ഇയ്യോബ്
42 അപ്പോൾ ഇയ്യോബ് യഹോവയോടു പറഞ്ഞു:
2 “അങ്ങയ്ക്ക് എല്ലാം ചെയ്യാൻ കഴിയുമെന്നും
അങ്ങ് ഉദ്ദേശിക്കുന്നതൊന്നും നടക്കാതെപോകില്ലെന്നും എനിക്ക് ഇപ്പോൾ മനസ്സിലായി.+
3 ‘ആരാണ് ബുദ്ധിയില്ലാതെ എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുന്നത്’+ എന്ന് അങ്ങ് ചോദിച്ചു.
ശരിയാണ്, ഏറെ അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാതെ ഞാൻ സംസാരിച്ചു.
എനിക്ക് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണു ഞാൻ സംസാരിച്ചത്.+
4 ‘ഞാൻ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക;
ഞാൻ നിന്നോടു ചോദിക്കും, എനിക്കു പറഞ്ഞുതരുക’+ എന്ന് അങ്ങ് പറഞ്ഞു.
5 എന്റെ ചെവികൾ അങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ട്;
എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾകൊണ്ട് ഞാൻ അങ്ങയെ കാണുന്നു.
6 അതുകൊണ്ട് പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു;+
ഞാൻ പൊടിയിലും ചാരത്തിലും ഇരുന്ന് പശ്ചാത്തപിക്കുന്നു.”+
7 യഹോവ ഇയ്യോബിനോടു സംസാരിച്ചുതീർന്നശേഷം യഹോവ തേമാന്യനായ എലീഫസിനോടു പറഞ്ഞു:
“എനിക്കു നിന്നോടും നിന്റെ രണ്ടു കൂട്ടുകാരോടും+ കടുത്ത ദേഷ്യം തോന്നുന്നു. കാരണം, എന്റെ ദാസനായ ഇയ്യോബ് എന്നെക്കുറിച്ച് സത്യമായ കാര്യങ്ങൾ പറഞ്ഞതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം പറഞ്ഞില്ല.+ 8 അതുകൊണ്ട് ഏഴു കാളയെയും ഏഴു ചെമ്മരിയാടിനെയും കൊണ്ട് എന്റെ ദാസനായ ഇയ്യോബിന്റെ അടുത്ത് ചെന്ന് നിങ്ങൾക്കുവേണ്ടി ദഹനബലി അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം സംസാരിച്ചില്ല. നിങ്ങളുടെ ആ വിഡ്ഢിത്തത്തിനു ഞാൻ തക്ക ശിക്ഷ തരാതിരിക്കാൻ എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.+ അവന്റെ അപേക്ഷ ഞാൻ കേൾക്കും.”*
9 അങ്ങനെ, തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്ന് യഹോവ പറഞ്ഞതുപോലെ ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർഥന കേട്ടു.
10 ഇയ്യോബ് കൂട്ടുകാർക്കുവേണ്ടി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ+ യഹോവ ഇയ്യോബിന്റെ കഷ്ടതകൾ നീക്കി,+ മുമ്പുണ്ടായിരുന്ന ഐശ്വര്യസമൃദ്ധി തിരികെ നൽകി. മുമ്പുണ്ടായിരുന്നതിന്റെയെല്ലാം ഇരട്ടി യഹോവ കൊടുത്തു.+ 11 എല്ലാ സഹോദരന്മാരും സഹോദരിമാരും പഴയ സുഹൃത്തുക്കളും+ വീട്ടിൽ വന്ന് ഇയ്യോബിന്റെകൂടെ ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിനു വരാൻ അനുവദിച്ച ദുരന്തങ്ങളിൽ അവർ സഹതപിക്കുകയും ഇയ്യോബിനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഓരോരുത്തരും ഇയ്യോബിന് ഒരു വെള്ളിക്കാശും ഒരു സ്വർണക്കമ്മലും കൊടുത്തു.
12 അങ്ങനെ, യഹോവ ഇയ്യോബിന്റെ തുടർന്നുള്ള ജീവിതത്തെ മുമ്പത്തേതിനെക്കാൾ അനുഗ്രഹിച്ചു.+ ഇയ്യോബിന് 14,000 ആടും 6,000 ഒട്ടകവും 1,000 പെൺകഴുതയും 1,000 ജോടി കന്നുകാലികളും ഉണ്ടായി.+ 13 ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു.+ 14 ഇയ്യോബ് മൂത്ത മകൾക്ക് യമീമ എന്നും രണ്ടാമത്തേവൾക്കു കെസീയ എന്നും മൂന്നാമത്തേവൾക്കു കേരെൻ-ഹപ്പൂക്ക് എന്നും പേരിട്ടു. 15 ഇയ്യോബിന്റെ പെൺമക്കളെപ്പോലെ സുന്ദരിമാരായ മറ്റാരും അന്നാട്ടിലില്ലായിരുന്നു. അവരുടെ അപ്പനായ ഇയ്യോബ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് അവകാശം കൊടുത്തു.
16 ഇതിനു ശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു. ഇയ്യോബ് മക്കളെയും കൊച്ചുമക്കളെയും അങ്ങനെ നാലാം തലമുറവരെ കണ്ടു. 17 സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ ഇയ്യോബ് മരിച്ചു.