ദിനവൃത്താന്തം രണ്ടാം ഭാഗം
6 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്.+ 2 ഞാൻ ഇതാ, അങ്ങയ്ക്കായി മഹനീയമായ ഒരു ഭവനം, അങ്ങയ്ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം, പണിതിരിക്കുന്നു!”+
3 പിന്നെ, അവിടെ നിന്നിരുന്ന ഇസ്രായേല്യരുടെ സഭയ്ക്കു നേരെ തിരിഞ്ഞ് രാജാവ് അവരെ അനുഗ്രഹിച്ചു.+ 4 ശലോമോൻ രാജാവ് പറഞ്ഞു: “എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് പറഞ്ഞതു തൃക്കൈയാൽ നിവർത്തിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. 5 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന നാൾമുതൽ, എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഇസ്രായേലിലെ ഏതെങ്കിലുമൊരു ഗോത്രത്തിൽനിന്ന് ഒരു നഗരത്തെയോ+ എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കാൻ ഒരു പുരുഷനെയോ ഞാൻ തിരഞ്ഞെടുത്തില്ല. 6 എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+ 7 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയണം എന്നത് എന്റെ അപ്പനായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.+ 8 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു പറഞ്ഞു: ‘എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാനുള്ള നിന്റെ തീവ്രമായ ആഗ്രഹം നല്ലതുതന്നെ. 9 പക്ഷേ നീയല്ല, നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ആ ഭവനം പണിയുന്നത്.’+ 10 ആ വാഗ്ദാനം യഹോവ നിവർത്തിച്ചിരിക്കുന്നു. യഹോവ വാഗ്ദാനം ചെയ്തതുപോലെതന്നെ+ ഞാൻ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ പിൻഗാമിയായി ഇസ്രായേലിന്റെ സിംഹാസനത്തിൽ അവരോധിതനായിരിക്കുന്നു.+ ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനായി ഒരു ഭവനവും പണിതു! 11 യഹോവ ഇസ്രായേൽ ജനവുമായി ചെയ്ത ഉടമ്പടി+ വെച്ചിരിക്കുന്ന പെട്ടകവും അവിടെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.”
12 തുടർന്ന് മുഴുവൻ ഇസ്രായേൽസഭയുടെയും മുമ്പാകെ യഹോവയുടെ യാഗപീഠത്തിനു മുന്നിൽ നിന്നുകൊണ്ട് ശലോമോൻ കൈകൾ വിരിച്ചുപിടിച്ചു.+ 13 (ശലോമോൻ ചെമ്പുകൊണ്ട് അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉള്ള ഒരു തട്ട് ഉണ്ടാക്കി മുറ്റത്തിന്റെ നടുവിൽ വെച്ചിരുന്നു.+ ശലോമോൻ അതിന്മേൽ കയറി നിന്നു.) മുഴുവൻ ഇസ്രായേൽസഭയുടെയും മുമ്പാകെ ശലോമോൻ മുട്ടുകുത്തിനിന്ന് ആകാശത്തേക്കു കൈകൾ ഉയർത്തി+ 14 ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, സ്വർഗത്തിലും ഭൂമിയിലും അങ്ങയെപ്പോലെ വേറെ ഒരു ദൈവവുമില്ലല്ലോ! മുഴുഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസരോട് അങ്ങ് ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം കാണിക്കുകയും ചെയ്യുന്നു.+ 15 അങ്ങയുടെ ദാസനായ ദാവീദിനോട്, എന്റെ അപ്പനോട്, ചെയ്ത വാഗ്ദാനം അങ്ങ് പാലിച്ചിരിക്കുന്നു.+ തിരുവായ്കൊണ്ട് പറഞ്ഞത് അങ്ങ് ഇന്നു തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്നു.+ 16 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോട്, ദാവീദിനോട്, ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ മക്കളും എന്റെ നിയമം* ശ്രദ്ധാപൂർവം അനുസരിച്ച് നടന്നാൽ+ എന്റെ മുമ്പാകെ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ എന്ന് അങ്ങ് വാഗ്ദാനം ചെയ്തിരുന്നല്ലോ.+ ഇപ്പോൾ ആ വാഗ്ദാനം അങ്ങ് നിറവേറ്റേണമേ. 17 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സത്യമായിത്തീരട്ടെ.
18 “വാസ്തവത്തിൽ ദൈവം മനുഷ്യരോടൊപ്പം ഭൂമിയിൽ വസിക്കുമോ?+ സ്വർഗത്തിന്, എന്തിനു സ്വർഗാധിസ്വർഗങ്ങൾക്കുപോലും, അങ്ങയെ ഉൾക്കൊള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊള്ളാനാണ്!+ 19 എന്റെ ദൈവമായ യഹോവേ, അടിയന്റെ പ്രാർഥനയ്ക്കും കരുണയ്ക്കുവേണ്ടിയുള്ള യാചനയ്ക്കും ചെവി ചായിക്കേണമേ. സഹായത്തിനുവേണ്ടിയുള്ള അടിയന്റെ നിലവിളിയും തിരുമുമ്പാകെ അടിയൻ നടത്തുന്ന പ്രാർഥനയും ശ്രദ്ധിക്കേണമേ. 20 ഈ സ്ഥലത്തിന് അഭിമുഖമായി നിന്ന് അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന ശ്രദ്ധിക്കാനായി, അങ്ങയുടെ പേര് സ്ഥാപിക്കും+ എന്ന് അങ്ങ് പറഞ്ഞ ഈ ഭവനത്തിനു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ. 21 സഹായത്തിനുവേണ്ടിയുള്ള അടിയന്റെ അപേക്ഷയും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് ഇസ്രായേൽ ജനം നടത്തുന്ന യാചനയും കേൾക്കേണമേ.+ അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട്+ ഞങ്ങളോടു ക്ഷമിക്കേണമേ.+
22 “ഒരാൾ സഹമനുഷ്യനോടു പാപം ചെയ്തിട്ട് അയാളോടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലിക്കാൻ നിർബന്ധിതനായിത്തീരുകയും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തിലെ യാഗപീഠത്തിനു മുന്നിൽ വരുകയും ചെയ്താൽ+ 23 അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്പിക്കേണമേ. ദുഷ്ടന്റെ പ്രവൃത്തി അവന്റെ തലയിൽത്തന്നെ വരുത്തി അവനോടു പ്രതികാരം ചെയ്യുകയും+ നീതിമാനെ നിരപരാധിയെന്നു* വിധിച്ച് അയാളുടെ നീതിക്കു തക്ക പ്രതിഫലം കൊടുക്കുകയും ചെയ്യേണമേ.+
24 “അങ്ങയോട് ആവർത്തിച്ച് പാപം ചെയ്തതു കാരണം അങ്ങയുടെ ജനമായ ഇസ്രായേൽ ശത്രുക്കളുടെ മുന്നിൽ പരാജിതരാകുമ്പോൾ,+ അവർ അങ്ങയിലേക്കു തിരിഞ്ഞ് അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തി+ തിരുമുമ്പാകെ ഈ ഭവനത്തിൽവെച്ച്+ കരുണയ്ക്കുവേണ്ടി അപേക്ഷിക്കുകയും+ യാചിക്കുകയും ചെയ്താൽ 25 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും+ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച് അവർക്കും അവരുടെ പൂർവികർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരികെ വരുത്തുകയും ചെയ്യേണമേ.+
26 “അവർ അങ്ങയോട് ആവർത്തിച്ച് പാപം ചെയ്തതു കാരണം+ ആകാശം അടഞ്ഞ് മഴ ഇല്ലാതാകുമ്പോൾ,+ അങ്ങ് അവരെ താഴ്മ പഠിപ്പിച്ചതിനാൽ* അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് പ്രാർഥിക്കുകയും അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തുകയും അവരുടെ പാപത്തിൽനിന്ന് പിന്തിരിയുകയും ചെയ്താൽ+ 27 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും അങ്ങയുടെ ദാസരായ ഇസ്രായേൽ ജനത്തിന്റെ പാപം ക്ഷമിച്ച് അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത അങ്ങയുടെ ദേശത്ത് മഴ പെയ്യിക്കുകയും ചെയ്യേണമേ.+
28 “ദേശത്ത് ക്ഷാമമോ+ മാരകമായ പകർച്ചവ്യാധിയോ+ ഉഷ്ണക്കാറ്റുകൊണ്ടുള്ള വിളനാശമോ പൂപ്പൽരോഗമോ+ വെട്ടുക്കിളിബാധയോ ആർത്തിപൂണ്ട പ്രാണികളുടെ* ആക്രമണമോ ഉണ്ടായാൽ,+ അല്ലെങ്കിൽ ദേശത്തെ ഒരു നഗരം ശത്രുക്കൾ ഉപരോധിച്ചാൽ,+ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ബാധയോ വ്യാധിയോ ഉണ്ടായാൽ,+ 29 ഒരു മനുഷ്യനോ ഇസ്രായേൽ ജനം മുഴുവനുമോ ഈ ഭവനത്തിനു നേരെ കൈകൾ ഉയർത്തി+ എന്തുതന്നെ പ്രാർഥിച്ചാലും,+ കരുണയ്ക്കായി എന്ത് അപേക്ഷ നടത്തിയാലും+ (ഓരോരുത്തർക്കും അവരവർ അനുഭവിക്കുന്ന ദുരിതവും വേദനയും അറിയാമല്ലോ.)+ 30 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട്+ അവരോടു ക്ഷമിക്കുകയും+ ഓരോരുത്തർക്കും അവരവരുടെ വഴികൾക്കു ചേർച്ചയിൽ പ്രതിഫലം കൊടുക്കുകയും ചെയ്യേണമേ. അവരുടെ ഹൃദയം വായിക്കാൻ അങ്ങയ്ക്കു കഴിയുമല്ലോ. (മനുഷ്യരുടെ ഹൃദയം വായിക്കാൻ കഴിയുന്നത് അങ്ങയ്ക്കു മാത്രമാണ്.)+ 31 അപ്പോൾ, ഞങ്ങളുടെ പൂർവികർക്ക് അങ്ങ് നൽകിയ ദേശത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ അങ്ങയുടെ വഴികളിൽ നടന്നുകൊണ്ട് അങ്ങയെ ഭയപ്പെടും.
32 “അങ്ങയുടെ ജനമായ ഇസ്രായേലിന്റെ ഭാഗമല്ലാത്ത ഒരു അന്യദേശക്കാരൻ അങ്ങയുടെ ശ്രേഷ്ഠനാമവും*+ ബലമുള്ള കൈയും നീട്ടിയ കരവും നിമിത്തം ദൂരദേശത്തുനിന്ന് വന്ന് ഈ ഭവനത്തിനു നേരെ നിന്ന് പ്രാർഥിച്ചാൽ+ 33 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അയാൾ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കേണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര് അറിയുകയും അങ്ങയെ ഭയപ്പെടുകയും ചെയ്യും.+ മാത്രമല്ല ഞാൻ പണിത ഈ ഭവനത്തിന്മേൽ അങ്ങയുടെ പേര് വിളിക്കപ്പെട്ടിരിക്കുന്നു എന്നും അവർ മനസ്സിലാക്കും.
34 “അങ്ങയുടെ ജനം അങ്ങ് അയയ്ക്കുന്നതനുസരിച്ച് ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകുമ്പോൾ+ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിനു നേരെയും അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഈ ഭവനത്തിനു നേരെയും+ തിരിഞ്ഞ് അങ്ങയോടു പ്രാർഥിച്ചാൽ+ 35 അവരുടെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും സ്വർഗത്തിൽനിന്ന് കേട്ട് അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.+
36 “അവർ അങ്ങയോടു പാപം ചെയ്തിട്ട് (പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.)+ അങ്ങ് അവരോട് ഉഗ്രമായി കോപിച്ച് അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും ശത്രുക്കൾ അവരെ ബന്ദികളാക്കി, അടുത്തോ അകലെയോ ഉള്ള ഒരു ദേശത്തേക്കു കൊണ്ടുപോകുകയും+ 37 ആ ദേശത്തുവെച്ച് അങ്ങയുടെ ജനം സുബോധം വീണ്ടെടുക്കുകയും അങ്ങയിലേക്കു തിരിഞ്ഞ് അങ്ങയുടെ കരുണയ്ക്കായി യാചിച്ചുകൊണ്ട്, ‘ഞങ്ങൾ പാപം ചെയ്ത് കുറ്റക്കാരായിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു’ എന്ന് ഏറ്റുപറയുകയും+ 38 അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ദേശത്തുവെച്ച്+ അവർ മുഴുഹൃദയത്തോടും+ മുഴുദേഹിയോടും കൂടെ അങ്ങയിലേക്കു തിരിയുകയും അവരുടെ പൂർവികർക്ക് അങ്ങ് നൽകിയ ദേശത്തിനും അങ്ങ് തിരഞ്ഞെടുത്ത നഗരത്തിനും+ അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഭവനത്തിനും നേരെ തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുകയും ചെയ്താൽ 39 അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും കേട്ട് അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.+ അങ്ങയോടു പാപം ചെയ്ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ.
40 “എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന* പ്രാർഥനകൾക്കു നേരെ അങ്ങയുടെ കണ്ണുകൾ തുറന്നുവെക്കേണമേ, അങ്ങ് കാതോർക്കേണമേ.+ 41 ദൈവമായ യഹോവേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഈ പെട്ടകവും വന്ന് അങ്ങയുടെ വിശ്രമസ്ഥലത്തേക്കു+ പ്രവേശിക്കേണമേ. ദൈവമായ യഹോവേ, അങ്ങയുടെ പുരോഹിതന്മാർ രക്ഷയുടെ വസ്ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്തർ അങ്ങയുടെ നന്മയിൽ ആനന്ദിക്കട്ടെ.+ 42 ദൈവമായ യഹോവേ, അങ്ങയുടെ അഭിഷിക്തനെ ഉപേക്ഷിക്കരുതേ.*+ അങ്ങയുടെ ദാസനായ ദാവീദിനോടുള്ള അചഞ്ചലമായ സ്നേഹം അങ്ങ് മറന്നുകളയരുതേ.”+