കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായി വിളിക്കപ്പെട്ട പൗലോസും+ നമ്മുടെ സഹോദരനായ സോസ്ഥനേസും 2 ക്രിസ്തുയേശുവിന്റെ ശിഷ്യരായി വിശുദ്ധീകരിക്കപ്പെട്ട്+ വിശുദ്ധരായി വിളിക്കപ്പെട്ട കൊരിന്തിലുള്ള+ ദൈവസഭയ്ക്കും ക്രിസ്തുവിന്റെ പേര് വിളിച്ചപേക്ഷിക്കുന്ന മറ്റെല്ലാ ദേശക്കാർക്കും—യേശുക്രിസ്തു അവരുടെയും നമ്മുടെയും കർത്താവാണല്ലോ+—എഴുതുന്നത്:
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ലഭിക്കട്ടെ.
4 ക്രിസ്തുയേശുവിൽ നിങ്ങൾക്കു ലഭിച്ച അനർഹദയ ഓർത്ത് ഞാൻ എപ്പോഴും എന്റെ ദൈവത്തിനു നന്ദി പറയുന്നു. 5 കാരണം എല്ലാ കാര്യങ്ങളിലും, അതായത് ദൈവവചനം ഘോഷിക്കുന്ന കാര്യത്തിലും പരിജ്ഞാനത്തിന്റെ കാര്യത്തിലും,+ നിങ്ങൾ യേശുക്രിസ്തുവിൽ സമ്പന്നരാണ്. 6 ക്രിസ്തുവിനെക്കുറിച്ച് കേട്ട കാര്യങ്ങൾ+ നിങ്ങളിൽ നന്നായി വേരൂന്നിയിരിക്കുന്നതുകൊണ്ട് 7 നമ്മുടെ കർത്താവായ യേശുക്രിസ്തു വെളിപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിങ്ങൾക്ക് ഒരു അനുഗ്രഹത്തിനും കുറവില്ല. 8 അന്ത്യത്തോളം ഉറച്ചുനിൽക്കാനും ദൈവം നിങ്ങളെ സഹായിക്കും. അപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ+ നിങ്ങളെക്കുറിച്ച് ഒരു കുറ്റവും പറയാനുണ്ടാകില്ല. 9 തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു* നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.+
10 സഹോദരങ്ങളേ, നിങ്ങൾ എല്ലാവരും യോജിപ്പോടെ സംസാരിക്കണമെന്നും നിങ്ങൾക്കിടയിൽ ചേരിതിരിവൊന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെയും ഒരേ ചിന്തയോടെയും തികഞ്ഞ ഐക്യത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. 11 എന്റെ സഹോദരന്മാരേ, നിങ്ങൾക്കിടയിൽ ചില അഭിപ്രായഭിന്നതകളുള്ളതായി ക്ലോവയുടെ വീട്ടുകാരിൽ ചിലർ എന്നെ അറിയിച്ചു. 12 “ഞാൻ പൗലോസിന്റെ പക്ഷത്താണ്,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്,” “ഞാൻ കേഫയുടെ* പക്ഷത്താണ്,” “ഞാൻ ക്രിസ്തുവിന്റെ പക്ഷത്താണ്” എന്നൊക്കെയാണല്ലോ നിങ്ങളെല്ലാം പറയുന്നത്; അതാണു ഞാൻ ഉദ്ദേശിച്ചത്. 13 ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നെന്നോ! പൗലോസിനെയാണോ നിങ്ങൾക്കുവേണ്ടി സ്തംഭത്തിലേറ്റി കൊന്നത്? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ സ്നാനമേറ്റത്? 14 ക്രിസ്പൊസിനെയും+ ഗായൊസിനെയും+ അല്ലാതെ നിങ്ങളിൽ ആരെയും ഞാൻ സ്നാനപ്പെടുത്തിയിട്ടില്ലല്ലോ എന്ന് ഓർത്ത് ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 15 കാരണം എന്റെ നാമത്തിൽ സ്നാനമേറ്റെന്നു നിങ്ങൾ ആരും പറയില്ലല്ലോ. 16 സ്തെഫനാസിന്റെ വീട്ടുകാരെയും ഞാൻ സ്നാനപ്പെടുത്തിയിട്ടുണ്ട്.+ മറ്റാരെയെങ്കിലും സ്നാനപ്പെടുത്തിയതായി ഞാൻ ഓർക്കുന്നില്ല. 17 സ്നാനപ്പെടുത്താനല്ല, സന്തോഷവാർത്ത അറിയിക്കാനാണു ക്രിസ്തു എന്നെ അയച്ചത്.+ ക്രിസ്തുവിന്റെ ദണ്ഡനസ്തംഭം* വെറുതേയായിപ്പോകാതിരിക്കാൻ ഞാൻ വലിയ പണ്ഡിതനെപ്പോലെയല്ല* പ്രസംഗിച്ചത്.
18 ദണ്ഡനസ്തംഭത്തെക്കുറിച്ചുള്ള* സന്ദേശം നശിച്ചുപോകുന്നവർക്കു വിഡ്ഢിത്തമായി തോന്നും.+ പക്ഷേ രക്ഷ ലഭിക്കുന്ന നമ്മൾ അതിനെ ദൈവശക്തിയുടെ തെളിവായി കാണുന്നു.+ 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ തള്ളിക്കളയും” എന്നാണല്ലോ എഴുതിയിരിക്കുന്നത്.+ 20 ജ്ഞാനി എവിടെ? ശാസ്ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്ഢിത്തമാക്കിയില്ലേ? 21 ലോകത്തിന് അതിന്റെ ജ്ഞാനംകൊണ്ട്+ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല.+ എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്ന ഈ വിഡ്ഢിത്തത്തിലൂടെ,+ വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദൈവം തീരുമാനിച്ചു. ഇങ്ങനെ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെട്ടു.
22 ജൂതന്മാർ അടയാളം ചോദിക്കുന്നു;+ ഗ്രീക്കുകാർ ജ്ഞാനം അന്വേഷിക്കുന്നു. 23 എന്നാൽ സ്തംഭത്തിലേറ്റി കൊന്ന ക്രിസ്തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്. അതു കേട്ട് ജൂതന്മാർ ഇടറിവീഴുന്നു. ജനതകൾക്കാകട്ടെ അത് ഒരു വിഡ്ഢിത്തമായും തോന്നുന്നു.+ 24 എങ്കിലും വിളിക്കപ്പെട്ടവരായ ജൂതന്മാർക്കും ഗ്രീക്കുകാർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആണ്.+ 25 ദൈവത്തിന്റെ വിഡ്ഢിത്തംപോലും മനുഷ്യരുടെ ജ്ഞാനത്തെക്കാൾ വലിയ ജ്ഞാനമാണ്. ദൈവത്തിന്റെ ബലഹീനത മനുഷ്യരുടെ ശക്തിയെക്കാൾ ബലമുള്ളതുമാണ്.+
26 സഹോദരങ്ങളേ, നിങ്ങളുടെ കാര്യംതന്നെ ഒന്നു ചിന്തിച്ചുനോക്കുക: മാനുഷികമായി നോക്കിയാൽ, വിളിക്കപ്പെട്ടവരായ നിങ്ങളിൽ അധികം ജ്ഞാനികളില്ല.+ ശക്തരായവർ അധികമില്ല. അധികം കുലീനന്മാരുമില്ല.*+ 27 ബുദ്ധിമാന്മാരെ ലജ്ജിപ്പിക്കാൻ ലോകം വിഡ്ഢികളെന്നു കരുതുന്നവരെയാണു ദൈവം തിരഞ്ഞെടുത്തത്. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിലെ ദുർബലമായവയെ തിരഞ്ഞെടുത്തു.+ 28 ഉള്ളവയെ ഇല്ലാതാക്കാൻവേണ്ടി ദൈവം, ലോകത്തിന്റെ കണ്ണിൽ ഒന്നുമല്ലാത്തവയെ, ലോകം നിസ്സാരവും നികൃഷ്ടവും ആയി കാണുന്നവയെ, തിരഞ്ഞെടുത്തു.+ 29 ദൈവത്തിന്റെ മുന്നിൽ ആരും വീമ്പു പറയാതിരിക്കാനാണു ദൈവം അങ്ങനെ ചെയ്തത്. 30 ദൈവം കാരണമാണു നിങ്ങൾ ക്രിസ്തുയേശുവുമായി യോജിപ്പിലായിരിക്കുന്നത്. ക്രിസ്തു നമുക്കു ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടുതലും ആയിത്തീർന്നു.+ 31 എഴുതപ്പെട്ടിരിക്കുന്നതുപോലെ, “വീമ്പിളക്കുന്നവൻ യഹോവയിൽ* വീമ്പിളക്കട്ടെ!” എന്നു വരാനാണ് ഇതു സംഭവിച്ചത്.+