ശമുവേൽ ഒന്നാം ഭാഗം
22 അങ്ങനെ, ദാവീദ് അവിടം വിട്ട്+ അദുല്ലാംഗുഹയിൽ ചെന്ന് അഭയം തേടി.+ ഇത് അറിഞ്ഞ് ദാവീദിന്റെ സഹോദരന്മാരും പിതൃഭവനം മുഴുവനും അവിടെ ദാവീദിന്റെ അടുത്ത് ചെന്നു. 2 കഷ്ടത അനുഭവിക്കുന്നവരും കടബാധ്യതയുള്ളവരും സങ്കടത്തിലായിരിക്കുന്നവരും എല്ലാം ദാവീദിന്റെ അടുത്ത് വന്നുകൂടി. ദാവീദ് അവരുടെ തലവനായി. ദാവീദിന്റെകൂടെ ഏകദേശം 400 പുരുഷന്മാരുണ്ടായിരുന്നു.
3 പിന്നീട്, ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പെയിൽ ചെന്ന് മോവാബുരാജാവിനോടു പറഞ്ഞു:+ “ദൈവം എനിക്കുവേണ്ടി എന്തു ചെയ്യുമെന്ന് അറിയുന്നതുവരെ ദയവായി എന്റെ അപ്പനെയും അമ്മയെയും അങ്ങയുടെ അടുത്ത് താമസിപ്പിക്കേണമേ.” 4 അങ്ങനെ, ദാവീദ് അവരെ മോവാബുരാജാവിന്റെ അടുത്ത് ആക്കി. ദാവീദ് ഒളിസങ്കേതത്തിലായിരുന്ന കാലം മുഴുവൻ അവർ അവിടെ താമസിച്ചു.+
5 പിന്നീട്, ഗാദ്+ പ്രവാചകൻ ദാവീദിനോടു പറഞ്ഞു: “ഒളിസങ്കേതത്തിൽ ഇനി താമസിക്കേണ്ടാ. അവിടെനിന്ന് യഹൂദാദേശത്തേക്കു+ ചെല്ലുക.” അതുകൊണ്ട്, ദാവീദ് അവിടം വിട്ട് ഹേരെത്തുവനത്തിലേക്കു പോയി.
6 ദാവീദിനെയും കൂടെയുള്ള പുരുഷന്മാരെയും കണ്ടെത്തിയതായി ശൗൽ കേട്ടു. ശൗൽ അപ്പോൾ ഗിബെയയിലെ ഒരു കുന്നിലുള്ള പിചുല മരത്തിന്റെ ചുവട്ടിൽ കുന്തവും പിടിച്ച് ഇരിക്കുകയായിരുന്നു.+ ദാസന്മാരെല്ലാം ചുറ്റുമുണ്ടായിരുന്നു. 7 അപ്പോൾ, ശൗൽ ചുറ്റും നിന്നിരുന്ന ദാസന്മാരോടു പറഞ്ഞു: “ബന്യാമീന്യരേ, ദയവുചെയ്ത് കേൾക്കൂ! യിശ്ശായിയുടെ മകൻ+ എന്നെപ്പോലെ നിങ്ങൾക്കെല്ലാം നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും* ശതാധിപന്മാരും* ആയി നിയമിക്കുമോ?+ 8 നിങ്ങൾ എല്ലാവരും എനിക്ക് എതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. എന്റെ സ്വന്തം മകൻ യിശ്ശായിയുടെ മകനുമായി ഉടമ്പടി ചെയ്തിട്ട് ഒരുത്തൻപോലും എന്നെ അറിയിച്ചില്ല.+ നിങ്ങൾക്ക് ആർക്കും എന്നോടു സഹതാപമില്ല. എന്നെ ആക്രമിക്കാൻവേണ്ടി പതിയിരിക്കാൻ എന്റെ മകൻതന്നെ എന്റെ ദാസനെ പ്രേരിപ്പിച്ചു എന്ന് ആരെങ്കിലും എന്നെ അറിയിച്ചോ? അതാണല്ലോ ഇപ്പോൾ സംഭവിച്ചത്.”
9 അപ്പോൾ, ശൗലിന്റെ ദാസന്മാരുടെ മേൽ നിയമിതനായിരുന്ന ഏദോമ്യനായ ദോവേഗ്+ പറഞ്ഞു:+ “യിശ്ശായിയുടെ മകൻ, നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ അടുത്ത് വന്നതു ഞാൻ കണ്ടു.+ 10 അഹിമേലെക്ക് അയാൾക്കുവേണ്ടി യഹോവയുടെ ഉപദേശം തേടുകയും അയാൾക്കു ഭക്ഷണസാധനങ്ങൾ കൊടുക്കുകയും ചെയ്തു. എന്തിന്, ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു.”+ 11 ഉടനെ രാജാവ് നോബിലുള്ള അഹീതൂബിന്റെ മകനായ അഹിമേലെക്ക് പുരോഹിതനെയും അഹിമേലെക്കിന്റെ പിതൃഭവനത്തിലുള്ള എല്ലാ പുരോഹിതന്മാരെയും ആളയച്ച് വിളിപ്പിച്ചു. അങ്ങനെ, അവരെല്ലാം രാജാവിന്റെ അടുത്ത് വന്നു.
12 ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കൂ!” അപ്പോൾ അഹിമേലെക്ക്, “ഞാൻ ഇതാ, തിരുമനസ്സേ” എന്നു പറഞ്ഞു. 13 ശൗൽ അഹിമേലെക്കിനോടു ചോദിച്ചു: “എന്തിനാണു നിങ്ങളും ആ യിശ്ശായിയുടെ മകനും കൂടെ എനിക്ക് എതിരെ ഗൂഢാലോചന നടത്തിയത്? നിങ്ങൾ അവന് അപ്പവും വാളും കൊടുക്കുകയും അയാൾക്കുവേണ്ടി ദൈവത്തോട് ഉപദേശം തേടുകയും ചെയ്തില്ലേ? അവൻ ഇപ്പോൾ എന്റെ എതിരാളിയായി എന്നെ ആക്രമിക്കാൻ പതിയിരിക്കുന്നു.” 14 അപ്പോൾ അഹിമേലെക്ക് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരിൽ ദാവീദിനെപ്പോലെ ആശ്രയയോഗ്യനായി* മറ്റാരുണ്ട്?+ ദാവീദ്, രാജാവിന്റെ മരുമകനും+ അങ്ങയുടെ അംഗരക്ഷകന്മാരുടെ തലവനും അങ്ങയുടെ ഭവനത്തിൽ ആദരിക്കപ്പെടുന്നവനും അല്ലേ?+ 15 ഞാൻ ഇന്ന് ആദ്യമായിട്ടല്ലല്ലോ ദാവീദിനുവേണ്ടി ദൈവത്തോട് ഉപദേശം ചോദിക്കുന്നത്.+ അങ്ങ് പറയുന്ന ഇക്കാര്യം എനിക്കു ചിന്തിക്കാനേ വയ്യാ! രാജാവ് അങ്ങയുടെ ഈ ദാസനോടും എന്റെ പിതൃഭവനത്തോടും വിരോധം വെച്ചുകൊണ്ടിരിക്കരുതേ. കാരണം, ഇതെക്കുറിച്ച് അടിയന് ഒന്നും അറിയില്ലായിരുന്നു.”+
16 പക്ഷേ, രാജാവ് പറഞ്ഞു: “അഹിമേലെക്കേ, നിങ്ങൾ തീർച്ചയായും മരിക്കും;+ നിങ്ങൾ മാത്രമല്ല നിങ്ങളുടെ പിതൃഭവനം മുഴുവനും.”+ 17 തുടർന്ന്, രാജാവ് ചുറ്റും നിന്നിരുന്ന അംഗരക്ഷകരോടു* പറഞ്ഞു: “നിങ്ങൾ ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊന്നുകളയുക. കാരണം, അവർ ദാവീദിന്റെ പക്ഷം ചേർന്നിരിക്കുന്നു. അയാൾ ഒളിച്ചോടുകയാണെന്ന് അറിയാമായിരുന്നിട്ടും അവർ അത് എന്നെ അറിയിച്ചില്ല!” പക്ഷേ, യഹോവയുടെ പുരോഹിതന്മാരെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ രാജാവിന്റെ ദാസന്മാർക്കു മനസ്സുവന്നില്ല. 18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+ 19 അയാൾ പുരോഹിതന്മാരുടെ നഗരമായ നോബിനെയും വാളിന് ഇരയാക്കി.+ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കാള, കഴുത, ആട് എന്നിവയെയും വാളുകൊണ്ട് വെട്ടിക്കൊന്നു.
20 പക്ഷേ, അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ+ എന്നൊരാൾ മാത്രം രക്ഷപ്പെട്ടു. അയാൾ ഓടിപ്പോയി ദാവീദിന്റെകൂടെ ചേർന്നു. 21 അബ്യാഥാർ ദാവീദിനോട്, “ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്നുകളഞ്ഞു” എന്നു പറഞ്ഞു. 22 അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “ഏദോമ്യനായ ദോവേഗിനെ അന്ന് അവിടെ കണ്ടപ്പോഴേ+ എനിക്ക് ഉറപ്പായിരുന്നു അയാൾ ചെന്ന് ശൗലിനോടു കാര്യം പറയുമെന്ന്. താങ്കളുടെ പിതൃഭവനത്തിലെ എല്ലാവരുടെയും മരണത്തിന് ഈ ഞാനാണ് ഉത്തരവാദി. 23 എന്റെകൂടെ കഴിഞ്ഞുകൊള്ളൂ. പേടിക്കേണ്ടാ. കാരണം, താങ്കൾക്കു പ്രാണഹാനി വരുത്താൻ നോക്കുന്നത് എനിക്കു പ്രാണഹാനി വരുത്താൻ നോക്കുന്നതുപോലെയാണ്. താങ്കൾ എന്റെ സംരക്ഷണയിലായിരിക്കും.”+