ബൈബിളിന്റെ വീക്ഷണം
സ്നാനം അത് ശിശുക്കൾക്കുള്ളതോ?
“എനിക്കെന്റെ കുഞ്ഞുങ്ങളുണ്ടായപ്പോൾ അവരെ സ്നാനമേൽപ്പിക്കാൻ ഞാൻ ധൃതികൂട്ടി. . . . ഞാൻ ചെയ്തത് ശരിയായ കാര്യം ആയിരുന്നോ എന്ന് ചിലപ്പോൾ ഞാനിരുന്നു ചിന്തിച്ചുപോകും” എന്ന് ഒരു മാതാവ് പറഞ്ഞു. എന്തുകൊണ്ടായിരുന്നു? അവളുടെ മൂന്നു മക്കളിൽ രണ്ടുപേർ അവളുടെ വിശ്വാസം തള്ളിക്കളഞ്ഞു.
ഒരു മാതാവോ പിതാവോ എന്ന നിലയിൽ ഒരു ശിശുവിനെ നിങ്ങളുടെ മതത്തിന്റെ അംഗമായിച്ചേർക്കുന്ന കാര്യത്തിൽ ഇതുപോലുള്ള സംശയങ്ങൾ നിങ്ങളുടെ മനസ്സിലും ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാൻ ഇടയുണ്ട്. അഥവാ അങ്ങനെയാണെങ്കിൽ മതനേതാക്കൻമാർ—കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും ഒരുപോലെ—നിങ്ങളുടെ മനസ്സിലെ ആശയക്കുഴപ്പം തീർക്കാൻ യാതൊന്നും ചെയ്തിട്ടില്ലയെന്നും നിങ്ങൾ അറിഞ്ഞിരിക്കാനിടയുണ്ട്. ശിശുസ്നാനത്തെപ്പററി വാഗ്വാദം നടത്തുകവഴി അവർ സംശയവാദത്തെ ഊട്ടി വളർത്തുകയാണ് ചെയ്യുന്നത്. പരിഷ്ക്കരണവാദികൾ അതിനെ മദ്ധ്യകാല അന്ധവിശ്വാസത്തിന്റെ അവശിഷ്ടം എന്നാണ് വിളിക്കുന്നത്. പാരമ്പര്യവാദികൾ സ്നാന നിഷേധത്തെ “ക്രിസ്തീയബോധത്തിന് നിഷിദ്ധമായ” ഒന്നായി കാണുന്നു.
അങ്ങനെ ന്യായവാദം ചെയ്യുകവഴി സഭാ നേതാക്കൾ “ഈടുററ ന്യായവാദത്തിന് പകരം വെറും ആവേശഘോഷണത്തിൽ മുഴുകുകയാണ്.” (ശിശു സ്നാനവും കൃപാ ഉടമ്പടിയും, പോൾ കെ. ജെവററിനാലുള്ളത്) ശൈശവസ്നാനത്തെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യത്തിന് ആധികാരികമായ ഉത്തരങ്ങൾക്കുവേണ്ടി അപ്പോൾ എവിടേക്കാണ് നോക്കാൻ കഴിയുക? ഈ ഉത്തരങ്ങൾക്ക് ദൈവവചനത്തിൽതന്നെ നോക്കേണ്ടിയിരിക്കുന്നു.
ശിശുസ്നാനവാദികൾ അവരുടെ വാദത്തിന്റെ ഏറിയഭാഗവും യോഹന്നാൻ 3:5-ലെ യേശുവിന്റെ പിൻവരുന്ന വാക്കുകളിൽ അടിസ്ഥാനപ്പെടുത്തുന്നു: “ജലത്താലും ആത്മാവിനാലും ഒരുവൻ ജനിപ്പിക്കപ്പെട്ടില്ലെങ്കിൽ അവന് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയുകയില്ല.” സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനത്തിന് ജലസ്നാനം ഒരു വ്യവസ്ഥയായിരിക്കുന്നതുകൊണ്ട്, ഒരു അഗ്നിനരകത്തിൽ യാതന അനുഭവിക്കുന്നതും—ലിംബോയിൽ ചെലവഴിക്കേണ്ടിവരുന്നതും ഒഴിവാക്കാൻ ശിശുക്കളെ സ്നാനപ്പെടുത്തേണ്ടതുണ്ട്.a
പക്ഷേ ബൈബിൾ പറയുന്നത് “മരിച്ചവർ . . . ഒന്നിനെക്കുറിച്ചും ബോധവാൻമാരല്ല” എന്നാണ്. (സഭാപ്രസംഗി 9:5; സങ്കീർത്തനം 146:4 താരതമ്യം ചെയ്യുക.) മരിച്ചവർ ബോധമററവർ ആയതുകൊണ്ട് അവർക്ക് യാതൊരുവിധ യാതനയും അനുഭവിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് തങ്ങളുടെ കുട്ടികളെ സ്നാനം ചെയ്തില്ലയെങ്കിൽ ഘോരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് മാതാപിതാക്കൾ ഭയപ്പെടേണ്ടതില്ല.
സ്നാനമേൽക്കാത്തവർക്ക് ദൈവരാജ്യത്തിൽ കടക്കാനാവുമോ എന്നതിൽ പിന്നെയും ആശങ്കയുണ്ട്. പക്ഷേ അവർക്ക് രക്ഷിക്കപ്പെടാനാവില്ല എന്ന് അതിന് അർത്ഥമില്ല. യേശു ഇങ്ങനെ പറഞ്ഞു: “ഈ തൊഴുത്തിൽ [സ്വർഗ്ഗീയ] പെടാത്ത വേറെ ആടുകളും എനിക്കുണ്ട്.” (യോഹന്നാൻ 10:16) ഇവിടെയും മത്തായി 25:31-46 വരെ രേഖപ്പെടുത്തിയിരിക്കുന്ന മറെറാരു ഉപമയിലും സ്വർഗ്ഗത്തിൽ പോകയില്ലാത്ത രക്ഷിക്കപ്പെട്ടവർ ഉണ്ടായിരിക്കുമെന്ന് യേശു സൂചിപ്പിച്ചു. അവർ എങ്ങോട്ട് പോകും? തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുററവാളിയോട് യേശു ഇങ്ങനെ പറഞ്ഞു: “നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും.”—ലൂക്കോസ് 23:43.
ആ കുററവാളി എന്നെങ്കിലും ജലസ്നാനത്തിലൂടെ “വെള്ളത്താൽ ജനിപ്പിക്കപ്പെട്ടിട്ടുണ്ടോ?” ഉണ്ടെന്നു തോന്നുന്നില്ല അതുകൊണ്ട് സ്വർഗ്ഗം അവന് അടക്കപ്പെട്ടിരിക്കയാണ്. ആ സ്ഥിതിക്ക് “പറുദീസ” എവിടെയായിരിക്കും? ദൈവം ആദിമ മനുഷ്യജോടിയെ ഒരു ഭൗമിക പറുദീസയിൽ അവിടെ എന്നെന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ ആക്കിവച്ചു എന്നു ഓർമ്മിക്കുക. (ഉല്പത്തി 1:28; 2:8) ആദാമും ഹവ്വയും പക്ഷേ, മത്സരിക്കുകയും അങ്ങനെ ആ മനോഹര ഉദ്യാനഭവനത്തിൽനിന്ന് ബഹിഷ്ക്കരിക്കപ്പെടുകയും ചെയ്തു. ഭൗമിക പറുദീസ എക്കാലത്തേക്കുമായി നഷ്ടമായിരുന്നോ? ഇല്ല, കാരണം ദൈവം കാലാന്തരത്തിൽ പറുദീസ ഭൂമിയിൽ പുനഃസ്ഥാപിക്കും എന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (മത്തായി 5:5; 6:9, 10; എഫേസ്യർ 1:9-11; വെളിപ്പാട് 21:1-5) ഈ ഭൗമിക പറുദീസയിലേക്കാണ് മരിച്ചവരിൽ ഭൂരിഭാഗവും—ശിശുക്കൾ ഉൾപ്പെടെ—ഒടുവിൽ പുനരുത്ഥാനം ചെയ്യുന്നത്.—യോഹന്നാൻ 5:28, 29.
ഈ ഭൗമിക പുനരുത്ഥാനം ലഭിക്കുന്നതിന് ഒരു വ്യക്തി സ്നാനമേൽക്കേണ്ടതുണ്ടോ? അവശ്യം വേണ്ടിയിരിക്കുന്നില്ല. അനേകർ ആത്മീയ അജ്ഞതയിൽ മരിച്ചുപോയിട്ടുണ്ട്. (യോനാ 4:11) ദൈവത്തെ സംബന്ധിച്ച് ഗ്രഹിക്കാൻ അവർക്ക് യാതൊരു അവസരവും ലഭിക്കാതിരുന്നതുകൊണ്ട് അവർ ഒരിക്കലും അവരെത്തന്നെ ദൈവത്തിന് സമർപ്പിച്ചിട്ടില്ല. അതുപോലുള്ള ആളുകൾ എക്കാലത്തേക്കുമായി ഉപേക്ഷിക്കപ്പെട്ടോ? ഇല്ല. കാരണം, പൗലോസ് പറയുന്നതിങ്ങനെയാണ്: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകാനിരിക്കുന്നു.” (പ്രവൃത്തികൾ 24:15) പുനരുത്ഥാനം പ്രാപിച്ചുവരുന്ന ജനസഞ്ചയങ്ങളിൽ ശിശുക്കളും ഉൾപ്പെടും എന്നതിന് സംശയമില്ല. അതുകൊണ്ട് ശിശുക്കളെ രക്ഷിക്കാൻ സ്നാനം അത്യാവശ്യമാണ് എന്നതുപോലുള്ള അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതം ആണ്.
പരിച്ഛേദനയും സ്നാനവും
പക്ഷേ, ശിശുസ്നാനത്തെ അനുകൂലിക്കുന്നവർ യിസ്രായേലിൽ ശിശുക്കളെ ജനനത്തിന് അല്പദിനങ്ങൾക്ക് ശേഷമായിരുന്നല്ലോ പരിച്ഛേദന കഴിച്ചിരുന്നത്, എന്ന് ചൂണ്ടിക്കാണിച്ചേക്കാം. (ഉല്പത്തി 17:12) ശിശുക്കളെ രക്ഷിക്കാനുള്ള ഉപാധി എന്ന നിലയിൽ പരിച്ഛേദനയുടെ സ്ഥാനം സ്നാനം ഏറെറടുത്തിരിക്കയാണ് എന്നവർ ന്യായവാദം ചെയ്തേക്കാം.
എന്നാൽ രക്ഷിക്കപ്പെടാനുള്ള ഉപാധിയായി പരിച്ഛേദന വർത്തിച്ചിട്ടുണ്ടോ? ഇല്ല, അതു ദൈവം അബ്രാഹാമുമായുണ്ടാക്കിയ “ഉടമ്പടിയുടെ അടയാള”മായിരുന്നു. (ഉല്പത്തി 17:11) കൂടാതെ, ആൺകുട്ടികൾ മാത്രമേ പരിച്ഛേദന ചെയ്യപ്പെട്ടുള്ളു. സ്നാനം പരിച്ഛേദനയുടെ സമാന്തരപകർപ്പാണെങ്കിൽ പെൺകുഞ്ഞുങ്ങൾക്ക് സ്നാനം നിഷേധിക്കുന്നത് യുക്തിപൂർവ്വകമാവുകയില്ലേ? സാദൃശ്യ കൽപ്പന അസാധുവാണെന്ന് വ്യക്തമാണ്. തങ്ങളുടെ ആൺകുട്ടികളുടെമേൽ പരിച്ഛേദന ചെയ്യാൻ യഹൂദ കുടുംബനാഥൻമാർക്ക് തിരുവെഴുത്തുകൾ പ്രത്യേക ആജ്ഞ നൽകിയിരുന്നുവെന്നതും ഓർമ്മിക്കേണ്ടതുണ്ട്. രക്ഷ അന്തർഭവിച്ചിരിക്കുന്നുവെങ്കിൽ സ്നാനം സംബന്ധിച്ച് അത്തരം കൽപ്പന എന്തുകൊണ്ട് ക്രിസ്തീയ മാതാപിതാക്കൾക്ക് നൽകപ്പെട്ടില്ല.?
ക്രിസ്തു ഇങ്ങനെ പറഞ്ഞു എന്നത് സത്യംതന്നെ: “പൈതങ്ങൾ എന്റെ അരികിലേക്ക് വന്നുകൊള്ളട്ടെ . . . ദൈവരാജ്യം ഇവരെപ്പോലുള്ളവർക്കുള്ളതല്ലോ.” (മർക്കോസ് 10:14) പക്ഷേ കുട്ടികളെക്കൊണ്ട് സ്വർഗ്ഗം നിറക്കും എന്നവൻ പറയുകയായിരുന്നില്ല. സ്വർഗ്ഗീയ രാജ്യത്തെക്കുറിച്ച് പ്രൊട്ടസ്ററൻറ് ദൈവശാസ്ത്രജ്ഞനായ എ. ക്യാംബെൽ ഇങ്ങനെ പറഞ്ഞു: “അവിടം കുട്ടികളാൽ നിറഞ്ഞിരിക്കുന്നില്ല. പിന്നെയോ ഇണക്കം, എളിമ, സൗമ്യത എന്നിവയിൽ അവരെപ്പോലെയുള്ളവരാൽ അത്രെ.”
വിശ്വാസിയുടെ കുട്ടികൾ “വിശുദ്ധർ”
“പോയി . . . സ്നാനപ്പെടുത്തിക്കൊണ്ട് സകല ജാതികളിൽ നിന്നുമുള്ള ജനങ്ങളെ [അല്ലെങ്കിൽ പഠിപ്പിക്കപ്പെട്ടവരെ] ശിഷ്യരാക്കിക്കൊൾവിൻ,” എന്ന് യേശു തന്റെ അനുഗാമികളെ പ്രബോധിപ്പിച്ചു. അതുകൊണ്ട്, ശിഷ്യരോ അല്ലെങ്കിൽ പഠിപ്പിക്കപ്പെട്ടവരോ ആയിത്തീരാൻ വേണ്ടത്ര മുതിരേണ്ടതുണ്ടായിരുന്നു. അങ്ങനെയുള്ളവരെ മാത്രമേ സ്നാനപ്പെടുത്തിയിരുന്നുള്ളു. അപ്രകാരം സത്യക്രിസ്ത്യാനികൾ ഇന്ന് തങ്ങളുടെ കുട്ടികളെ—സ്നാനമേൽപ്പിക്കുന്നതിനല്ല—ശൈശവം മുതലേ അഭ്യസിപ്പിക്കുന്നതിനാണ് ഉദ്യമിക്കേണ്ടത്. (2 തിമൊഥെയോസ് 3:15) കുട്ടികൾ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണ”ത്തിലും മുതിർന്നുവരുമ്പോൾ അവർ അവരുടെ സ്വന്ത വിശ്വാസം വികസിപ്പിച്ചുകൊള്ളും.—എഫേസ്യർ 6:4.
അതിനിടയ്ക്ക്, തങ്ങളുടെ കൊച്ചുകുട്ടികൾ സ്നാനമേററില്ലെങ്കിൽ അവരുടെ നിത്യക്ഷേമം അപകടത്തിലായി എന്ന് മാതാപിതാക്കൾ ഭയപ്പെടേണ്ടതില്ല. അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 7:14-ൽ, ക്രിസ്തീയ മാതാവിന്റെയോ പിതാവിന്റെയോ കുട്ടികൾ “വിശുദ്ധരാണ്” എന്ന് ഉറപ്പ് നൽകുന്നു. ഇത് അവർ ഏതെങ്കിലും ആചാരപ്രകാരമുള്ള ക്രിയക്ക് വിധേയരാകുന്നതുകൊണ്ടല്ല, പിന്നെയോ—അവരുടെ മാതാപിതാക്കളിൽ കുറഞ്ഞത് ഒരാളെങ്കിലും ഒരു ക്രിസ്ത്യാനിയെന്നനിലയിൽ വിശ്വസ്തമായി നിലകൊള്ളുന്നിടത്തോളം ദൈവം കരുണാപൂർവ്വം അവർ ഒരു ശുദ്ധമായ നില കണക്കിട്ടു കൊടുക്കുന്നതു കൊണ്ടാണ്.
മാതാപിതാക്കളുടെ വിശ്വസ്തമാതൃകയും അതോടൊപ്പം അവരുടെ കുട്ടികൾക്ക് ലഭിക്കുന്ന ബൈബിൾ പരിശീലനവും കാലാന്തരത്തിൽ തങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുന്നതിനും സ്നാനത്തിലൂടെ ആ സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നതിനും കൊച്ചു കുട്ടികളെ പ്രേരിപ്പിക്കാനിടയുണ്ട്. “തങ്ങളുടെ വിവേചനാശക്തിയോടെ ഒരു വിശുദ്ധസേവനം” അനുഷ്ഠിച്ചുകൊണ്ട് മുന്നേറുന്നതിന് അവരുടെ വിലമതിപ്പുള്ള ഹൃദയം അവരെ പ്രേരിപ്പിക്കും. (റോമർ 12:1) ഒരു പിഞ്ചുപൈതലിന് ചെയ്യാൻ സാദ്ധ്യമേ അല്ലാത്ത കാര്യങ്ങളാണ് ഇവയത്രയും. (g86 10/8)
[അടിക്കുറിപ്പുകൾ]
a ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ (1967) ഇങ്ങനെ പ്രസ്താവിക്കുന്നു: “മരണത്തിന്റെ അപകടസാദ്ധ്യതയുണ്ട് എങ്കിൽ സ്നാനപ്പെടുത്താൻ യഥാർത്ഥ ജനനം വരെ കാക്കണം എന്നില്ല. വിദഗ്ദ്ധനായ ഒരു വ്യക്തി . . . ഒരു സിറിഞ്ചോ അല്ലെങ്കിൽ അന്തർഭാഗത്തേക്ക് ജലധാര പകരാൻ ഉപകരിക്കുന്ന മറെറന്തെങ്കിലും ഉപകരണമോ ഉപയോഗിച്ചുകൊണ്ടോ ഗർഭപാത്രത്തിനുള്ളിൽ വച്ചുതന്നെ സ്നാനപ്പെടുത്തുന്നത് അനുവദനീയമാണ്.