രാജാക്കന്മാർ രണ്ടാം ഭാഗം
14 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ+ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ രാജാവായി. 2 രാജാവാകുമ്പോൾ അമസ്യക്ക് 25 വയസ്സായിരുന്നു. 29 വർഷം അമസ്യ യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഹോവദിനായിരുന്നു+ അമസ്യയുടെ അമ്മ. 3 പൂർവികനായ ദാവീദിനെപ്പോലെയല്ലെങ്കിലും+ അമസ്യയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. അപ്പനായ യഹോവാശ് ചെയ്തതുപോലെയെല്ലാം+ അമസ്യയും ചെയ്തുപോന്നു. 4 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തു.+ 5 രാജ്യം കൈകളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാരെ കൊന്നുകളഞ്ഞു.+ 6 എന്നാൽ ആ ദാസന്മാരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. ഒരാൾ മരണശിക്ഷ അനുഭവിക്കുന്നത് അയാൾത്തന്നെ ചെയ്ത പാപത്തിനായിരിക്കണം” എന്നു മോശയുടെ നിയമപുസ്തകത്തിൽ യഹോവ കല്പിച്ചിരുന്നു.+ 7 ഉപ്പുതാഴ്വരയിൽവെച്ച്+ അമസ്യ 10,000 ഏദോമ്യപുരുഷന്മാരെ+ കൊന്നു.+ ആ യുദ്ധത്തിൽ സേല പിടിച്ചെടുത്ത് ആ സ്ഥലത്തിനു യൊക്തെയേൽ എന്നു പേരിട്ടു. അതാണ് ഇന്നും അതിന്റെ പേര്.
8 പിന്നെ അമസ്യ ഇസ്രായേൽരാജാവായ യേഹുവിന്റെ മകനായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “വരൂ, നമുക്കു തമ്മിൽ* ഏറ്റുമുട്ടാം.”+ 9 അപ്പോൾ ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ അമസ്യക്ക് ഈ സന്ദേശം അയച്ചു: “ലബാനോനിലെ കാട്ടുമുൾച്ചെടി ലബാനോനിലെ ദേവദാരുവിന്, ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക’ എന്നൊരു സന്ദേശം അയച്ചു. എന്നാൽ ലബാനോനിലെ ഒരു വന്യമൃഗം അതുവഴി പോയി. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. 10 നീ ഏദോമിനെ തോൽപ്പിച്ചെന്നതു ശരിയാണ്.+ അങ്ങനെ നിന്റെ ഹൃദയം അഹങ്കരിച്ചിരിക്കുന്നു. എന്നാൽ ആ പ്രശസ്തിയിൽ തൃപ്തിയടഞ്ഞ് നിന്റെ ഭവനത്തിൽത്തന്നെ* ഇരുന്നുകൊള്ളുക. വെറുതേ എന്തിനാണു നീ നിനക്കും യഹൂദയ്ക്കും നാശം ക്ഷണിച്ചുവരുത്തുന്നത്!” 11 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+
അതുകൊണ്ട് ഇസ്രായേൽരാജാവായ യഹോവാശ് അയാൾക്കു നേരെ വന്നു. യഹോവാശും യഹൂദാരാജാവായ അമസ്യയും യഹൂദയിലെ ബേത്ത്-ശേമെശിൽവെച്ച് ഏറ്റുമുട്ടി.+ 12 ഇസ്രായേൽ യഹൂദയെ തോൽപ്പിച്ചു. അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക്* ഓടിപ്പോയി. 13 ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ അഹസ്യയുടെ മകനായ യഹോവാശിന്റെ മകൻ അമസ്യയെ ബേത്ത്-ശേമെശിൽവെച്ച് പിടികൂടി. എന്നിട്ട് അമസ്യയെയുംകൊണ്ട് യരുശലേമിലേക്കു വന്ന് എഫ്രയീംകവാടംമുതൽ+ കോൺകവാടംവരെ+ 400 മുഴം* നീളത്തിൽ നഗരമതിൽ പൊളിച്ചുകളഞ്ഞു. 14 യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന മുഴുവൻ സ്വർണവും വെള്ളിയും എല്ലാ ഉപകരണങ്ങളും യഹോവാശ് കൊണ്ടുപോയി. ചിലരെ ബന്ദികളായി പിടിക്കുകയും ചെയ്തു. എന്നിട്ട് ശമര്യയിലേക്കു മടങ്ങി.
15 യഹോവാശിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും അയാൾ യഹൂദാരാജാവായ അമസ്യക്കെതിരെ പോരാടിയതും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 16 പിന്നെ യഹോവാശ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അയാളെ ഇസ്രായേൽരാജാക്കന്മാരോടൊപ്പം ശമര്യയിൽ അടക്കം ചെയ്തു.+ അയാളുടെ മകൻ യൊരോബെയാം*+ അടുത്ത രാജാവായി.
17 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശ്+ മരിച്ചുകഴിഞ്ഞ് 15 വർഷംകൂടെ യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ+ ജീവിച്ചിരുന്നു.+ 18 അമസ്യയുടെ ബാക്കി ചരിത്രം യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 19 ചിലർ അമസ്യക്കെതിരെ യരുശലേമിൽവെച്ച് രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ+ അമസ്യ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ ലാഖീശിലേക്ക് ആളെ വിട്ട് അമസ്യയെ കൊന്നുകളഞ്ഞു. 20 അവർ അമസ്യയെ കുതിരപ്പുറത്ത് കയറ്റി യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന് പൂർവികരോടൊപ്പം ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ 21 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ അസര്യയെ*+ അടുത്ത രാജാവാക്കി. രാജാവാകുമ്പോൾ അസര്യക്ക് 16 വയസ്സായിരുന്നു.+ 22 രാജാവ്* പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടശേഷം അസര്യ ഏലത്ത്+ പുതുക്കിപ്പണിത് അതു വീണ്ടും യഹൂദയുടെ ഭാഗമാക്കി.+
23 യഹൂദാരാജാവായ യഹോവാശിന്റെ മകനായ അമസ്യയുടെ ഭരണത്തിന്റെ 15-ാം വർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം+ ശമര്യയിൽ രാജാവായി. 41 വർഷം യൊരോബെയാം ഭരണം നടത്തി. 24 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ അയാൾ വിട്ടുമാറിയില്ല. 25 ഗത്ത്-ഹേഫെരിൽനിന്നുള്ള+ പ്രവാചകനായ, അമിത്ഥായിയുടെ മകൻ യോന+ എന്ന തന്റെ ദാസനിലൂടെ ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരുന്നതുപോലെ, യൊരോബെയാം ലബോ-ഹമാത്ത്*+ മുതൽ അരാബ കടൽ*+ വരെയുള്ള പ്രദേശം വീണ്ടും ഇസ്രായേലിന്റെ അധീനതയിലാക്കി അതിർത്തി വികസിപ്പിച്ചു. 26 ഇസ്രായേൽ അനുഭവിച്ചുകൊണ്ടിരുന്ന കഠിനയാതനകൾ യഹോവ കണ്ടിരുന്നു.+ ഇസ്രായേലിനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല, ഒരു ബലഹീനനോ ദുർബലനോ പോലുമുണ്ടായിരുന്നില്ല. 27 എന്നാൽ ഇസ്രായേലിന്റെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയില്ലെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.+ ആ വാഗ്ദാനത്തിനു ചേർച്ചയിൽ ദൈവം അവരെ യഹോവാശിന്റെ മകനായ യൊരോബെയാമിലൂടെ രക്ഷിച്ചു.+
28 യൊരോബെയാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും അയാൾ നടത്തിയ യുദ്ധങ്ങളും അയാൾ ദമസ്കൊസും+ ഹമാത്തും+ ഇസ്രായേലിനോടും യഹൂദയോടും ചേർത്തതും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 29 പിന്നെ യൊരോബെയാം ഇസ്രായേൽരാജാക്കന്മാരായ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളുടെ മകൻ സെഖര്യ+ അടുത്ത രാജാവായി.