യശയ്യ
14 കാരണം യഹോവ യാക്കോബിനോടു കരുണ കാണിക്കുകയും+ ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.+ ദൈവം അവരെ കൊണ്ടുപോയി അവരുടെ സ്വന്തം ദേശത്ത് താമസിപ്പിക്കും.*+ അന്യദേശക്കാർ അവരോടു ചേരും; അവർ യാക്കോബുഗൃഹത്തോടു പറ്റിനിൽക്കും.+ 2 ജനങ്ങൾ അവരെ അവരുടെ ദേശത്തേക്കു കൊണ്ടുവരും. ഇസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്ത് ദാസന്മാരും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദികളാക്കിവെച്ചിരുന്നവരെ അവർ ബന്ദികളാക്കും; അടിമപ്പണി ചെയ്യിച്ചിരുന്നവരുടെ മേൽ അവർ ഭരണം നടത്തും.
3 യഹോവ നിങ്ങൾക്കു വേദനകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും ക്രൂരമായ അടിമത്തത്തിൽനിന്നും മോചനം നൽകുന്ന ദിവസം+ 4 നിങ്ങൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസച്ചൊല്ലു പാടും:*
“അടിമപ്പണി ചെയ്യിച്ചിരുന്നവൻ ഇല്ലാതായിരിക്കുന്നു!
അടിച്ചമർത്തൽ അവസാനിച്ചിരിക്കുന്നു!+
5 യഹോവ ദുഷ്ടന്റെ വടിയും
ഭരണാധിപന്മാരുടെ കോലും ഒടിച്ചുകളഞ്ഞു.+
6 അതെ, ഉഗ്രകോപത്തോടെ ജനങ്ങളെ അടിച്ചുകൊണ്ടിരുന്നവനെയും,+
ജനതകളെ പീഡിപ്പിച്ച് ക്രോധത്തോടെ അവരെ കീഴടക്കിയവനെയും ഒടിച്ചുകളഞ്ഞു.+
7 ഇതാ, ഭൂമി മുഴുവൻ വിശ്രമിക്കുന്നു; ആരും അതിനെ ശല്യപ്പെടുത്തുന്നില്ല.
ആളുകൾ സന്തോഷിച്ചാർക്കുന്നു.+
8 നിനക്കു സംഭവിച്ചതു കണ്ട് ജൂനിപ്പർ മരങ്ങൾപോലും ആഹ്ലാദിക്കുന്നു,
ലബാനോനിലെ ദേവദാരുക്കളും അവയോടു ചേരുന്നു.
അവ പറയുന്നു: ‘നീ വീണശേഷം,
മരംവെട്ടുകാർ ആരും ഞങ്ങൾക്കു നേരെ വന്നിട്ടില്ല.’
മരിച്ചുപോയവരെയെല്ലാം,* ഭൂമിയിലെ ക്രൂരഭരണാധികാരികളെയെല്ലാം,*
നീ നിമിത്തം അതു വിളിച്ചുണർത്തുന്നു.
അതു ജനതകളുടെ എല്ലാ രാജാക്കന്മാരെയും അവരുടെ സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു.
10 അവരെല്ലാം നിന്നോടു ചോദിക്കുന്നു:
‘നീയും ഞങ്ങളെപ്പോലെയായിത്തീർന്നോ?
നീയും ദുർബലനായിപ്പോയോ?
11 നിന്റെ അഹങ്കാരവും
നിന്റെ തന്ത്രിവാദ്യങ്ങളുടെ സ്വരവും+ ശവക്കുഴിയിലേക്ക്* ഇറങ്ങിയിരിക്കുന്നു.
പുഴുക്കൾ നിന്റെ കിടക്കയും
കൃമികൾ നിന്റെ പുതപ്പും ആകുന്നു.’
12 തിളങ്ങുന്ന നക്ഷത്രമേ, സൂര്യോദയപുത്രാ,
നീ ആകാശത്തുനിന്ന് വീണുപോയെന്നോ!
ജനതകളെ ജയിച്ചടക്കിയവനേ,
നിന്നെ ഭൂമിയിലേക്കു വെട്ടിയിട്ടെന്നോ!+
13 നീ ഹൃദയത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ആകാശത്തേക്കു കയറിച്ചെല്ലും,+
ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മുകളിൽ ഞാൻ എന്റെ സിംഹാസനം സ്ഥാപിക്കും,+
സമ്മേളനത്തിനുള്ള പർവതത്തിൽ,
ഉത്തരദിക്കിന്റെ വിദൂരസ്ഥലങ്ങളിൽ, ഞാൻ ഇരിക്കും.+
14 ഞാൻ മേഘങ്ങൾക്കു മുകളിൽ കയറും,
ഞാൻ അത്യുന്നതനു തുല്യനാകും.’
16 നിന്നെ കാണുന്നവരെല്ലാം നിന്നെ തുറിച്ചുനോക്കും;
നിന്റെ അടുത്ത് വന്ന് അവർ നിന്നെ സൂക്ഷിച്ചുനോക്കും; അവർ പറയും:
‘ഇവനാണോ ഭൂമിയെ വിറപ്പിച്ച ആ മനുഷ്യൻ?
രാജ്യങ്ങളെ വിറകൊള്ളിക്കുകയും+
17 ജനവാസസ്ഥലങ്ങളെ വിജനഭൂമിയാക്കുകയും* ചെയ്തവൻ?
അതിലെ നഗരങ്ങൾ കീഴടക്കുകയും+
തടവുകാരെ വിട്ടയയ്ക്കാൻ വിസമ്മതിക്കുകയും ചെയ്തവൻ?’+
18 മറ്റു ജനതകളുടെ രാജാക്കന്മാർ,
അതെ, അവർ എല്ലാവരും പ്രതാപത്തോടെ വിശ്രമിക്കുന്നു;
അവർ ഓരോരുത്തരും തങ്ങളുടെ കല്ലറയിൽ* നിദ്രകൊള്ളുന്നു.
19 എന്നാൽ നിനക്കൊരു ശവക്കുഴി കിട്ടിയില്ല;
ആർക്കും ഇഷ്ടമില്ലാത്ത ഒരു കിളിർപ്പുപോലെ* നിന്നെ എറിഞ്ഞുകളഞ്ഞിരിക്കുന്നു.
വാളുകൊണ്ട് കുത്തേറ്റ് വീണവർ,
കല്ലുകളുള്ള കുഴിയിലേക്ക് എറിയപ്പെട്ടവർതന്നെ, നിന്നെ മൂടിയിരിക്കുന്നു.
നീ ചവിട്ടിമെതിക്കപ്പെട്ട ഒരു ശവംപോലെയായിരിക്കുന്നു.
20 അവരെപ്പോലെ നിനക്കൊരു കല്ലറ ലഭിക്കില്ല;
നീ നിന്റെ ദേശം നശിപ്പിച്ചു,
സ്വന്തം ജനതയെ നീ കൊന്നൊടുക്കി.
ദുഷ്പ്രവൃത്തിക്കാരുടെ സന്തതികളുടെ പേരുകൾ ഇനി ആരും ഓർക്കില്ല.
21 അവന്റെ പുത്രന്മാരെ കശാപ്പു ചെയ്യാൻ ഒരുങ്ങുവിൻ,
അവരുടെ പൂർവികർ കൊടുംപാതകങ്ങൾ ചെയ്തിരിക്കുന്നല്ലോ;
അവർ ഇനി എഴുന്നേറ്റ് ഭൂമിയെ പിടിച്ചെടുക്കുകയോ
അവരുടെ നഗരങ്ങൾകൊണ്ട് ദേശം നിറയ്ക്കുകയോ ചെയ്യരുത്.”
22 “ഞാൻ അവർക്കു നേരെ ചെല്ലും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ ബാബിലോണിന്റെ പേര് മായ്ച്ചുകളയും; അവളിൽ ബാക്കിയായവരെയും അവളുടെ വംശജരെയും ഭാവിതലമുറകളെയും ഞാൻ തുടച്ചുനീക്കും”+ എന്ന് യഹോവ പ്രസ്താവിക്കുന്നു.
23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
24 സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
“ഞാൻ ഉദ്ദേശിച്ചതുപോലെതന്നെ നടക്കും,
ഞാൻ തീരുമാനിച്ചതുപോലെതന്നെ സംഭവിക്കും.
25 ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച് തകർത്തുകളയും,
എന്റെ പർവതങ്ങളിൽവെച്ച് ഞാൻ അവനെ ചവിട്ടിമെതിക്കും.+
ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന് നീക്കിക്കളയും,
അവന്റെ ചുമട് അവരുടെ തോളിൽനിന്ന് എടുത്തുമാറ്റും.”+
26 ഇതാണു സർവഭൂമിക്കും എതിരെ എടുത്തിരിക്കുന്ന തീരുമാനം,
ഇതാണു സകലജനതകൾക്കും എതിരെ നീട്ടിയിരിക്കുന്ന* കരം.
അവൻ കൈ നീട്ടിയിരിക്കുന്നു,
അതു മടക്കാൻ ആർക്കു സാധിക്കും?+
28 ആഹാസ് രാജാവ് മരിച്ച വർഷം+ ദൈവം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി:
29 “നിങ്ങളെ അടിച്ചുകൊണ്ടിരുന്ന വടി ഒടിഞ്ഞുപോയതിൽ,
ഫെലിസ്ത്യരേ, നിങ്ങൾ ആരും സന്തോഷിക്കേണ്ടാ.
സർപ്പത്തിന്റെ വേരിൽനിന്ന്+ വിഷസർപ്പം പുറപ്പെടും,+
അതിന്റെ സന്തതി പറക്കുന്ന ഒരു തീനാഗമായിരിക്കും.*
30 എളിയവന്റെ മൂത്ത മകൻ മേഞ്ഞുനടക്കും,
പാവപ്പെട്ടവൻ സുരക്ഷിതനായി കിടന്നുറങ്ങും.
എന്നാൽ നിന്റെ വേരിനെ ഞാൻ പട്ടിണിക്കിട്ട് കൊല്ലും,
നിന്നിൽ അവശേഷിക്കുന്നവരെ ഞാൻ കൊന്നുകളയും.+
31 നഗരകവാടമേ, ഉറക്കെ കരയുക! നഗരമേ, നിലവിളിക്കുക!
ഫെലിസ്ത്യയേ, നിങ്ങളെല്ലാം നിരാശിതരാകും.
അതാ, വടക്കുനിന്ന് ഒരു പുക വരുന്നു,
അവന്റെ സൈന്യത്തിൽ ആരും കൂട്ടംതെറ്റി സഞ്ചരിക്കുന്നില്ല.”
32 ജനതയുടെ സന്ദേശവാഹകരോട് അവർ എന്തു മറുപടി പറയണം?
യഹോവ സീയോന് അടിസ്ഥാനം ഇട്ടിരിക്കുന്നു+ എന്നും,
അവന്റെ ജനത്തിലെ സാധുക്കൾ അവളിൽ അഭയം തേടുമെന്നും അവർ പറയട്ടെ.