം വളരെ ഗൗരവമുള്ള കാര്യമായിരുന്നു, നാം ഇന്ന് അതുപോലുള്ള സംസാരം ശ്രദ്ധിക്കുകയൊ പരത്തുകയോ ചെയ്യുന്നെങ്കിൽ ഉടൻതന്നെ അങ്ങനെ ചെയ്യുന്നത് നിർത്തണം.
18. ദെമേത്രിയൊസ് ദിയൊത്രെഫേസിൽനിന്ന് വ്യത്യസ്തനായിരുന്നതെങ്ങനെ, ഈ വൈപരീത്യം നമ്മുടെ നടത്തയെ ബാധച്ചേക്കാവുന്നതെങ്ങനെ?
18 നീതിമാൻമാരെ ആദരിക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ട് യോഹന്നാൻ ഗായോസിനോട് പറഞ്ഞു: “തിൻമയായതിന്റെയല്ല, നൻമയായതിന്റെ അനുകാരിയായിരിക്ക. നൻമചെയ്യുന്നവൻ ദൈവത്തിൽനിന്ന് ഉൽഭവിക്കുന്നു. തിൻമചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. ദെമെത്രിയൊസ് അവരെല്ലാവരാലും സത്യത്താൽതന്നെയും സാക്ഷ്യം ലഭിച്ചവനാണ്. യഥാർത്ഥത്തിൽ ഞങ്ങളും സാക്ഷ്യംവഹിക്കുന്നു, ഞങ്ങൾ നൽകുന്ന സാക്ഷ്യം സത്യമാകുന്നുവെന്ന് നിങ്ങൾ അറിയുന്നു.” (3 യോഹന്നാൻ 1, 11, 12) നമുക്കോരോരുത്തർക്കും നമ്മോടുതന്നെ ഇപ്രകാരം ചോദിക്കാവുന്നതാണ്: ഞാൻ ജൽപ്പനംചെയ്യുന്ന ഒരു ദിയൊത്രെഫേസ് ആണോ, അതോ വിശ്വസ്തനായ ഒരു ദെമെത്രിയൊസ് ആണോ? നാം സഹവിശ്വാസികളെ ബഹുമാനിക്കുന്നെങ്കിൽ മററുള്ളവർ നമ്മെ ജൽപ്പനംചെയ്യുന്നവരായി വീക്ഷിക്കുന്നതിന് ഹേതു നൽകിക്കൊണ്ട് നാം അവരെക്കുറിച്ച് പ്രതികൂലവിമർശനം നടത്തുകയില്ല.
19. വ്യാജസഹോദരൻമാർ സി. ററി. റസ്സലിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതെങ്ങനെ?
19 വ്യാജ സഹോദരൻമാർ ഒന്നാം നൂററാണ്ടിൽ മാത്രമല്ല സ്ഥിതിചെയ്തിരുന്നത്. 1890-കളിൽ ദൈവസ്ഥാപനത്തോടൊത്ത് സഹവസിച്ചുകൊണ്ടിരുന്ന തത്വദീക്ഷയില്ലാത്ത വ്യക്തികൾ വാച്ച്ടവർ സൊസൈററിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ പരിശ്രമിച്ചു. അവർ ചാൾസ് റെറയ്സ് റെസ്സലിനെ സൊസൈററിയുടെ ആദ്യത്തെ പ്രസിഡണ്ട് എന്ന നിലയിൽനിന്ന് നീക്കം ചെയ്യുന്നതിന് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. ഏകദേശം രണ്ടുവർഷത്തെ ഗൂഢാലോചനക്കുശേഷം അത് 1894-ൽ പൊട്ടിത്തെറിച്ചു. വ്യാജകുററാരോപണങ്ങൾ മുഖ്യമായി റസ്സലിന്റെ ബിസിനസ്സിലെ ആരോപിത അവിശ്വസ്തതയിലാണ് കേന്ദ്രീകരിച്ചത്. നിസ്സാരങ്ങളായ ചില ആരോപണങ്ങൾ കുററാരോപകരുടെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തി—സി. ററി. റസ്സലിനെ അപകീർത്തിപ്പെടുത്തുക. നിഷ്പക്ഷരായ ക്രിസ്ത്യാനികൾ കാര്യങ്ങൾ പരിശോധിക്കുകയും അദ്ദേഹത്തിന്റെ പക്ഷമാണ് ശരിയെന്ന് കണ്ടെത്തുകയും ചെയ്തു. അങ്ങനെ, “മി. റസ്സലിനെയും അയാളുടെ വേലയെയും തകർത്ത് ആകാശംമുട്ടെ പറപ്പിക്കാനുള്ള ഈ പദ്ധതി പരാജയമായി. അങ്ങനെ, പൗലോസിനെപ്പോലെ റസ്സൽ സഹോദരൻ വ്യാജസഹോദരൻമാരാൽ ആക്രമിക്കപ്പെട്ടു, എന്നാൽ ഈ പരിശോധന സാത്താന്റെ ഒരു പദ്ധതിയായിരുന്നു എന്ന് തിരിച്ചറിയപ്പെട്ടു. അതിനുശേഷം ഗൂഢാലോചനക്കാർ ക്രിസ്തീയ സഹവാസം ആസ്വദിക്കാൻ അയോഗ്യരാണെന്ന് പരിഗണിക്കപ്പെട്ടു.
നല്ല പ്രവൃത്തികൾ ഹാനികരമായ കുശുകുശുപ്പിനെ അടിച്ചമർത്തുന്നു
20. പൗലോസ് ചെറുപ്പക്കാരായ ചില വിധവമാരിൽ എന്തു കുററം കണ്ടു?
20 ഹാനികരമായ കുശുകുശുപ്പ് മിക്കപ്പോഴും അലസതയോടാണ്, ധാരാളമായ നല്ല പ്രവൃത്തികളോടല്ല ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പൗലോസ് അറിഞ്ഞു. ചില ചെറുപ്പക്കാരായ വിധവമാർ “വീടുകൾതോറും ചുററിക്കറങ്ങി അലസരും അലസർ മാത്രമല്ല, വായാടികളും അരുതാത്തതിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് പരകാര്യത്തിലിടപെടുന്നവരും ആയിരിക്കാൻ” പഠിച്ചത് അവന് ഇഷ്ടപ്പെട്ടില്ലായിരുന്നു. പരിഹാരമെന്തായിരുന്നു? ആരോഗ്യകരമായ പ്രവർത്തനങ്ങൾ. അതുകൊണ്ട് പൗലോസ് ഇപ്രകാരം എഴുതി: “ചെറുപ്പക്കാരികൾ, വിവാഹം കഴിക്കാൻ, മക്കളെ പ്രസവിക്കാൻ, വീട്ടുകാര്യംനോക്കാൻ, എതിരാളിക്ക് ദുഷിപറയാൻ യാതൊരു കാരണവും കൊടുക്കാതിരിക്കാൻ, ഞാൻ ആഗ്രഹിക്കുന്നു.”—1 തിമൊഥെയോസ് 5:11-14, ബയിംഗടൻ.
21. ഹാനികരമായ കുശുകുശുപ്പിന്റെ കെണികളെ ഒഴിവാക്കുന്നതിൽ 1 കൊരിന്ത്യർ 15:58-ന് എന്തു ബന്ധമുണ്ട്?
21 സ്ത്രീകൾ ഒരു വീടിന്റെ ചുമതല വഹിക്കുകയും കുട്ടികളെ ദൈവത്തിന്റെ പ്രമാണങ്ങൾക്കനുസൃതമായി പരിശീലിപ്പിക്കുകയും പ്രയോജനമുള്ള മററ് വ്യാപാരങ്ങളിലേർപ്പെടുകയും ചെയ്യുകയാണെങ്കിൽ, അവർക്ക് ഹാനികരമായ കുശുകുശുപ്പിലേക്ക് നയിച്ചേക്കാവുന്ന വ്യർത്ഥസംസാരത്തിന് അധികം സമയം ലഭിക്കയില്ല. പുരുഷൻമാരും നല്ല പ്രവൃത്തികളിൽ മുഴുകിയിരിക്കയാണെങ്കിൽ അത്തരത്തിലുള്ള സംസാരത്തിന് കുറഞ്ഞസമയമേ ഉണ്ടായിരിക്കയുള്ളു. “എല്ലായ്പ്പോഴും കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുന്നത്” നമ്മെയെല്ലാം ഹാനികരമായ കുശുകുശുപ്പിന്റെ കെണിയിൽനിന്ന് ഒഴിഞ്ഞിരിക്കാൻ സഹായിക്കും. (1 കൊരിന്ത്യർ 15:58) പ്രത്യേകിച്ച് ക്രിസ്തീയ ശുശ്രൂഷയിലും സഭാമീററിംഗുകളിലും മററു ദൈവികമായ വ്യാപാരങ്ങളിലുമുള്ള മുഴുഹൃദയത്തോടെയുള്ള ഉൾപ്പെടൽ നാം തൊഴിലില്ലാത്ത കുശുകുശുപ്പുകാരൊ അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നവരൊ ആയിത്തീരാതെ നമ്മുടെ മനസ്സുകളെ ആത്മീയകാര്യങ്ങളിൽ വ്യാപരിപ്പിക്കും.
22. സദൃശവാക്യങ്ങൾ 6:16-19 അപവാദം പറയുന്നവരെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു?
22 നാം ദൈവികവേലകളിൽ തിരക്കുള്ളവരായിരിക്കുകയും മററുള്ളവരെ ആത്മീയമായി അനുഗ്രഹിക്കാൻ ശ്രമിക്കുകയുംചെയ്യുന്നുവെങ്കിൽ നാം വിശ്വസ്തരായ സ്നേഹിതരായിരിക്കും, അവിശ്വസ്തരായ നുണയൻമാർ ആയിരിക്കയില്ല. (സദൃശവാക്യങ്ങൾ 17:17) നാം അപകടകരമായ കുശുകുശുപ്പ് ഒഴിവാക്കുന്നെങ്കിൽ നമുക്ക് എല്ലാവരിലുംവെച്ച് ഏററം നല്ല സുഹൃത്ത്—യഹോവയാം ദൈവം—ഉണ്ടായിരിക്കും. അവന് വെറുപ്പുള്ള ഏഴുകാര്യങ്ങൾ, “ഗർവ്വമുള്ള കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ, ഹാനികരമായ പദ്ധതികൾ കെട്ടിച്ചമക്കുന്ന ഒരു ഹൃദയം, തിൻമയിലേക്ക് ബദ്ധപ്പെടുന്ന കാലുകൾ, വ്യാജംപറയുന്ന കള്ളസാക്ഷി, സഹോദരൻമാരുടെ ഇടയിൽ വഴക്കുകൾ ഇളക്കിവിടുന്നവൻ” എന്നിവയാണെന്ന് ഓർക്കുക. (സദൃശവാക്യങ്ങൾ 6:16-19) കുശുകുശുപ്പുപ്രചാരകർ കാര്യങ്ങളെ പർവതീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നു. ദൂഷകർക്ക് വ്യാജനാവുകളാണുള്ളത്. അവരുടെ വാക്കുകൾ കഥകൾ പരത്താൻ ആകാംക്ഷയുള്ളവരുടെ കാലുകളെ ചലിപ്പിക്കുന്നു. മിക്കവാറും മാററമില്ലാതെ, ശണ്ഠയായിരിക്കും ഫലം. എന്നാൽ ദൈവം വെറുക്കുന്നതിനെ നാം വെറുക്കുന്നെങ്കിൽ, നാം നീതിമാന് ദ്രോഹംചെയ്യാൻ കഴിയുന്നതും വലിയ അപവാദിയായ പിശാചായ സാത്താന് ആഹ്ലാദം കൈവരുത്തുന്നതുമായ ഹാനികരമായ കുശുകുശുപ്പിനെ വർജ്ജിക്കും.
23. നമ്മുടെ സംസാരംസംബന്ധിച്ച് നമുക്ക് എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയും?
23 അതുകൊണ്ട്, നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം. (സദൃശവാക്യങ്ങൾ 27:11) നമുക്ക് അവൻ വെറുക്കുന്ന സംസാരം ഒഴിവാക്കാം, അപവാദം ശ്രദ്ധിക്കാതിരിക്കാം, ഹാനികരമായ കുശുകുശുപ്പിനെ തകർക്കുന്നതിന് നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യാം. നിശ്ചയമായും, നമുക്ക് നമ്മുടെ വിശുദ്ധ ദൈവമായ യഹോവയുടെ സഹായത്താൽ അപ്രകാരം ചെയ്യാൻ കഴിയും. (w89 10⁄15)
[അടിക്കുറിപ്പ്]
a ഇന്നുപോലും ഭരണസംഘത്തിലെ അംഗങ്ങളൊ അവരുടെ പ്രതിനിധികളൊ പറഞ്ഞതായോ ചെയ്തതായോ സങ്കൽപ്പിക്കപ്പെടുന്ന സ്തോഭജനകമായ കഥകൾ (മിക്കപ്പോഴും യാതൊരു വസ്തുതയെയും അടിസ്ഥാനപ്പെടുത്തിയല്ലായിരിക്കും) ശ്രദ്ധിക്കുകയും പരത്തുകയും ചെയ്യുന്നത് ഉചിതമല്ല.
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ മററുള്ളവരെ സംബന്ധിച്ച് അപവാദം പറയുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാൻ പ്രാർത്ഥനക്ക് നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
◻ ഒന്നു കൊരിന്ത്യർ 13:4-8ന്റെ ബാധകമാക്കലിന് ഹാനികരമായ കുശുകുശുപ്പിനെ തകർക്കാൻ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
◻ ആത്മാഭിമാനത്തിന് സഹ വിശ്വാസികളെക്കുറിച്ച് കുശുകുശുക്കുന്നതിനുള്ള ഏതൊരു ചായ്വിനും കടിഞ്ഞാണിടാൻ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
◻ ഹാനികരമായ കുശുകുശുപ്പിന്റെ കെണികളെ ഒഴിവാക്കുന്നതിൽ 1 കൊരിന്ത്യർ 15:58-ന് എന്തു ബന്ധമുണ്ടായിരിക്കാൻ കഴിയും?
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Forest Service photo