അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
27 ഞങ്ങൾ ഇറ്റലിയിലേക്കു കപ്പൽ കയറണമെന്നു തീരുമാനമായപ്പോൾ+ അവർ പൗലോസിനെയും മറ്റു ചില തടവുകാരെയും അഗസ്റ്റസിന്റെ സൈനികവിഭാഗത്തിലെ യൂലിയൊസ് എന്ന സൈനികോദ്യോഗസ്ഥനെ ഏൽപ്പിച്ചു. 2 ഏഷ്യ സംസ്ഥാനത്തിന്റെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്ന, അദ്രമുത്യയിൽനിന്നുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. ഞങ്ങളോടൊപ്പം തെസ്സലോനിക്യയിൽനിന്നുള്ള അരിസ്തർഹോസ്+ എന്ന മാസിഡോണിയക്കാരനുമുണ്ടായിരുന്നു. 3 പിറ്റേന്നു ഞങ്ങൾ സീദോനിൽ എത്തി. പൗലോസിനോടു യൂലിയൊസ് ദയ കാണിക്കുകയും സ്നേഹിതരുടെ അടുത്ത് പോയി അവരുടെ ആതിഥ്യം സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്തു.
4 അവിടെനിന്ന് പുറപ്പെട്ട ഞങ്ങൾ കാറ്റു പ്രതികൂലമായതുകൊണ്ട് സൈപ്രസിന്റെ മറപറ്റി യാത്ര തുടർന്നു. 5 കിലിക്യക്കും പംഫുല്യക്കും അരികിലൂടെ സഞ്ചരിച്ച് ഞങ്ങൾ ലുക്കിയയിലെ മിറ തുറമുഖത്ത് എത്തി. 6 അവിടെവെച്ച് അലക്സാൻഡ്രിയയിൽനിന്ന് ഇറ്റലിയിലേക്കു പോകുകയായിരുന്ന ഒരു കപ്പൽ കണ്ട് സൈനികോദ്യോഗസ്ഥൻ ഞങ്ങളെ അതിൽ കയറ്റി. 7 പിന്നെ കുറെ ദിവസത്തേക്കു ഞങ്ങൾ സാവധാനമാണു യാത്ര ചെയ്തത്. വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്നീദോസിൽ എത്തി. കാറ്റ് അനുകൂലമല്ലാഞ്ഞതുകൊണ്ട് ഞങ്ങൾ ശൽമോന കടന്ന് ക്രേത്തയുടെ മറപറ്റി കപ്പലോടിച്ചു. 8 പിന്നെ ഞങ്ങൾ തീരത്തോടു ചേർന്ന് കഷ്ടപ്പെട്ട് മുമ്പോട്ടു നീങ്ങി ശുഭതുറമുഖം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് എത്തി; ഇതിന് അടുത്തായിരുന്നു ലസയ്യ നഗരം.
9 ഇങ്ങനെ, കുറെ ദിവസങ്ങൾ കടന്നുപോയി. ശരത്കാലത്തെ ഉപവാസവും+ കഴിഞ്ഞുപോയിരുന്നു. അപ്പോൾ സമുദ്രയാത്ര അപകടമാണെന്നു കണ്ട് പൗലോസ് ഒരു നിർദേശം വെച്ചു. 10 പൗലോസ് അവരോടു പറഞ്ഞു: “പുരുഷന്മാരേ, നമ്മുടെ ഈ യാത്ര ചരക്കിനും കപ്പലിനും നാശനഷ്ടങ്ങൾ വരുത്തിവെക്കും എന്നു മാത്രമല്ല, നമ്മുടെ ജീവനുതന്നെ ഭീഷണിയാണെന്നു ഞാൻ മനസ്സിലാക്കുന്നു.” 11 എന്നാൽ സൈനികോദ്യോഗസ്ഥൻ പൗലോസ് പറഞ്ഞതു ശ്രദ്ധിക്കാതെ കപ്പിത്താനും കപ്പലുടമയും പറഞ്ഞതു കേട്ടു. 12 ആ തുറമുഖം തണുപ്പുകാലം കഴിച്ചുകൂട്ടാൻ പറ്റിയതല്ലാത്തതുകൊണ്ട് അവിടെനിന്ന് എങ്ങനെയും ക്രേത്തയിലെ ഫേനിക്സിൽ എത്തി, തണുപ്പുകാലം കഴിയുന്നതുവരെ അവിടെ തങ്ങാമെന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. വടക്കുകിഴക്കോട്ടും തെക്കുകിഴക്കോട്ടും തുറന്നുകിടക്കുന്ന ഒരു തുറമുഖമായിരുന്നു ഫേനിക്സ്.
13 തെക്കൻ കാറ്റു മന്ദമായി വീശിയപ്പോൾ, തങ്ങൾ ഉദ്ദേശിച്ചതുപോലെ അവിടെ എത്താമെന്നു വിചാരിച്ച് അവർ നങ്കൂരം ഉയർത്തി ക്രേത്തയുടെ തീരം ചേർന്ന് നീങ്ങി. 14 എന്നാൽ പെട്ടെന്നു വടക്കുകിഴക്കൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 15 കൊടുങ്കാറ്റിൽപ്പെട്ട കപ്പലിനു കാറ്റിന് എതിരായി നിൽക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങൾ ശ്രമം ഉപേക്ഷിച്ച് കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങി. 16 കൗദ എന്ന് അറിയപ്പെടുന്ന ഒരു ചെറിയ ദ്വീപിന്റെ മറപറ്റിയാണു ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നതെങ്കിലും അമരത്തോടു* ബന്ധിച്ചിരുന്ന തോണി നിയന്ത്രിക്കാൻ ഞങ്ങൾ വല്ലാതെ പ്രയാസപ്പെട്ടു. 17 ഒടുവിൽ ഒരുവിധം അതു വലിച്ചുകയറ്റി. പിന്നെ കപ്പൽ ചുറ്റിക്കെട്ടി ഉറപ്പുവരുത്തി. കപ്പൽ സിർത്തിസിലെ മണൽത്തിട്ടകളിൽ ചെന്നിടിക്കുമെന്നു പേടിച്ച് അവർ കപ്പൽപ്പായയുടെ കയറുകൾ അഴിച്ച് കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങി. 18 കൊടുങ്കാറ്റിൽപ്പെട്ട് ഞങ്ങൾ ആടിയുലഞ്ഞു. അതുകൊണ്ട് പിറ്റേന്ന് അവർ കപ്പലിന്റെ ഭാരം കുറയ്ക്കാൻ ചരക്കുകൾ എറിഞ്ഞുകളയാൻതുടങ്ങി.+ 19 മൂന്നാം ദിവസം അവർ കപ്പലിന്റെ പല ഉപകരണങ്ങളും അവരുടെ കൈകൊണ്ടുതന്നെ എറിഞ്ഞുകളഞ്ഞു.
20 ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാനായില്ല; കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാമെന്നുള്ള ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. 21 അവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ പൗലോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്ന് പറഞ്ഞു: “പുരുഷന്മാരേ, ക്രേത്തയിൽനിന്ന് പുറപ്പെടരുത് എന്ന എന്റെ ഉപദേശം നിങ്ങൾ കേട്ടിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.+ 22 എന്തായാലും, നിങ്ങൾ ധൈര്യത്തോടിരിക്കണമെന്നു ഞാൻ ഇപ്പോൾ അപേക്ഷിക്കുന്നു. കപ്പൽ നശിക്കുമെങ്കിലും നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല. 23 ഞാൻ സേവിക്കുന്ന, എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ+ ഇന്നലെ രാത്രി എന്റെ അരികെ നിന്നുകൊണ്ട് 24 എന്നോട്, ‘പൗലോസേ, പേടിക്കേണ്ടാ! നീ സീസറിന്റെ മുമ്പാകെ നിൽക്കേണ്ടതാണ്.+ നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും ദൈവം രക്ഷിക്കും’ എന്നു പറഞ്ഞു. 25 അതുകൊണ്ട് പുരുഷന്മാരേ, ധൈര്യമായിരിക്കുക. ദൈവത്തിൽ എനിക്കു വിശ്വാസമുണ്ട്; ദൈവം എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കും. 26 പക്ഷേ, ഒരു ദ്വീപിന് അടുത്തുവെച്ച് നമ്മുടെ കപ്പൽ തകരും.”+
27 14-ാം ദിവസം അർധരാത്രി ഞങ്ങളുടെ കപ്പൽ അദ്രിയക്കടലിൽ ആടിയുലയുകയായിരുന്നു. ഏതോ കരയോട് അടുക്കുകയാണെന്നു നാവികർക്കു തോന്നി. 28 അവർ ആഴം അളന്നപ്പോൾ അവിടെ 20 ആൾ താഴ്ചയുണ്ടെന്നു മനസ്സിലായി. അൽപ്പദൂരംകൂടെ സഞ്ചരിച്ച് അവർ വീണ്ടും അളന്നുനോക്കിയപ്പോൾ 15 ആൾ താഴ്ചയുണ്ടെന്നു കണ്ടു. 29 പാറക്കെട്ടുകളിൽ ചെന്നിടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാലു നങ്കൂരം ഇറക്കിയിട്ട് നേരം പുലരാനായി കാത്തിരുന്നു. 30 എന്നാൽ അണിയത്തുനിന്ന്* നങ്കൂരം ഇറക്കുകയാണെന്ന ഭാവത്തിൽ നാവികർ തോണി കടലിൽ ഇറക്കി കപ്പലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. 31 പൗലോസ് സൈനികോദ്യോഗസ്ഥനോടും പടയാളികളോടും, “ഇവർ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയില്ല”+ എന്നു പറഞ്ഞു. 32 അപ്പോൾ പടയാളികൾ കയറുകൾ മുറിച്ച് തോണി കടലിൽ ഇട്ടുകളഞ്ഞു.
33 നേരം വെളുക്കാറായപ്പോൾ പൗലോസ് എല്ലാവരെയും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. പൗലോസ് പറഞ്ഞു: “നിങ്ങൾ ഒന്നും കഴിക്കാതെ സങ്കടപ്പെട്ട് കാത്തിരിക്കാൻതുടങ്ങിയിട്ട് ഇന്നേക്ക് 14 ദിവസമായി. 34 അതുകൊണ്ട് ദയവായി എന്തെങ്കിലും കഴിക്കൂ. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പറയുന്നത്. നിങ്ങളുടെ ആരുടെയും ഒരു തലമുടിനാരിനുപോലും ഒന്നും സംഭവിക്കില്ല.” 35 ഇതു പറഞ്ഞശേഷം പൗലോസ് ഒരു അപ്പം എടുത്ത്, എല്ലാവരുടെയും മുന്നിൽവെച്ച് ദൈവത്തോടു നന്ദി പറഞ്ഞിട്ട് അതു നുറുക്കി കഴിക്കാൻതുടങ്ങി. 36 എല്ലാവരും മനക്കരുത്ത് വീണ്ടെടുത്ത് ഭക്ഷണം കഴിച്ചു. 37 കപ്പലിൽ ഞങ്ങൾ എല്ലാവരുംകൂടെ 276 പേരുണ്ടായിരുന്നു. 38 ആവശ്യത്തിനു ഭക്ഷണം കഴിച്ചശേഷം അവർ ഗോതമ്പു കടലിലെറിഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.+
39 നേരം പുലർന്നപ്പോൾ അവർ മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടു. ആ കര ഏതാണെന്നു മനസ്സിലായില്ലെങ്കിലും+ കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കാൻ അവർ തീരുമാനിച്ചു. 40 അതുകൊണ്ട് അവർ നങ്കൂരങ്ങൾ അറുത്തുമാറ്റി കടലിൽ തള്ളി; ഒപ്പം ചുക്കാൻ* ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചുവിടുകയും ചെയ്തു. പിന്നെ അണിയത്തുള്ള പായ കാറ്റിന് അഭിമുഖമായി നിവർത്തി അവർ തീരത്തേക്കു നീങ്ങി. 41 കപ്പൽ കടലിലെ ഒരു മണൽത്തിട്ടയിൽ ചെന്നുകയറി. അണിയം അവിടെ ഉറച്ചതിനാൽ കപ്പൽ അനങ്ങാതായി. എന്നാൽ ശക്തമായ തിരമാലകളിൽപ്പെട്ട് അമരം തകർന്നുപോയി.+ 42 തടവുകാർ ആരും നീന്തി രക്ഷപ്പെടാതിരിക്കാനായി അവരെ കൊന്നുകളയാൻ പടയാളികൾ തീരുമാനിച്ചു. 43 എന്നാൽ പൗലോസിനെ രക്ഷിക്കാൻ ആഗ്രഹിച്ച സൈനികോദ്യോഗസ്ഥൻ ആ തീരുമാനത്തിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്തൽ അറിയാവുന്നവർ കടലിലേക്കു ചാടി നീന്തി കരയ്ക്ക് എത്തിക്കൊള്ളാനും 44 ബാക്കിയുള്ളവർ പലകകളിലോ കപ്പലിന്റെ കഷണങ്ങളിലോ പിടിച്ചുകിടന്ന് കരയിൽ എത്താനും സൈനികോദ്യോഗസ്ഥൻ നിർദേശിച്ചു. അങ്ങനെ, എല്ലാവരും സുരക്ഷിതരായി കരയ്ക്ക് എത്തി.+