യഹസ്കേൽ
40 ഞങ്ങളുടെ പ്രവാസജീവിതത്തിന്റെ 25-ാം വർഷം,+ ആ വർഷത്തിന്റെ തുടക്കത്തിൽ, പത്താം ദിവസം, അന്നുതന്നെ യഹോവയുടെ കൈ എന്റെ മേൽ വന്നു; എന്നെ നഗരത്തിലേക്ക് എടുത്തുകൊണ്ടുപോയി.+ നഗരം വീണിട്ട്+ ഇതു 14-ാം വർഷം. 2 ദിവ്യദർശനത്തിൽ എന്നെ ഇസ്രായേൽ ദേശത്തേക്കു കൊണ്ടുചെന്ന് വളരെ ഉയരമുള്ള ഒരു മലയിൽ നിറുത്തി.+ അവിടെ തെക്കുവശത്തായി, നഗരംപോലെ തോന്നിക്കുന്ന ഒരു രൂപമുണ്ടായിരുന്നു.
3 എന്നെ അവിടെ കൊണ്ടുചെന്നപ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പുകൊണ്ടുള്ള മനുഷ്യനാണെന്നു തോന്നും.+ അദ്ദേഹം ഫ്ളാക്സ് ചരടും അളക്കാനുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച് കവാടത്തിൽ നിൽക്കുകയായിരുന്നു. 4 ആ മനുഷ്യൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, സശ്രദ്ധം നിരീക്ഷിക്കൂ! ശ്രദ്ധിച്ചുകേൾക്കൂ! ഞാൻ കാണിച്ചുതരുന്നതെല്ലാം നന്നായി ശ്രദ്ധിക്കൂ!* കാരണം, നിന്നെ ഇവിടെ കൊണ്ടുവന്നതുതന്നെ ഇതിനുവേണ്ടിയാണ്. നീ കാണുന്നതെല്ലാം ഇസ്രായേൽഗൃഹത്തോടു പറയണം.”+
5 ദേവാലയത്തിനു* ചുറ്റും ഞാൻ ഒരു മതിൽ കണ്ടു. ആ മനുഷ്യന്റെ കൈയിൽ അളക്കാനായി ആറു മുഴം നീളമുള്ള ഒരു മുഴക്കോലുണ്ടായിരുന്നു. (ഇവിടെ ഒരു മുഴം എന്നു പറയുന്നത് ഒരു മുഴവും നാലു വിരൽ കനവും ചേർന്നതാണ്.)* അദ്ദേഹം മതിൽ അളന്നുതുടങ്ങി. അതിന്റെ കനം ഒരു മുഴക്കോലും ഉയരം ഒരു മുഴക്കോലും ആയിരുന്നു.
6 പിന്നെ, അദ്ദേഹം കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു വന്ന്+ അതിന്റെ പടി കയറി. കവാടത്തിന്റെ വാതിൽപ്പടി അളന്നപ്പോൾ അതിന്റെ വീതി ഒരു മുഴക്കോൽ. മറ്റേ വാതിൽപ്പടിയുടെ വീതിയും ഒരു മുഴക്കോൽ. 7 കാവൽക്കാരുടെ മുറികൾക്ക്+ ഓരോന്നിനും ഒരു മുഴക്കോൽ നീളവും ഒരു മുഴക്കോൽ വീതിയും ഉണ്ടായിരുന്നു. ആ മുറികൾക്കിടയിലുള്ള അകലം അഞ്ചു മുഴം. കവാടത്തിലെ, അകത്തേക്കു ദർശനമുള്ള മണ്ഡപത്തിന് അടുത്തുള്ള വാതിൽപ്പടി അളന്നപ്പോൾ ഒരു മുഴക്കോൽ.
8 കവാടത്തിലെ, അകത്തേക്കു ദർശനമുള്ള മണ്ഡപം അദ്ദേഹം അളന്നു. അത് ഒരു മുഴക്കോൽ. 9 അദ്ദേഹം കവാടത്തിന്റെ മണ്ഡപം അളന്നു. അത് എട്ടു മുഴം. അതിന്റെ വശങ്ങളിലുള്ള തൂണുകളും അളന്നു. അവ രണ്ടു മുഴം. കവാടത്തിന്റെ മണ്ഡപത്തിന്റെ ദർശനം അകത്തേക്കായിരുന്നു.
10 കിഴക്കേ കവാടത്തിന്റെ ഓരോ വശത്തും കാവൽക്കാർക്കായി മൂന്നു മുറികളുണ്ടായിരുന്നു. മൂന്നിനും ഒരേ വലുപ്പം. ഇരുവശത്തുമുള്ള തൂണുകൾക്കും ഒരേ വലുപ്പമായിരുന്നു.
11 പിന്നെ, അദ്ദേഹം കവാടത്തിന്റെ പ്രവേശനദ്വാരത്തിന്റെ വീതി അളന്നു. അതു പത്തു മുഴം. കവാടത്തിന്റെ നീളം 13 മുഴവും.
12 ഇരുവശത്തും കാവൽക്കാരുടെ മുറികളുടെ മുന്നിൽ, കെട്ടിത്തിരിച്ചിരിക്കുന്ന ഭാഗം ഒരു മുഴമായിരുന്നു. ഇരുവശത്തുമുള്ള ആ മുറികൾക്കോ ഓരോന്നിനും ആറു മുഴം.
13 പിന്നെ, അദ്ദേഹം കാവൽക്കാരുടെ മുറികളിൽ ഒന്നിന്റെ മേൽക്കൂരമുതൽ* മറ്റേതിന്റെ മേൽക്കൂരവരെ കവാടം അളന്നു; വീതി 25 മുഴം. പ്രവേശനദ്വാരം ഓരോന്നും മറ്റേ പ്രവേശനദ്വാരത്തിനു നേർക്കായിരുന്നു.+ 14 പിന്നെ, അദ്ദേഹം വശങ്ങളിലുള്ള തൂണുകൾ അളന്നു; ഉയരം 60 മുഴം. മുറ്റത്തിനു ചുറ്റുമുള്ള കവാടങ്ങളിൽ വശങ്ങളിലുള്ള തൂണുകളും അദ്ദേഹം അളന്നു. 15 കവാടത്തിന്റെ പ്രവേശനദ്വാരത്തിന്റെ മുൻഭാഗംമുതൽ കവാടത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തിന്റെ മുൻഭാഗംവരെ 50 മുഴം.
16 കവാടത്തിൽ ഓരോ വശത്തുമുള്ള, കാവൽക്കാരുടെ മുറികൾക്കും വശങ്ങളിലെ തൂണുകൾക്കും വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകളുണ്ടായിരുന്നു.+ മണ്ഡപത്തിന്റെ ഉള്ളിലും ഓരോ വശത്തും ജനലുകളുണ്ടായിരുന്നു. വശങ്ങളിലുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപവും കണ്ടു.+
17 പിന്നെ, എന്നെ പുറത്തെ മുറ്റത്തേക്കു കൊണ്ടുപോയി. ഞാൻ അവിടെ ഊണുമുറികളും*+ മുറ്റത്തിനു ചുറ്റും ഒരു കൽത്തളവും കണ്ടു. കൽത്തളത്തിൽ 30 ഊണുമുറിയുണ്ടായിരുന്നു. 18 കവാടങ്ങളുടെ വശത്തുള്ള കൽത്തളത്തിന്റെ അളവ് കവാടങ്ങളുടെ നീളത്തിനു തുല്യമായിരുന്നു. ഇതു താഴത്തെ കൽത്തളം.
19 പിന്നെ, അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അകത്തെ മുറ്റത്തിന്റെ മുൻഭാഗംവരെയുള്ള അകലം* അളന്നു. കിഴക്കും വടക്കും അതു 100 മുഴമായിരുന്നു.
20 പുറത്തെ മുറ്റത്തിനു വടക്കോട്ടു ദർശനമുള്ള ഒരു കവാടമുണ്ടായിരുന്നു. അദ്ദേഹം അതിന്റെ നീളവും വീതിയും അളന്നു. 21 അതിൽ ഇരുവശത്തും കാവൽക്കാരുടെ മൂന്നു മുറിയുണ്ടായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകൾക്കും മണ്ഡപത്തിനും ആദ്യത്തെ കവാടത്തിലുള്ളവയുടെ അതേ അളവുകളായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 22 അതിന്റെ ജനലുകളും മണ്ഡപവും ഈന്തപ്പനയുടെ രൂപങ്ങളും+ കിഴക്കേ കവാടത്തിലുള്ളതിന്റെ അതേ വലുപ്പമുള്ളവയായിരുന്നു. ഏഴു പടി കയറി ആളുകൾക്ക് അവിടെ എത്താം. അവയുടെ മുന്നിലായിരുന്നു കവാടത്തിന്റെ മണ്ഡപം.
23 അകത്തെ മുറ്റത്ത് വടക്കേ കവാടത്തിനു നേരെയും കിഴക്കേ കവാടത്തിനു നേരെയും ഓരോ കവാടമുണ്ടായിരുന്നു. അദ്ദേഹം കവാടംമുതൽ കവാടംവരെയുള്ള അകലം അളന്നു. അതു 100 മുഴം.
24 പിന്നെ, എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി. അവിടെ തെക്കുവശത്ത് ഞാൻ ഒരു കവാടം കണ്ടു.+ അദ്ദേഹം അതിന്റെ വശങ്ങളിലുള്ള തൂണുകളും അതിന്റെ മണ്ഡപവും അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു അവയ്ക്കും. 25 അതിന്റെ ഇരുവശത്തും അതിന്റെ മണ്ഡപത്തിലും ജനലുകളുണ്ടായിരുന്നു. അവ മറ്റു ജനലുകൾപോലെതന്നെയായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 26 അവിടേക്കു കയറിച്ചെല്ലാൻ ഏഴു പടിയുണ്ടായിരുന്നു.+ അവയുടെ മുന്നിലായിരുന്നു അതിന്റെ മണ്ഡപം. അതിന്റെ വശങ്ങളിലെ തൂണുകളിൽ ഇരുവശത്തും ഈന്തപ്പനയുടെ ഓരോ രൂപമുണ്ടായിരുന്നു.
27 അകത്തെ മുറ്റത്തിനു തെക്കോട്ടു ദർശനമുള്ള ഒരു കവാടമുണ്ടായിരുന്നു. അദ്ദേഹം തെക്കോട്ടു കവാടംമുതൽ കവാടംവരെ അളന്നു; അകലം 100 മുഴം. 28 പിന്നെ എന്നെ തെക്കേ കവാടത്തിലൂടെ അകത്തെ മുറ്റത്തേക്കു കൊണ്ടുചെന്നു. അപ്പോൾ, അദ്ദേഹം തെക്കേ കവാടം അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും. 29 അതിന്റെ കാവൽമുറികളും വശങ്ങളിലുള്ള തൂണുകളും മണ്ഡപവും മറ്റുള്ളവയുടെ അതേ വലുപ്പത്തിലുള്ളവയായിരുന്നു. അതിന്റെ ഇരുവശത്തും അതിന്റെ മണ്ഡപത്തിനും ജനലുകളുണ്ടായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും.+ 30 ചുറ്റും മണ്ഡപങ്ങളുണ്ടായിരുന്നു; അവയുടെ നീളം 25 മുഴവും വീതി 5 മുഴവും. 31 അതിന്റെ മണ്ഡപത്തിന്റെ ദർശനം പുറത്തെ മുറ്റത്തേക്കായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു.+ അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.+
32 പിന്നെ, കിഴക്കുനിന്ന് എന്നെ അകത്തെ മുറ്റത്തേക്കു കൊണ്ടുചെന്നു. അപ്പോൾ, അദ്ദേഹം കവാടം അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും. 33 അതിന്റെ കാവൽമുറികളും വശങ്ങളിലുള്ള തൂണുകളും മണ്ഡപവും മറ്റുള്ളവയുടെ അതേ വലുപ്പത്തിലുള്ളവയായിരുന്നു. അതിന്റെ ഇരുവശത്തും അതിന്റെ മണ്ഡപത്തിനും ജനലുകളുണ്ടായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 34 അതിന്റെ മണ്ഡപത്തിന്റെ ദർശനം പുറത്തെ മുറ്റത്തേക്കായിരുന്നു. അതിന്റെ ഇരുവശങ്ങളിലുമുള്ള തൂണുകളിൽ ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
35 പിന്നെ, എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുചെന്നു.+ അദ്ദേഹം അത് അളന്നു. മറ്റുള്ളവയുടെ അതേ വലുപ്പമായിരുന്നു ഇതിനും. 36 അതിന്റെ കാവൽമുറികളും വശങ്ങളിലുള്ള തൂണുകളും മണ്ഡപവും മറ്റുള്ളവയുടെ അതേ വലുപ്പത്തിലുള്ളവയായിരുന്നു. അതിന്റെ ഇരുവശത്തും ജനലുകളുണ്ടായിരുന്നു. കവാടത്തിന്റെ അളവാകട്ടെ, 50 മുഴം നീളവും 25 മുഴം വീതിയും. 37 അതിന്റെ വശങ്ങളിലുള്ള തൂണുകൾ പുറത്തെ മുറ്റത്തിന് അഭിമുഖമായിരുന്നു. അതിന്റെ വശങ്ങളിലുള്ള തൂണുകൾ രണ്ടിലും ഈന്തപ്പനയുടെ രൂപങ്ങളുണ്ടായിരുന്നു. അവിടേക്കു കയറിച്ചെല്ലാൻ എട്ടു പടി.
38 കവാടത്തിന്റെ വശങ്ങളിലുള്ള തൂണുകൾക്കടുത്തായി ഒരു ഊണുമുറിയുണ്ടായിരുന്നു. അതിന്റെ വാതിലും ഞാൻ കണ്ടു. അവിടെവെച്ചാണു സമ്പൂർണദഹനയാഗത്തിനുള്ള വസ്തുക്കൾ കഴുകിയിരുന്നത്.+
39 കവാടത്തിന്റെ മണ്ഡപത്തിന്റെ ഇരുവശങ്ങളിലും രണ്ടു മേശയുണ്ടായിരുന്നു. സമ്പൂർണദഹനയാഗങ്ങൾക്കും+ പാപയാഗങ്ങൾക്കും+ അപരാധയാഗങ്ങൾക്കും+ ഉള്ള മൃഗങ്ങളെ അറുക്കാനുള്ളതായിരുന്നു ഈ മേശകൾ. 40 വടക്കേ കവാടത്തിലേക്കു കയറുന്നിടത്ത് പ്രവേശനദ്വാരത്തിനു വെളിയിലായി രണ്ടു മേശയുണ്ടായിരുന്നു. കവാടത്തിന്റെ മണ്ഡപത്തിന്റെ മറുവശത്തുമുണ്ടായിരുന്നു രണ്ടു മേശ. 41 കവാടത്തിന്റെ ഇരുവശത്തും നാലു മേശ വീതമുണ്ടായിരുന്നു; ആകെ എട്ടു മേശ. അവയിൽവെച്ചാണു ബലിമൃഗങ്ങളെ അറുത്തിരുന്നത്. 42 സമ്പൂർണദഹനയാഗത്തിനുള്ള നാലു മേശ വെട്ടിയെടുത്ത കല്ലുകൊണ്ടുള്ളതായിരുന്നു. അവയ്ക്ക് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവും ഉണ്ടായിരുന്നു. ദഹനയാഗമൃഗങ്ങളെയും ബലിമൃഗങ്ങളെയും അറുക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ വെച്ചിരുന്നത് അവയിലായിരുന്നു. 43 നാലു വിരൽ വീതിയിലുള്ള തട്ടുകൾ അകത്തെ ഭിത്തിയിൽ ചുറ്റും പിടിപ്പിച്ചിരുന്നു. കാഴ്ചയാഗത്തിനുള്ള മൃഗങ്ങളുടെ മാംസം മേശകളിലാണു വെച്ചിരുന്നത്.
44 അകത്തെ കവാടത്തിനു പുറത്തായിരുന്നു ഗായകർക്കുള്ള ഊണുമുറികൾ.+ വടക്കേ കവാടത്തിന് അടുത്ത് അകത്തെ മുറ്റത്തായിരുന്നു അവ. അവയുടെ ദർശനം തെക്കോട്ടായിരുന്നു. മറ്റൊരു ഊണുമുറി കിഴക്കേ കവാടത്തിന് അടുത്തായിരുന്നു. അതിന്റെ ദർശനം വടക്കോട്ടും.
45 അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള ഈ ഊണുമുറി ദേവാലയശുശ്രൂഷയുടെ ചുമതലയുള്ള പുരോഹിതന്മാർക്കുള്ളതാണ്.+ 46 വടക്കോട്ടു ദർശനമുള്ള ഊണുമുറി യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാൻ ചുമതലയുള്ള പുരോഹിതന്മാർക്കുള്ളതാണ്.+ അവർ സാദോക്കിന്റെ പുത്രന്മാർ.+ ലേവ്യരിൽനിന്ന് യഹോവയ്ക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി തിരുസന്നിധിയിൽ ചെല്ലാൻ നിയമിതരായവരാണ് അവർ.”+
47 പിന്നെ, അദ്ദേഹം അകത്തെ മുറ്റം അളന്നു. 100 മുഴം നീളവും 100 മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. യാഗപീഠം ദേവാലയത്തിന്റെ മുന്നിലായിരുന്നു.
48 അടുത്തതായി, എന്നെ ദേവാലയത്തിന്റെ മണ്ഡപത്തിലേക്കു+ കൊണ്ടുപോയി. അദ്ദേഹം മണ്ഡപത്തിന്റെ വശത്തുള്ള തൂൺ അളന്നു. ഇപ്പുറത്തുള്ളതിന് അഞ്ചു മുഴം; അപ്പുറത്തുള്ളതിനും അഞ്ചു മുഴം. കവാടത്തിന്റെ വീതി ഇപ്പുറത്ത് മൂന്നു മുഴവും അപ്പുറത്ത് മൂന്നു മുഴവും ആയിരുന്നു.
49 മണ്ഡപത്തിന് 20 മുഴം നീളവും 11* മുഴം വീതിയും ഉണ്ടായിരുന്നു. പടി കയറി ആളുകൾക്ക് അവിടെ എത്താം. ഇരുവശങ്ങളിലുമുള്ള തൂണുകളുടെ അടുത്ത് ഓരോ സ്തംഭമുണ്ടായിരുന്നു.+