ശമുവേൽ ഒന്നാം ഭാഗം
21 പിന്നീട് ദാവീദ്, നോബിലുള്ള+ പുരോഹിതനായ അഹിമേലെക്കിന്റെ അടുത്ത് എത്തി. ദാവീദിനെ കണ്ട് പേടിച്ചുവിറച്ച അഹിമേലെക്ക് ചോദിച്ചു: “ഒറ്റയ്ക്കാണോ വന്നത്? കൂടെ ആരുമില്ലേ?”+ 2 അപ്പോൾ ദാവീദ് പുരോഹിതനായ അഹിമേലെക്കിനോടു പറഞ്ഞു: “ഒരു പ്രത്യേകകാര്യം ചെയ്യാൻ രാജാവ് എന്നെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷേ, ‘ഞാൻ നിന്നെ ഏൽപ്പിച്ച ഈ ദൗത്യത്തെക്കുറിച്ചോ നിനക്കു തന്ന നിർദേശങ്ങളെക്കുറിച്ചോ ആരും അറിയരുത്’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞിരിക്കുന്നു. എവിടെവെച്ച് കൂടിക്കാണാമെന്നു ഞാൻ എന്റെ ആളുകളുമായി പറഞ്ഞൊത്തിട്ടുണ്ട്. 3 അങ്ങയുടെ കൈവശം അപ്പം വല്ലതുമുണ്ടോ? ഉണ്ടെങ്കിൽ അഞ്ച് അപ്പം തരൂ. ഇല്ലെങ്കിൽ, ഉള്ളത് എന്തായാലും മതി.” 4 അപ്പോൾ പുരോഹിതൻ ദാവീദിനോടു പറഞ്ഞു: “താങ്കൾക്കു തരാൻ ഇവിടെ ഇപ്പോൾ വിശുദ്ധയപ്പം അല്ലാതെ വേറെ ഒന്നുമില്ല.+ പക്ഷേ, താങ്കളുടെ ആളുകൾ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരായിരിക്കണമെന്നു മാത്രം.”*+ 5 ദാവീദ് പുരോഹിതനോടു പറഞ്ഞു: “ഞാൻ മുമ്പ് സൈനികദൗത്യവുമായി പോയ സന്ദർഭങ്ങളിലേതുപോലെതന്നെ ഇത്തവണയും ഞങ്ങളെല്ലാം സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നു.+ ഒരു സാധാരണദൗത്യം നിറവേറ്റുമ്പോൾപ്പോലും എന്റെ ആളുകളുടെ ശരീരം വിശുദ്ധമാണെങ്കിൽ ഇന്ന് അവർ എത്രയധികം വിശുദ്ധരായിരിക്കും!” 6 അതുകൊണ്ട്, പുരോഹിതൻ ദാവീദിനു വിശുദ്ധയപ്പം കൊടുത്തു.+ കാരണം, കാഴ്ചയപ്പമല്ലാതെ വേറെ അപ്പമൊന്നും അവിടെയില്ലായിരുന്നു. യഹോവയുടെ സന്നിധിയിൽ പുതിയ അപ്പം വെച്ച ദിവസം അവിടെനിന്ന് നീക്കം ചെയ്ത അപ്പമായിരുന്നു ഇത്.
7 ശൗലിന്റെ ദാസനായ ദോവേഗ്+ എന്ന ഏദോമ്യൻ+ അന്ന് അവിടെയുണ്ടായിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനായിരുന്ന ദോവേഗിനെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
8 അപ്പോൾ, ദാവീദ് അഹിമേലെക്കിനോടു പറഞ്ഞു: “ഇവിടെ അങ്ങയുടെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവ് ഏൽപ്പിച്ച അടിയന്തിരദൗത്യം നിർവഹിക്കാനുള്ള തിടുക്കത്തിൽ വാളോ മറ്റ് ആയുധങ്ങളോ എടുക്കാതെയാണു ഞാൻ പോന്നത്.” 9 അപ്പോൾ പുരോഹിതൻ പറഞ്ഞു: “ഏലെ താഴ്വരയിൽ+ താങ്കൾ കൊന്നുവീഴ്ത്തിയ ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ+ ഇവിടെയുണ്ട്. അത് ഒരു തുണിയിൽ പൊതിഞ്ഞ് ഏഫോദിന്റെ പിന്നിൽ വെച്ചിരിക്കുകയാണ്.+ അതു മാത്രമേ ഇവിടെയുള്ളൂ. വേണമെങ്കിൽ അത് എടുത്തുകൊള്ളൂ.” ഇതു കേട്ട ദാവീദ്, “അതിനു തുല്യം മറ്റൊന്നില്ലല്ലോ. അത് എനിക്കു തരൂ” എന്നു പറഞ്ഞു.
10 ശൗലിന്റെ അടുത്തുനിന്ന് ഓടിപ്പോകുകയായിരുന്ന ദാവീദ് അന്ന് അവിടെനിന്ന് ഇറങ്ങി പലായനം തുടർന്നു.+ ഒടുവിൽ, ഗത്തിലെ രാജാവായ ആഖീശിന്റെ അടുത്ത് എത്തി.+ 11 ആഖീശിന്റെ ദാസന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ആ ദേശത്തെ രാജാവായ ദാവീദല്ലേ ഇത്? ഇദ്ദേഹത്തെക്കുറിച്ചല്ലേ അവർ,
‘ശൗൽ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും’ എന്നു പാടി നൃത്തം ചെയ്തത്?”+
12 ദാവീദ് ഈ വാക്കുകൾ ഗൗരവമായെടുത്തു. ഗത്തിലെ രാജാവായ ആഖീശിനെ ദാവീദിനു വലിയ പേടിയായി.+ 13 അതുകൊണ്ട്, ദാവീദ് ഭാവം മാറ്റി+ ബുദ്ധിഭ്രമമുള്ളവനെപ്പോലെ അവരുടെ മുന്നിൽ* അഭിനയിച്ചു. ദാവീദ് താടിയിലൂടെ തുപ്പൽ ഒലിപ്പിച്ച് കവാടത്തിന്റെ കതകുകളിൽ കുത്തിവരച്ചുകൊണ്ടിരുന്നു. 14 ഒടുവിൽ, ആഖീശ് ദാസന്മാരോടു പറഞ്ഞു: “ഇയാൾക്കു ഭ്രാന്താണെന്നു കണ്ടുകൂടേ? പിന്നെ എന്തിനാണ് ഇയാളെ എന്റെ അടുത്ത് കൊണ്ടുവന്നത്? 15 ഇയാൾ ഇവിടെ എന്റെ മുന്നിൽ ഭ്രാന്തു കളിക്കാൻ ഇവിടെ എന്താ ഭ്രാന്തന്മാർ കുറവാണോ? ഇങ്ങനെയുള്ള ഒരുത്തനെ എന്റെ ഭവനത്തിൽ കയറ്റാമോ?”