മുമ്പേ സുവാർത്ത പ്രസംഗിക്കേണ്ടതാണ്
“സകല രാഷ്ട്രങ്ങളിലും സുവാർത്ത മുമ്പേ പ്രസംഗിക്കപ്പെടേണ്ടതുണ്ട്.”—മർക്കോസ് 13:10, NW.
1, 2. സാക്ഷികളുടെ മുഖമുദ്ര എന്താണ്, എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ എന്തുകൊണ്ടാണ് ഇത്രമാത്രം സ്ഥിരോത്സാഹത്തോടെ പ്രസംഗിക്കുന്നത്? നമ്മുടെ പരസ്യ ശുശ്രൂഷ നിമിത്തം നാം ലോകമെമ്പാടും പേരുകേട്ടവരാണ്, അത് വീടുതോറുമായാലും ശരി, തെരുവുകളിലായാലും ശരി, അനൗപചാരിക സമ്പർക്കങ്ങളിലൂടെയായാലും ശരി. ഉചിതമായ എല്ലാ അവസരങ്ങളിലും നാം യഹോവയുടെ സാക്ഷികളായി നമ്മെത്തന്നെ തിരിച്ചറിയിക്കുകയും നാം നിധിപോലെ കാക്കുന്ന സുവാർത്ത മററുള്ളവരെ നയത്തോടെ അറിയിക്കുന്നതിനു ശ്രമം ചെലുത്തുകയും ചെയ്യുന്നു. ഈ ശുശ്രൂഷ നമ്മുടെ മുഖമുദ്രയാണ് എന്നു പറയാൻ കഴിയുമെന്നതാണു വാസ്തവം!—കൊലൊസ്സ്യർ 4:6.
2 ഇതേപ്പററി ഒന്നാലോചിച്ചുനോക്കൂ—അയൽപക്കത്ത് മാന്യമായി വേഷവിധാനം ചെയ്ത പുരുഷൻമാരും സ്ത്രീകളും കുട്ടികളും തങ്ങളുടെ കൈവശം ബ്രീഫ്കേസുകളുമായി നിൽക്കുന്നതു കാണുമ്പോൾ സാധാരണഗതിയിൽ അവർ ആദ്യം ചിന്തിക്കുന്നതെന്തായിരിക്കും? അത്, ‘ദാ വരുന്നു കത്തോലിക്കർ (ഓർത്തഡോക്സ് സഭക്കാർ) വീണ്ടും!’ എന്നോ, ‘നോക്കൂ, പെന്തക്കോസ്തുകാർ (അല്ലെങ്കിൽ ബാപ്ററിസ്ററുകാർ) വീണ്ടും വന്നിരിക്കുന്നു’! എന്നോ ആയിരിക്കുമോ? അല്ല. കാരണം അത്തരം മതങ്ങളിൽ കുടുംബം മൊത്തമായി വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുകയില്ലെന്ന് ആളുകൾക്കറിയാം. ഒരുപക്ഷേ ചില മതവിഭാഗങ്ങൾ “മിഷനറിമാരെ” രണ്ടു വർഷത്തേക്കുള്ള നിയമനത്തിൽ ചില പ്രത്യേക പ്രദേശത്തേക്ക് അയച്ചേക്കാം. എന്നാൽ അവരുടെയിടയിലെ സാമാന്യജനങ്ങൾ അത്തരത്തിലുള്ള ഏതെങ്കിലും ശുശ്രൂഷയിൽ പങ്കെടുക്കുന്നില്ല. ഉചിതമായ എല്ലാ ചുററുപാടിലും തങ്ങളുടെ സന്ദേശം മററുള്ളവരോടു പ്രചരിപ്പിക്കുന്നതിൽ തീക്ഷ്ണതയുള്ളവരെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളവർ യഹോവയുടെ സാക്ഷികൾ മാത്രമാണ്. കൂടാതെ, അവർ തങ്ങളുടെ മാസികകളായ വീക്ഷാഗോപുരവും ഉണരുക!യും നിമിത്തം പേരുകേട്ടവരാണ്.—യെശയ്യാവു 43:10-12; പ്രവൃത്തികൾ 1:8.
ക്രൈസ്തവലോകത്തിലെ വൈദികരിൽനിന്നു വ്യത്യസ്തർ
3, 4. ക്രൈസ്തവലോകത്തിലെ വൈദികരെ എങ്ങനെയാണു മാധ്യമങ്ങളിൽ മിക്കപ്പോഴും വർണിക്കുന്നത്?
3 അതിനു നേർവിപരീതമായി ചിലദേശങ്ങളിൽ അനേകം വൈദികർ ആൺകുട്ടികളെ ലൈംഗിക ദുർവിനിയോഗം ചെയ്യുന്നവരും അധാർമിക വഞ്ചകരും കള്ളത്തരം ചെയ്യുന്നവരുമായി വാർത്താ റിപ്പോർട്ടുകൾ വീണ്ടുംവീണ്ടും തുറന്നുകാട്ടിയിരിക്കുന്നു. ജഡത്തിന്റേതായ അവരുടെ പ്രവൃത്തികളും ആർഭാടപൂർവമായ ജീവിതരീതിയും സകലർക്കും മുമ്പാകെ നഗ്നമായി കിടക്കുന്നു. പ്രസിദ്ധനായ ഒരു ഗാനരചയിതാവ്, “യേശു തന്റെ ടെലിവിഷൻ പ്രകടനത്തിൽ ഒരു റോളക്സ് [വളരെ വിലകൂടിയ സ്വർണ വാച്ച്] ധരിക്കുമായിരുന്നോ?” എന്ന ശീർഷകത്തിലുള്ള തന്റെ പാട്ടിൽ അതു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹം ചോദിക്കുന്നു: “യേശു ഭൂമിയിലേക്കു തിരികെ വന്നിരുന്നെങ്കിൽ അവൻ രാഷ്ട്രീയക്കാരനായിരിക്കുമായിരുന്നോ? തന്റെ രണ്ടാം ഭവനം പാം സ്പ്രിംഗ്സിൽ [കാലിഫോർണിയയിലെ ഒരു സമ്പന്ന സമുദായം] പണിതുയർത്തുകയും തന്റെ സമ്പത്ത് ഒളിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നോ?” യാക്കോബിന്റെ ഈ വാക്കുകൾ ഇതിനോട് എത്ര ഒത്തുവരുന്നു: “നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.”—യാക്കോബ് 5:5; ഗലാത്യർ 5:19-21.
4 രാഷ്ട്രീയക്കാരുമായുള്ള വൈദികരുടെ കൂടിക്കുഴയലും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്ഥാനാർഥികളായുള്ള പങ്കെടുക്കലും അവർ ആധുനികനാളിലെ ശാസ്ത്രിമാരും പരീശൻമാരുമാണെന്നു വെളിപ്പെടുത്തുന്നു. അതേസമയംതന്നെ, ഐക്യനാടുകൾ, കാനഡ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ കുട്ടികളോടും പ്രായപൂർത്തിയായവരോടുമുള്ള വൈദികരുടെ കാമാസക്തിപൂണ്ട പെരുമാററംമൂലം പൊന്തിവരുന്ന കേസുകൾക്കും വിധിനിർണയങ്ങൾക്കുമൊക്കെ ഉയർന്ന വിലയൊടുക്കേണ്ടിവരുന്നതിനാൽ മതത്തിന്റെ പണപ്പെട്ടി കാലിയായിക്കൊണ്ടിരിക്കയാണ്.—മത്തായി 23:1-3.
5. “വിശ്വസ്തനും വിവേകിയുമായ അടിമ” ക്രൈസ്തവലോകത്തിലെ വൈദികരല്ലെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
5 കൃത്യമായും യേശുവിന്റെ കാലത്തെ വൈദികരോട് അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശൻമാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാൻമാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.” അതുകൊണ്ട്, ക്രൈസ്തവലോകത്തിലെ വൈദികൻമാർക്ക്, അവർ കത്തോലിക്കരോ, പ്രൊട്ടസ്ററന്റോ, ഓർത്തഡോക്സോ, ഒററപ്പെട്ട സ്ഥാപനമോ അങ്ങനെ ഏതുവിഭാഗത്തിൽപ്പെട്ടവരുമായിക്കൊള്ളട്ടെ, സുവാർത്ത പ്രസംഗിക്കുന്നതിനുള്ള നിയോഗം ദൈവം അവർക്കു നൽകിയിട്ടില്ല. മുൻകൂട്ടിപ്പറഞ്ഞിരുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ” അവർ അല്ല എന്നു തെളിയിച്ചിരിക്കുന്നു.—മത്തായി 23:27, 28; 24:45-47, NW.
സുവാർത്ത മുമ്പേ പ്രസംഗിക്കേണ്ടത് എന്തുകൊണ്ട്?
6. എന്തു സംഭവങ്ങളാണ് ഉടനെ നടക്കാൻപോകുന്നത്?
6 സുവാർത്ത സകല ദേശങ്ങളിലും പ്രസംഗിക്കണമെന്ന യേശുവിന്റെ സംക്ഷിപ്തമായ കൽപ്പനയിൽ “മുമ്പേ” എന്ന പദം ഉപയോഗിക്കുന്നതു മർക്കോസ് മാത്രമാണ്. (മർക്കോസ് 13:10, NW; താരതമ്യം ചെയ്യുക: മത്തായി 24:14.) ജെ. ബി. ഫിലിപ്സിന്റെ ഭാഷാന്തരം ഇപ്രകാരം പറയുന്നു: “അവസാനം വരുന്നതിനുമുമ്പ് എല്ലാ ജനതകളുടെ ഇടയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം.” “മുമ്പേ” എന്ന ക്രിയാവിശേഷണത്തിന്റെ ഉപയോഗം, ലോകവ്യാപകമായ സുവിശേഷവേലയെത്തുടർന്നു മററു സംഭവങ്ങളും നടക്കുമെന്നു സൂചിപ്പിക്കുന്നു. ആ സംഭവങ്ങളിൽ ഉൾപ്പെടുന്നതാണ് വാഗ്ദത്ത മഹോപദ്രവവും പുതിയ ലോകത്തിലെ ക്രിസ്തുവിന്റെ നീതിയുള്ള ഭരണവും.—മത്തായി 24:21-31; വെളിപ്പാടു 16:14-16; 21:1-4.
7. സുവാർത്ത മുമ്പേ പ്രസംഗിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
7 അങ്ങനെയെങ്കിൽ സുവാർത്ത മുമ്പേ പ്രസംഗിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഒരു കാരണമെന്തെന്നാൽ അവൻ സ്നേഹം, നീതി, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളുള്ള ദൈവമാണ്. മത്തായി 24:14; മർക്കോസ് 13:10 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രസ്താവനയുടെ നിവൃത്തിയായി യഹോവയുടെ ഗുണങ്ങളുടെ മതിപ്പുളവാക്കുന്ന പ്രകടനം നമുക്കു കാണാൻ കഴിയും. സുവാർത്താ പ്രസംഗവുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു നമുക്കു ഹ്രസ്വമായി പരിശോധിക്കാം.
സുവാർത്തയും യഹോവയുടെ സ്നേഹവും
8. സുവാർത്താ പ്രസംഗം ദൈവസ്നേഹത്തിന്റെ പ്രതിഫലനമായിരിക്കുന്നത് എങ്ങനെ? (1 യോഹന്നാൻ 4:7-16)
8 സുവാർത്താ പ്രസംഗം എങ്ങനെയാണു ദൈവത്തിന്റെ സ്നേഹം പ്രതിഫലിപ്പിക്കുന്നത്? ഒന്നാമതായി, അത് ഒരൊററ വർഗത്തിലോ വിഭാഗത്തിലോപെട്ട ആളുകളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. അത് ‘സകല രാഷ്ട്രങ്ങൾക്കും’ വേണ്ടിയുള്ള സുവാർത്തയാണ്. ദൈവം മാനുഷ കുടുംബത്തെ സ്നേഹിക്കുന്നു. അതുകൊണ്ട് ഒരൊററ വർഗത്തിനുവേണ്ടി മാത്രമല്ല, മുഴു മനുഷ്യവർഗത്തിന്റെയും പാപത്തിനുവേണ്ടി മറുവിലയാഗമായി ദൈവം തന്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്കയച്ചു. അപ്പോസ്തലനായ യോഹന്നാൻ എഴുതി: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല. ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹന്നാൻ 3:16, 17) സമാധാനം, ഒത്തൊരുമ, നീതി എന്നിവ കുടികൊള്ളുന്ന ഒരു പുതിയ ലോകം വാഗ്ദാനം ചെയ്യുന്ന സന്ദേശം അഥവാ സുവാർത്ത തീർച്ചയായും ദൈവ സ്നേഹത്തിന്റെ ഒരു തെളിവാണ്.—2 പത്രൊസ് 3:13.
സുവാർത്തയും യഹോവയുടെ ശക്തിയും
9. സുവാർത്താ പ്രസംഗത്തിനുവേണ്ടി ക്രൈസ്തവലോകത്തിലെ ഏററവും ശക്തമായ മതങ്ങളെ യഹോവ തിരഞ്ഞെടുക്കാതിരുന്നത് എന്തുകൊണ്ട്?
9 സുവാർത്താ പ്രസംഗത്തിലൂടെ യഹോവയുടെ ശക്തി വെളിപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്? ഇതു പരിചിന്തിക്കുക, ഈ നിയോഗം നിർവഹിക്കുന്നതിന് അവൻ തിരഞ്ഞെടുത്തിരിക്കുന്നത് ആരെയാണ്? അത് ക്രൈസ്തവലോകത്തിലെ റോമൻ കത്തോലിക്കാ സഭയും പ്രമുഖ പ്രൊട്ടസ്ററൻറ് വിഭാഗങ്ങളുംപോലുള്ള ഏററവും ശക്തമായ മതസ്ഥാപനങ്ങൾ ആയിരുന്നിട്ടുണ്ടോ? ഇല്ല. ആ നിയമനത്തിന് അവർ അയോഗ്യരെന്ന് രാഷ്ട്രീയത്തിലെ അവരുടെ കൈകടത്തൽ തെളിയിക്കുന്നു. (യോഹന്നാൻ 15:19; 17:14; യാക്കോബ് 4:4) അവരുടെ സമ്പത്തും ഭരണവർഗത്തിൽപ്പെട്ട ഉയർന്ന തട്ടിലുള്ളവരുടെമേലുള്ള സ്വാധീനവും അവരുമായുള്ള ഇടപാടുകളും യഹോവക്ക് ഇഷ്ടമായിട്ടില്ല. പാരമ്പര്യത്തിൽ കുടുങ്ങിക്കിടക്കുന്ന വേദശാസ്ത്രവും യഹോവയെ സ്വാധീനിച്ചിട്ടില്ല. ദൈവഹിതം നടപ്പാക്കുന്നതിന് മനുഷ്യ ശക്തിയുടെ ആവശ്യമുണ്ടായിരുന്നിട്ടില്ല.—സെഖര്യാവു 4:6.
10. പ്രസംഗവേല നടത്തുന്നതിനു ദൈവം ആരെയാണു തിരഞ്ഞെടുത്തിരിക്കുന്നത്?
10 ഇത് അപ്പോസ്തലനായ പൗലോസ് കൊരിന്ത്യ സഭയ്ക്കുള്ള തന്റെ ലേഖനത്തിൽ പറഞ്ഞതുപോലെയാണ്: “സഹോദരൻമാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാൻമാർ ഏറെയില്ല, കുലീനൻമാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ”.—1 കൊരിന്ത്യർ 1:26-29.
11. സാക്ഷികളെ സംബന്ധിച്ചുള്ള ഏതു വസ്തുതകളാണ് അവരെ അനുപമമാക്കിയിരിക്കുന്നത്?
11 യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിൽ സമ്പന്നരായ അംഗങ്ങളുടെ എണ്ണം വളരെ കുറവാണ്. രാഷ്ട്രീയമായി ശക്തരായവർ ഒട്ടില്ലതാനും. രാഷ്ട്രീയ കാര്യങ്ങളിലുള്ള അവരുടെ കർശനമായ നിഷ്പക്ഷതയുടെ അർഥം അവർക്കു യാതൊരു രാഷ്ട്രീയ സ്വാധീനവും ചെലുത്താനാവില്ല എന്നാണ്. അതിനു വിപരീതമായി, 20-ാം നൂററാണ്ടിൽ മത-രാഷ്ട്രീയ നേതാക്കൻമാരുടെ എരിവേററലിനാലുണ്ടായ ക്രൂരമായ പീഡനങ്ങൾക്ക് അവർ മിക്കപ്പോഴും ഇരകളാകുന്നു. എങ്കിലും, നാസിസം, ഫാസിസം, കമ്മ്യൂണിസം, ദേശീയവാദം, വ്യാജമതങ്ങൾ എന്നിവയുടെ പിൻഗാമികൾ സാക്ഷികൾക്കെതിരെ കുത്തിപ്പൊക്കുന്ന ശക്തമായ എതിർപ്പുകൾപോലും ഗണ്യമാക്കാതെ സാക്ഷികൾ ലോകമെമ്പാടും സുവാർത്ത പ്രസംഗിക്കുന്നു. അതു മാത്രമല്ല, അവരുടെ സംഖ്യ അതിശയകരമാംവിധം പെരുകുകയുമാണ്.—യെശയ്യാവു 60:22.
12. സാക്ഷികൾക്കു വിജയം വരിക്കാൻ കഴിഞ്ഞിട്ടുള്ളത് എങ്ങനെ?
12 തങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണെന്നാണു സാക്ഷികൾ അവകാശപ്പെടുന്നത്? യേശു തന്റെ ശിഷ്യൻമാർക്കു വാഗ്ദത്തം നൽകി: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” അതുകൊണ്ട്, അവരുടെ വിജയത്തിന്റെ ഉറവിടം കൃത്യമായിപ്പറഞ്ഞാൽ എന്തായിരിക്കും? ‘പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി ലഭിക്കും’ എന്ന് യേശു പറഞ്ഞു. അതുപോലെതന്നെ ഇന്നും ദൈവത്തിൽനിന്നുള്ള ശക്തിയാണു സാക്ഷികളുടെ ലോകവ്യാപകമായ ശുശ്രൂഷയിലെ വിജയത്തിന്റെ താക്കോൽ. അല്ലാതെ മാനവ പ്രാപ്തിയല്ല. ബലഹീനരെന്നു തോന്നിക്കുന്ന ജനങ്ങളെ ഉപയോഗിച്ചുകൊണ്ടു ദൈവം ചരിത്രത്തിലെ ഏററവും വലിയ വിദ്യാഭ്യാസ വേല നിർവഹിക്കുന്നു.—പ്രവൃത്തികൾ 1:8; യെശയ്യാവു 54:13.
സുവാർത്തയും യഹോവയുടെ ജ്ഞാനവും
13. (എ) സാക്ഷികൾ സ്വമേധയാ, ശമ്പളമൊന്നും കൂടാതെ സേവിക്കുന്നതിനു കാരണമെന്ത്? (ബി) സാത്താന്റെ പരിഹാസത്തിനു യഹോവ എങ്ങനെയാണ് ഉത്തരം നൽകിയിരിക്കുന്നത്?
13 സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് സ്വമേധയാ സേവകരാണ്. “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” എന്ന് യേശു പറഞ്ഞു. (മത്തായി 10:8) അതുകൊണ്ട്, ദൈവത്തെ സേവിക്കുന്നതിന് യഹോവയുടെ സാക്ഷികളിലാർക്കും ശമ്പളം ലഭിക്കാറില്ല. അവർ അത് ആഗ്രഹിക്കുന്നുമില്ല. അവരുടെ യോഗങ്ങളിൽ കാണിക്ക സ്വീകരിക്കാറില്ല എന്നതാണു വാസ്തവം. തന്നെ കുററപ്പെടുത്തുന്ന പിശാചായ സാത്താന് ദൈവം ഉത്തരം നൽകേണ്ടതിന് അർപ്പിതമായ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. നിസ്വാർഥമായ ഉദ്ദേശ്യത്തോടെ മനുഷ്യർ ദൈവത്തെ സേവിക്കുകയില്ലെന്ന് ദൈവത്തിന്റെ എതിരാളിയായ ഈ ആത്മജീവി പറയുകയുണ്ടായി. തന്റെ ജ്ഞാനത്തിൽ യഹോവ സാത്താന്റെ പരിഹാസത്തിന് അവിതർക്കിതമായ ഉത്തരം നൽകി—സുവാർത്താ പ്രസംഗത്തിൽ വീടുതോറും തെരുവുകളിലും അനൗപചാരിക സാക്ഷീകരണത്തിലും ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിനു വിശ്വസ്ത ക്രിസ്തീയ സാക്ഷികൾതന്നെ.—ഇയ്യോബ് 1:8-11; 2:3-5; സദൃശവാക്യങ്ങൾ 27:11.
14. പൗലോസ് പരാമർശിച്ച ‘മറഞ്ഞിരുന്ന ജ്ഞാനം’ ഏതാണ്?
14 രാജ്യവാഗ്ദത്തംതന്നെ ദൈവജ്ഞാനത്തിന്റെ ഒരു പ്രകടനമാണെന്നതാണ് സുവാർത്താ പ്രസംഗത്തിലൂടെ പ്രകടമാകുന്ന ദൈവജ്ഞാനത്തിന്റെ മറെറാരു തെളിവ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കൻമാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി [പാവനരഹസ്യമായി, NW] ഞങ്ങൾ പ്രസ്താവിക്കുന്നു.” ആ ‘മറഞ്ഞിരുന്ന ജ്ഞാനം’ ഏദെനിൽ തുടങ്ങിയ മത്സരം അവസാനിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ ജ്ഞാനപൂർവകമായ ക്രമീകരണങ്ങളെയാണു പരാമർശിക്കുന്നത്. യേശുക്രിസ്തുവിൽ ആ പാവനരഹസ്യത്തിന്റെ ജ്ഞാനം ചുരുളഴിഞ്ഞു. അവനാണ് ദൈവരാജ്യ സുവാർത്തയുടെ കേന്ദ്രം.a—1 കൊരിന്ത്യർ 2:6, 7; കൊലൊസ്സ്യർ 1:26-28.
സുവാർത്തയും ദൈവത്തിന്റെ നീതിയും
15. യഹോവ നീതിമാനായ ദൈവമാണ് എന്നു നാം അറിയുന്നതെങ്ങനെ? (ആവർത്തനപുസ്തകം 32:4; സങ്കീർത്തനം 33:5)
15 വിശേഷിച്ചും നീതിയോടുള്ള ബന്ധത്തിലാണു മർക്കോസ് 13:10-ലെ “മുമ്പേ” എന്ന പദത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. സ്നേഹദയകൊണ്ടു മയപ്പെടുത്തിയ നീതിയുള്ള ദൈവമാണ് യഹോവ. അവൻ തന്റെ പ്രവാചകനായ യിരെമ്യാവ് മുഖാന്തരം പറയുന്നു: “പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 9:24.
16. നീതി നടപ്പാക്കുന്നതിനു മുമ്പ് ആദ്യം മുന്നറിയിപ്പു നൽകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
16 സുവാർത്താ പ്രസംഗത്തോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ നീതി എങ്ങനെയാണു പ്രകടമായിരിക്കുന്നത്? വിരുന്നുകാർ വരുമ്പോൾ കഴിക്കാമെന്ന ഉദ്ദേശ്യത്തിൽ അതിരുചികരമായ ചോക്ലേററ് കേക്ക് ഉണ്ടാക്കിവെച്ച ഒരു മാതാവിനോടു നമുക്ക് ഇതിനെ ഉപമിക്കാം. അത് എപ്പോൾ തിന്നാനുള്ളതാണ് എന്നതു സംബന്ധിച്ച് ഒരുവാക്കുപോലും പറയാതെ അടുക്കള മേശയിൽ വെച്ചിട്ടുപോകുന്നുവെങ്കിൽ കുട്ടികൾക്ക് സ്വാഭാവികമായും എന്തു പ്രേരണയുണ്ടാകും? നാമെല്ലാം ഒരിക്കൽ കുട്ടികളായിരുന്നു! കുഞ്ഞി വിരലുകൾകൊണ്ട് അതിൽനിന്ന് ഒരു നുള്ളെടുക്കാൻ മോഹമുണ്ടാകും! ആവശ്യമുള്ള മുന്നറിയിപ്പു മാതാവ് നൽകാത്തപക്ഷം ശിക്ഷിക്കാൻ ശക്തമായ കാരണമൊന്നും അവളുടെ പക്ഷത്ത് ഉണ്ടാവില്ല. നേരേമറിച്ച്, വിരുന്നുകാർ വന്നതിനുശേഷമാണു കേക്ക് കഴിക്കുന്നത്, അതുകൊണ്ട് അത് ഇപ്പോൾ തൊടാൻ പാടില്ല എന്നു വ്യക്തമാക്കുന്നുവെങ്കിൽ അവൾ വ്യക്തമായി മുന്നറിയിപ്പു നൽകിയെന്നു പറയാനാകും. അനുസരണക്കേടു കാണിക്കുന്നപക്ഷം കർശനമായ എന്നാൽ നീതിയുള്ള നടപടി സ്വീകരിക്കുന്നതിന് അവൾക്ക് അർഹതയുണ്ട്.—സദൃശവാക്യങ്ങൾ 29:15.
17. യഹോവ എങ്ങനെയാണ് 1919 മുതൽ ഒരു പ്രത്യേക രീതിയിൽ നീതി പ്രകടിപ്പിച്ചിരിക്കുന്നത്?
17 യഹോവ തന്റെ നീതി നിമിത്തം ആദ്യംതന്നെ ആവശ്യമായ മുന്നറിയിപ്പു നൽകാതെ ഈ ദുഷ്ട വ്യവസ്ഥിതിക്കെതിരെ ന്യായവിധി നടപ്പാക്കുകയില്ല. അതുകൊണ്ട്, 1919-ൽ ഒന്നാം ലോകമഹായുദ്ധം ‘കൊടിയ വേദന’ കൊണ്ടുവന്നതു മുതൽ ഭൂവ്യാപകമായി സുവാർത്ത തീക്ഷ്ണതയോടെ പ്രഖ്യാപിക്കുന്ന തന്റെ സാക്ഷികൾ യഹോവക്കുണ്ടായിരുന്നിട്ടുണ്ട്. (മത്തായി 24:7, 8, 14, NW) അനുപമമായ ഈ മുന്നറിയിപ്പിനെക്കുറിച്ച് അജ്ഞരായിരുന്നുവെന്ന് അവകാശപ്പെടാൻ ജാതികൾക്കു ന്യായമായ യാതൊരു അവകാശവുമില്ല.
സുവാർത്ത എത്ര വിസ്തൃതമായി പ്രസംഗിച്ചിരിക്കുന്നു?
18. (എ) ഒററപ്പെട്ട പ്രദേശങ്ങളിൽ സാക്ഷികളുടെ പ്രവർത്തനത്തിന് എന്തു തെളിവുണ്ട്? (ബി) വേറെ എന്ത് ഉദാഹരണങ്ങൾ നിങ്ങൾക്കറിയാം?
18 ലോകവ്യാപകമായ ഈ വിദ്യാഭ്യാസവേലയുടെ ഫലപ്രദത്വം ലാസ്ററ് പ്ലേസസ്—എ ജേർണി ഇൻ ദ നോർത്ത് എന്ന ഗ്രന്ഥത്തിൽനിന്നു കാണാവുന്നതാണ്. സ്കോട്ട്ലൻഡിനു വടക്ക് അങ്ങിങ്ങായി കിടക്കുന്ന ദ്വീപുകളിൽ ഒററപ്പെട്ടുകിടക്കുന്ന ഒന്നായ ഫൗളയിലേക്കുള്ള നാവികഭൂപടം പരിശോധിച്ചപ്പോൾ “ദ്വീപിനുചുററും WKS (കപ്പൽത്തകർച്ച), RKS (പാറകൾ), LDGS (പാറത്തട്ടുകൾ), OBS (പ്രതിബന്ധങ്ങൾ)” എന്നിങ്ങനെ നാവികഭൂപടം സൂചിപ്പിച്ചിരുന്നതായി ഗ്രന്ഥകാരൻ പറയുന്നു. ഇത് “ഭാവി കടൽസഞ്ചാരികൾക്ക് അകന്നുനിൽക്കാൻ മുന്നറിയിപ്പുനൽകി. ഫൗളയെ ചുററിയുള്ള സമുദ്രം അത്യന്തം ഭ്രമിപ്പിക്കത്തക്കവിധം ധാതുലവണങ്ങൾ അടങ്ങിയതായിരുന്നു. അത് ഉല്ലാസക്കപ്പൽക്കാർ, പകൽസഞ്ചാരികൾ, എന്തിന്, ഇംഗ്ലണ്ടിലെ രാജ്ഞിയുടെ പൊതുപ്രവർത്തക സംഘത്തിനുപോലും പ്രവേശിക്കാൻ പററാത്തതാക്കിത്തീർത്തു—എന്നാൽ അത് യഹോവയുടെ സാക്ഷികൾക്ക് തടസ്സമായിരുന്നില്ലെന്ന് ഏതാനും ദിവസത്തിനുള്ളിൽ ഞാൻ മനസ്സിലാക്കി.” അദ്ദേഹം ഇങ്ങനെ തുടർന്നു: “വലിയ നഗരത്തിന്റെ ചേരികളിലും മൂന്നാം ലോകരാഷ്ട്രങ്ങളിലും അവർ ആളുകളെ തിരിഞ്ഞുപിടിക്കുന്നതുപോലെതന്നെ ഒററപ്പെട്ടുകിടക്കുന്ന ഫൗളയിലും അവർ തങ്ങളുടെ വിശ്വാസപ്രകാരം മതപരിവർത്തനം നടത്തി.” ഏതാനും മാസങ്ങൾക്കുമുമ്പ് വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി സ്ഥലവാസിയായ ആൻഡ്രുവിന്റെ വീട്ടുവാതിൽക്കൽ ഇട്ടേച്ചുപോയതായി അദ്ദേഹം കണ്ടെത്തി. അദ്ദേഹം കൂട്ടിച്ചേർത്തു: “ഒരാഴ്ചക്കു ശേഷം [ഡാനിഷ് ഭാഷയിൽ ഉണരുക!യുടെ] ഒരു പ്രതി ഫാറോസിലും [ഉത്തര കടൽദ്വീപുകൾ] രണ്ടു മാസത്തിനുശേഷം [ഡാനിഷ് ഭാഷയിൽ വീക്ഷാഗോപുരത്തിന്റെ] ഒരു പ്രതി ഗ്രീൻലൻഡിലെ നൂക്കിലും ഞാൻ കണ്ടെത്തുകയായി.” ഉത്തരമേഖലകളിൽ യഹോവയുടെ സാക്ഷികളുടെ തീക്ഷ്ണമായ പ്രവർത്തനത്തിന്റെ എത്ര വാചാലമായ സാക്ഷ്യം!
സാക്ഷികൾക്കു പ്രചോദനമേകുന്നത് എന്താണ്?
19, 20. (എ) പ്രസംഗവേലയിൽ അനുസ്യൂതം തുടരാൻ സാക്ഷികൾക്കു പ്രചോദനം നൽകുന്നതെന്താണ്? (ബി) അടുത്തതായി ഏതു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതാണ്?
19 സാക്ഷിയെന്ന നിലയിൽ എത്ര വർഷത്തെ അനുഭവമുണ്ടെന്നുവരികിലും വീടുതോറുംപോയി അപരിചിതരോടു പ്രസംഗിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽപ്പിന്നെ ഈ ക്രിസ്ത്യാനികൾക്കു പ്രചോദനം നൽകുന്നതെന്താണ്? അവരുടെ ക്രിസ്തീയ സമർപ്പണവും ഉത്തരവാദിത്വബോധവുമാണ്. പൗലോസ് എഴുതി: “ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” സത്യക്രിസ്ത്യാനികളുടെ പക്കൽ ജീവസന്ദേശമാണുള്ളത്. അതുകൊണ്ട് അവർക്കത് എങ്ങനെ മററുള്ളവരോടു പറയാതിരിക്കാനാവും? അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നതിൽ പരാജയപ്പെടുന്നത് രക്തപാതകക്കുററത്തിൽ കലാശിക്കുമെന്ന അതേ തത്ത്വംതന്നെയാണു സുവാർത്ത പ്രസംഗിക്കുന്നതിന് അവർക്കു പ്രചോദനമേകുന്നത്.—1 കൊരിന്ത്യർ 9:16; യെഹെസ്കേൽ 3:17-21.
20 എങ്ങനെയാണു സുവാർത്ത പ്രസംഗിക്കപ്പെടുന്നത്? സാക്ഷികളുടെ വിജയത്തിന്റെ രഹസ്യമെന്താണ്? അവരുടെ ശുശ്രൂഷയുടെയും സ്ഥാപനത്തിന്റെയും ഏതു ഘടകമാണ് സത്യമതത്തിൽപ്പെട്ടവരായി അവരെ തിരിച്ചറിയിക്കുന്നത്? ഞങ്ങളുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ്.
[അടിക്കുറിപ്പ്]
a ദൈവത്തിന്റെ ജ്ഞാനം, “പാവനരഹസ്യം” എന്നിവയെക്കുറിച്ചു കൂടുതൽ വിശദീകരണത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച [ഇംഗ്ലീഷ്], വാല്യം II, പേജ് 1190 കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ യഹോവയുടെ സാക്ഷികളെ വൈദികരിൽനിന്നു വേർതിരിച്ചു നിർത്തുന്നത് എന്താണ്?
◻ പ്രസംഗവേല ദൈവത്തിന്റെ സ്നേഹം, ശക്തി, ജ്ഞാനം എന്നിവ എങ്ങനെ പ്രതിഫലിപ്പിക്കുന്നു?
◻ സുവാർത്താ പ്രസംഗം ദൈവത്തിന്റെ നീതിയെ എങ്ങനെ പ്രതിഫലിപ്പിക്കും?
◻ ശുശ്രൂഷയിൽ തുടരുന്നതിനു സാക്ഷികൾക്കു പ്രചോദനമേകുന്നതെന്ത്?
[15-ാം പേജിലെ ചിത്രം]
ആളുകൾ എത്ര ഒററപ്പെട്ടുകിടന്നാലും അവരുടെ അടുത്ത് എത്തിച്ചേരാൻ സാക്ഷികൾ ആഗ്രഹിക്കുന്നു