യിരെമ്യ
7 യഹോവയിൽനിന്ന് യിരെമ്യക്കു കിട്ടിയ സന്ദേശം: 2 “യഹോവയുടെ ഭവനത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ സന്ദേശം ഘോഷിക്കുക: ‘യഹോവയുടെ സന്നിധിയിൽ കുമ്പിടാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന, യഹൂദയിലെ നിവാസികളേ, നിങ്ങളെല്ലാവരും യഹോവയുടെ സന്ദേശം കേൾക്കൂ! 3 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കൂ! എങ്കിൽ, ഈ സ്ഥലത്തുതന്നെ താമസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.+ 4 നിങ്ങൾ കപടവാക്കുകളിൽ ആശ്രയിച്ച്, ‘ഇത്* യഹോവയുടെ ആലയം, യഹോവയുടെ ആലയം, യഹോവയുടെ ആലയം!’ എന്നു പറയരുത്.+ 5 പകരം, നിങ്ങൾ ആത്മാർഥമായി നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കിയാൽ, ഒരാളും അയൽക്കാരനും തമ്മിലുള്ള പ്രശ്നങ്ങളിൽ നീതി നടപ്പാക്കിയാൽ,+ 6 നിങ്ങളുടെ ഇടയിൽ താമസമാക്കുന്ന വിദേശികളെയും അനാഥരെയും* വിധവമാരെയും കഷ്ടപ്പെടുത്താതിരുന്നാൽ,+ നിരപരാധികളുടെ രക്തം ഇവിടെ വീഴിക്കാതിരുന്നാൽ, നിങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് മറ്റു ദൈവങ്ങളുടെ പുറകേ പോകാതിരുന്നാൽ,+ 7 നിങ്ങളുടെ പൂർവികർക്കു ഞാൻ എന്നേക്കുമായി* കൊടുത്ത ഈ ദേശത്തുതന്നെ താമസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.”’”
8 “പക്ഷേ നിങ്ങൾ കപടവാക്കുകളിൽ ആശ്രയിക്കുന്നു;+ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. 9 നിങ്ങൾ മോഷ്ടിക്കുകയും+ കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസത്യം ചെയ്യുകയും+ ബാലിനു ബലികൾ അർപ്പിക്കുകയും*+ നിങ്ങൾക്കു പരിചയമില്ലാത്ത ദൈവങ്ങളുടെ പുറകേ പോകുകയും ചെയ്യുന്നു. 10 ഇത്തരം വൃത്തികേടുകളൊക്കെ ചെയ്തിട്ട്, എന്റെ പേരിലുള്ള ഭവനത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ട്, ‘ഞങ്ങൾക്കു കുഴപ്പമൊന്നും വരില്ല’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും? 11 എന്റെ പേരിലുള്ള ഈ ഭവനത്തെ കവർച്ചക്കാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്?+ ഞാൻ ഇതു സ്വന്തകണ്ണാൽ കണ്ടു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “‘എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ ഞാൻ ആദ്യമായി തിരഞ്ഞെടുത്ത+ എന്റെ സ്ഥലമായ ശീലോയിൽ+ ചെന്ന് ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രായേലിന്റെ വഷളത്തം കാരണമാണു ഞാൻ അതെല്ലാം ചെയ്തത്.+ 13 പക്ഷേ നിങ്ങൾ ഈ വക കാര്യങ്ങളൊക്കെ പിന്നെയും ചെയ്തുകൊണ്ടിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ വീണ്ടുംവീണ്ടും* നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല.+ ഞാൻ എത്ര വിളിച്ചിട്ടും നിങ്ങൾ വിളി കേട്ടില്ല.+ 14 അതുകൊണ്ട് ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന+ എന്റെ പേരിലുള്ള ഭവനത്തോടും+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ഈ സ്ഥലത്തോടും, ശീലോയോടു ചെയ്തതുപോലെതന്നെ ചെയ്യും.+ 15 നിങ്ങളുടെ സഹോദരന്മാരായ എഫ്രയീംവംശജരെ മുഴുവൻ ഞാൻ നീക്കിക്കളഞ്ഞതുപോലെതന്നെ നിങ്ങളെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.’+
16 “നീയോ, ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. അവർക്കുവേണ്ടി എന്നോട് അപേക്ഷിക്കുകയോ പ്രാർഥിക്കുകയോ യാചിക്കുകയോ അരുത്;+ ഞാൻ അതു കേൾക്കില്ല.+ 17 യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും അവർ ചെയ്തുകൂട്ടുന്നതൊന്നും നീ കാണുന്നില്ലേ? 18 ആകാശരാജ്ഞിക്ക്*+ അർപ്പിക്കാനുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരിക്കുന്നു, അപ്പന്മാർ തീ കത്തിക്കുന്നു, ഭാര്യമാർ മാവ് കുഴയ്ക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കാൻ അവർ മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങൾ അർപ്പിക്കുന്നു.+ 19 ‘വാസ്തവത്തിൽ എന്നെയാണോ അവർ വേദനിപ്പിക്കുന്നത്’* എന്ന് യഹോവ ചോദിക്കുന്നു. ‘അവർക്കു മാനക്കേടുണ്ടാക്കിക്കൊണ്ട് അവർ അവരെത്തന്നെയല്ലേ വേദനിപ്പിക്കുന്നത്?’+ 20 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്, മനുഷ്യന്റെയും മൃഗത്തിന്റെയും നിലത്തെ മരങ്ങളുടെയും വിളയുടെയും മേൽ എന്റെ കോപവും ക്രോധവും ചൊരിയാൻപോകുന്നു.+ അതു കത്തിക്കൊണ്ടിരിക്കും, ആരും കെടുത്തില്ല.’+
21 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ചെന്ന്, നിങ്ങൾ അർപ്പിക്കുന്ന ബലികളുടെകൂടെ സമ്പൂർണദഹനയാഗങ്ങളും അർപ്പിക്കൂ. എന്നിട്ട്, നിങ്ങൾതന്നെ അവയുടെ മാംസം തിന്നുകൊള്ളൂ.+ 22 കാരണം, ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളുടെ പൂർവികരെ വിടുവിച്ച് കൊണ്ടുവന്ന ആ ദിവസം ഞാൻ അവരോടു ബലികളെക്കുറിച്ചും സമ്പൂർണദഹനയാഗങ്ങളെക്കുറിച്ചും ഒന്നും പറയുകയോ കല്പിക്കുകയോ ചെയ്തില്ല.+ 23 പക്ഷേ ഞാൻ അവരോട് ഇങ്ങനെ കല്പിച്ചിരുന്നു: “എന്റെ വാക്കു കേട്ടനുസരിക്കൂ! അങ്ങനെയെങ്കിൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആകും.+ ഞാൻ കല്പിക്കുന്ന വഴിയേ നിങ്ങൾ നടക്കണം; അപ്പോൾ നിങ്ങൾക്കു നല്ലതു വരും.”’+ 24 എന്നാൽ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല.+ പകരം, അവർ ശാഠ്യപൂർവം തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോട്ടല്ല, പിന്നോട്ടാണു പോയത്. 25 നിങ്ങളുടെ പൂർവികർ ഈജിപ്ത് ദേശത്തുനിന്ന് പോന്ന അന്നുമുതൽ ഇന്നുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.+ അതുകൊണ്ട്, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.+ 26 പക്ഷേ അവർ എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല; അവരുടെ ചെവി ചായിച്ചതുമില്ല.+ പകരം, അവർ ദുശ്ശാഠ്യം കാണിച്ചു;* അവരുടെ പെരുമാറ്റം അവരുടെ പൂർവികരുടേതിനെക്കാൾ മോശമായിരുന്നു!
27 “ഈ വാക്കുകളൊക്കെ നീ അവരോടു പറയും;+ പക്ഷേ അവർ നിന്നെ ശ്രദ്ധിക്കില്ല. നീ അവരെ വിളിക്കും; പക്ഷേ അവർ വിളി കേൾക്കില്ല. 28 അപ്പോൾ നീ അവരോടു പറയണം: ‘സ്വന്തം ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കാത്ത, ശിക്ഷണം സ്വീകരിക്കാൻ കൂട്ടാക്കാത്ത ജനതയാണ് ഇത്. വിശ്വസ്തത ഇല്ലാതായിരിക്കുന്നു; അതെക്കുറിച്ച് അവർക്കിടയിൽ പറഞ്ഞുകേൾക്കുന്നുപോലുമില്ല.’+
29 “നിങ്ങളുടെ നീട്ടിവളർത്തിയ* മുടി മുറിച്ച് എറിഞ്ഞുകളയുക. മൊട്ടക്കുന്നുകളിൽ വിലാപഗീതം ആലപിക്കുക. തന്നെ കോപിപ്പിച്ച ഈ തലമുറയെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നല്ലോ; അവൻ അവരെ കൈവെടിയുകയും ചെയ്യും. 30 ‘കാരണം, എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങളാണ് യഹൂദാജനം ചെയ്തിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘എന്റെ പേരിലുള്ള ഭവനത്തെ അശുദ്ധമാക്കാൻ അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്നു.+ 31 സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്വരയിലുള്ള* തോഫെത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതിരിക്കുന്നു. ഇതു ഞാൻ കല്പിച്ചതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*+
32 “യഹോവ പ്രഖ്യാപിക്കുന്നു: ‘അതുകൊണ്ട് അതിനെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്വര* എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു. അവർ തോഫെത്തിൽ ശവങ്ങൾ അടക്കും; പക്ഷേ അതിനു സ്ഥലം പോരാതെവരും.+ 33 അങ്ങനെ, ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും; അവയെ ആട്ടിയോടിക്കാൻ ആരുമുണ്ടാകില്ല.+ 34 യഹൂദാനഗരങ്ങളിൽനിന്നും യരുശലേംതെരുവുകളിൽനിന്നും ഞാൻ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും ഇല്ലാതാക്കും; മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാകും;+ കാരണം, ദേശം നശിച്ചുപോകും.’”+