ഫിലേമോന് എഴുതിയ കത്ത്
1 ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായിരിക്കുന്ന പൗലോസും+ നമ്മുടെ സഹോദരനായ തിമൊഥെയൊസും,+ ഞങ്ങളുടെ പ്രിയസഹപ്രവർത്തകനായ ഫിലേമോനും 2 പ്രിയസഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർഹിപ്പൊസിനും+ ഫിലേമോന്റെ വീട്ടിലെ സഭയ്ക്കും+ എഴുതുന്നത്:
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
4 ഫിലേമോനെ പ്രാർഥനയിൽ ഓർക്കുമ്പോഴൊക്കെ ഞാൻ എന്റെ ദൈവത്തോടു നന്ദി പറയാറുണ്ട്.+ 5 കാരണം കർത്താവായ യേശുവിലുള്ള ഫിലേമോന്റെ വിശ്വാസത്തെക്കുറിച്ചും യേശുവിനോടും എല്ലാ വിശുദ്ധരോടും ഉള്ള സ്നേഹത്തെക്കുറിച്ചും ധാരാളം പറഞ്ഞുകേൾക്കുന്നുണ്ട്. 6 വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതു ക്രിസ്തുവിലൂടെ നമുക്കു കിട്ടിയ എല്ലാ നന്മകളും തിരിച്ചറിയാൻ ഫിലേമോനെ പ്രേരിപ്പിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 7 കാരണം സഹോദരാ, സഹോദരന്റെ സ്നേഹത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്കു വലിയ സന്തോഷവും ആശ്വാസവും തോന്നി. വിശുദ്ധരുടെ ഹൃദയത്തിനു സഹോദരൻ കുളിർമ പകർന്നല്ലോ.
8 അതുകൊണ്ടുതന്നെ, ഇന്നതു ചെയ്യണമെന്നു ഫിലേമോനോടു കല്പിക്കാൻ ക്രിസ്തുവിനോടുള്ള ബന്ധത്തിൽ എനിക്കു ശരിക്കും അവകാശമുണ്ടെങ്കിലും 9 പ്രായമുള്ളവനും പോരാത്തതിന് ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനും ആയ പൗലോസ് എന്ന എനിക്കു സ്നേഹത്തിന്റെ പേരിൽ ഫിലേമോനോട് അപേക്ഷിക്കാനാണ് ഇഷ്ടം. 10 ജയിലിലായിരുന്നപ്പോൾ* ഞാൻ ജന്മം കൊടുത്ത എന്റെ മകനായ+ ഒനേസിമൊസിനുവേണ്ടിയാണു+ ഞാൻ അപേക്ഷിക്കുന്നത്. 11 ഒനേസിമൊസിനെക്കൊണ്ട് മുമ്പ് ഫിലേമോനു പ്രയോജനമില്ലായിരുന്നെങ്കിലും ഇപ്പോൾ അവൻ എനിക്കും ഫിലേമോനും പ്രയോജനമുള്ളവനാണ്. 12 എന്റെ ജീവനായ ഒനേസിമൊസിനെ ഞാൻ അവിടേക്കു തിരിച്ചയയ്ക്കുകയാണ്.
13 സന്തോഷവാർത്തയ്ക്കുവേണ്ടി+ ജയിലിൽ കിടക്കുന്ന എന്നെ ശുശ്രൂഷിക്കാൻ ഫിലേമോനു പകരം ഒനേസിമൊസിനെ എന്റെ അടുത്ത് നിറുത്താൻ എനിക്ക് ആഗ്രഹമുണ്ട്. 14 പക്ഷേ ഫിലേമോന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഫിലേമോൻ ചെയ്യുന്ന നന്മ നിർബന്ധംകൊണ്ടുള്ളതല്ല, സ്വമനസ്സാലെയുള്ളതായിരിക്കണമല്ലോ.+ 15 ഒരുപക്ഷേ, കുറച്ച് കാലത്തേക്ക്* ഒനേസിമൊസ് ഫിലേമോനെ വിട്ട് പോയത് എന്നെന്നേക്കുമായി അവനെ ഫിലേമോനു തിരിച്ചുകിട്ടാനായിരിക്കാം. 16 അതും വെറുമൊരു അടിമയായല്ല,+ അതിലുപരി ഒരു പ്രിയസഹോദരനായി. ഒനേസിമൊസ് എനിക്കു വളരെ പ്രിയപ്പെട്ടവനാണെങ്കിൽ ഒരു അടിമയും ക്രിസ്തീയസഹോദരനും+ എന്ന നിലയ്ക്കു* ഫിലേമോന് എത്രയധികം പ്രിയപ്പെട്ടവനായിരിക്കും! 17 അതുകൊണ്ട് എന്നെ ഒരു കൂട്ടുകാരനായി* കാണുന്നെങ്കിൽ, എന്നെ എന്നപോലെ ഒനേസിമൊസിനെ ദയയോടെ സ്വീകരിക്കുക. 18 ഒനേസിമൊസ് ഫിലേമോന് എന്തെങ്കിലും നഷ്ടം വരുത്തിയിട്ടുണ്ടെങ്കിലോ ഫിലേമോനോട് എന്തെങ്കിലും കടപ്പെട്ടിരിക്കുന്നെങ്കിലോ അതെല്ലാം എന്റെ കണക്കിൽ ചേർത്തുകൊള്ളുക. 19 പൗലോസ് എന്ന ഞാൻ സ്വന്തകൈകൊണ്ട് എഴുതുകയാണ്: ഞാൻ അതു തന്ന് തീർത്തുകൊള്ളാം. പക്ഷേ സഹോദരാ, സഹോദരനെത്തന്നെ എനിക്കു തരാൻ സഹോദരനു കടപ്പാടുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 20 അതെ സഹോദരാ, കർത്താവിനെപ്രതി എനിക്ക് ആ സഹായം ചെയ്തുതന്നാലും. ക്രിസ്തുവിൽ എന്റെ ഹൃദയം കുളിർപ്പിക്കുക.
21 ഞാൻ പറയുന്നതു ഫിലേമോൻ ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത് എഴുതുന്നത്. ഞാൻ പറയുന്നതിലും അധികം ഫിലേമോൻ ചെയ്യുമെന്ന് എനിക്ക് അറിയാം. 22 ഒരു കാര്യംകൂടെ പറയട്ടെ: എനിക്കു താമസിക്കാൻ ഒരു സ്ഥലം ഒരുക്കണം. നിങ്ങളുടെ പ്രാർഥനകളുടെ ഫലമായി എന്നെ നിങ്ങൾക്കു തിരികെ കിട്ടുമെന്നാണ്* എന്റെ പ്രതീക്ഷ.+
23 ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസും+ 24 എന്റെ സഹപ്രവർത്തകരായ മർക്കോസും അരിസ്തർഹോസും+ ദേമാസും+ ലൂക്കോസും+ ഫിലേമോനെ സ്നേഹം അറിയിക്കുന്നു.
25 നിങ്ങൾ കാണിക്കുന്ന നല്ല മനസ്സു കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയയാൽ അനുഗൃഹീതമായിരിക്കട്ടെ.