യിരെമ്യ
എങ്കിൽ, എന്റെ ജനത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത്
രാവും പകലും ഞാൻ കരയുമായിരുന്നു.
2 എനിക്കു വിജനഭൂമിയിൽ ഒരു സത്രം കിട്ടിയിരുന്നെങ്കിൽ,
ഞാൻ എന്റെ ഈ ജനത്തെ വിട്ട് പൊയ്ക്കളഞ്ഞേനേ;
കാരണം, അവരെല്ലാം വ്യഭിചാരികളാണ്,+
വഞ്ചകന്മാരുടെ ഒരു സംഘം.
“തിന്മയിൽനിന്ന് തിന്മയിലേക്ക് അവർ കുതിക്കുന്നു;
അവർ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
4 “ഓരോരുത്തനും അയൽക്കാരനെ സൂക്ഷിക്കുക;
സ്വന്തം സഹോദരനെപ്പോലും വിശ്വസിക്കരുത്.
5 എല്ലാവരും അയൽക്കാരെ ചതിക്കുന്നു;
സത്യം പറയുന്ന ഒരാൾപ്പോലുമില്ല.
കള്ളം പറയാൻ അവർ തങ്ങളുടെ നാവിനെ പഠിപ്പിച്ചിരിക്കുന്നു.+
തെറ്റു ചെയ്തുചെയ്ത് അവർ തളരുന്നു.
6 വഞ്ചനയുടെ നടുവിലാണു നീ ജീവിക്കുന്നത്.
അവരുടെ വഞ്ചന കാരണം അവർ എന്നെ അറിയാൻ കൂട്ടാക്കിയില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
7 അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“ഞാൻ അവരെ ഉരുക്കി പരിശോധിക്കും;+
എന്റെ ജനത്തിൻപുത്രിയോട് ഞാൻ ഇതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്?
8 അവരുടെ നാവ് മാരകമായ അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു.
വായ്കൊണ്ട് അയൽക്കാരനോടു സമാധാനത്തോടെ സംസാരിക്കുന്നെങ്കിലും
അകമേ അവർ ആക്രമിക്കാൻ പതിയിരിക്കുകയാണ്.”
9 യഹോവ ചോദിക്കുന്നു: “ഇതിനെല്ലാം ഞാൻ അവരോടു കണക്കു ചോദിക്കേണ്ടതല്ലേ?
ഇങ്ങനെയൊരു ജനതയോടു ഞാൻ പകരം ചോദിക്കേണ്ടതല്ലേ?+
10 മലകളെ ഓർത്ത് ഞാൻ കരഞ്ഞ് വിലപിക്കും;
വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങളെ ഓർത്ത് വിലാപഗീതം ആലപിക്കും;
അവ കത്തിനശിച്ചല്ലോ; ആരും അതുവഴി കടന്നുപോകുന്നില്ല;
ആടുമാടുകളുടെ കരച്ചിൽ അവിടെ കേൾക്കുന്നില്ല.
ആകാശപ്പറവകളെയും മൃഗങ്ങളെയും അവിടെ കാണാനില്ല; അവയെല്ലാം പൊയ്പോയിരിക്കുന്നു.+
11 ഞാൻ യരുശലേമിനെ കൽക്കൂമ്പാരങ്ങളും+ കുറുനരികളുടെ താവളവും ആക്കും;+
ഞാൻ യഹൂദാനഗരങ്ങളെ വിജനമായ പാഴ്നിലമാക്കും.+
12 ഇതൊക്കെ ഗ്രഹിക്കാൻ മാത്രം ജ്ഞാനം ആർക്കുണ്ട്?
ഇതെക്കുറിച്ച് മറ്റുള്ളവരോടു പ്രഖ്യാപിക്കാൻ കഴിയേണ്ടതിന് യഹോവയുടെ വായ് ആരോടാണു സംസാരിച്ചത്?
എന്തുകൊണ്ടാണു ദേശം നശിച്ചുപോയത്?
ആരും കടന്നുപോകാത്ത വിധം
അതു മരുഭൂമിപോലെ* കരിഞ്ഞുണങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?”
13 യഹോവയുടെ മറുപടി ഇതായിരുന്നു: “കാരണം, ഞാൻ അവർക്കു കൊടുത്ത എന്റെ നിയമം* അവർ തള്ളിക്കളഞ്ഞു; അവർ അതു പിൻപറ്റുകയോ എന്റെ വാക്കു കേട്ടനുസരിക്കുകയോ ചെയ്തില്ല. 14 പകരം, അവരുടെ അപ്പന്മാർ പഠിപ്പിച്ചതുപോലെ അവർ ബാൽവിഗ്രഹങ്ങളുടെ പിന്നാലെ പോയി;+ അവർ ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടന്നു.+ 15 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഞാൻ ഇതാ ഈ ജനത്തെ കാഞ്ഞിരം തീറ്റും; വിഷം കലർത്തിയ വെള്ളം അവരെ കുടിപ്പിക്കും.+ 16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിചയമില്ലാത്ത ജനതകൾക്കിടയിലേക്ക് ഞാൻ അവരെ ചിതറിക്കും.+ ഞാൻ ഒരു വാൾ അയയ്ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം ഇല്ലാതാക്കും.’+
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
‘വകതിരിവോടെ പെരുമാറുക.
വിലാപഗീതം ആലപിക്കുന്ന സ്ത്രീകളെ വിളിച്ചുകൂട്ടുക;+
അതിൽ പ്രഗല്ഭരായ സ്ത്രീകളെ ആളയച്ച് വരുത്തുക;
18 അവർ വേഗം വന്ന് ഞങ്ങൾക്കുവേണ്ടി വിലപിക്കട്ടെ.
അങ്ങനെ, ഞങ്ങളുടെ കണ്ണിൽനിന്ന് കണ്ണീർ ധാരധാരയായി ഒഴുകട്ടെ;
ഞങ്ങളുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ.+
19 ഇതാ, സീയോനിൽനിന്ന് വിലാപസ്വരം കേൾക്കുന്നു:+
“എത്ര ഭയങ്കരമായ നാശമാണു നമുക്കുണ്ടായത്!
ഇതിൽപ്പരം നാണക്കേടുണ്ടോ?
നമുക്കു നാടു വിടേണ്ടിവന്നില്ലേ? അവർ നമ്മുടെ വീടുകൾ നശിപ്പിച്ചില്ലേ?”+
20 സ്ത്രീകളേ, യഹോവയുടെ സന്ദേശം കേൾക്കൂ.
നിങ്ങളുടെ കാതു ദൈവത്തിന്റെ വായിൽനിന്നുള്ള അരുളപ്പാടു കേൾക്കട്ടെ.
നിങ്ങളുടെ പെൺമക്കളെ ഈ വിലാപഗീതം പഠിപ്പിക്കൂ;
21 കാരണം, മരണം നമ്മുടെ കിളിവാതിലുകളിലൂടെ കയറിവന്നിരിക്കുന്നു;
അതു നമ്മുടെ കെട്ടുറപ്പുള്ള മണിമേടകളിൽ പ്രവേശിച്ചിരിക്കുന്നു;
അതു തെരുവുകളിൽനിന്ന് കുട്ടികളെയും
പൊതുസ്ഥലങ്ങളിൽനിന്ന്* യുവാക്കളെയും പിടിച്ചുകൊണ്ടുപോകാൻ നോക്കുന്നു.’+
22 ഇങ്ങനെ പറയൂ: ‘യഹോവ പ്രഖ്യാപിക്കുന്നു:
“വളം ചിതറിവീഴുന്നതുപോലെ മനുഷ്യരുടെ ശവങ്ങൾ നിലത്ത് വീഴും;
കൊയ്യുന്നവൻ കൊയ്തിട്ടിട്ട് പോകുന്ന ധാന്യക്കതിർപോലെ അവ കിടക്കും,
പെറുക്കിക്കൂട്ടാൻ ആരുമുണ്ടാകില്ല.”’”+
23 യഹോവ പറയുന്നത് ഇതാണ്:
“ജ്ഞാനി തന്റെ ജ്ഞാനത്തെക്കുറിച്ചും+
ബലവാൻ തന്റെ ബലത്തെക്കുറിച്ചും
ധനവാൻ തന്റെ ധനത്തെക്കുറിച്ചും വീമ്പിളക്കാതിരിക്കട്ടെ.”+
24 “എന്നാൽ വീമ്പിളക്കുന്നവൻ,
യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ് മനസ്സിലാക്കുന്നതിൽ,+
ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണെന്ന് അറിയുന്നതിൽ+ വീമ്പിളക്കട്ടെ.
കാരണം, ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
25 “ഇതാ, ഞാൻ കണക്കു ചോദിക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അഗ്രചർമം പരിച്ഛേദന* ചെയ്തവരെങ്കിലും അഗ്രചർമികളായി തുടരുന്ന എല്ലാവരോടും ഞാൻ കണക്കു ചോദിക്കും.+ 26 അതെ, ഈജിപ്തിനോടും+ യഹൂദയോടും+ ഏദോമിനോടും+ അമ്മോന്യരോടും+ മോവാബിനോടും+ വിജനഭൂമിയിൽ താമസിക്കുന്ന, ചെന്നിയിലെ മുടി മുറിച്ചവരോടും ഞാൻ കണക്കു ചോദിക്കും.+ കാരണം, ജനതകളൊന്നും അഗ്രചർമം പരിച്ഛേദന ചെയ്യാത്തവരാണ്; ഇസ്രായേൽഗൃഹമാകട്ടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദിക്കാത്തവരും.”+