അധ്യായം 43
ഉജ്ജ്വലശോഭയുളള നഗരം
ദർശനം 16 വെളിപ്പാടു 21:9–22:5
വിഷയം: പുതിയ യെരുശലേമിന്റെ ഒരു വർണന
നിവൃത്തിയുടെ കാലം: മഹോപദ്രവത്തിനും സാത്താന്റെ അഗാധത്തിലടയ്ക്കലിനും ശേഷം
1, 2. (എ) പുതിയ യെരുശലേം കാണാൻ ഒരു ദൂതൻ യോഹന്നാനെ എങ്ങോട്ടു കൊണ്ടുപോകുന്നു, നാം ഇവിടെ എന്ത് അന്തരം കുറിക്കൊളളുന്നു? (ബി) ഇതു വെളിപാടിന്റെ മഹത്തായ പാരമ്യം ആയിരിക്കുന്നതെന്തുകൊണ്ട്?
ഒരു ദൂതൻ മഹാബാബിലോനെ കാണിച്ചുകൊടുക്കാൻ യോഹന്നാനെ മരുഭൂമിയിൽ കൊണ്ടുപോയിരുന്നു. ഇപ്പോൾ അതേ ദൂതഗണത്തിൽ ഒരാൾ ഒരു ഉയർന്ന പർവതത്തിലേക്ക് യോഹന്നാനെ നയിക്കുന്നു. അവൻ എന്തൊരു അന്തരമാണു കാണുന്നത്! ഇവിടെയുളളതു ബാബിലോന്യ വേശ്യയെപ്പോലെ അശുദ്ധവും അധാർമികവുമായ ഒരു നഗരമല്ല, പിന്നെയോ നിർമലവും ആത്മീയവും വിശുദ്ധവുമായ പുതിയ യെരുശലേമാണ്, അതു സ്വർഗത്തിൽനിന്നുതന്നെ ഇറങ്ങുകയുമാണ്.—വെളിപ്പാടു 17:1, 5.
2 ഭൗമിക യെരുശലേമിനുപോലും ഇതുപോലൊരു പ്രതാപം ഒരിക്കലും ഉണ്ടായിരുന്നില്ല. യോഹന്നാൻ നമ്മോടു പറയുന്നു: “അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതൻമാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വൻമലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുളളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.” (വെളിപ്പാടു 21:9, 10) ഉയർന്നുനിൽക്കുന്ന ആ പർവതത്തിന്റെ മുകളിലെ അനുകൂലസ്ഥാനത്തു യോഹന്നാൻ മനോഹരമായ ആ നഗരത്തെ അതിന്റെ മനോജ്ഞമായ എല്ലാ വിശദാംശങ്ങളിലും നോക്കിക്കാണുന്നു. പാപത്തിലേക്കും മരണത്തിലേക്കുമുളള മനുഷ്യവർഗത്തിന്റെ വീഴ്ചമുതൽ എക്കാലവും വിശ്വാസമുളള മനുഷ്യർ അതിന്റെ വരവിനുവേണ്ടി ആകാംക്ഷാപൂർവം കാത്തിരുന്നിട്ടുണ്ട്. ഒടുവിൽ അത് വന്നിരിക്കുന്നു! (റോമർ 8:19; 1 കൊരിന്ത്യർ 15:22, 23; എബ്രായർ 11:39, 40) അതു വിശ്വസ്തരായ 1,44,000 നിർമലതാപാലകർ ചേർന്നുളവാകുന്ന മഹനീയമായ ആത്മീയ നഗരമാണ്, അതിന്റെ പരിശുദ്ധിയിൽ ഉജ്ജ്വലശോഭയുളളതും യഹോവയുടെ തേജസ്സു പ്രതിഫലിപ്പിക്കുന്നതും തന്നെ. മഹത്തായ വെളിപാടു പാരമ്യം ഇതാ!
3. പുതിയ യെരുശലേമിന്റെ മനോഹാരിത യോഹന്നാൻ വർണിക്കുന്നതെങ്ങനെ?
3 പുതിയ യെരുശലേം അതിന്റെ മനോഹാരിതയിൽ പുളകമണിയിക്കുന്നതാണ്: “അതിന്റെ ജ്യോതിസ്സു ഏററവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുളള സൂര്യകാന്തംപോലെ ആയിരുന്നു. അതിന്നു പൊക്കമുളള വൻമതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതൻമാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു. കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലൻമാരുടെ പന്ത്രണ്ടു പേരും ഉണ്ടു.” (വെളിപ്പാടു 21:11-14) യോഹന്നാൻ രേഖപ്പെടുത്തുന്ന ആദ്യത്തെ ധാരണ ജ്വലിക്കുന്ന ശോഭയാണെന്നുളളത് എത്ര ഉചിതം! ഒരു പുതുമണവാട്ടിയെപ്പോലെ ജ്വലിക്കുന്ന പുതിയ യെരുശലേം ക്രിസ്തുവിനു യോജിച്ച ഒരു ഭാര്യയാണ്. “വെളിച്ചങ്ങളുടെ പിതാവി”ന്റെ ഒരു സൃഷ്ടിക്കു യോജിച്ച വിധത്തിൽ അതു ജ്വലിക്കുകതന്നെചെയ്യുന്നു.—യാക്കോബ് 1:17.
4. പുതിയ യെരുശലേം ജഡിക ഇസ്രായേൽ ജനതയല്ലെന്ന് എന്തു സൂചിപ്പിക്കുന്നു?
4 അതിന്റെ 12 ഗോപുരങ്ങളിൽ ഇസ്രായേലിന്റെ 12 ഗോത്രങ്ങളുടെ പേരുകൾ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രതീകാത്മക നഗരം “യിസ്രായേൽമക്കളുടെ സകല ഗോത്രത്തി”ൽനിന്നും മുദ്രയേററ 1,44,000 പേർ ചേർന്നു രൂപംകൊളളുന്നതാണ്. (വെളിപ്പാടു 7:4-8) ഇതിനോടു ചേർച്ചയിൽ, അടിസ്ഥാനക്കല്ലുകളിൽ കുഞ്ഞാടിന്റെ 12 അപ്പോസ്തലൻമാരുടെ പേരുണ്ട്. അതെ, പുതിയ യെരുശലേം യാക്കോബിന്റെ 12 പുത്രൻമാരുടെ മേൽ സ്ഥാപിതമായ ജഡിക ഇസ്രായേൽ ജനതയല്ല. അത് ‘അപ്പൊസ്തലൻമാരുടെയും പ്രവാചകൻമാരുടെയും’ മേൽ സ്ഥാപിതമായ ആത്മീയ ഇസ്രായേൽ ആണ്.—എഫെസ്യർ 2:20.
5. പുതിയ യെരുശലേമിന്റെ “പൊക്കമുളള വൻമതിലും” ഓരോ കവാടത്തിലും ദൂതൻമാരെ നിർത്തിയിരിക്കുന്നു എന്ന വസ്തുതയും എന്തിനെ സൂചിപ്പിക്കുന്നു?
5 പ്രതീകാത്മക നഗരത്തിനു വലിയൊരു മതിൽ ഉണ്ട്. പുരാതന കാലങ്ങളിൽ ശത്രുക്കളെ അകററിനിർത്തുന്നതിനു സുരക്ഷയുടെ ഉദ്ദേശ്യത്തിൽ നഗരമതിലുകൾ പണിതിരുന്നു. പുതിയ യെരുശലേമിന്റെ ‘പൊക്കമുളള വൻമതിൽ’ അവൾ ആത്മീയമായി സുരക്ഷിതയാണെന്നു പ്രകടമാക്കുന്നു. നീതിയുടെ ഒരു ശത്രുവിനും അശുദ്ധനോ നെറിവില്ലാത്തവനോ ആയ ഒരുവനും പ്രവേശനം നേടാൻ ഒരിക്കലും കഴിയുകയില്ല. (വെളിപ്പാടു 21:27) എന്നാൽ അനുവദിക്കപ്പെടുന്നവർക്ക്, ഈ മനോഹര നഗരത്തിലേക്കു പ്രവേശിക്കുന്നതു പറുദീസയിലേക്കു പ്രവേശിക്കുന്നതുപോലെയാണ്. (വെളിപ്പാടു 2:7) ആദാമിന്റെ പുറത്താക്കലിനുശേഷം ആദിമ പറുദീസയുടെ മുമ്പിൽ അശുദ്ധരായ മനുഷ്യരെ അകററിനിർത്തുന്നതിനുവേണ്ടി കെരൂബുകളെ നിർത്തിയിരുന്നു. (ഉല്പത്തി 3:24) അതുപോലെതന്നെ, വിശുദ്ധനഗരമാകുന്ന യെരുശലേമിന്റെ ഓരോ പ്രവേശന കവാടത്തിലും നഗരത്തിന്റെ ആത്മീയ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു ദൂതൻമാരെ നിർത്തുന്നു. വാസ്തവത്തിൽ, അന്ത്യനാളുകളിലുടനീളം ബാബിലോന്യ ദുഷിപ്പിൽനിന്നു പുതിയ യെരുശലേമായിത്തീരുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെ ദൂതൻമാർ കാത്തുരക്ഷിച്ചുകൊണ്ടാണിരുന്നിട്ടുളളത്.—മത്തായി 13:41.
നഗരത്തെ അളക്കുന്നു
6. (എ) നഗരത്തിന്റെ അളക്കലിനെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ, ഈ അളക്കൽ എന്തു സൂചിപ്പിക്കുന്നു? (ബി) ഉപയോഗിച്ച അളവ് “മമനുഷ്യന്റെ അളവിന്നു എന്നുവെച്ചൽ ദൂതന്റെ അളവിന്നു തന്നേ” ആയിരുന്നു എന്നതിനെ എന്തു വിശദമാക്കിയേക്കാം? (അടിക്കുറിപ്പു കാണുക.)
6 യോഹന്നാൻ തന്റെ വിവരണം തുടരുന്നു: “എന്നോടു സംസാരിച്ചവന്നു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുളള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക [പന്തീരായിരം ഫർലോങ്, NW] കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ. അതിന്റെ മതിൽ അളന്നു; മമനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂററിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.” (വെളിപ്പാടു 21:15-17) ആലയ വിശുദ്ധമന്ദിരം അളക്കപ്പെട്ടപ്പോൾ, അതിനോടുളള ബന്ധത്തിൽ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിക്ക് അത് ഉറപ്പു നൽകി. (വെളിപ്പാടു 11:1) ഇപ്പോൾ ദൂതൻ നടത്തുന്ന പുതിയ യെരുശലേമിന്റെ അളക്കൽ തേജോമയമായ ഈ നഗരത്തെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യങ്ങൾ എത്ര മാററമില്ലാത്തതാണെന്നു പ്രകടമാക്കുന്നു.a
7. നഗരത്തിന്റെ അളവുകൾ സംബന്ധിച്ച് ശ്രദ്ധേയമായതെന്താണ്?
7 ഇത് എന്തൊരു അസാമാന്യ നഗരമാണ്! അത് 12,000 ഫർലോങ് (ഏതാണ്ട് 2,220 കിലോമീററർ) ചുററളവുളള ഒരു പൂർണ ക്യൂബ് ആണ്, അതിന് 144 മുഴം അല്ലെങ്കിൽ 64 മീററർ ഉയരമുളള ഒരു മതിൽക്കെട്ടുമുണ്ട്. ഒരു അക്ഷരീയ നഗരത്തിനും ഒരിക്കലും അത്തരം അളവുകൾ ഉണ്ടായിരുന്നിട്ടില്ല. അത് ആധുനിക ഇസ്രായേലിന്റെ ഏതാണ്ട് 14 ഇരട്ടി പ്രദേശത്തു വ്യാപിച്ചുകിടക്കും, അത് ബഹിരാകാശത്തിലേക്ക് ഏതാണ്ട് 560 കിലോമീററർ ഉയർന്നുനിൽക്കുകയും ചെയ്യും! വെളിപാട് അടയാളങ്ങളായി നൽകപ്പെട്ടു. അതുകൊണ്ട് പുതിയ സ്വർഗീയ യെരുശലേമിന്റെ അളവുകൾ നമ്മോട് എന്ത് അറിയിക്കുന്നു?
8. പിൻവരുന്നവ എന്തിനെ സൂചിപ്പിക്കുന്നു (എ) നഗരത്തിന്റെ 144 മുഴം ഉയരമുളള മതിലുകൾ? (ബി) നഗരത്തിന്റെ 12,000 ഫർലോങ് അളവ്? (സി) നഗരം ആകൃതിയിൽ ഒരു പൂർണ ക്യൂബ് ആയിരിക്കുന്നത്?
8 ആത്മീയമായി ദത്തെടുത്ത 1,44,000 ദൈവപുത്രൻമാർ ചേർന്നതാണു നഗരമെന്ന് 144 മുഴം ഉയരമുളള മതിലുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു. നഗരത്തിന്റെ 12,000 ഫർലോങ് അളവിൽ കാണുന്ന 12 എന്ന സംഖ്യ—നീളവും വീതിയും ഉയരവും സമംതന്നെ—ബൈബിൾ പ്രവചനത്തിൽ സംഘടനാപരമായ പശ്ചാത്തലങ്ങളിൽ ആലങ്കാരികമായി ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട്, പുതിയ യെരുശലേം ദൈവത്തിന്റെ നിത്യോദ്ദേശ്യം സാക്ഷാത്കരിക്കുന്നതിന് അതിഗംഭീരമായി രൂപകൽപ്പന ചെയ്തിട്ടുളള ഒരു സംഘടനാക്രമീകരണമാണ്. രാജാവായ യേശുക്രിസ്തുവുംകൂടെ കൂടുമ്പോൾ പുതിയ യെരുശലേം യഹോവയുടെ രാജ്യസംഘടനയാണ്. അടുത്തതായി നഗരത്തിന്റെ ആകൃതിയുണ്ട്: ഒരു പൂർണ ക്യൂബ്. ശലോമോന്റെ ആലയത്തിൽ യഹോവയുടെ സാന്നിധ്യത്തിന്റെ ഒരു പ്രതീകാത്മക പ്രതിനിധാനം ഉൾക്കൊണ്ടിരുന്ന അതിവിശുദ്ധം ഒരു പൂർണ ക്യൂബ് ആയിരുന്നു. (1 രാജാക്കൻമാർ 6:19, 20) അപ്പോൾ യഹോവയുടെതന്നെ തേജസ്സിനാൽ പ്രകാശിപ്പിക്കപ്പെടുന്ന പുതിയ യെരുശലേം പൂർണമായ ഒരു വലിയ ക്യൂബ് ആയി കാണുന്നത് എത്ര ഉചിതമാണ്! അതിന്റെ അളവുകളെല്ലാം തികച്ചും സമതുലിതമാണ്. അതു ക്രമരാഹിത്യങ്ങളോ ന്യൂനതകളോ ഇല്ലാത്ത ഒരു നഗരമാണ്.—വെളിപ്പാടു 21:22.
വിലപിടിച്ച നിർമാണ വസ്തുക്കൾ
9. നഗരത്തിന്റെ നിർമാണവസ്തുക്കളെ യോഹന്നാൻ വർണിക്കുന്നതെങ്ങനെ?
9 യോഹന്നാൻ തന്റെ വർണന തുടരുന്നു: “മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുളളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.”—വെളിപ്പാടു 21:18-21.
10. നഗരം സൂര്യകാന്തവും സ്വർണവും “സകല രത്നവുംകൊണ്ടു” പണിതിരിക്കുന്നുവെന്ന വസ്തുത എന്തിനെ സൂചിപ്പിക്കുന്നു?
10 നഗരത്തിന്റെ നിർമാണം സത്യത്തിൽ ഉജ്ജ്വലശോഭയുളളതാണ്. മണ്ണും കല്ലും പോലെ മൺമയമായ ഭൗമിക നിർമാണവസ്തുക്കൾക്കു പകരം നാം സൂര്യകാന്തവും തങ്കവും “സകല രത്നവും” സംബന്ധിച്ചു വായിക്കുന്നു. ഇവ എത്ര ഉചിതമായി സ്വർഗീയ നിർമാണവസ്തുക്കളെ ചിത്രീകരിക്കുന്നു! മറെറാന്നിനും അതിലും ശോഭയുളളതായിരിക്കാൻ കഴിയില്ല. പുരാതന നിയമപെട്ടകം ശുദ്ധമായ സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു, ബൈബിളിൽ ഈ മൂലകം മിക്കപ്പോഴും ശ്രേഷ്ഠവും വിലപിടിപ്പുളളതുമായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. (പുറപ്പാടു 25:11; സദൃശവാക്യങ്ങൾ 25:11; യെശയ്യാവു 60:6, 17) എന്നാൽ പുതിയ യെരുശലേം മുഴുവനും അതിന്റെ വിശാലമായ വീഥിപോലും ‘സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കംകൊണ്ടു’ നിർമിക്കപ്പെടുന്നു, ഭാവനയെ ഞെട്ടിക്കുന്ന മനോഹാരിതയെയും യഥാർഥ മൂല്യത്തെയും വർണിക്കുന്നതുതന്നെ.
11. പുതിയ യെരുശലേം ആയിത്തീരുന്നവർ ആത്മീയ ശുദ്ധിയുടെ ഏററവും ഉന്നതമായ ഗുണനിലവാരത്താൽ ജ്വലിക്കുമെന്ന് ഉറപ്പുവരുത്തുന്നത് എന്ത്?
11 അത്ര ശുദ്ധമായ സ്വർണം ഉത്പാദിപ്പിക്കാൻ ഒരു മനുഷ്യ സ്വർണപ്പണിക്കാരനും കഴിയുകയില്ല. എന്നാൽ യഹോവ വിദഗ്ധനായ ശുദ്ധികർത്താവ് ആണ്. അവൻ “ഊതിക്കഴിക്കുന്നവനെപ്പോലെയും വെളളി ശുദ്ധിവരുത്തുന്നവനെപ്പോലെയും” ഇരുന്നുകൊണ്ട്, ആത്മീയ ഇസ്രായേലിലെ വ്യക്തികളായ വിശ്വസ്ത അംഗങ്ങളെ “പൊന്നുപോലെയും വെളളിപോലെയും” ശുദ്ധീകരിക്കുന്നു, അവരിൽനിന്നു സകല മാലിന്യങ്ങളും നീക്കംചെയ്തുകൊണ്ടുതന്നെ. സത്യമായും ശുദ്ധീകരിക്കപ്പെട്ടവരും നിർമലീകരിക്കപ്പെട്ടവരുമായ വ്യക്തികൾ മാത്രമേ പുതിയ യെരുശലേമായിത്തീരുകയുളളൂ. ഈ വിധത്തിൽ യഹോവ, അതിവിശിഷ്ടമായ ആത്മീയ ശുദ്ധിയിൽ ജ്വലിക്കുന്ന ജീവിക്കുന്ന നിർമാണ വസ്തുക്കൾകൊണ്ട് നഗരം പണിയുന്നു.—മലാഖി 3:3, 4.
12. പിൻവരുന്ന വസ്തുതയാൽ എന്ത് അർഥമാക്കപ്പെടുന്നു (എ) നഗരത്തിന്റെ അടിസ്ഥാനങ്ങൾ 12 രത്നങ്ങളാൽ അലങ്കരിക്കപ്പെടുന്നു? (ബി) നഗരത്തിന്റെ ഗോപുരങ്ങൾ മുത്തുകൾ ആണ്?
12 വിലപിടിച്ച 12 രത്നങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നതിനാൽ, നഗരത്തിന്റെ അടിസ്ഥാനങ്ങൾപോലും മനോഹരമായിരുന്നു. ഇവിടെ വിവരിച്ചിരിക്കുന്നതിനോട് ഏതാണ്ടു സമാനമായി വിലപിടിച്ച 12 കല്ലുകൾ പതിച്ച ഒരു ഏഫോദ് ഔപചാരിക ദിവസങ്ങളിൽ ധരിച്ചിരുന്ന പുരാതനകാലത്തെ യഹൂദ മഹാപുരോഹിതനെ ഇത് അനുസ്മരിപ്പിക്കുന്നു. (പുറപ്പാടു 28:15-21) തീർച്ചയായും ഇത് ഒട്ടും ആകസ്മികമല്ല! പിന്നെയോ, വലിയ മഹാപുരോഹിതനായ യേശു “വിളക്കു” ആയിരിക്കുന്ന, പുതിയ യെരുശലേമിന്റെ പൗരോഹിത്യധർമത്തിന് ഇത് ഊന്നൽ നൽകുന്നു. (വെളിപ്പാടു 20:6; 21:23; എബ്രായർ 8:1) കൂടാതെ, യേശുവിന്റെ മഹാപുരോഹിത ശുശ്രൂഷയുടെ പ്രയോജനങ്ങൾ മനുഷ്യവർഗത്തിലേക്കു തിരിച്ചുവിടുന്നതു പുതിയ യെരുശലേമിലൂടെയാണ്. (വെളിപ്പാടു 22:1, 2) നഗരത്തിന്റെ 12 ഗോപുരങ്ങൾ ഓരോന്നും വളരെ മനോഹരമായ ഒരു മുത്താണെന്നുളളത്, രാജ്യത്തെ വിലയേറിയ ഒരു മുത്തിനോട് ഉപമിച്ച യേശുവിന്റെ ദൃഷ്ടാന്തത്തെ അനുസ്മരിപ്പിക്കുന്നു. ആ പടിവാതിലുകളിലൂടെ പ്രവേശിക്കുന്ന എല്ലാവരും ആത്മീയ മൂല്യങ്ങളോട് യഥാർഥ വിലമതിപ്പു പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കും.—മത്തായി 13:45, 46; താരതമ്യം ചെയ്യുക: ഇയ്യോബ് 28:12, 17, 18.
പ്രകാശമുളള ഒരു നഗരം
13. പുതിയ യെരുശലേമിനെക്കുറിച്ച് യോഹന്നാൻ അടുത്തതായി എന്തു പറയുന്നു, നഗരത്തിന് ഒരു അക്ഷരീയ ആലയം ആവശ്യമില്ലാത്തതെന്തുകൊണ്ട്?
13 ശലോമോന്റെ കാലത്ത്, വടക്കു മോറിയാ മലയിൽ നഗരത്തിലെ ഏററവും ഉയർന്ന സ്ഥാനത്തു പണിതിരുന്ന ആലയം യെരുശലേമിൽ തല ഉയർത്തിനിന്നിരുന്നു. എന്നാൽ പുതിയ യെരുശലേമിനെ സംബന്ധിച്ചെന്ത്? യോഹന്നാൻ പറയുന്നു: “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുളള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.” (വെളിപ്പാടു 21:22, 23) സത്യത്തിൽ, ഇവിടെ ഒരു അക്ഷരീയ ആലയം പണിയേണ്ട ഒരാവശ്യവും ഇല്ല. യഹൂദയിലെ പുരാതന ആലയം ഒരു മാതൃക മാത്രമായിരുന്നു, ആ മാതൃകയുടെ യാഥാർഥ്യം ആകുന്ന വലിയ ആത്മീയ ആലയം, യഹോവ പൊ.യു. 29-ൽ യേശുവിനെ മഹാപുരോഹിതനായി അഭിഷേകം ചെയ്തതുമുതൽ സ്ഥിതിചെയ്തിരിക്കുന്നു. (മത്തായി 3:16, 17; എബ്രായർ 9:11, 12, 23, 24) ഒരു ആലയം ജനത്തിനുവേണ്ടി യഹോവക്കു യാഗങ്ങൾ അർപ്പിക്കുന്ന ഒരു പുരോഹിതവർഗത്തെയും മുൻകൂട്ടി ഉദ്ദേശിക്കുന്നു. എന്നാൽ പുതിയ യെരുശലേമിന്റെ ഭാഗമായ എല്ലാവരും പുരോഹിതൻമാരാണ്. (വെളിപ്പാടു 20:6) കൂടാതെ, വലിയ യാഗം, യേശുവിന്റെ പൂർണ മനുഷ്യജീവൻ എന്നേക്കുമായി ഒരിക്കൽ അർപ്പിക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 9:27, 28) അതിനുപുറമേ, യഹോവ നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കും വ്യക്തിപരമായി സമീപിക്കാവുന്നവനാണ്.
14. (എ) പുതിയ യെരുശലേമിന് അതിൻമേൽ പ്രകാശിക്കാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ലാത്തതെന്തുകൊണ്ട്? (ബി) യഹോവയുടെ സാർവത്രിക സ്ഥാപനത്തെക്കുറിച്ച് യെശയ്യാവിന്റെ പ്രവചനം എന്തു മുൻകൂട്ടിപ്പറഞ്ഞു, പുതിയ യെരുശലേം അതിൽ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
14 സീനായ് പർവതത്തിൽ യഹോവയുടെ തേജസ്സു മോശയുടെ അടുക്കലൂടെ കടന്നുപോയപ്പോൾ അതു മോശയുടെ മുഖം വളരെയധികം ശോഭിക്കാൻ ഇടയാക്കി, തന്നിമിത്തം അവന് സഹഇസ്രായേല്യരിൽനിന്ന് അതു മറച്ചുപിടിക്കേണ്ടിവന്നു. (പുറപ്പാടു 34:4-7, 29, 30, 33) അപ്പോൾ, യഹോവയുടെ തേജസ്സിനാൽ സ്ഥിരമായി പ്രകാശിപ്പിക്കപ്പെടുന്ന ഒരു നഗരത്തിന്റെ ശോഭ നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? അത്തരം ഒരു നഗരത്തിനു രാത്രികാലം ഉണ്ടായിരിക്കാവുന്നതല്ല. അതിന് ഒരു അക്ഷരീയ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യം ഉണ്ടായിരിക്കുകയില്ല. അതു നിത്യം പ്രകാശം വർഷിച്ചുകൊണ്ടിരിക്കും. (താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 6:16.) പുതിയ യെരുശലേം അത്തരം ഉജ്ജ്വലമായ തിളക്കത്തിൽ കുളിച്ചു നിൽക്കുന്നു. വാസ്തവത്തിൽ, ഈ മണവാട്ടിയും അതിന്റെ മണവാളനായ രാജാവും യഹോവയുടെ സാർവത്രിക സ്ഥാപനത്തിന്റെ—അവന്റെ “സ്ത്രീ”യുടെ, “മീതെയുളള യെരൂശലേ”മിന്റെ—തലസ്ഥാനമായിത്തീരുന്നു. അതിനെക്കുറിച്ച് യെശയ്യാവ് ഇപ്രകാരം പ്രവചിച്ചു: “ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സുമാകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.”—യെശയ്യാവു 60:1, 19, 20; ഗലാത്യർ 4:26.
ജനതകൾക്ക് ഒരു വെളിച്ചം
15. പുതിയ യെരുശലേമിനെക്കുറിച്ചുളള വെളിപാടിലെ ഏതു വാക്കുകൾ യെശയ്യാവിന്റെ പ്രവചനത്തിനു സമാനമാണ്?
15 ഇതേ പ്രവചനം ഇതുകൂടെ മുൻകൂട്ടിപ്പറഞ്ഞു: “ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശയ്യാവു 60:3) ഈ വചനങ്ങൾ പുതിയ യെരുശലേമിനെ ഉൾപ്പെടുത്തുമെന്നു വെളിപാടു പ്രകടമാക്കുന്നു. “ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കൻമാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. അതിന്റെ ഗോപുരങ്ങൾ പകല്ക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.”—വെളിപ്പാടു 21:24-26.
16. പുതിയ യെരുശലേമിന്റെ വെളിച്ചത്തിൽ നടക്കുന്ന “ജാതികൾ” ആരാണ്?
16 പുതിയ യെരുശലേമിന്റെ വെളിച്ചത്തിൽ നടക്കുന്ന ഈ “ജാതികൾ” ആരാണ്? അവർ ഒരിക്കൽ ഈ ദുഷ്ടലോകത്തിലെ ജനതകളുടെ ഭാഗമായിരുന്നവരും ഈ മഹത്ത്വപൂർണമായ സ്വർഗീയ നഗരത്തിലൂടെ വർഷിക്കുന്ന വെളിച്ചത്തോടു പ്രതികരിക്കുന്നവരും ആയ ആളുകളാണ്. അവരിൽ പ്രഥമസ്ഥാനത്തുളളവർ ഇപ്പോൾതന്നെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” പുറത്തുവന്നിരിക്കുന്നവരും യോഹന്നാൻ വർഗത്തോടുചേർന്നു രാവും പകലും ദൈവത്തെ ആരാധിക്കുന്നവരും ആയ മഹാപുരുഷാരം ആണ്. (വെളിപ്പാടു 7:9, 15) പുതിയ യെരുശലേം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുകയും യേശു മരിച്ചവരെ ഉയിർപ്പിക്കാൻ മരണത്തിന്റെയും ഹേഡീസിന്റെയും താക്കോൽ ഉപയോഗിക്കുകയും ചെയ്തശേഷം മുമ്പു “ജാതികൾ” ആയിരുന്ന മററു ലക്ഷങ്ങൾകൂടെ അവരോടു കൂട്ടിച്ചേർക്കപ്പെടും, അവർ യഹോവയെയും പുതിയ യെരുശലേമിന്റെ കുഞ്ഞാടുതുല്യ ഭർത്താവായ അവന്റെ പുത്രനെയും സ്നേഹിക്കാൻ ഇടയാകുന്നവർ ആണ്.—വെളിപ്പാടു 1:18.
17. പുതിയ യെരുശലേമിലേക്കു ‘തങ്ങളുടെ മഹത്വം കൊണ്ടുവരുന്ന’ “ഭൂമിയുടെ രാജാക്കൻമാർ” ആരാണ്?
17 അപ്പോൾ “തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരു”ന്ന “ഭൂമിയുടെ രാജാക്കൻമാർ” ആരാണ്? അവർ ഒരു സംഘമെന്നനിലയിൽ ഭൂമിയിലെ അക്ഷരീയ രാജാക്കൻമാർ അല്ല, എന്തെന്നാൽ അർമഗെദോനിൽ ദൈവരാജ്യത്തിനെതിരെ പോരാടിക്കൊണ്ട് അവർ നാശത്തിലേക്കു പോകുന്നു. (വെളിപ്പാടു 16:14, 16; 19:17, 18) രാജാക്കൻമാർ മഹാപുരുഷാരത്തിന്റെ ഭാഗമായിത്തീരുന്ന ജനതകളിലെ ചില ഉന്നതസ്ഥാനീയർ ആയിരിക്കുമോ, അതോ അവർ പുതിയലോകത്തിൽ ദൈവരാജ്യത്തിനു കീഴ്പെടുന്ന പുനരുത്ഥാനം പ്രാപിക്കുന്ന രാജാക്കൻമാർ ആണോ? (മത്തായി 12:42) തീർച്ചയായും അല്ല, എന്തെന്നാൽ അത്തരം രാജാക്കൻമാരുടെ മഹത്ത്വത്തിൽ അധികപങ്കും ലൗകികമായിരുന്നു, അതു മങ്ങിയിട്ടു വളരെക്കാലവുമായിരിക്കുന്നു. അപ്പോൾ പുതിയ യെരുശലേമിലേക്കു തങ്ങളുടെ മഹത്ത്വം കൊണ്ടുവരുന്ന “ഭൂമിയുടെ രാജാക്കൻമാർ” കുഞ്ഞാടായ യേശുക്രിസ്തുവിനോടുകൂടെ രാജാക്കൻമാരായി ഭരിക്കുന്നതിനു “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു . . . വിലെക്കു വാങ്ങ”പ്പെട്ടവർ ആയ 1,44,000 ആയിരിക്കണം. (വെളിപ്പാടു 5:9, 10; 22:5) നഗരത്തിന്റെ ശോഭ കൂട്ടുന്നതിന് അവർ അതിലേക്കു ദൈവദത്തമായ തങ്ങളുടെ മഹത്ത്വം കൊണ്ടുവരുന്നു.
18. (എ) പുതിയ യെരുശലേമിൽനിന്ന് ആർ ഒഴിവാക്കി നിർത്തപ്പെടും? (ബി) നഗരത്തിൽ പ്രവേശിക്കാൻ ആർ മാത്രമേ അനുവദിക്കപ്പെടുകയുളളൂ?
18 യോഹന്നാൻ തുടരുന്നു: “കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.” (വെളിപ്പാടു 21:27) സാത്താന്റെ വ്യവസ്ഥിതിയാൽ കളങ്കപ്പെട്ട യാതൊന്നിനും പുതിയ യെരുശലേമിന്റെ ഭാഗമായിരിക്കാൻ കഴിയില്ല. അതിന്റെ പടിവാതിലുകൾ സ്ഥിരമായി തുറന്നിരിക്കുന്നെങ്കിൽ പോലും “മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്ന” ആരും പ്രവേശിക്കാൻ അനുവദിക്കപ്പെടുകയില്ല. ആ നഗരത്തിൽ വിശ്വാസത്യാഗികളോ മഹാബാബിലോന്റെ ഏതെങ്കിലും അംഗങ്ങളോ ഉണ്ടായിരിക്കുകയില്ല. നഗരത്തിന്റെ ഭാവി അംഗങ്ങൾ ഭൂമിയിലായിരിക്കെ അവരെ ദുഷിപ്പിച്ചുകൊണ്ട് അതിന്റെ പരിശുദ്ധി നശിപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ അവരുടെ ശ്രമങ്ങൾ തകർക്കപ്പെടുന്നു. (മത്തായി 13:41-43) “കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്ന”വരായ 1,44,000 പേർ മാത്രമേ ഒടുവിൽ പുതിയ യെരുശലേമിലേക്കു പ്രവേശിക്കുകയുളളൂ.b—വെളിപ്പാടു 13:8; ദാനീയേൽ 12:3.
ജീവജലനദി
19. (എ) മനുഷ്യവർഗത്തിലേക്ക് അനുഗ്രഹങ്ങൾ തിരിച്ചുവിടുന്ന മാർഗമെന്നനിലയിൽ യോഹന്നാൻ പുതിയ യെരുശലേമിനെ വർണിക്കുന്നതെങ്ങനെ? (ബി) “ജീവജലനദി” എപ്പോൾ ഒഴുകുന്നു, നാം എങ്ങനെ അറിയുന്നു?
19 ഉജ്ജ്വലശോഭയുളള പുതിയ യെരുശലേം ഭൂമിയിൽ മനുഷ്യവർഗത്തിലേക്കു മഹത്തായ അനുഗ്രഹങ്ങൾ തിരിച്ചുവിടും. യോഹന്നാൻ അടുത്തതായി മനസ്സിലാക്കുന്നത് ഇതാണ്: “വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.” (വെളിപ്പാടു 22:1) ഈ “നദി” ഒഴുകുന്നത് എപ്പോഴാണ്? അത് “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു” ഒഴുകുന്നതുകൊണ്ട് 1914-ൽ കർത്താവിന്റെ ദിവസം തുടങ്ങിയതിനുശേഷം മാത്രമേ ആയിരിക്കാൻ കഴിയുകയുളളൂ. അത് ഏഴാമത്തെ കാഹളം മുഴക്കലും “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും മുഖേന ഉദ്ഘോഷിക്കപ്പെട്ട സംഭവം നടക്കുന്നതിനുളള സമയമായിരുന്നു. (വെളിപ്പാടു 11:15; 12:10) ആ തീയതിക്കു മുമ്പു മിശിഹൈക രാജാവെന്ന നിലയിൽ “കുഞ്ഞാടു” സിംഹാസനസ്ഥനാക്കപ്പെട്ടിരുന്നില്ല. അതിനുപുറമേ, നദി പുതിയ യെരുശലേമിന്റെ വിശാലമായ വീഥിയിലൂടെ ഒഴുകുന്നതുകൊണ്ട്, ദർശനത്തിന്റെ നിവൃത്തിയുടെ കാലം സാത്താന്റെ ലോകത്തിന്റെ നാശത്തിനുശേഷം പുതിയ യെരുശലേം ‘സ്വർഗ്ഗത്തിൽനിന്നു ദൈവസന്നിധിയിൽനിന്നുതന്നേ ഇറങ്ങിവരുമ്പോൾ’ ആയിരിക്കണം.—വെളിപ്പാടു 21:2.
20. ഒരളവിൽ ജീവജലം ഇപ്പോൾതന്നെ ലഭ്യമാണെന്ന് എന്തു സൂചിപ്പിക്കുന്നു?
20 ജീവദായകമായ ജലം മനുഷ്യവർഗത്തിനു വാഗ്ദാനം ചെയ്ത ആദ്യ സന്ദർഭം ഇതല്ല. യേശു ഭൂമിയിലായിരുന്നപ്പോൾ നിത്യജീവൻ പകർന്നുകൊടുക്കുന്ന ജലത്തെക്കുറിച്ച് അവൻ സംസാരിച്ചു. (യോഹന്നാൻ 4:10-14; 7:37, 38) കൂടാതെ, ഈ സ്നേഹപൂർവകമായ ക്ഷണം യോഹന്നാൻ കേൾക്കാൻ പോകയാണ്: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 22:17) ഒരളവിൽ ജീവജലം ഇപ്പോൾതന്നെ ലഭ്യമാണെന്നു സൂചിപ്പിച്ചുകൊണ്ട് ഈ ക്ഷണം ഇപ്പോൾപോലും മുഴക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ പുതിയ ലോകത്തിൽ ആ വെളളം ദൈവത്തിന്റെ സിംഹാസനത്തിൽനിന്നു പുതിയ യെരുശലേമിലൂടെ ഒരു അസ്സൽ നദിയായി ഒഴുകും.
21. “ജീവജലനദി” എന്തിനെ പ്രതിനിധാനം ചെയ്യുന്നു, ഈ നദിയെക്കുറിച്ചുളള എസെക്കിയേലിന്റെ ദർശനം അതറിയാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
21 ഈ “ജീവജലനദി” എന്താണ്? അക്ഷരാർഥ ജലം ജീവിച്ചിരിക്കാൻ അനുപേക്ഷണീയമായ ഒരു ഘടകമാണ്. ആഹാരമില്ലാതെ ഒരു മനുഷ്യന് ആഴ്ചകളോളം ജീവിച്ചിരിക്കാൻ കഴിയും, എന്നാൽ വെളളം കിട്ടിയില്ലെങ്കിൽ അയാൾ ഏതാണ്ട് ഒരാഴ്ചക്കുളളിൽ മരിക്കും. ജലം ഒരു ശുചീകരണ ഹേതുവാണ്, ആരോഗ്യത്തിന് അതിപ്രധാനവുമാണ്. അതുകൊണ്ട്, ജീവജലം മനുഷ്യവർഗത്തിന്റെ ജീവനും ആരോഗ്യത്തിനും ഒഴിച്ചുകൂടാനാവാത്ത ചിലതിനെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം. ഈ “ജീവജലനദി”യുടെ ഒരു ദർശനം പ്രവാചകനായ എസെക്കിയേലിനും നൽകപ്പെട്ടു. അവന്റെ ദർശനത്തിൽ നദി യെരുശലേമിലെ ആലയത്തിൽനിന്നു പുറപ്പെട്ടു ചാവുകടലിലേക്ക് ഒഴുകി. അനന്തരം അതാ മഹാത്ഭുതം! ജീവരഹിതമായ ആ രാസവസ്തുപൂരിത ജലം മത്സ്യങ്ങളെക്കൊണ്ടു നിറഞ്ഞ ശുദ്ധജലമായി മാറി! (യെഹെസ്കേൽ 47:1-12) അതെ, ദാർശനിക നദി മുമ്പു മരിച്ചതായിരുന്ന ചിലതിനെ ജീവനിലേക്കു തിരിച്ചുവരുത്തുന്നു, ജീവജലനദി ‘മൃതാവസ്ഥ’യിലുളള മാനവരാശിക്കു പൂർണതയുളള മനുഷ്യജീവൻ പുനഃസ്ഥാപിക്കുന്നതിന് യേശുക്രിസ്തു മുഖാന്തരമുളള ദൈവത്തിന്റെ കരുതലിനെ ചിത്രീകരിക്കുന്നതായി അതു സ്ഥിരീകരിക്കുന്നു. ഈ നദി “പളുങ്കുപോലെ ശുഭ്ര”മാണ്, ദൈവത്തിന്റെ കരുതലുകളുടെ പരിശുദ്ധിയെയും പവിത്രതയെയും ഇത് കാണിക്കുന്നു. അതു ക്രൈസ്തവലോകത്തിന്റെ മാരകമായ രക്തപങ്കില “വെളളം” പോലെയല്ല.—വെളിപ്പാടു 8:10, 11.
22. (എ) നദി ഉത്ഭവിക്കുന്നതെവിടെ, ഇത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ജീവജലത്തിൽ എന്തുൾപ്പെടുന്നു, ഈ പ്രതീകാത്മക നദിയിൽ എന്തുൾപ്പെടുന്നു?
22 നദി “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു” പുറപ്പെടുന്നു. ഇത് ഉചിതമാണ്, എന്തുകൊണ്ടെന്നാൽ യഹോവയുടെ ജീവദായകമായ കരുതലുകളുടെ അടിസ്ഥാനം മറുവിലയാഗം ആണ്. യഹോവ “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു . . . അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച”തുകൊണ്ടാണ് ഇതു പ്രദാനം ചെയ്തത്. (യോഹന്നാൻ 3:16) ബൈബിളിൽ ജലമായി പറയപ്പെടുന്ന ദൈവവചനവും ജീവജലത്തിൽ ഉൾപ്പെടുന്നു. (എഫെസ്യർ 5:26) എന്നിരുന്നാലും, ജീവജലനദിയിൽ സത്യം മാത്രമല്ല, പിന്നെയോ അനുസരണമുളള മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും ഉദ്ധരിക്കാനും അവർക്കു നിത്യജീവൻ നൽകാനും യേശുവിന്റെ ബലിയെ അടിസ്ഥാനമാക്കിയുളള യഹോവയുടെ മററു സകല കരുതലും ഉൾപ്പെടുന്നു.—യോഹന്നാൻ 1:29; 1 യോഹന്നാൻ 2:1, 2.
23. (എ) ജീവജലനദി പുതിയ യെരുശലേമിന്റെ വിശാലമായ വീഥിയുടെ നടുവിലൂടെ ഒഴുകുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ജീവജലം സമൃദ്ധമായി ഒഴുകുമ്പോൾ അബ്രഹാമിനോടുളള ഏതു ദിവ്യവാഗ്ദത്തം നിറവേറും?
23 ആയിരമാണ്ടു വാഴ്ചക്കാലത്തു മറുവിലയുടെ പ്രയോജനങ്ങൾ യേശുവിന്റെയും അവന്റെ 1,44,000 ഉപപുരോഹിതൻമാരുടെയും പൗരോഹിത്യം മുഖാന്തരം പൂർണമായി പ്രയോഗിക്കപ്പെടുന്നു. അപ്പോൾ ഉചിതമായി, ജീവജലനദി പുതിയ യെരുശലേമിന്റെ വിശാലമായ വീഥിയുടെ നടുവിലൂടെ ഒഴുകുന്നു. ഇത് യേശുവിനോടൊത്ത് അബ്രഹാമിന്റെ യഥാർഥ സന്തതിയായിത്തീരുന്ന ആത്മീയ ഇസ്രായേൽ കൂടിച്ചേർന്നതാണ്. (ഗലാത്യർ 3:16, 29) അതുകൊണ്ട്, പ്രതീകാത്മക നഗരത്തിന്റെ വിശാലമായ വീഥിയുടെ നടുവിലൂടെ ജീവജലം സമൃദ്ധമായി ഒഴുകുമ്പോൾ ‘ഭൂമിയിലുളള സകലജാതികൾക്കും’ അബ്രഹാമിന്റെ സന്തതി മുഖാന്തരം തങ്ങളെത്തന്നെ അനുഗ്രഹിക്കാൻ പൂർണമായ അവസരം ലഭിക്കും. അബ്രഹാമിനോടുളള യഹോവയുടെ വാഗ്ദത്തം പൂർണമായി നിറവേറും.—ഉല്പത്തി 22:17, 18.
ജീവവൃക്ഷങ്ങൾ
24. ജീവജലനദിയുടെ ഇരു കരകളിലും യോഹന്നാൻ ഇപ്പോൾ എന്തു കാണുന്നു, അവ എന്തിനെ ചിത്രീകരിക്കുന്നു?
24 എസെക്കിയേലിന്റെ ദർശനത്തിൽ നദി ഒരു മഹാപ്രവാഹം ആയിത്തീരുകപോലും ചെയ്തു, അതിന്റെ ഇരു കരകളിലും എല്ലാത്തരം ഫലോത്പാദക വൃക്ഷങ്ങളും വളരുന്നതായും പ്രവാചകൻ കണ്ടു. (യെഹെസ്കേൽ 47:12) എന്നാൽ യോഹന്നാൻ എന്തു കാണുന്നു? ഇതുതന്നെ: “നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” (വെളിപ്പാടു 22:2) ഈ ‘ജീവവൃക്ഷങ്ങളും’ അനുസരണമുളള മനുഷ്യവർഗത്തിനു നിത്യജീവൻ നൽകാനുളള യഹോവയുടെ കരുതലിന്റെ ഭാഗത്തെ ചിത്രീകരിക്കേണ്ടതാണ്.
25. പ്രതികരണമുളള മനുഷ്യർക്കുവേണ്ടി ആഗോള പറുദീസയിൽ യഹോവ സമൃദ്ധമായ എന്തു കരുതൽ ചെയ്യുന്നു?
25 പ്രതികരണമുളള മനുഷ്യർക്കുവേണ്ടി യഹോവ എന്തു സമൃദ്ധമായ കരുതലാണു ചെയ്യുന്നത്! അവർക്ക് ആ ഉൻമേഷദായകമായ ജലം കുടിക്കാമെന്നു മാത്രമല്ല, ആ വൃക്ഷങ്ങളിൽനിന്നു പോഷകഗുണമുളള, തുടർച്ചയായി ലഭിക്കുന്ന വിവിധയിനം ഫലങ്ങൾ പറിച്ചെടുക്കുകയും ചെയ്യാം. ഓ, നമ്മുടെ ആദ്യ മാതാപിതാക്കൾ ഏദെനിലെ പറുദീസയിൽ ‘അഭികാമ്യമായ’ ഒരു സമാന കരുതൽകൊണ്ടു തൃപ്തിപ്പെട്ടിരുന്നെങ്കിൽ! (ഉൽപ്പത്തി 2:9, NW) എന്നാൽ ഇപ്പോൾ ഒരു ആഗോള പറുദീസ കൈവന്നിരിക്കുന്നു, ആ പ്രതീകാത്മക വൃക്ഷങ്ങളുടെ ഇലകൾ മുഖാന്തരം “ജാതികളുടെ രോഗശാന്തിക്കു”വേണ്ടി പോലും യഹോവ കരുതൽ ചെയ്യുന്നു.c പച്ചമരുന്നായാലും മറെറന്തായാലും ഇന്നു പ്രയോഗിക്കപ്പെടുന്ന ഏതു മരുന്നിനെക്കാളും വളരെ ശ്രേഷ്ഠമായ ആ പ്രതീകാത്മക ഇലകളുടെ സാന്ത്വക പ്രയോഗം വിശ്വാസമുളള മനുഷ്യവർഗത്തെ ആത്മീയവും ശാരീരികവുമായ പൂർണതയിലേക്ക് ഉയർത്തും.
26. ജീവവൃക്ഷങ്ങൾ എന്തിനെയും ചിത്രീകരിച്ചേക്കാം, എന്തുകൊണ്ട്?
26 കൂടുതലായി, നദിയിലൂടെ നല്ല നീരോട്ടം ലഭിക്കുന്ന ആ വൃക്ഷങ്ങൾ കുഞ്ഞാടിന്റെ ഭാര്യയാകുന്ന 1,44,000 അംഗങ്ങളെയും ചിത്രീകരിച്ചേക്കാം. ഭൂമിയിലായിരിക്കുമ്പോൾ ഇവരും ജീവനുവേണ്ടി യേശുക്രിസ്തു മുഖാന്തരമുളള ദൈവത്തിന്റെ കരുതലിൽനിന്നു കുടിക്കുന്നു, അവർ വൻ “നീതിവൃക്ഷങ്ങൾ” എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു. (യെശയ്യാവു 61:1-3; വെളിപ്പാടു 21:6) അവർ ഇതിനകം യഹോവയുടെ സ്തുതിക്കായി വളരെ ആത്മീയഫലം ഉത്പാദിപ്പിച്ചിട്ടുണ്ട്. (മത്തായി 21:43) ആയിരമാണ്ടു വാഴ്ചക്കാലത്ത്, പാപത്തിൽനിന്നും മരണത്തിൽനിന്നുമുളള “ജനതകളുടെ രോഗശാന്തിക്കു”തകുന്ന മറുവില സംബന്ധമായ കരുതലുകൾ പകർന്നുകൊടുക്കുന്നതിൽ അവർക്ക് ഒരു പങ്കുണ്ടായിരിക്കും.—താരതമ്യം ചെയ്യുക: 1 യോഹന്നാൻ 1:7.
മേലാൽ രാത്രിയില്ല
27. പുതിയ യെരുശലേമിലേക്കു പ്രവേശിക്കാൻ പദവി ലഭിക്കുന്നവർക്കുളള കൂടുതലായ ഏത് അനുഗ്രഹങ്ങളെക്കുറിച്ചു യോഹന്നാൻ പറയുന്നു, “യാതൊരു ശാപവും ഇനി ഉണ്ടാകയില്ല” എന്നു പറഞ്ഞിരിക്കുന്നതെന്തുകൊണ്ട്?
27 പുതിയ യെരുശലേമിലേക്കുളള പ്രവേശനം—തീർച്ചയായും, അതിലും അത്ഭുതകരമായ ഒരു പദവി ഉണ്ടായിരിക്കാൻ കഴിയില്ല! ആലോചിച്ചു നോക്കൂ,—ഒരിക്കൽ എളിയവരും അപൂർണരുമായ മനുഷ്യരായിരുന്നവർ അത്തരം മഹത്ത്വപൂർണമായ ഒരു ക്രമീകരണത്തിന്റെ ഭാഗമായിത്തീരുന്നതിന് യേശുവിന്റെ പിന്നാലെ സ്വർഗത്തിലേക്കു പോകും! (യോഹന്നാൻ 14:2) ഇവർ ആസ്വദിക്കാൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഇപ്രകാരം പറഞ്ഞുകൊണ്ട് യോഹന്നാൻ കുറെ ആശയം നൽകുന്നു: “യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസൻമാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെററിയിൽ ഇരിക്കും.” (വെളിപ്പാടു 22:3, 4) ഇസ്രായേല്യ പുരോഹിതവർഗം ദുഷിച്ചുപോയപ്പോൾ അത് യഹോവയുടെ ശാപം അനുഭവിച്ചു. (മലാഖി 2:2) യെരുശലേമിന്റെ അവിശ്വസ്ത “ഭവനം” ഉപേക്ഷിക്കപ്പെട്ടതായി യേശു പ്രഖ്യാപിച്ചു. (മത്തായി 23:37-39) എന്നാൽ പുതിയ യെരുശലേമിൽ “യാതൊരു ശാപവും ഇനി ഉണ്ടാകയില്ല”. (താരതമ്യം ചെയ്യുക: സെഖര്യാവു 14:11.) അതിലെ നിവാസികൾ എല്ലാം ഇവിടെ ഭൂമിയിൽവെച്ച് അഗ്നിപരീക്ഷകളിൽ പരിശോധിക്കപ്പെട്ടവരാണ്, വിജയം വരിച്ചശേഷം അവർ ‘അമർത്ത്യതയും അക്ഷയത്വവും ധരിച്ചിരിക്കും’. യേശുവിന്റെ കാര്യത്തിലെന്നപോലെ, അവരുടെ സംഗതിയിലും അവർ ഒരിക്കലും തെററിപ്പോവുകയില്ലെന്ന് യഹോവ അറിയുന്നു. (1 കൊരിന്ത്യർ 15:53, 57) അതിനുപുറമേ, നഗരത്തിന്റെ നില സകലനിത്യതയിലും ഭദ്രമാക്കിക്കൊണ്ട്, “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം” അവിടെ ഉണ്ടായിരിക്കും.
28. പുതിയ യെരുശലേമിന്റെ അംഗങ്ങൾക്ക് അവരുടെ നെററിയിൽ ദൈവനാമം എഴുതപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്, അവരുടെ മുമ്പാകെ ഏതു പുളകപ്രദമായ പ്രതീക്ഷ സ്ഥിതിചെയ്യുന്നു?
28 യോഹന്നാനെപ്പോലെ, ആ സ്വർഗീയ നഗരത്തിന്റെ എല്ലാ ഭാവി അംഗങ്ങളും ദൈവത്തിന്റെ “അടിമകൾ” ആണ്. ആ നിലയിൽ, അവരുടെ നെററിയിൽ ദൈവനാമം സ്പഷ്ടമായി എഴുതിയിട്ടുണ്ട്, അവനെ അവരുടെ ഉടമസ്ഥനായി തിരിച്ചറിയിച്ചുകൊണ്ടുതന്നെ. (വെളിപാട് 1:1, NW; 3:12) പുതിയ യെരുശലേമിന്റെ ഭാഗമെന്ന നിലയിൽ അവന് വിശുദ്ധസേവനം അർപ്പിക്കുന്നത് ഒരു അമൂല്യ പദവിയായി അവർ കണക്കാക്കും. “ഹൃദയശുദ്ധിയുളളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും” എന്നു പറഞ്ഞുകൊണ്ട് യേശു ഭൂമിയിലായിരുന്നപ്പോൾ അത്തരം ഭാവി ഭരണാധികാരികൾക്കു പുളകപ്രദമായ ഒരു വാഗ്ദത്തം നൽകി. (മത്തായി 5:8) വാസ്തവത്തിൽ യഹോവയെ നേരിട്ടു കണ്ടുകൊണ്ട് ആരാധിക്കുന്നതിൽ ഈ ദാസൻമാർ എത്ര സന്തുഷ്ടരായിരിക്കും!
29. സ്വർഗീയമായ പുതിയ യെരുശലേമിനെക്കുറിച്ച് “ഇനി രാത്രി ഉണ്ടാകയില്ല” എന്ന് യോഹന്നാൻ പറയുന്നതെന്തുകൊണ്ട്?
29 യോഹന്നാൻ തുടരുന്നു: “ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെമേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല.” (വെളിപ്പാടു 22:5എ) ഭൂമിയിലെ മറേറതു നഗരത്തെയും പോലെ, പുരാതന യെരുശലേം പകൽ വെളിച്ചത്തിനുവേണ്ടി സൂര്യനെയും രാത്രിയിൽ ചന്ദ്രപ്രകാശത്തെയും കൃത്രിമ വെളിച്ചത്തെയും ആശ്രയിച്ചു. എന്നാൽ സ്വർഗീയമായ പുതിയ യെരുശലേമിൽ അത്തരം പ്രകാശിപ്പിക്കൽ അനാവശ്യമായിരിക്കും. യഹോവതന്നെ നഗരത്തെ പ്രകാശിതമാക്കും. “രാത്രി” ആലങ്കാരിക അർഥത്തിൽ അനർഥത്തെ അല്ലെങ്കിൽ യഹോവയിൽനിന്നുളള വേർപാടിനെ പരാമർശിക്കാനും ഉപയോഗിക്കാവുന്നതാണ്. (മീഖാ 3:6; യോഹന്നാൻ 9:4; റോമർ 13:11, 12) സർവശക്തനായ ദൈവത്തിന്റെ മഹത്ത്വപൂർണവും ജ്വലിക്കുന്നതുമായ സന്നിധാനത്തിൽ അത്തരം രാത്രി ഒരിക്കലും ഉണ്ടായിരിക്കാൻ കഴിയില്ല.
30. ശോഭനമായ ഈ ദർശനം യോഹന്നാൻ ഉപസംഹരിക്കുന്നതെങ്ങനെ, വെളിപാട് നമുക്ക് എന്തുറപ്പു നൽകുന്നു?
30 ദൈവത്തിന്റെ ഈ അടിമകളെക്കുറിച്ചു പറഞ്ഞുകൊണ്ട് യോഹന്നാൻ ശോഭനമായ ഈ ദർശനം ഉപസംഹരിക്കുന്നു: “അവർ എന്നെന്നേക്കും രാജാക്കൻമാരായിരിക്കും.” (വെളിപ്പാടു 22:5ബി) ആയിരം വർഷത്തിന്റെ അവസാനത്തിൽ മറുവിലയുടെ പ്രയോജനങ്ങൾ പൂർണമായി പ്രയോഗിക്കപ്പെട്ടിരിക്കും, പൂർണരാക്കപ്പെട്ട ഒരു മനുഷ്യവർഗത്തെ യേശു തന്റെ പിതാവിനു സമർപ്പിക്കുകയും ചെയ്യുമെന്നതു സത്യംതന്നെ. (1 കൊരിന്ത്യർ 15:25-28) അതിനുശേഷം യേശുവിനെയും 1,44,000-ത്തെയും സംബന്ധിച്ച് യഹോവയുടെ മനസ്സിലുളളതെന്തെന്നു നമുക്കറിയില്ല. എന്നാൽ യഹോവക്കുളള അവരുടെ മഹത്തായ വിശുദ്ധസേവനം സകലനിത്യതയിലും തുടരുമെന്നു വെളിപ്പാടു നമുക്കുറപ്പു നൽകുന്നു.
വെളിപാടിന്റെ സന്തുഷ്ടികരമായ പാരമ്യം
31. (എ) പുതിയ യെരുശലേമിന്റെ ദർശനം ഏതു പാരമ്യത്തെ കുറിക്കുന്നു? (ബി) മനുഷ്യവർഗത്തിലെ മററു വിശ്വസ്തർക്കു പുതിയ യെരുശലേം എന്തു സാധിച്ചുകൊടുക്കുന്നു?
31 കുഞ്ഞാടിന്റെ മണവാട്ടിയായ പുതിയ യെരുശലേമിനെ സംബന്ധിച്ച ഈ ദർശനത്തിന്റെ സാക്ഷാത്കാരമാണു വെളിപാടു ചൂണ്ടിക്കാണിക്കുന്ന സന്തുഷ്ടികരമായ പാരമ്യം, അത് ഉചിതവുമാണ്. യോഹന്നാന്റെ ഒന്നാം നൂററാണ്ടിലെ സഹക്രിസ്ത്യാനികൾ എല്ലാവരും യേശുക്രിസ്തുവിനോടുകൂടെ അമർത്ത്യ ആത്മാക്കളായ സഹഭരണാധികാരികളായി ആ നഗരത്തിലേക്കു പ്രവേശിക്കാൻ നോക്കിപ്പാർത്തിരുന്നു, പുസ്തകം ആദ്യം സംബോധന ചെയ്തത് അവരെയായിരുന്നു. ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ ഇന്നുളള ശേഷിപ്പിന് അതേ പ്രത്യാശയാണുളളത്. അങ്ങനെ അംഗസംഖ്യ തികഞ്ഞ മണവാട്ടി കുഞ്ഞാടിനോടു ചേരുന്നതോടെ വെളിപാട് അതിന്റെ മഹത്തായ പാരമ്യത്തിലേക്കു നീങ്ങുന്നു. അടുത്തതായി, യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ പുതിയ യെരുശലേം മുഖാന്തരം മനുഷ്യവർഗത്തിനായി പ്രയോഗിക്കപ്പെടും, തന്നിമിത്തം അന്തിമമായി വിശ്വസ്തരായ എല്ലാവരും നിത്യജീവനിലേക്കു പ്രവേശിക്കും. ഈ വിധത്തിൽ മണവാട്ടിയായ പുതിയ യെരുശലേം അവളുടെ മണവാളരാജാവിന്റെ വിശ്വസ്ത പങ്കാളിയെന്നനിലയിൽ നിത്യമായി നീതിയുളള ഒരു പുതിയ ഭൂമി പടുത്തുയർത്തുന്നതിൽ പങ്കെടുക്കും—എല്ലാം നമ്മുടെ പരമാധികാരിയാം കർത്താവായ യഹോവയുടെ മഹത്ത്വത്തിനായിത്തന്നെ.—മത്തായി 20:28; യോഹന്നാൻ 10:10, 16; റോമർ 16:27.
32, 33. വെളിപാടിൽനിന്ന് നാം എന്തു പഠിച്ചിരിക്കുന്നു, നമ്മുടെ ഹൃദയംഗമമായ പ്രതികരണം എന്തായിരിക്കണം?
32 അപ്പോൾ, നമ്മുടെ വെളിപാടു പുസ്തകത്തിന്റെ പരിചിന്തനം അതിന്റെ സമാപനത്തിലേക്കു വരുമ്പോൾ നമുക്ക് എത്ര സന്തോഷം അനുഭവപ്പെടുന്നു! സാത്താന്റെയും അവന്റെ സന്തതിയുടെയും അന്തിമശ്രമങ്ങൾ തികച്ചും നിഷ്ഫലമാക്കപ്പെട്ടതും യഹോവയുടെ നീതിയുളള ന്യായവിധികൾ പൂർണമായി നിർവഹിക്കപ്പെട്ടതും നാം കണ്ടുകഴിഞ്ഞിരിക്കുന്നു. മഹാബാബിലോനും അതിനെത്തുടർന്നു സാത്താന്യ ലോകത്തിന്റെ അങ്ങേയററം ദുഷിച്ച മറെറല്ലാ ഘടകങ്ങളും അസ്തിത്വത്തിൽനിന്ന് എന്നേക്കുമായി നീങ്ങിപ്പോകേണ്ടിയിരിക്കുന്നു. സാത്താൻതന്നെയും അവന്റെ ഭൂതങ്ങളും അഗാധത്തിലടയ്ക്കപ്പെടുകയും പിന്നീടു നശിപ്പിക്കപ്പെടുകയും ചെയ്യും. പുനരുത്ഥാനവും ന്യായവിധിയും നടക്കുമ്പോൾ പുതിയ യെരുശലേം സ്വർഗത്തിൽനിന്നു ക്രിസ്തുവിനോടൊത്തു ഭരണം നടത്തും, പൂർണരാക്കപ്പെട്ട മനുഷ്യവർഗം ഒടുവിൽ പറുദീസാഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാൻ ഇടയാകും. വെളിപാട് ഈ കാര്യങ്ങളെല്ലാം എത്ര സ്പഷ്ടമായി ചിത്രീകരിക്കുന്നു! ഇന്നു ഭൂമിയിലുളള ‘സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു സദ്വാർത്തകളായി ഈ നിത്യസുവിശേഷം ഘോഷിക്കാനുളള’ നമ്മുടെ നിശ്ചയത്തെ അത് എത്ര ബലിഷ്ഠമാക്കുന്നു! (വെളിപ്പാടു 14:6, 7) ഈ മഹത്തായ വേലയിൽ നിങ്ങൾ പൂർണമായി നിങ്ങളെത്തന്നെ ചെലവഴിക്കുന്നുവോ?
33 വളരെയധികം നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്കു വെളിപാടിന്റെ ഉപസംഹാര വാക്കുകൾക്കു ശ്രദ്ധ നൽകാം.
[അടിക്കുറിപ്പുകൾ]
a ഉപയോഗിക്കപ്പെട്ട അളവ് “മമനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ” എന്ന വസ്തുത ആദ്യം മനുഷ്യരായിരുന്നവരും എന്നാൽ പിന്നീടു ദൂതൻമാരുടെ ഇടയിൽ ആത്മീയ ജീവികളായിത്തീരുന്നവരും ആയ 1,44,000 പേർ ചേർന്നാണു നഗരം രൂപീകൃതമാകുന്നത് എന്ന വസ്തുതയോടു ബന്ധപ്പെട്ടിരിക്കാം.
b “കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ” ആത്മീയ ഇസ്രായേലായ 1,44,000-ത്തിന്റെ പേരുകൾ മാത്രമേ ഉളളൂ എന്നതു കുറിക്കൊളളുക. അങ്ങനെ അതു ഭൂമിയിൽ ജീവൻ പ്രാപിക്കുന്നവരെ ഉൾപ്പെടുത്തുന്ന “ജീവപുസ്തക”ത്തിൽനിന്നു വ്യത്യസ്തമാണ്.—വെളിപ്പാടു 20:12.
c ‘ജാതികൾ’ [ജനതകൾ, NW] എന്ന പ്രയോഗം മിക്കപ്പോഴും ആത്മീയ ഇസ്രായേലിൽ ഉൾപ്പെടാത്തവരെ പരാമർശിക്കുന്നു എന്നതു കുറിക്കൊളളുക. (വെളിപ്പാടു 7:9; 15:4; 20:3; 21:24, 26) ആ പദത്തിന്റെ ഇവിടെയുളള ഉപയോഗം ആയിരമാണ്ടു വാഴ്ചക്കാലത്തു മനുഷ്യവർഗം തുടർന്നും വ്യത്യസ്ത ദേശീയ സംഘങ്ങളായി സംഘടിപ്പിക്കപ്പെട്ടിരിക്കുമെന്നു സൂചിപ്പിക്കുന്നില്ല.