ദാനിയേൽ
4 “ഭൂമിയിലെങ്ങുമുള്ള സകല ജനതകൾക്കും രാജ്യക്കാർക്കും ഭാഷക്കാർക്കും നെബൂഖദ്നേസർ രാജാവിൽനിന്നുള്ള സന്ദേശം: നിങ്ങൾക്കു സമൃദ്ധമായ സമാധാനം ആശംസിക്കുന്നു! 2 അത്യുന്നതനായ ദൈവം എന്നോടുള്ള ബന്ധത്തിൽ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും വിവരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 3 ദൈവത്തിന്റെ അടയാളങ്ങൾ എത്ര മഹനീയം! അത്ഭുതങ്ങൾ എത്ര ഗംഭീരം! ദൈവത്തിന്റെ രാജ്യം നിത്യരാജ്യം; ഭരണാധിപത്യമോ തലമുറതലമുറയോളമുള്ളതും.+
4 “നെബൂഖദ്നേസർ എന്ന ഞാൻ എന്റെ ഭവനത്തിൽ സ്വസ്ഥമായി കഴിയുന്ന കാലം. കൊട്ടാരത്തിൽ ഐശ്വര്യസമൃദ്ധിയുടെ നടുവിലായിരുന്നു ഞാൻ. 5 അങ്ങനെയിരിക്കെ എന്നെ ഭയപ്പെടുത്തിയ ഒരു സ്വപ്നം ഞാൻ കണ്ടു. പള്ളിമെത്തയിൽ കിടക്കുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ചിത്രങ്ങളും എനിക്ക് ഉണ്ടായ ദിവ്യദർശനങ്ങളും എന്നെ ഭയപ്പെടുത്തി.+ 6 അതുകൊണ്ട്, സ്വപ്നത്തിന്റെ അർഥം പറഞ്ഞുതരാനായി ബാബിലോണിലെ എല്ലാ ജ്ഞാനികളെയും എന്റെ മുന്നിൽ ഹാജരാക്കാൻ ഞാൻ ഉത്തരവിട്ടു.+
7 “അങ്ങനെ, മന്ത്രവാദികളും മാന്ത്രികരും കൽദയരും* ജ്യോതിഷക്കാരും+ എന്റെ സന്നിധിയിൽ വന്നു. ഞാൻ സ്വപ്നം വിവരിച്ചെങ്കിലും അതിന്റെ അർഥം പറഞ്ഞുതരാൻ അവർക്കു കഴിഞ്ഞില്ല.+ 8 ഒടുവിൽ, ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനിയേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവത്തിന്റെ പേരിൽനിന്നാണു+ ദാനിയേലിനു ബേൽത്ത്ശസ്സർ എന്ന പേര് കിട്ടിയത്. വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്നം വിവരിച്ചു:
9 “‘മന്ത്രവാദികളുടെ പ്രമാണിയായ ബേൽത്ത്ശസ്സരേ,+ വിശുദ്ധദൈവങ്ങളുടെ ആത്മാവ് താങ്കളിലുണ്ടെന്ന് എനിക്കു നന്നായി അറിയാം.+ താങ്കൾക്ക് ഒരു രഹസ്യവും അത്ര ബുദ്ധിമുട്ടല്ലല്ലോ.+ അതുകൊണ്ട്, ഞാൻ സ്വപ്നത്തിൽ കണ്ട ദിവ്യദർശനങ്ങളും അതിന്റെ അർഥവും വിശദീകരിച്ചുതരുക.
10 “‘പള്ളിമെത്തയിൽവെച്ച് കണ്ട ദിവ്യദർശനങ്ങളിൽ, ഭൂമിയുടെ നടുവിൽ ഒരു മരം നിൽക്കുന്നതു ഞാൻ കണ്ടു,+ ഒരു പടുകൂറ്റൻ മരം!+ 11 അതു വളർന്ന് ബലമുള്ളതായി. ആകാശംമുട്ടെ ഉയർന്നുനിന്നു. ഭൂമിയുടെ ഏത് അറ്റത്തുനിന്ന് നോക്കിയാലും അതു കാണാമായിരുന്നു. 12 അതിന്റെ ഇലപ്പടർപ്പു മനോഹരമായിരുന്നു, അതിലാകട്ടെ നിറയെ പഴങ്ങളും. സകല ജീവജാലങ്ങൾക്കും കഴിക്കാൻ വേണ്ടത് അതിലുണ്ടായിരുന്നു. അതിനു കീഴെ കാട്ടുമൃഗങ്ങൾ തണൽ തേടിയെത്തി. കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾ കൂടു കൂട്ടി. ജീവജാലങ്ങളെല്ലാം അതിൽനിന്ന് ഭക്ഷിച്ചു.
13 “‘പള്ളിമെത്തയിൽവെച്ച് ദിവ്യദർശനങ്ങൾ കണ്ടുകൊണ്ടിരിക്കെ അതാ, ഒരു സന്ദേശവാഹകൻ,* ഒരു വിശുദ്ധൻ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നു!+ 14 അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “ആ മരം വെട്ടിയിടൂ!+ കൊമ്പുകൾ മുറിക്കൂ! ഇലകൾ കുലുക്കി താഴെയിടൂ! പഴങ്ങൾ ചിതറിച്ചുകളയൂ! മൃഗങ്ങൾ അതിന്റെ കീഴെനിന്ന് ഓടിപ്പോകട്ടെ. പക്ഷികൾ അതിന്റെ കൊമ്പുകളിൽനിന്ന് പറന്നകലട്ടെ. 15 എന്നാൽ, അതിന്റെ കുറ്റി വേരോടെ നിലത്തെ പുല്ലുകൾക്കിടയിൽത്തന്നെ നിൽക്കട്ടെ. അതിനെ ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും ഉള്ള പട്ടകൊണ്ട് ബന്ധിക്കണം. ആകാശത്തുനിന്ന് മഞ്ഞു വീണ് അതു നനയട്ടെ. ഭൂമിയിലെ സസ്യജാലങ്ങൾക്കിടയിൽ മൃഗങ്ങൾക്കൊപ്പം അതു കഴിയട്ടെ.+ 16 മനുഷ്യഹൃദയത്തിന്റെ സ്ഥാനത്ത് അതിനു മൃഗത്തിന്റെ ഹൃദയം ലഭിക്കട്ടെ. അങ്ങനെ ഏഴു കാലം+ കടന്നുപോകട്ടെ.+ 17 ഇതു സന്ദേശവാഹകരുടെ* കല്പനയാണ്,+ വിശുദ്ധരുടെ ആജ്ഞയാണ്. അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും+ തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും മനുഷ്യരിൽ ഏറ്റവും താണവനെപ്പോലും അതിന്റെ ഭരണം ഏൽപ്പിക്കുന്നെന്നും ജീവിച്ചിരിക്കുന്ന എല്ലാവരും അറിയട്ടെ.”
18 “‘ഇതാണു നെബൂഖദ്നേസർ രാജാവായ ഞാൻ കണ്ട സ്വപ്നം. ബേൽത്ത്ശസ്സരേ, ഇനി അതിന്റെ അർഥം പറയൂ! എന്റെ രാജ്യത്തെ മറ്റൊരു ജ്ഞാനിക്കും ഇതിന്റെ അർഥം വിശദീകരിച്ചുതരാൻ കഴിയുന്നില്ല.+ പക്ഷേ, താങ്കൾക്ക് അതിനു കഴിയും. കാരണം വിശുദ്ധദൈവങ്ങളുടെ ആത്മാവ് താങ്കളിലുണ്ട്.’
19 “അപ്പോൾ, ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനിയേൽ+ ഒരു നിമിഷം തരിച്ചുനിന്നു. മനസ്സിലെ ചിന്തകൾ ദാനിയേലിനെ ഭയപ്പെടുത്തി.
“രാജാവ് പറഞ്ഞു: ‘ബേൽത്ത്ശസ്സരേ, സ്വപ്നവും അതിന്റെ അർഥവും ഓർത്ത് പേടിക്കേണ്ടാ.’
“ബേൽത്ത്ശസ്സർ മറുപടിയായി പറഞ്ഞു: ‘എന്റെ യജമാനനേ, സ്വപ്നത്തിൽ കണ്ടത് അങ്ങയെ വെറുക്കുന്നവർക്കു സംഭവിക്കട്ടെ; അതിന്റെ അർഥം അങ്ങയുടെ ശത്രുക്കളിൽ നിറവേറട്ടെ.
20 “‘അങ്ങ് കണ്ട ആ മരം—വളർന്നുപൊങ്ങിയ, ബലമുള്ള, മാനംമുട്ടെ ഉയർന്ന, ഭൂമിയിൽ എവിടെനിന്നും കാണാമായിരുന്ന,+ 21 മനോഹരമായ ഇലപ്പടർപ്പുള്ള, നിറയെ പഴങ്ങളുള്ള, സകല ജീവജാലങ്ങൾക്കും കഴിക്കാൻ ആഹാരമുള്ള, കീഴെ കാട്ടുമൃഗങ്ങൾ കഴിയുന്ന, കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾ കൂടു കൂട്ടിയ ആ മരം+— 22 രാജാവേ, അത് അങ്ങാണ്. കാരണം അങ്ങ് മഹാനായി വളർന്ന് ബലമുള്ളവനായി. അങ്ങയുടെ പ്രതാപം വളർന്ന് ആകാശത്തോളം എത്തി;+ അങ്ങയുടെ ഭരണാധിപത്യമോ ഭൂമിയുടെ അറ്റങ്ങളോളവും.+
23 “‘തുടർന്ന്, ഒരു സന്ദേശവാഹകൻ,* ഒരു വിശുദ്ധൻ,+ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് ഇങ്ങനെ പറയുന്നതു രാജാവ് കേട്ടു: “ആ മരം വെട്ടി മറിച്ചിടൂ! അതു നശിപ്പിക്കൂ! എന്നാൽ, അതിന്റെ കുറ്റി വേരോടെ നിലത്തെ പുല്ലുകൾക്കിടയിൽത്തന്നെ നിൽക്കട്ടെ. അതിനെ ഇരുമ്പുകൊണ്ടും ചെമ്പുകൊണ്ടും ഉള്ള പട്ടകൊണ്ട് ബന്ധിക്കണം. ആകാശത്തുനിന്നുള്ള മഞ്ഞ് അതിനെ നനയ്ക്കട്ടെ. കാട്ടുമൃഗങ്ങൾക്കൊപ്പം അതു കഴിയട്ടെ. അങ്ങനെ ഏഴു കാലം കടന്നുപോകട്ടെ.”+ 24 രാജാവേ, സ്വപ്നത്തിന്റെ അർഥം ഇതാണ്. എന്റെ യജമാനനായ രാജാവിനു സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് അത്യുന്നതൻ കല്പിച്ചിരിക്കുന്നതാണ് ഇത്. 25 അങ്ങയെ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളയും. കാട്ടുമൃഗങ്ങളോടൊപ്പമായിരിക്കും അങ്ങയുടെ താമസം. അങ്ങയ്ക്കു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു തരും. ആകാശത്തുനിന്ന് മഞ്ഞു വീണ് അങ്ങ് നനയും.+ അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും+ അങ്ങ് മനസ്സിലാക്കുന്നതുവരെ ഏഴു കാലം+ കടന്നുപോകും.+
26 “‘എന്നാൽ, അതിന്റെ കുറ്റി വേരോടെ അവിടെത്തന്നെ നിറുത്തണമെന്ന് അവർ പറഞ്ഞല്ലോ.+ അതിന്റെ അർഥം, ഭരിക്കുന്നതു സ്വർഗമാണെന്ന് അങ്ങ് തിരിച്ചറിഞ്ഞുകഴിയുമ്പോൾ രാജ്യം അങ്ങയ്ക്കു തിരികെ കിട്ടുമെന്നാണ്. 27 അതുകൊണ്ട് രാജാവേ, എന്റെ ഉപദേശം സ്വീകരിക്കേണമേ. ശരിയായതു ചെയ്ത് പാപങ്ങൾ വിട്ടകന്നാലും. പാവപ്പെട്ടവരോടു കരുണ കാട്ടിക്കൊണ്ട് കടുത്ത അന്യായങ്ങൾ അവസാനിപ്പിച്ചാലും. ഒരുപക്ഷേ, അങ്ങയുടെ ഐശ്വര്യസമൃദ്ധി നീട്ടിക്കിട്ടിയേക്കും.’”+
28 ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു.
29 12 മാസത്തിനു ശേഷം ഒരിക്കൽ അദ്ദേഹം ബാബിലോണിലെ രാജകൊട്ടാരത്തിനു മുകളിലൂടെ ഉലാത്തുകയായിരുന്നു. 30 അപ്പോൾ, രാജാവ് ഇങ്ങനെ പറഞ്ഞു: “രാജഗൃഹത്തിനും രാജകീയമഹിമയ്ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാലും പ്രഭാവത്താലും പണിത പ്രൗഢഗംഭീരമായ ബാബിലോണല്ലേ ഇത്?”
31 രാജാവ് ഇതു പറഞ്ഞ് നാവെടുക്കുന്നതിനു മുമ്പുതന്നെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു: “നെബൂഖദ്നേസർ രാജാവേ, നിന്നോടു പറയാനുള്ളത് ഇതാണ്: ‘രാജ്യം നിന്റെ കൈയിൽനിന്ന് പോയിരിക്കുന്നു;+ 32 മനുഷ്യരുടെ ഇടയിൽനിന്ന് നിന്നെ ഓടിച്ചുകളയുകയാണ്. കാട്ടുമൃഗങ്ങളോടൊപ്പമായിരിക്കും നിന്റെ താമസം. നിനക്കു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു തരും. അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും നീ മനസ്സിലാക്കുന്നതുവരെ ഏഴു കാലം കടന്നുപോകും.’”+
33 പറഞ്ഞ വാക്കുകൾ ആ നിമിഷംതന്നെ നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിച്ചുകളഞ്ഞു. കാളയെപ്പോലെ അദ്ദേഹം പുല്ലു തിന്നാൻതുടങ്ങി. ആകാശത്തുനിന്നുള്ള മഞ്ഞു വീണ് അദ്ദേഹം നനഞ്ഞു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും നഖം പക്ഷിയുടെ നഖംപോലെയും വളർന്നു.+
34 “ആ കാലം കഴിഞ്ഞപ്പോൾ+ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു നോക്കി. എനിക്കു സുബോധം തിരിച്ചുകിട്ടി. ഞാൻ അത്യുന്നതനെ മഹത്ത്വപ്പെടുത്തി. എന്നെന്നും ജീവിച്ചിരിക്കുന്നവനെ വാഴ്ത്തി സ്തുതിച്ചു. കാരണം, ദൈവത്തിന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും ദൈവത്തിന്റെ രാജ്യം തലമുറതലമുറയോളമുള്ളതും ആണല്ലോ.+ 35 ഭൂവാസികളൊന്നും തിരുമുന്നിൽ ഒന്നുമല്ല. സ്വർഗീയസൈന്യത്തോടും ഭൂവാസികളോടും ദൈവം തനിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ് ഈ ചെയ്തത്’+ എന്നു ദൈവത്തോടു ചോദിക്കാനോ ആർക്കുമാകില്ല.
36 “ആ സമയത്ത് എനിക്കു സുബോധം വീണ്ടുകിട്ടി. എന്റെ രാജ്യത്തിന്റെ മഹത്ത്വവും എന്റെ മഹിമയും പ്രതാപവും എനിക്കു തിരികെ ലഭിച്ചു.+ എന്റെ ഉന്നതോദ്യോഗസ്ഥരും പ്രധാനികളും അതീവതാത്പര്യത്തോടെ എന്നെ തേടി വന്നു. എനിക്ക് എന്റെ രാജ്യം തിരികെ കിട്ടി. ഞാൻ മുമ്പത്തെക്കാൾ മഹാനായി.
37 “ഇപ്പോൾ, നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗാധിസ്വർഗങ്ങളുടെ രാജാവിനെ വാഴ്ത്തി സ്തുതിച്ച് മഹത്ത്വപ്പെടുത്തുന്നു.+ കാരണം, ദൈവത്തിന്റെ പ്രവൃത്തികളെല്ലാം നേരുള്ളത്.+ ദൈവത്തിന്റെ വഴികൾ നീതിയുള്ളതും. അഹങ്കാരികളുടെ അഹങ്കാരം ഇല്ലാതാക്കാനും ദൈവം പ്രാപ്തനല്ലോ.”+