ലേവ്യ
23 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “ഇസ്രായേല്യരോടു പറയുക: ‘നിങ്ങൾ വിളംബരം+ ചെയ്യേണ്ട, യഹോവയുടെ ഉത്സവങ്ങൾ വിശുദ്ധസമ്മേളനങ്ങളാണ്.+ എന്റെ ഉത്സവങ്ങൾ ഇവയാണ്:
3 “‘ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ വിശുദ്ധസമ്മേളനത്തിനുള്ള ദിവസമാണ് അത്. ഒരുതരത്തിലുള്ള ജോലിയും അന്നു ചെയ്യരുത്. നിങ്ങൾ എവിടെ താമസിച്ചാലും അത് യഹോവയ്ക്കുള്ള ശബത്തായിരിക്കണം.+
4 “‘യഹോവയുടെ ഉത്സവങ്ങൾ അവയ്ക്കുവേണ്ടി നിശ്ചയിച്ച സമയത്ത് നിങ്ങൾ വിളംബരം ചെയ്യണം. ആ വിശുദ്ധസമ്മേളനങ്ങൾ ഇവയാണ്: 5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്* യഹോവയ്ക്കുള്ള പെസഹ+ ആചരിക്കണം.
6 “‘ആ മാസം 15-ാം ദിവസം യഹോവയ്ക്കുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമാണ്.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ 7 ഒന്നാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനായി കൂടിവരണം;+ കഠിനജോലിയൊന്നും ചെയ്യരുത്. 8 പക്ഷേ ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. ഏഴാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കും. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.’”
9 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 10 “ഇസ്രായേല്യരോടു പറയുക: ‘ഒടുവിൽ നിങ്ങൾ, ഞാൻ തരുന്ന ദേശത്ത് എത്തി നിങ്ങളുടെ വിള കൊയ്യുമ്പോൾ വിളവിന്റെ ആദ്യഫലങ്ങളുടെ+ ഒരു കറ്റ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ 11 നിങ്ങൾക്കു ദൈവാംഗീകാരം ലഭിക്കാൻവേണ്ടി അവൻ ആ കറ്റ യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. ശബത്തിന്റെ പിറ്റെന്നാളാണു പുരോഹിതൻ ഇതു ചെയ്യേണ്ടത്. 12 കറ്റ ദോളനം* ചെയ്യുന്ന ദിവസം ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ നിങ്ങൾ ദഹനയാഗമായി യഹോവയ്ക്ക് അർപ്പിക്കണം. 13 അതിന്റെകൂടെയുള്ള ധാന്യയാഗം ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്തതായിരിക്കും. അത് അഗ്നിയിലുള്ള യാഗമായി, പ്രസാദിപ്പിക്കുന്ന* സുഗന്ധമായി, യഹോവയ്ക്ക് അർപ്പിക്കണം. അതിന്റെകൂടെ പാനീയയാഗമായി കാൽ ഹീൻ* വീഞ്ഞും അർപ്പിക്കണം. 14 നിങ്ങൾ നിങ്ങളുടെ ദൈവത്തിനു യാഗം കൊണ്ടുവരുന്ന ഈ ദിവസംവരെ അപ്പമോ വറുത്ത ധാന്യമോ പുതിയ ധാന്യമോ ഒന്നും കഴിക്കരുത്. നിങ്ങൾ എവിടെ താമസിച്ചാലും ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
15 “‘ശബത്തിന്റെ പിറ്റെ ദിവസംമുതൽ, അതായത് ദോളനയാഗത്തിന്റെ* കറ്റ കൊണ്ടുവരുന്ന ദിവസംമുതൽ, നിങ്ങൾ ഏഴു ശബത്ത് എണ്ണണം.+ അവ ഏഴും പൂർണവാരങ്ങൾ ആയിരിക്കണം. 16 ഏഴാമത്തെ ശബത്തിന്റെ പിറ്റെ ദിവസംവരെ 50 ദിവസം+ എണ്ണിയിട്ട് നിങ്ങൾ യഹോവയ്ക്കു മറ്റൊരു ധാന്യയാഗം അർപ്പിക്കണം.+ 17 ദോളനയാഗമായി നിങ്ങൾ വീട്ടിൽനിന്ന് രണ്ട് അപ്പം കൊണ്ടുവരണം. അവ ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് നേർത്ത ധാന്യപ്പൊടികൊണ്ട് ഉണ്ടാക്കിയതായിരിക്കണം. നിങ്ങളുടെ വിളയിൽനിന്ന് യഹോവയ്ക്കുള്ള ആദ്യഫലമായി+ പുളിപ്പിച്ച് ചുട്ടെടുത്തതായിരിക്കണം+ അവ. 18 അപ്പങ്ങളോടൊപ്പം നിങ്ങൾ ഒരു വയസ്സുള്ള ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആൺചെമ്മരിയാടുകളെയും കാഴ്ചവെക്കണം.+ അവ യഹോവയ്ക്കുള്ള ദഹനയാഗമായി, അതതിന്റെ ധാന്യയാഗത്തോടും പാനീയയാഗങ്ങളോടും ഒപ്പം അഗ്നിയിലുള്ള ഒരു യാഗമായി, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിക്കാനുള്ളതാണ്. 19 കൂടാതെ, നിങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ പാപയാഗമായും+ ഒരു വയസ്സുള്ള രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടികളെ സഹഭോജനബലിയായും+ അർപ്പിക്കണം. 20 പുരോഹിതൻ ആ രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടികളെ ആദ്യഫലത്തിന്റെ രണ്ട് അപ്പത്തോടൊപ്പം യഹോവയുടെ മുമ്പാകെ ഒരു ദോളനയാഗമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. അവ യഹോവയ്ക്കു വിശുദ്ധമായിരിക്കും. അവ പുരോഹിതനുള്ളതാണ്.+ 21 അന്നുതന്നെ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യണം;+ കഠിനജോലിയൊന്നും ചെയ്യരുത്. നിങ്ങൾ താമസിക്കുന്നിടത്തെല്ലാം ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
22 “‘നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്ത് കൊയ്തെടുക്കരുത്. കൊയ്തശേഷം അവിടെ വീണുകിടക്കുന്നതു പെറുക്കുകയുമരുത്.+ അതു ദരിദ്രർക്കും+ വന്നുതാമസിക്കുന്ന വിദേശികൾക്കും ആയി വിട്ടേക്കണം.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
23 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 24 “ഇസ്രായേല്യരോടു പറയുക: ‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾക്കു സമ്പൂർണവിശ്രമമായിരിക്കണം. അതു കാഹളനാദംകൊണ്ട് വിളംബരം+ ചെയ്യുന്ന ഒരു അനുസ്മരണദിനം, ഒരു വിശുദ്ധസമ്മേളനദിനം, ആയിരിക്കും. 25 അന്നു നിങ്ങൾ കഠിനജോലിയൊന്നും ചെയ്യരുത്. പക്ഷേ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കണം.’”
26 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 27 “എന്നാൽ ഈ ഏഴാം മാസത്തിന്റെ പത്താം ദിവസം പാപപരിഹാരദിവസമാണ്.+ നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി കൂടിവരണം. നിങ്ങൾ നിങ്ങളെത്തന്നെ ക്ലേശിപ്പിക്കുകയും*+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. 28 അന്നേ ദിവസം നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. കാരണം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങൾക്കു പാപപരിഹാരം വരുത്താനുള്ള+ പാപപരിഹാരദിവസമാണ് അത്. 29 ആ ദിവസം തങ്ങളെത്തന്നെ ക്ലേശിപ്പിക്കാത്തവരെയൊന്നും* ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+ 30 അന്നേ ദിവസം ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല. 31 നിങ്ങൾ ഒരുതരത്തിലുള്ള ജോലിയും ചെയ്യരുത്. എവിടെ താമസിച്ചാലും ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും. 32 ഇതു നിങ്ങൾക്കു സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്. ആ മാസത്തിന്റെ ഒൻപതാം ദിവസം വൈകുന്നേരം നിങ്ങൾ നിങ്ങളെ ക്ലേശിപ്പിക്കണം.+ വൈകുന്നേരംമുതൽ അടുത്ത വൈകുന്നേരംവരെ നിങ്ങൾ ശബത്ത് ആചരിക്കണം.”
33 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 34 “ഇസ്രായേല്യരോടു പറയുക: ‘ഈ ഏഴാം മാസം 15-ാം ദിവസംമുതൽ ഏഴു ദിവസത്തേക്ക് യഹോവയ്ക്കുള്ള കൂടാരോത്സവമായിരിക്കും.*+ 35 ഒന്നാം ദിവസം ഒരു വിശുദ്ധസമ്മേളനമുണ്ടായിരിക്കണം; കഠിനജോലിയൊന്നും ചെയ്യരുത്. 36 ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടിവരുകയും യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. അതു പവിത്രമായ ഒരു സമ്മേളനമാണ്. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.
37 “‘അതതു ദിവസത്തെ പട്ടികപ്രകാരമുള്ള ദഹനയാഗം,+ മൃഗബലിയോടൊപ്പമുള്ള ധാന്യയാഗം,+ പാനീയയാഗങ്ങൾ+ എന്നിങ്ങനെ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കാൻവേണ്ടി വിശുദ്ധസമ്മേളനങ്ങളായി+ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങളാണ് ഇവ.+ 38 ആ യാഗങ്ങളാകട്ടെ, നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട യഹോവയുടെ ശബത്തുകളിലെ+ യാഗങ്ങൾക്കും നിങ്ങളുടെ സംഭാവനകൾക്കും+ നേർച്ചയാഗങ്ങൾക്കും+ സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾക്കും+ പുറമേയുള്ളവയാണ്. 39 എന്നാൽ ദേശത്തെ വിളവ് ശേഖരിച്ചുകഴിയുമ്പോൾ, ഏഴാം മാസം 15-ാം ദിവസംമുതൽ ഏഴു ദിവസത്തേക്കു നിങ്ങൾ യഹോവയ്ക്കുള്ള ഉത്സവം ആഘോഷിക്കണം.+ ഒന്നാം ദിവസവും എട്ടാം ദിവസവും സമ്പൂർണവിശ്രമത്തിന്റെ ദിവസങ്ങളായിരിക്കും.+ 40 ഒന്നാം ദിവസം നിങ്ങൾ മേത്തരം വൃക്ഷങ്ങളുടെ പഴങ്ങൾ, ഈന്തപ്പനയോലകൾ,+ ഇലകൾ നിറഞ്ഞ മരച്ചില്ലകൾ, താഴ്വരയിലെ* വെള്ളില മരങ്ങളുടെ ശാഖകൾ എന്നിവ എടുക്കണം. ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആഹ്ലാദിക്കണം.+ 41 നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി വർഷത്തിൽ ഏഴു ദിവസം ആഘോഷിക്കണം. നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായി നിങ്ങൾ ഏഴാം മാസം അത് ആഘോഷിക്കണം.+ 42 നിങ്ങൾ ഏഴു ദിവസത്തേക്കു കൂടാരങ്ങളിൽ താമസിക്കണം.+ എല്ലാ ഇസ്രായേല്യരും ഇങ്ങനെ ചെയ്യണം. 43 ഞാൻ ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിലാണു താമസിപ്പിച്ചതെന്നു+ നിങ്ങളുടെ വരുംതലമുറകൾ അറിയാൻവേണ്ടിയാണ് ഇത്.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
44 അങ്ങനെ യഹോവയുടെ ഉത്സവങ്ങളെക്കുറിച്ച് മോശ ഇസ്രായേല്യരോടു പറഞ്ഞു.