ദിനവൃത്താന്തം ഒന്നാം ഭാഗം
5 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ+ ആൺമക്കൾ ഇവരാണ്. രൂബേൻ ആദ്യത്തെ മകനായിരുന്നെങ്കിലും രൂബേൻ അപ്പന്റെ കിടക്ക അശുദ്ധമാക്കിയതുകൊണ്ട്*+ മൂത്ത മകനുള്ള അവകാശം ഇസ്രായേലിന്റെ മകനായ യോസേഫിന്റെ+ ആൺമക്കൾക്കു ലഭിച്ചു. അതുകൊണ്ട്, വംശാവലിരേഖയിൽ മൂത്ത മകന്റെ സ്ഥാനം രൂബേനു ലഭിച്ചില്ല. 2 യഹൂദ+ സഹോദരന്മാരെക്കാൾ ശ്രേഷ്ഠനായിരുന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദയിൽനിന്നായിരുന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോസേഫിനാണു ലഭിച്ചത്. 3 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ ആൺമക്കൾ: ഹാനോക്ക്, പല്ലു, ഹെസ്രോൻ, കർമ്മി.+ 4 യോവേലിന്റെ ആൺമക്കൾ: ശെമയ്യ, അയാളുടെ മകൻ ഗോഗ്, അയാളുടെ മകൻ ശിമെയി, 5 അയാളുടെ മകൻ മീഖ, അയാളുടെ മകൻ രയായ, അയാളുടെ മകൻ ബാൽ, 6 അയാളുടെ മകൻ ബയേര. രൂബേന്യരുടെ തലവനായിരുന്ന ഈ ബയേരയെയാണ് അസീറിയൻ രാജാവായ തിൽഗത്-പിൽനേസെർ+ ബന്ദിയായി പിടിച്ചുകൊണ്ടുപോയത്. 7 വംശാവലിരേഖയനുസരിച്ച് അയാളുടെ സഹോദരന്മാരുടെ കുടുംബങ്ങളും വംശങ്ങളും ഇവയാണ്: തലവൻ യയീയേൽ, സെഖര്യ, 8 യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായ ബേല. ബേല താമസിച്ചിരുന്നത് അരോവേർ+ മുതൽ നെബോയും ബാൽ-മേയോനും+ വരെയുള്ള പ്രദേശത്താണ്. 9 ഗിലെയാദ് ദേശത്ത്+ അവരുടെ മൃഗങ്ങൾ വർധിച്ചുപെരുകിയപ്പോൾ അവർ കിഴക്കോട്ടു നീങ്ങി യൂഫ്രട്ടീസ് നദിയുടെ+ അടുത്ത് വിജനഭൂമിവരെയുള്ള* പ്രദേശത്ത് താമസിച്ചു. 10 ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരുമായി യുദ്ധം ചെയ്ത് അവരെ തോൽപ്പിച്ചു. അങ്ങനെ അവർ ഗിലെയാദിനു കിഴക്കുള്ള പ്രദേശം മുഴുവൻ സ്വന്തമാക്കി അവരുടെ കൂടാരങ്ങളിൽ താമസിച്ചു.
11 ഗാദിന്റെ വംശജരാകട്ടെ അവരുടെ അടുത്ത്, സൽക്ക+ വരെയുള്ള ബാശാൻ ദേശത്ത്, താമസിച്ചു. 12 യോവേലായിരുന്നു അവരുടെ തലവൻ. രണ്ടാമൻ ശാഫാം. യനായിയും ശാഫാത്തും ബാശാനിൽ നായകന്മാരായിരുന്നു. 13 അവരുടെ പിതൃഭവനങ്ങളിൽപ്പെട്ട* സഹോദരന്മാർ ഇവരാണ്: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സിയ, ഏബെർ. ആകെ ഏഴു പേർ. 14 ഇവരെല്ലാം ബൂസിന്റെ മകനായ യഹദൊയുടെ മകനായ യശീശയുടെ മകനായ മീഖായേലിന്റെ മകനായ ഗിലെയാദിന്റെ മകനായ യാരോഹയുടെ മകനായ ഹൂരിയുടെ മകനായ അബീഹയിലിന്റെ ആൺമക്കളായിരുന്നു. 15 ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകനായ അഹിയായിരുന്നു അവരുടെ പിതൃഭവനത്തലവൻ. 16 അവർ ഗിലെയാദിലും+ ബാശാനിലും+ അവയുടെ ആശ്രിതപട്ടണങ്ങളിലും* ശാരോനിലെ എല്ലാ മേച്ചിൽപ്പുറങ്ങളിലും താമസിച്ചു. 17 അവരുടെയെല്ലാം പേരുകൾ യഹൂദാരാജാവായ യോഥാമിന്റെ+ കാലത്തും ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ*+ കാലത്തും വംശാവലിയനുസരിച്ച് രേഖയിൽ ചേർത്തിരുന്നു.
18 രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും സൈന്യത്തിൽ വാളും പരിചയും വില്ലും ഏന്തിയ* 44,760 വീരയോദ്ധാക്കളുണ്ടായിരുന്നു. യുദ്ധം ചെയ്യാൻ പരിശീലനം ലഭിച്ചവരായിരുന്നു അവരെല്ലാം. 19 അവർ ഹഗ്രീയരോടും+ യതൂരിനോടും നാഫീശിനോടും+ നോദാബിനോടും യുദ്ധം ചെയ്തു. 20 അവർ ദൈവത്തിൽ ആശ്രയിച്ച്+ സഹായത്തിനായി അപേക്ഷിച്ചതിനാൽ ദൈവം അവരുടെ അപേക്ഷ കേട്ടു. ഹഗ്രീയരെയും അവരോടുകൂടെയുണ്ടായിരുന്ന എല്ലാവരെയും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു. 21 അവർ 50,000 ഒട്ടകങ്ങളെയും 2,50,000 ആടുകളെയും 2,000 കഴുതകളെയും പിടിച്ചെടുത്തു; 1,00,000 മനുഷ്യരെയും ബന്ദികളാക്കി. 22 നിരവധി ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു; കാരണം സത്യദൈവമായിരുന്നു+ അവർക്കുവേണ്ടി യുദ്ധം ചെയ്തത്. ബന്ദികളായി+ പോകുംവരെ അവർ അവിടെ താമസിച്ചു.
23 മനശ്ശെയുടെ പാതി ഗോത്രം+ ബാശാൻ മുതൽ ബാൽ-ഹെർമോനും സെനീരും ഹെർമോൻ+ പർവതവും വരെയുള്ള ദേശത്ത് താമസിച്ചു. അവർ വലിയ ഒരു ജനമായിരുന്നു. 24 അവരുടെ പിതൃഭവനത്തലവന്മാർ ഏഫെർ, യിശി, എലീയേൽ, അസ്രിയേൽ, യിരെമ്യ, ഹോദവ്യ, യഹദീയേൽ എന്നിവരായിരുന്നു. ഇവരെല്ലാം പ്രസിദ്ധരായ വീരയോദ്ധാക്കളും അവരവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു. 25 എന്നാൽ പൂർവികരുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച അവർ ദൈവം അവരുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞ ആ ദേശത്തെ ജനങ്ങളുടെ ദൈവങ്ങളുമായി വേശ്യാവൃത്തിയിൽ+ ഏർപ്പെട്ടു. 26 അതിനാൽ ഇസ്രായേലിന്റെ ദൈവം അസീറിയൻ രാജാവായ പൂലിന്റെ (അതായത്, അസീറിയൻ രാജാവായ തിൽഗത്-പിൽനേസെരിന്റെ)+ മനസ്സുണർത്തി.+ അങ്ങനെ അയാൾ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും ഹലഹ്, ഹാബോർ, ഹാര, ഗോസാൻ നദി+ എന്നിവിടങ്ങളിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി. അവർ ഇന്നും അവിടെ താമസിക്കുന്നു.