അധ്യായം പതിനാല്
അവൻ കരുണ കാണിക്കാൻ പഠിച്ചു
1. യോനായ്ക്ക് പോകേണ്ട സ്ഥലത്തേക്കുള്ള യാത്ര വിവരിക്കുക, ആ സ്ഥലത്തെക്കുറിച്ച് അവന് എന്തു തോന്നുന്നു?
യോനാ ഒരു ദൂരയാത്ര പുറപ്പെടുകയാണ്. പല ദേശങ്ങൾ കടന്നുള്ള യാത്രയാണ്. 800 കിലോമീറ്ററിലേറെ ദൂരമുണ്ട്. ആലോചിച്ചു നടക്കാൻ ഇഷ്ടംപോലെ സമയം കിട്ടും. നടന്നെത്താൻ ഒരു മാസമോ അതിൽക്കൂടുതലോ വേണ്ടിവരും. ഒരുപാട് മലമ്പാതകളും താഴ്വരകളും കടന്ന് വേണം പോകാൻ. ഏതു വഴിയിലൂടെ പോകണമെന്നാണ് ഇപ്പോൾ തീരുമാനിക്കേണ്ടത്. കുറുക്കുവഴികളുണ്ട്, ദൂരവും കുറവാണ്. പക്ഷേ സുരക്ഷിതമായിരിക്കണമെന്നില്ല. സുരക്ഷിതമായ വഴിക്ക് ദൂരക്കൂടുതലുണ്ടെന്നു മാത്രം. നീണ്ടുപരന്ന സിറിയൻ മരുഭൂമിയുടെ അരികുപറ്റി, യൂഫ്രട്ടീസ് പോലുള്ള വൻ നദികളുടെ ആഴംകുറഞ്ഞ ഭാഗങ്ങൾനോക്കി ഇറങ്ങി മറുകരകടന്ന് ഒക്കെയാണ് അവന് പോകേണ്ടതെന്നു തോന്നുന്നു. പോകുംവഴി സിറിയ, മെസൊപ്പൊട്ടേമിയ, അസീറിയ തുടങ്ങിയ ദേശങ്ങളിലെ അപരിചിതരും അന്യനാട്ടുകാരും ആയ ആളുകൾ പാർക്കുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും വേണം അന്തിയുറങ്ങാൻ. ദിവസങ്ങൾ കഴിഞ്ഞുപോയി. യോനാ നടക്കുകയാണ്. ഒരു നടുക്കത്തോടെ മാത്രം ഓർക്കുന്ന ആ നാടും നാട്ടുകാരും അവന്റെ മനസ്സിലേക്കു വന്നു. ഹൊ, ഇനി അധികം ദൂരമില്ല. ഓരോ അടിവെക്കുന്തോറും താൻ അവിടേക്ക് അടുക്കുകയാണ്, നിനെവേയിലേക്ക്!
2. തന്റെ നിയമനത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്ന് യോനാ മനസ്സിലാക്കിയത് എങ്ങനെയായിരുന്നു?
2 യോനായ്ക്ക് ഒരു കാര്യം ഉറപ്പാണ്: ഈ നിയമനം വിട്ടിട്ട് ഇവിടെ നിന്ന് ഓടിപ്പോകാൻ ഏതായാലും പറ്റില്ല. അവൻ അതൊന്നു പരീക്ഷിച്ചുനോക്കിയതാണ്. ആ ചരിത്രമാണ് നമ്മൾ കഴിഞ്ഞ അധ്യായത്തിൽ കണ്ടത്. കടലിൽ അടിപ്പിച്ച കൊടുങ്കാറ്റിൽപ്പെടുത്തിയും പിന്നെ ഒരു മഹാമത്സ്യത്തെ ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെടുത്തിയും യഹോവ ക്ഷമയോടെ അവനെ ഒരു പാഠം പഠിപ്പിച്ചു. മത്സ്യം യോനായെ വിഴുങ്ങി മൂന്നു ദിവസത്തിനു ശേഷം, അത് അവനെ ഒരു കേടും കൂടാതെ കടൽക്കരയിലേക്ക് ഛർദിച്ചു. സംഭവിച്ചതെല്ലാം ഓർത്ത് അത്ഭുതസ്തബ്ധനായ അവൻ അപ്പോഴേക്കും കൂടുതൽ അനുസരണവും വഴക്കവും ഉള്ളവനായിത്തീർന്നിരുന്നു.—യോനാ 1, 2 അധ്യായങ്ങൾ.
3. യോനായോടുള്ള ഇടപെടലിൽ യഹോവയുടെ ഏതു ഗുണമാണ് തെളിഞ്ഞ് കാണുന്നത്, ഏത് ചോദ്യം പ്രസക്തമാണ്?
3 യോനായോട് നിനെവേയിലേക്കു പോകാൻ രണ്ടാം വട്ടം യഹോവ കല്പിച്ചപ്പോൾ പ്രവാചകൻ അനുസരണയോടെ യാത്ര ആരംഭിച്ചു. കിഴക്കോട്ടുള്ള ആ യാത്രയെക്കുറിച്ചാണ് നമ്മൾ തുടക്കത്തിൽ കണ്ടത്. (യോനാ 3:1-3 വായിക്കുക.) എന്നാൽ, യഹോവ നൽകിയ ശിക്ഷണത്തിലൂടെ യോനായ്ക്ക് ഒരു ആകമാനമാറ്റം വന്നോ? യോനായുടെ കാര്യത്തിൽ, യഹോവ അവനോട് കരുണ കാണിച്ചു. എങ്ങനെ? മുങ്ങിത്താഴുന്ന അവനെ രക്ഷിച്ചു, പറഞ്ഞത് അനുസരിക്കാതെ ഓടിപ്പോയതിന് അവനെ ശിക്ഷിച്ചില്ല, അതേ നിയമനം നൽകിക്കൊണ്ട് രണ്ടാമതും അവന് ഒരു അവസരം കൊടുത്തു. ദൈവത്തിന്റെ കരുണ ഇങ്ങനെയെല്ലാം അനുഭവിച്ചറിഞ്ഞ യോനാ മറ്റുള്ളവരോട് കരുണ കാണിക്കാൻ പഠിച്ചോ? കരുണ കാണിക്കുകയെന്നുള്ളത് അപൂർണരായ മനുഷ്യർക്ക് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിൽ യോനായിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം.
ഒരു ന്യായവിധിസന്ദേശം! അമ്പരപ്പിക്കുന്ന പ്രതികരണം!
4, 5. ‘അതിമഹത്തായ നഗരം’ എന്ന് യഹോവ നിനെവേയെ വിളിച്ചത് എന്തുകൊണ്ട്, അത് അവനെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
4 യോനാ കണ്ടതുപോലെയല്ല യഹോവ നിനെവേയെ കണ്ടത്. യഹോവയ്ക്ക് ഇത് അതീവപ്രാധാന്യമുള്ള ഒരു നഗരമാണ്. “മഹാനഗരമായ നീനെവേ” എന്ന് മൂന്നു പ്രാവശ്യം യഹോവ പറയുന്നതായി വിവരണത്തിൽ കാണാം. (യോനാ 1:2; 3:2; 4:11) യഹോവ ഈ നഗരത്തെ മഹാനഗരമെന്നു വിശേഷിപ്പിച്ചത് എന്തുകൊണ്ടാണ്? അവൻ അതിന് അത്ര പ്രാധാന്യം കല്പിച്ചതിന്റെ കാരണം എന്താണ്?
5 പുരാതന നിനെവേ, ജലപ്രളയശേഷം നിമ്രോദ് സ്ഥാപിച്ച ആദ്യകാല നഗരങ്ങളിലൊന്നാണ്. പല നഗരങ്ങൾ വിളക്കിച്ചേർത്തതായിരിക്കണം ഈ മഹാനഗരം! ഒരറ്റംമുതൽ മറ്റേ അറ്റംവരെ നടന്നെത്താൻ മൂന്നു ദിവസം വേണ്ടിവരുമെന്നു പറയുമ്പോൾ അതിന്റെ വിശാലത നിങ്ങൾക്ക് ഊഹിക്കാമല്ലോ! (ഉല്പ. 10:11; യോനാ 3:3) ആഡംബരവും പ്രൗഢിയും തലപ്പാവാക്കിയ നഗരം! ഗംഭീരമായ ക്ഷേത്രസമുച്ചയങ്ങളും കൂറ്റൻ മതിൽക്കെട്ടുകളും കുലീനമായ മണിമന്ദിരങ്ങളും കൊണ്ട് അലങ്കൃതമായ നഗരം! യഹോവയ്ക്ക് ഈ നഗരം പ്രധാനമായി തോന്നാൻ ഇതൊന്നുമായിരുന്നില്ല കാരണം. നിനെവേയിലെ ജനങ്ങളായിരുന്നു അവന്റെ കണ്ണിൽ പ്രധാനം. അക്കാലത്ത് ഭീമമായ ജനസംഖ്യയുള്ള നഗരമായിരുന്നു നിനെവേ. ക്രൂരതയ്ക്ക് കുപ്രസിദ്ധരായിരുന്നെങ്കിലും യഹോവയ്ക്ക് അപ്പോഴും അവരെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. കാരണം, മനുഷ്യജീവന് അവൻ അത്രയ്ക്ക് വില കല്പിക്കുന്നു. സ്വന്തം വഴികൾക്ക് മാറ്റം വരുത്താനും ശരി ചെയ്യാൻ പഠിക്കാനും ഓരോ മനുഷ്യനുമുള്ള പ്രാപ്തിയും സാധ്യതയും അവൻ നന്നായി അറിയുന്നു.
6. (എ) നിനെവേ പേടിപ്പെടുത്തുന്ന നഗരമായി യോനായ്ക്ക് തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.) (ബി) യോനാ നടത്തിയ പ്രസംഗവേലയിൽനിന്ന് അവനെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം?
6 നടന്നുനടന്ന് ഒടുവിൽ യോനാ നിനെവേ നഗരകവാടത്തിലെത്തി. തിക്കിത്തിരക്കുന്ന ജനങ്ങൾ. 1,20,000-ലധികമാണ് അവിടത്തെ ജനസംഖ്യയെന്ന് ഓർത്തപ്പോൾ യോനായുടെ ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാകും.a നഗരത്തിലേക്കു കടന്ന് യോനാ ഒരു ദിവസത്തെ വഴിദൂരം പോയി. ജനം ഇരമ്പുന്ന ആ മഹാനഗരത്തിന്റെ ഉള്ളിലേക്കുള്ളിലേക്ക് അവൻ നടക്കുകയാണ്. തന്റെ സന്ദേശം അറിയിച്ചുതുടങ്ങാൻ ഏറ്റവും പറ്റിയ ഒരു സ്ഥലം അന്വേഷിച്ചാണെന്നു തോന്നുന്നു അവന്റെ നടപ്പ്. ഈ ജനങ്ങളെയെല്ലാം അവൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? അവൻ അസീറിയക്കാരുടെ ഭാഷ പഠിച്ചിട്ടുണ്ടായിരുന്നോ? അതോ അവരുടെ ഭാഷ സംസാരിക്കാനുള്ള പ്രാപ്തി യഹോവ അത്ഭുതകരമായി അവനു കൊടുത്തോ? ഇതൊന്നും നമുക്ക് അറിയില്ല. ഇനി, യോനാ തന്റെ സന്ദേശം, മാതൃഭാഷയായ എബ്രായയിൽ പറഞ്ഞിട്ട് ഒരു ദ്വിഭാഷിയെക്കൊണ്ട് നാട്ടുകാർക്ക് വിവരിച്ചുകൊടുത്തതാവാനും മതി. എന്തായിരുന്നാലും അവൻ സന്ദേശം അറിയിച്ചു. വളരെ ലളിതമായിരുന്നു സന്ദേശം: “ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും.” (യോനാ 3:4) ഈ സന്ദേശം ആളുകൾ ഇഷ്ടപ്പെടാൻ ഒരു സാധ്യതയുമില്ലായിരുന്നു. എങ്കിലും, യോനാ ധൈര്യത്തോടെ അത് അറിയിച്ചു. പിന്നെയും പിന്നെയും ഘോഷിച്ചു. യോനായുടെ അസാമാന്യധൈര്യവും വിശ്വാസവും ആണ് ഇവിടെ തെളിയുന്നത്. കഴിഞ്ഞ ഏതു കാലത്തെയും അപേക്ഷിച്ച് ഇക്കാലത്ത് ക്രിസ്ത്യാനികൾക്കു വേണ്ട ഗുണങ്ങളാണ് ഇവ.
ലളിതമായിരുന്നു യോനായുടെ സന്ദേശം, പക്ഷേ ആളുകൾ അത് ഇഷ്ടപ്പെടാൻ ഒരു സാധ്യതയുമില്ലായിരുന്നു
7, 8. (എ) യോനായുടെ സന്ദേശത്തോട് നിനെവേക്കാർ പ്രതികരിച്ചത് എങ്ങനെ? (ബി) രാജാവിന്റെ പ്രതികരണവും എങ്ങനെയായിരുന്നു?
7 പല നിനെവേക്കാരും ഒരു നിമിഷംനിന്ന് യോനായ്ക്ക് പറയാനുള്ളത് കേട്ടു. ജനം സന്ദേശം കേട്ട് കോപിഷ്ഠരാകുമെന്നും തന്നെ ആക്രമിക്കുമെന്നും കരുതിയിരിക്കുകയായിരുന്നു യോനാ. പക്ഷേ നടന്നതോ? തീരെ പ്രതീക്ഷിക്കാത്തതും! ജനം സന്ദേശം ശ്രദ്ധിച്ചു കേട്ടു, വാർത്ത കാട്ടുതീ പോലെ പടർന്നു! യോനായുടെ പ്രവചനം, നിമിഷനേരംകൊണ്ട് നഗരവാസികളുടെ സംസാരവിഷയമായി. നഗരത്തിനു വരാൻ പോകുന്ന നാശം അവരുടെ സ്വൈരം കെടുത്തി. (യോനാ 3:5 വായിക്കുക.) പണക്കാരും പാവപ്പെട്ടവരും, ബലവാന്മാരും ബലഹീനരും എന്നുവേണ്ട ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ പശ്ചാത്തപിച്ചു. അവർ ഉപവാസം തുടങ്ങി. വ്യാപകമായ ഈ ജനമുന്നേറ്റത്തെക്കുറിച്ചുള്ള വാർത്ത രാജാവിന്റെ ചെവിയിലുമെത്തി.
8 യോനായുടെ സന്ദേശം രാജാവിനെയും പിടിച്ചുലച്ചു. ദൈവത്തെ ഭയന്ന രാജാവ് സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ്, രാജവസ്ത്രങ്ങൾ അഴിച്ചുവെച്ച് പ്രജകളെപ്പോലെ ചാക്കുവസ്ത്രം ധരിച്ചു. അതും പോരാഞ്ഞ് അവൻ “വെണ്ണീറിൽ ഇരുന്നു.” രാജാവും പ്രഭുക്കന്മാരും ചേർന്ന് ഒരു വിളംബരവും പുറപ്പെടുവിച്ചു. ഒരു ജനകീയനീക്കമായി പൊടുന്നനെ രൂപംകൊണ്ട ആ ഉപവാസം രാജ്യത്തിന്റെ ഒരു ഔദ്യോഗിക നടപടിക്രമമായി മാറി. സകലരും രട്ടുടുക്കാൻ രാജാവ് കല്പിച്ചു. വീട്ടുമൃഗങ്ങളെപ്പോലും ഒഴിവാക്കിയില്ല.b തന്റെ പ്രജകൾ ക്രൂരതയും അക്രമവും പ്രവർത്തിച്ച് കുറ്റക്കാരായിത്തീർന്നിരിക്കുകയാണെന്ന് രാജാവ് താഴ്മയോടെ സമ്മതിച്ചു. ജനങ്ങളുടെ മനസ്താപം കണ്ട് സത്യദൈവത്തിന്റെ മനസ്സലിയുമെന്ന് അവൻ പ്രത്യാശിച്ചു. രാജാവിന്റെ ആ പ്രതീക്ഷ അവന്റെ വാക്കുകളിൽ കാണാം: “ദൈവം . . . അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം.”—യോനാ 3:6-9.
9. നിനെവേക്കാരെക്കുറിച്ച് വിമർശകരുടെ അഭിപ്രായമെന്താണ്, അവർക്കു തെറ്റിപ്പോയെന്ന് നമുക്ക് എങ്ങനെ അറിയാം?
9 അങ്ങനെ പെട്ടെന്നൊരു മനംമാറ്റം നിനെവേക്കാർക്കുണ്ടാകുമോ? ചില വിമർശകരുടെ സംശയം അതാണ്. എന്നാൽ, പ്രാചീനകാല സംസ്കാരങ്ങളിലെ അന്ധവിശ്വാസികളും അഭിപ്രായസ്ഥിരതയില്ലാത്തവരും ആയ ആളുകൾ ഇങ്ങനെയൊരു നീക്കം നടത്താൻ എല്ലാ സാധ്യതയുമുണ്ടെന്നാണ് ബൈബിൾപണ്ഡിതന്മാരുടെ അഭിപ്രായം. ആ വിമർശകർക്ക് തെറ്റിപ്പോയെന്നു വിശ്വസിക്കാൻ വേറൊരു കാതലായ കാരണംകൂടിയുണ്ട്. നിനെവേക്കാരുടെ മാനസാന്തരത്തെക്കുറിച്ച് യേശുക്രിസ്തുതന്നെ പറയുകയുണ്ടായി. (മത്തായി 12:41 വായിക്കുക.) ഒരു ചരിത്രവസ്തുത വെറുതെ എടുത്തുപറയുകയായിരുന്നില്ല യേശു. ഈ സംഭവങ്ങൾ നടക്കുമ്പോൾ അതെല്ലാം കണ്ടുകൊണ്ട് അവൻ അപ്പോൾ സ്വർഗത്തിലുണ്ടായിരുന്നു! (യോഹ. 8:57, 58) നമ്മുടെ ദൃഷ്ടിയിൽ ആളുകൾ കൊടുംക്രൂരന്മാരായിരിക്കാം. എന്നാൽ, പശ്ചാത്തപിക്കാനും മാറ്റം വരുത്താനും അവർക്കു കഴിയില്ലെന്ന് നമ്മൾ ഒരിക്കലും ചിന്തിക്കരുത്. അത്തരക്കാർക്കുപോലും മനഃപരിവർത്തനം സംഭവിക്കും എന്നുള്ളതാണ് വാസ്തവം. മനുഷ്യന്റെ ഹൃദയം വായിക്കാൻ കഴിയുന്നത് യഹോവയ്ക്കല്ലേ, നമുക്കല്ലല്ലോ.
ദൈവത്തിന്റെ കാരുണ്യവും മനുഷ്യന്റെ കാർക്കശ്യവും. . .
10, 11. (എ) നിനെവേക്കാർ മനസ്തപിച്ചപ്പോൾ യഹോവ എന്തു ചെയ്തു? (ബി) നിനെവേക്കാരെ ശിക്ഷിക്കാനുള്ള യഹോവയുടെ ആദ്യതീരുമാനത്തിൽ പിഴവു വന്നിട്ടില്ലെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
10 നിനെവേക്കാരുടെ പശ്ചാത്താപം കണ്ടിട്ട് യഹോവയ്ക്ക് എന്തു തോന്നി? യോനാ പിന്നീട് എഴുതുന്നത് ഇങ്ങനെയാണ്: “അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.”—യോനാ 3:10.
11 നിനെവേക്ക് എതിരെ ന്യായവിധി നടപ്പാക്കാനുള്ള യഹോവയുടെ തീരുമാനത്തിൽ പിഴവുണ്ടായെന്നാണോ? അങ്ങനെയല്ല. യഹോവയുടെ നീതി കുറ്റമറ്റതാണെന്നാണ് ബൈബിൾ പറയുന്നത്. (ആവർത്തനപുസ്തകം 32:4 വായിക്കുക.) നിനെവേയോടുള്ള യഹോവയുടെ നീതിയുക്തമായ കോപം അവൻ വിട്ടുകളഞ്ഞെന്നേയുള്ളൂ. അവർ വരുത്തിയ പരിവർത്തനം യഹോവ കണ്ടു. അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന ശിക്ഷ ഇനി നടപ്പാക്കുന്നത് ശരിയല്ലെന്ന് അവനു തോന്നി. ആ നഗരവാസികളോട് ഇപ്പോൾ കരുണ കാണിക്കണമെന്ന് അവൻ തീരുമാനിച്ചു.
12, 13. (എ) താൻ ന്യായബോധമുള്ളവനും, വഴക്കമുള്ളവനും, കരുണാമയനും ആണെന്ന് യഹോവ കാണിച്ചത് എങ്ങനെ? (ബി) യോനായുടേത് ഒരു വ്യാജപ്രവചനം അല്ലായിരുന്നത് എന്തുകൊണ്ട്?
12 ദൈവം കർക്കശക്കാരനും നിർവികാരനും വഴക്കമില്ലാത്തവനും ആണെന്ന് പഠിപ്പിക്കുന്നവയാണ് പല മതോപദേശങ്ങളും. അതുകൊണ്ട് ജനമനസ്സുകളിൽ പതിഞ്ഞ ദൈവത്തിന്റെ ചിത്രവും പലപ്പോഴും അങ്ങനെയുള്ളതാണ്. പക്ഷേ യഹോവ അങ്ങനെയൊരു ദൈവമേ അല്ല. അവൻ ന്യായബോധമുള്ളവനും വഴക്കമുള്ളവനും കരുണാമയനും ആണ്. ദുഷ്ടന്മാരെ ശിക്ഷിക്കാൻ അവൻ തീരുമാനിക്കുമ്പോൾ ആദ്യംതന്നെ ഭൂമിയിലെ തന്റെ പ്രതിനിധികളെ ഉപയോഗിച്ച് അവൻ മുന്നറിയിപ്പു നൽകും. ദുഷ്ടന്മാരായ ആളുകൾ നിനെവേക്കാരെപ്പോലെ അനുതപിക്കാനും വഴികളിൽ മാറ്റം വരുത്തിക്കാണാനും അവൻ അതിയായി ആഗ്രഹിക്കുന്നു. (യെഹെ. 33:11) യഹോവ ഒരിക്കൽ തന്റെ പ്രവാചകനായ യിരെമ്യാവിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.”—യിരെ. 18:7, 8.
ദുഷ്ടന്മാർ പശ്ചാത്തപിച്ച് നിനെവേക്കാരെപ്പോലെ, വഴികൾക്കു മാറ്റം വരുത്താൻ യഹോവ അതിയായി ആഗ്രഹിക്കുന്നു
13 ഇനി, നിനെവേയെക്കുറിച്ചുള്ള യോനായുടെ പ്രവചനം തെറ്റായിരുന്നോ? അല്ല. മുന്നറിയിപ്പ് നൽകുകയായിരുന്നു അതിന്റെ ഉദ്ദേശ്യം, അതു നടന്നു. നിനെവേക്കാരുടെ ദുഷ്ടതയും ദുർമാർഗവും നിമിത്തമാണ് അവൻ മുന്നറിയിപ്പ് നൽകിയത്. അവർ മാറ്റം വരുത്തിയപ്പോൾ യഹോവയും മാറിച്ചിന്തിച്ചു. ഇനിയെന്നെങ്കിലും അവർ പഴയപടി ദുഷ്ടതയിലേക്കു തിരിഞ്ഞാൽ അവർക്കു വരുത്തുമെന്ന് ദൈവം പറഞ്ഞ അതേ ശിക്ഷ വരുത്തുകതന്നെ ചെയ്യും. പിൽക്കാലത്ത് നിനെവേയുടെ കാര്യത്തിൽ അങ്ങനെതന്നെയാണ് സംഭവിച്ചതും.—സെഫ. 2:13-15.
14. യഹോവ നിനെവേയോട് കരുണ കാണിച്ചപ്പോൾ യോനായുടെ പ്രതികരണം എന്തായിരുന്നു?
14 പ്രവചനം നടത്തിയിട്ട് നിനെവേയുടെ നാശവും കാത്തിരുന്ന യോനായ്ക്ക് അങ്ങനെ സംഭവിക്കാതിരുന്നപ്പോൾ എന്തു തോന്നി? നമ്മൾ ഇങ്ങനെ വായിക്കുന്നു: “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.” (യോനാ 4:1) സർവശക്തനെ കുറ്റപ്പെടുത്തുന്നതുപോലെ തോന്നിക്കുന്ന ഒരു പ്രാർഥനയും അവൻ നടത്തി. ‘എനിക്ക് എന്റെ നാട്ടിൽ, സ്വന്തം വീട്ടിൽ, സ്വസ്ഥമായി കഴിഞ്ഞുകൂടാമായിരുന്നല്ലോ’ എന്നുവരെ അവൻ പറഞ്ഞുവെച്ചു. അവൻ ആദ്യം തർശീശിലേക്ക് ഓടിപ്പോയതിന് ഒരു മുടന്തൻ ന്യായവും കണ്ടെത്തി: നിനെവേക്ക് യഹോവ വരുത്തുമെന്ന് അരുളിച്ചെയ്ത നാശം യഹോവ വരുത്താൻ പോകുന്നില്ലെന്ന് അവന് അറിയാമായിരുന്നുപോലും! അങ്ങനെ ആകെ മുഷിഞ്ഞ് ദൈവത്തോടു പിണങ്ങി യോനാ പറഞ്ഞു: ‘ഹൊ, ഇങ്ങനെ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.’—യോനാ 4:2, 3 വായിക്കുക.
15. (എ) യോനാ നിരാശയിലേക്ക് താണുതാണു പോയത് എന്തുകൊണ്ടായിരിക്കാം? (ബി) മനപ്രയാസപ്പെട്ട് ഇരിക്കുന്ന പ്രവാചകനോട് യഹോവ ഇടപെട്ടത് എങ്ങനെ?
15 എന്താണ് യോനായുടെ വിഷമം? അവന്റെ മനസ്സിലൂടെ കടന്നുപോകുന്ന എല്ലാ ചിന്തകളും അറിയാൻ മാർഗമില്ല. പക്ഷേ ഒന്നറിയാം: ഇക്കണ്ട മനുഷ്യരോടെല്ലാം, നിനെവേ നശിക്കാൻ പോകുകയാണെന്ന ന്യായവിധിദൂത് പലയാവർത്തി ഘോഷിച്ചിട്ട് വന്നിരിക്കുകയാണ് അവൻ. അവരെല്ലാം അതു വിശ്വസിക്കുകയും ചെയ്തു. എന്നാലിപ്പോൾ, നാശമൊട്ട് വരുന്നതുമില്ല. തനിക്ക് കള്ളപ്രവാചകനെന്ന ദുഷ്പേരു വീഴുകയില്ലേ! ആളുകൾ പരിഹസിക്കില്ലേ! സംഗതി എന്തായാലും അവന് ഒട്ടും സന്തോഷമില്ല, ആളുകൾ പശ്ചാത്തപിക്കുന്നതും യഹോവ കരുണ കാണിക്കുന്നതും കണ്ടിട്ട് അവന് ഒരു കുലുക്കവുമില്ല. അഭിമാനം വ്രണപ്പെട്ട്, സ്വയം സഹതപിച്ച്, ദേഷ്യവും നീരസവും തീർത്ത ചുഴിയിലേക്ക് അവൻ ആഴ്ന്നാഴ്ന്ന് പോകുകയാണോ? ഇച്ഛാഭംഗപ്പെട്ട് മനപ്രയാസത്തോടെ ഇരിക്കുകയാണ് യോനാ. അവന്റെ കരുണാമയനായ ദൈവം അവനിൽ പിന്നെയും നന്മ കണ്ടിട്ടുണ്ടാവണം. തന്നോട് അനാദരവു കാട്ടിയതിന് യോനായെ ശിക്ഷിക്കുന്നതിനു പകരം അവനെ ഒന്നു ചിന്തിപ്പിക്കാൻവേണ്ടി യഹോവ സൗമ്യമായ സ്വരത്തിൽ ഇങ്ങനെ അന്വേഷിച്ചു: “നീ കോപിക്കുന്നതു വിഹിതമോ?” (യോനാ 4:4) യോനാ മറുപടി എന്തെങ്കിലും പറഞ്ഞോ? ബൈബിൾരേഖ ഒന്നും പറയുന്നില്ല.
16. ചിലർ ദൈവത്തോട് വിയോജിപ്പു കാണിച്ചേക്കാവുന്നത് എങ്ങനെ, ഇക്കാര്യത്തിൽ നമുക്ക് യോനായുടെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
16 ‘എന്തൊരു സ്വഭാവമാണ്’ എന്നു ചിന്തിച്ച് യോനായെ വിധിക്കാൻ വരട്ടെ. കുറ്റവും കുറവും ഒക്കെയുള്ള അപൂർണമനുഷ്യർ ദൈവത്തോട് വിയോജിപ്പു കാണിക്കുന്നത് അസാധാരണമല്ല എന്ന് ഓർക്കുക. ‘ആ ദുരന്തം യഹോവയ്ക്കു വേണമെങ്കിൽ തടയാമായിരുന്നല്ലോ, ദുഷ്ടന്മാരെ വെച്ചുപൊറുപ്പിക്കാതെ അപ്പോൾത്തന്നെ നശിപ്പിക്കാമായിരുന്നല്ലോ, ഇതിനു മുമ്പേ ഈ ദുഷിച്ച ലോകത്തെ യഹോവയ്ക്കു നീക്കിക്കളയാമായിരുന്നല്ലോ’ എന്നൊക്കെ ചിന്തിക്കാറില്ലേ പലരും. യഹോവയുടെ വീക്ഷണങ്ങളുമായി നമുക്ക് യോജിക്കാൻ കഴിയാതെ വരുമ്പോൾ നമ്മുടെതന്നെ കാഴ്ചപ്പാടിനാണ് മാറ്റം വരുത്തേണ്ടത്, അല്ലാതെ യഹോവയുടെ വീക്ഷണത്തിനല്ല. യോനായുടെ മാതൃക ഇക്കാര്യത്തിൽ നമുക്കൊരു പാഠമല്ലേ!
യഹോവ യോനായെ കരുണ പഠിപ്പിക്കുന്നു!
17, 18. (എ) നിനെവേ വിട്ടശേഷം യോനാ എന്തു ചെയ്തു? (ബി) ചുരച്ചെടി മുളപ്പിച്ചുകൊണ്ട് യഹോവ ചെയ്ത അത്ഭുതങ്ങൾ യോനായെ ബാധിച്ചത് എങ്ങനെ?
17 ആകെ വിഷണ്ണനായ പ്രവാചകൻ നിനെവേ വിട്ട് നടന്നകന്നു. പോയത് വീട്ടിലേക്കല്ല, നേരെ കിഴക്കുള്ള മലനിരകളിലേക്കാണ്. ആ മലനിരകളിൽ നിന്നാൽ നല്ല നഗരക്കാഴ്ച കിട്ടും. അവൻ അവിടെ ഒരു തണൽ കെട്ടിയുണ്ടാക്കി, പിന്നെ അതിനു കീഴെ നിനെവേയിലേക്ക് കണ്ണുംനട്ട് ഇരിപ്പായി. നിനെവേയുടെ നാശം കാണാമെന്ന ആശയോടെയായിരിക്കാം കാത്തിരിപ്പ്. താൻ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇരിക്കുന്ന ഈ മനുഷ്യനെ യഹോവ എങ്ങനെയാണ് കരുണ പഠിപ്പിക്കാൻ പോകുന്നത്?
18 “അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്ക് (“ചുരച്ചെടി,” NW)” മുളപ്പിച്ചു. യോനാ ഉണർന്നപ്പോൾ കണ്ടത് തഴച്ചുവളർന്ന് വലിയ ഇലകൾ വീശി തന്റെ കുടിലിനു മീതെ തണൽ വിരിച്ച് നിൽക്കുന്ന ചുരച്ചെടിയാണ്. ഒറ്റരാത്രികൊണ്ട്, ഒരു ചെടി മുളച്ചുപൊങ്ങാൻ യഹോവ ഇടയാക്കി! ‘താനുണ്ടാക്കിയ പൊട്ടക്കുടിലിന്റെ പോരായ്മയെല്ലാം പരിഹരിച്ചല്ലോ,’ അവനു തൃപ്തിയായി, അവന്റെ മുഖം തെളിഞ്ഞു! യോനാ ചുരച്ചെടിനിമിത്തം “അത്യന്തം സന്തോഷിച്ചു” എന്നു വിവരണം പറയുന്നു. ദൈവത്തിന്റെ അനുഗ്രഹത്തിന്റെയും അംഗീകാരത്തിന്റെയും ഒരു അത്ഭുതസാന്നിധ്യമായി അവൻ അതിനെ കണ്ടിരിക്കാം. എന്നാൽ എരിയുന്ന സൂര്യന്റെ ചൂടിൽനിന്ന് രക്ഷിക്കാനോ യോനായുടെ ബാലിശവും കഴമ്പില്ലാത്തതും ആയ കോപം ശമിപ്പിക്കാനോ മാത്രമായിരുന്നില്ല യഹോവ ആ ചെടി മുളപ്പിച്ചത്. യോനായുടെ ഹൃദയത്തിന്റെ ഉൾക്കാമ്പിലേക്ക് ഇറങ്ങാൻ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് അവൻ വേറെ ചില അത്ഭുതങ്ങളും പ്രവർത്തിച്ചു. ചെടി ഉണക്കിക്കളയാൻ യഹോവ ഒരു പുഴുവിനെ വിട്ടു. അത് ചെടി കുത്തിയുണക്കിക്കളഞ്ഞു. പിന്നെ “അത്യുഷ്ണമുള്ളോരു കിഴക്കൻകാറ്റ്” അടിപ്പിച്ചു. ഉഷ്ണക്കാറ്റും വെയിലും ഏറ്റ് യോനാ വല്ലാതെ വാടിത്തളർന്നു. അവന്റെ ഉന്മേഷമെല്ലാം ചോർന്നുപോയി. മരിച്ചാൽ മതിയെന്ന് അവൻ വീണ്ടും ആഗ്രഹിച്ചു!—യോനാ 4:6-8.
19, 20. ചുരച്ചെടിയുടെ കാര്യത്തിൽ യഹോവ യോനായുമായി ന്യായവാദം ചെയ്തത് എങ്ങനെ?
19 യഹോവ പിന്നെയും അവനോട് അതേ ചോദ്യംതന്നെ ചോദിച്ചു. നീ “കോപിക്കുന്നതു വിഹിതമോ?” ഒരു ചുരച്ചെടി ഉണങ്ങിപ്പോയതിന്റെ പേരിൽ ഇത്രത്തോളം കോപിക്കുന്നത് ഉചിതമാണോ എന്നായിരുന്നു ഇപ്രാവശ്യം ചോദിച്ചതിന്റെ അർഥം. ഒരു കുറ്റബോധവുമില്ലാതെ, സ്വയം ന്യായീകരിച്ചുകൊണ്ട്, ഉടൻ വന്നു മറുപടി: “ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ.” ഇനി, അവനെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാമെന്ന് യഹോവ തീരുമാനിച്ചു.—യോനാ 4:9.
20 ദൈവം യോനായുടെ മുമ്പിൽ ചില ന്യായവാദങ്ങൾ നിരത്തി. അവൻ നടുകയോ വെള്ളമൊഴിക്കുകയോ പരിപാലിക്കുകയോ ചെയ്യാതെ, ഒരൊറ്റ രാത്രികൊണ്ട് എവിടെനിന്നോ മുളച്ചുപൊന്തിയ ഒരു തണൽച്ചെടി ഉണങ്ങിപ്പോയതിനാണല്ലോ അവൻ ഇപ്പോൾ കോപിച്ചു നിൽക്കുന്നത്! അങ്ങനെയാണെങ്കിൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ,” ദൈവം ചോദിച്ചു.—യോനാ 4:10, 11.c
21. (എ) യഹോവ ചുരച്ചെടിയെ പ്രതീകമാക്കി യോനായെ പഠിപ്പിച്ചത് എന്താണ്? (ബി) സത്യസന്ധമായി സ്വയം വിലയിരുത്താൻ യോനായുടെ വിവരണം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
21 ഒരു തണൽച്ചെടിയിലൂടെ ദൈവം യോനായെ പഠിപ്പിച്ച ഗുണപാഠത്തിന്റെ കാതൽ നിങ്ങൾക്കു മനസ്സിലായോ? ആ ചെടി നട്ടതും പരിപാലിച്ചതും ഒന്നും യോനാ അല്ല. എന്നിട്ടും ആ ചെടി ഉണങ്ങിപ്പോയപ്പോൾ അവനു വിഷമം തോന്നി. നിനെവേക്കാരുടെ കാര്യമോ? യഹോവയാണ് ആ മനുഷ്യർക്കെല്ലാം ജീവൻ നൽകിയത്. ഭൂമിയിലെ മറ്റ് എല്ലാ ജീവജാലങ്ങളുടെയും കാര്യത്തിലെന്നപോലെ യഹോവയാണ് ഈ കാലമത്രയും അവരെയും പരിപാലിച്ചതും നിലനിറുത്തിയതും. 1,20,000 മനുഷ്യരെക്കാളും അവർക്കുള്ള എണ്ണമറ്റ മൃഗസമ്പത്തിനെക്കാളും വില ഒരു ചെറിയ തണൽച്ചെടിക്ക് കല്പിക്കാൻ യോനായ്ക്ക് എങ്ങനെ കഴിഞ്ഞു? അത് ന്യായമാണോ? അത്രയ്ക്ക് സ്വാർഥത ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ടല്ലേ യോനാ അങ്ങനെ ചിന്തിക്കാനിടയായത്? ‘തണലുപോയല്ലോ’ എന്നോർത്തിട്ടു മാത്രമാണ് ചെടി ഉണങ്ങിയപ്പോൾ അവനു വിഷമം തോന്നിയത്! അതുപോലുള്ള തൻകാര്യചിന്തയല്ലേ നിനെവേക്കാരുടെ കാര്യത്തിൽ കോപിഷ്ഠനാകാൻ അവന്റെ ഹൃദയത്തിന് വളംവെച്ചുകൊടുത്തത്. മുഖം രക്ഷിക്കാനുള്ള തത്രപ്പാട്, പറഞ്ഞതു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത, ഇതൊക്കെയായിരുന്നില്ലേ ഈ ‘ദുർമുഖം കാട്ടലിനു’ പിന്നിൽ? സത്യസന്ധമായി സ്വയം അളക്കാൻ യോനായുടെ കഥ നമ്മളെ ഓരോരുത്തരെയും സഹായിക്കട്ടെ. ഇത്തരം തൻകാര്യപ്രിയവും സ്വാർഥമനസ്ഥിതിയും നമ്മളിലൊക്കെ ഒളിഞ്ഞിരിപ്പില്ലേ? അങ്ങനെയല്ലാത്തവരായി ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ ദൈവമായ യഹോവ സദ്ഗുണങ്ങളെല്ലാം നിറഞ്ഞവനാണ്. സ്വാർഥത വെടിഞ്ഞ് കൂടുതൽ വിശാലരാകാൻ, കൂടുതൽ അനുകമ്പ ശീലിക്കാൻ, കൂടുതൽ കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ നമ്മെ പഠിപ്പിക്കുമ്പോൾ നാം നന്ദിയോടെ വഴങ്ങിക്കൊടുക്കേണ്ടതല്ലേ?
22. (എ) കരുണ കാണിക്കുന്ന കാര്യത്തിൽ യഹോവ കൊടുത്ത ഉപദേശം യോനായെ സ്വാധീനിച്ചത് എങ്ങനെയായിരിക്കാം? (ബി) നമ്മളെല്ലാം പഠിക്കേണ്ട പാഠം ഏതാണ്?
22 അതിരിക്കട്ടെ, യോനാ പഠിച്ച പാഠം അവൻ ഹൃദയത്തിലേക്കു സ്വീകരിച്ചോ? അവന്റെ പേരിലുള്ള ബൈബിൾപുസ്തകം അവസാനിക്കുന്നത് യഹോവ ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണ്. അത് കാലങ്ങൾ കടന്ന് ഇന്നും പ്രതിധ്വനിക്കുന്നു! ചില വിമർശകർ പരാതിപ്പെടുന്നത്, യോനാ ഒരിക്കലും അതിന് ഉത്തരം പറഞ്ഞില്ലെന്നാണ്. സത്യം പറഞ്ഞാൽ അവന്റെ ഉത്തരം അവിടെയില്ലേ? ആ പുസ്തകംതന്നെയാണ് അതിനുള്ള ഉത്തരം! തെളിവുകൾ സൂചിപ്പിക്കുന്നത്, സ്വന്തം പേരിലുള്ള ആ പുസ്തകം യോനാതന്നെ എഴുതി എന്നാണ്. സംഭവബഹുലമായ ആ കാലയളവിനു ശേഷം, പ്രവാചകൻ സ്വസ്ഥനായി നാട്ടിലേക്കു മടങ്ങുന്നതും നടന്നതെല്ലാം എഴുതിവെക്കുന്നതും നമുക്കൊന്ന് ഭാവനയിൽ കാണാം: പ്രവാചകന് ഇപ്പോൾ അല്പംകൂടി പ്രായമായെന്നു തോന്നുന്നു, അറിവും അനുഭവങ്ങളും ഏറിയിരിക്കുന്നു, പഴയതിലും ഏറെ താഴ്മയുണ്ട് ആ ചലനങ്ങളിൽ. സ്വന്തം പിഴവുകൾ വിസ്തരിച്ച് എഴുതുമ്പോൾ ഒട്ടൊരു കുറ്റബോധത്താൽ, സങ്കടഭാവത്താൽ, തലയാട്ടുന്നുമുണ്ട്. നിർബന്ധബുദ്ധി കാണിച്ചതും കരുണ കാണിക്കാൻ മനസ്സുവെക്കാതെ ശാഠ്യംപിടിച്ചുനിന്നതും എല്ലാം ഓരോരോ രംഗങ്ങളായി അവന്റെ മനസ്സിൽ തെളിയുകയാണെന്നു തോന്നുന്നു. യഹോവ കൊടുത്ത തിരുത്തലും ഉപദേശങ്ങളും യോനാ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്! കരുണ കാണിക്കാൻ അവൻ പഠിച്ചു. നമ്മൾ പഠിക്കുമോ?—മത്തായി 5:7 വായിക്കുക.
a യോനായുടെ കാലത്ത് പത്തുഗോത്ര ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യയിൽ 20,000 മുതൽ 30,000 വരെ നിവാസികൾ ഉണ്ടായിരുന്നിരിക്കാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നിനെവേയിലെ ജനസംഖ്യയുടെ നാലിലൊന്നിൽ താഴെ മാത്രമേ വരൂ. പ്രതാപത്തിന്റെ ഉച്ചകോടിയിലായിരുന്നപ്പോൾ ലോകത്തിലെതന്നെ ഏറ്റവും വലിയ നഗരമായിരുന്നിരിക്കാം നിനെവേ.
b ഈ വിശദാംശത്തിൽ ഒരല്പം അതിശയോക്തിയില്ലേ എന്നു തോന്നിയേക്കാം. പക്ഷേ അക്കാലത്ത് ഇതൊരു അസാധാരണ സംഭവമായിരുന്നില്ല. പണ്ടു പേർഷ്യയിൽ ആദരണീയനായൊരു ജനറലിന്റെ മരണത്തോട് അനുബന്ധിച്ച് ആളുകൾ വിലാപം കഴിച്ചപ്പോൾ അവരുടെ കന്നുകാലികളെയും അതിൽ ഉൾപ്പെടുത്തിയതായി ഗ്രീക്ക് ചരിത്രകാരനായ ഹെറൊഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.
c ‘വലങ്കൈയും ഇടങ്കൈയും തമ്മിൽ തിരിച്ചറിഞ്ഞു കൂടാത്തവർ’ എന്നു പറഞ്ഞതിലൂടെ, ദിവ്യനിലവാരങ്ങൾ സംബന്ധിച്ച് അവർക്ക് ഒന്നും അറിഞ്ഞുകൂടാ, അക്കാര്യത്തിൽ അവർ കൊച്ചുകുട്ടികളെപ്പോലെ അജ്ഞരാണ്, എന്നാണ് ദൈവം സൂചിപ്പിച്ചത്.