മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 13: ക്രി.വ. 476 മുതൽ അന്ധകാരത്തിൽനിന്ന് “വിശുദ്ധമായ” ഒന്ന്
“ഇരുട്ടിൽ ചെയ്യപ്പെടുന്ന പാപങ്ങൾ തീജ്വാലകൾ പോലെ സ്വർഗ്ഗത്തിൽ കാണപ്പെടുന്നു.”ചൈനീസ് പഴമൊഴി
രാഷ്ട്രം സഭയോടും അതിന്റെ അംഗങ്ങളോടുമുള്ള ബന്ധത്തിൽ ചെയ്ത തെററുകൾ തിരുത്തപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി മിഖായേൽ ഗോർബച്ചേവ് 1988 ഏപ്രിലിൽ പരസ്യമായി പ്രസ്താവിക്കുന്നതു കേട്ടതിൽ സോവ്യററ്യൂണിയനിലെ സഭ സന്തോഷിച്ചു.
“ആയിരംവർഷം പ്രായമുള്ള സഹോദരീസഭക്ക്, ക്രിസ്തു ആഗ്രഹിച്ചതും സഭയുടെ സ്വഭാവത്തിന് അടിസ്ഥാനപരവുമായ ആ സമ്പൂർണ്ണ ഐക്യം നേടാനുള്ള ഹൃദയംഗമമായ ആഗ്രഹത്തിന്റെ ഒരു പ്രകടനമെന്ന നിലയിൽ” റോമൻ കത്തോലിക്കാ പാപ്പായായ ജോൺ പോൾ രണ്ടാമൻ അഭിവാദ്യങ്ങൾ അയച്ചപ്പോൾ മറെറാരു തരത്തിലുള്ള ഭിന്നതയ്ക്കും തീർപ്പുണ്ടാകാൻ പോകുകയാണെന്ന് തോന്നി. എന്നാൽ ആദ്യംതന്നെ ‘സഹോദരീസഭകളു’മായുള്ള ഭിന്നത ഉണ്ടായതെങ്ങനെയാണ്?
ഒരിക്കലുമില്ലാഞ്ഞ ഐക്യത്തിന്റെ നഷ്ടം
നാലാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ മഹാനായ കോൺസ്ററൻറയ്ൻ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ശേഷം അദ്ദേഹം അതിന്റെ തലസ്ഥാനം റോമിൽനിന്ന് ബോസ്പോറസിന്റെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ഗ്രീക്ക്നഗരമായ ബൈസൻറിയത്തിലേക്കു മാററി. അതിന് കോൺസ്ററാൻറിനോപ്പിൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇന്നു നാം അതിനെ അറിയുന്നത് ററർക്കിയിലെ ഈസ്ററാൻബുൾ എന്നാണ്. ശിഥിലീകരണഭീഷണിയുണ്ടായ ഒരു സാമ്രാജ്യത്തെ ഒരുമിപ്പിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ഈ നീക്കമുണ്ടായത്. യഥാർത്ഥത്തിൽ, രണ്ടാം നൂററാണ്ടിന്റെ ഒടുവിലത്തെ പകുതിയോളം മുമ്പ് “എത്ര മങ്ങിയ വിധത്തിലായിരുന്നാലും, ഒരു വിഭജിത സാമ്രാജ്യത്തിന്റെ രൂപരേഖ വരയ്ക്കപ്പെട്ടിരുന്നു”വെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ പറയുന്നു.
ക്രിസ്ത്യാനിത്വം സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തിലേതിലുമധികം വേഗത്തിലും എളുപ്പത്തിലും കിഴക്കൻ ഭാഗത്ത് വ്യാപിച്ചിരുന്നു. അങ്ങനെ കോൺസ്ററൻറയ്ൻ ഒരു സാർവ്വത്രിക (കത്തോലിക്കാ) സഭയിൽ ഐക്യത്തിനുള്ള ഒരു പ്രേരകശക്തി കണ്ടു. എന്നാൽ സാമ്രാജ്യം അടിസ്ഥാനപരമായി പിളർന്നതുപോലെതന്നെ അതിലെ മതവും പിളർന്നു. പൗരസ്ത്യസഭ റോമിൽ കേന്ദ്രീകരിച്ചിരുന്ന സഭയേക്കാൾ യാഥാസ്ഥിതികമായിരുന്നു, റോം സമർപ്പിച്ച ദൈവശാസ്ത്രപരമായ പരിഷ്ക്കാരങ്ങളെ അത് എതിർത്തു. “പന്ത്രണ്ടാം നൂററാണ്ടുവരെയും രണ്ടു സഭകളും തമ്മിൽ രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ തർക്കങ്ങൾ ഉണ്ടായിരുന്നു”വെന്ന് കോളിൻസ അററലസ ഓഫ വേൾഡ ഹിസറററി പറയുന്നു.
ഈ ദൈവശാസ്ത്രപരമായ തർക്കങ്ങളിൽ ഉൾപ്പെട്ടിരുന്ന ഒന്ന് നിഖ്യാവിശ്വാസപ്രമാണമായിരുന്നു, അതാണ് തിരുവെഴുത്തുവിരുദ്ധമായ ത്രിത്വോപദേശത്തിന്റെ വളർച്ചയെ പ്രോൽസാഹിപ്പിച്ചത്. സഭ നടത്തിയ ആദ്യത്തെ മൂന്ന് (ക്രി.വ. 325-ൽ നിഖ്യായിൽ; ക്രി.വ. 381ൽ കോൺസ്ററാൻറിനോപ്പിളിൽ; ക്രി.വ. 431ൽ എഫേസൂസിൽ) പൊതു കൗൺസിലുകളിൽ വികസിപ്പിക്കപ്പെട്ട പ്രകാരമുള്ള വിശ്വാസപ്രമാണം “പിതാവിൽനിന്നു പുറപ്പെടുന്ന . . . പരിശുദ്ധാത്മാവി”നെക്കുറിച്ചു പറഞ്ഞു. എന്നാൽ ആറാം നൂററാണ്ടിലെ ഒരു കൗൺസിലിൽ പടിഞ്ഞാറൻ സഭ ആ പദപ്രയോഗം “പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന” എന്നു മാററി. ഫീലിയോക്കിനെ (“പുത്രനിൽനിന്നും” എന്നതിന്റെ ലത്തീൻ) സംബന്ധിച്ച ഈ വിവാദപ്രശ്നം ഈ “ക്രിസ്തീയ” സഹോദരീസഭകൾ തമ്മിലുള്ള ഒരു തർക്കവിഷയമാണ്.
പടിഞ്ഞാറൻ സാമ്രാജ്യം ക്രി.വ. 476-ൽ അവസാനിച്ചപ്പോൾ അനൈക്യം കൂടുതൽ പ്രകടമായി, അന്ധകാരയുഗങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുതന്നെ. ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ചിടത്തോളം അന്ധകാരയുഗങ്ങൾ തീർച്ചയായും ബുദ്ധിപരമായ അന്ധകാരത്തിന്റെയും അജ്ഞതയുടെയുമായ ഒരു യുഗമായിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ സുവിശേഷ വെളിച്ചം താൽക്കാലികമായി ക്രൈസ്തവലോകത്തിലെ ഇരുട്ടിനാൽ മൂടപ്പെട്ടുപോയി.
മതപരമായ ഇരുട്ട് ഐക്യത്തിന് സഹായകമല്ല. “ക്രിസ്തീയലോകത്തിലെ വിവിധ വിഭാഗങ്ങൾ ഒരിക്കലും നേടിയിട്ടില്ലാത്ത ഒരു ഐക്യത്തിനുവേണ്ടി നിരന്തരം അന്വേഷിക്കുകയായിരുന്നു”വെന്ന് കാൻറർബറിയിലെ മുൻ കാനനായ ഹെർബെർട്ട് വാഡംസ് പറയുന്നു. “പിൽക്കാലത്തു തകർക്കപ്പെട്ട പൂർണ്ണ ഐക്യത്തിന്റെ ഒരു സംഗതിയായിരുന്നില്ല അത്” എന്ന് അദ്ദേഹം പറയുന്നു, “ക്രൈസ്തവലോകം ഒരിക്കൽ ഏകീകൃതമായ ഒരു വലിയ സഭയായിരുന്നുവെന്ന ആശയം ഒരു ഭാവനാസൃഷ്ടിയാണ്” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
ഒരു “കുട്ടി” ജനിക്കുന്നു
ക്രി.വ. 800-ൽ ക്രിസ്മസ് ദിനത്തിൽ ജനിച്ച “കുട്ടി” വളർന്നുവന്ന് വിശുദ്ധമെന്നു വിളിക്കപ്പെട്ടു. അത് ലിയോ III-ാമൻ പാപ്പാ പൗരസ്ത്യസഭയുമായി തെററിപ്പിരിഞ്ഞ് ഫ്രാങ്കുകളുടെ രാജാവായ ഷാൾമാനെ ചക്രവർത്തിയായി കിരീടം ധരിപ്പിച്ചശേഷം ജനിച്ച ഒരു പുനഃസ്ഥാപിക്കപ്പെട്ട പടിഞ്ഞാറൻ സാമ്രാജ്യമായിരുന്നു. അല്പകാലത്തെ മുടക്കത്തിനുശേഷം ക്രി.വ. 962-ൽ പടിഞ്ഞാറൻ സാമ്രാജ്യം പുനരുജ്ജീവിപ്പിക്കപ്പെട്ടു. പിന്നീട് അത് വിശുദ്ധ റോമാസാമ്രാജ്യം എന്ന കൂടുതൽ വൃഥാഭിമാനമുള്ള പേരിൽ അറിയപ്പെട്ടു.
യഥാർത്ഥത്തിൽ, റോമാ സാമ്രാജ്യം എന്നത് തെററായ ഒരു പേരായിരുന്നു. അതിന്റെ പ്രദേശത്തിലധികവും ഇററലിക്കു പുറത്തായിരുന്നു, ഇപ്പോൾ അത് ജർമ്മനിയും ആസ്ത്രിയായും പശ്ചിമ ചെക്കോസ്ലൊവേക്യയും സ്വിററ്സർലണ്ടും കിഴക്കൻ ഫ്രാൻസും താണ രാജ്യങ്ങളുമാണ്. ജർമ്മൻദേശങ്ങളും ജർമ്മൻ ഭരണാധിപൻമാരുമാണ് പ്രമുഖരായിനിന്നത്. അതുകൊണ്ട് അതിന്റെ ഔദ്യോഗികപേർ പിന്നീട് ജർമ്മൻജനതയുടെ വിശുദ്ധ റോമാസാമ്രാജ്യമെന്നു മാററി.
സാമ്രാജ്യം മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തി. “ലോകത്തിൽ സാർവത്രികസഭയോടുള്ള ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരൊററ രാഷട്രീയത്തലവനാണ് ഉണ്ടായിരിക്കേണ്ടതെന്നും ഓരോന്നിനും അതിന്റെ സ്വന്തം മണ്ഡലവും ദൈവത്തിൽനിന്നുള്ള അധികാരവും ഉണ്ടായിരിക്കണമെന്നും” ഉള്ളതായിരുന്നു ആശയം എന്ന് കോളിയേഴസ എൻസൈക്ലോപ്പീഡിയാ വിശദീകരിക്കുന്നു. എന്നാൽ അതിർത്തിരേഖ എല്ലായ്പ്പോഴും വ്യക്തമായിരുന്നില്ല, തന്നിമിത്തം വിവാദങ്ങളിലേക്കു നയിക്കപ്പെട്ടു. വിശേഷിച്ച് 11-ാം നൂററാണ്ടിന്റെ മദ്ധ്യത്തിനും 13-ാം നൂററാണ്ടിന്റെ മദ്ധ്യത്തിനുമിടക്ക് സഭയും രാഷ്ട്രവും യൂറോപ്യൻ നേതൃത്വത്തിനുവേണ്ടി മല്ലടിച്ചു. രാഷ്ട്രീയത്തിലുള്ള സഭയുടെ ഇടപെടൽ നിസ്വാർത്ഥമാണെന്നും നീതീകരിക്കപ്പെടുന്നുവെന്നും ചിലർ വിചാരിക്കുന്നു. എന്നാൽ ഗ്രന്ഥകാരനായ വാഡംസ് സമ്മതിക്കുന്നതുപോലെ, “അധികാരത്തിനുവേണ്ടിയുള്ള പാപ്പായുടെ അതിമോഹം സംഭവവികാസത്തിൽ ഒരു മുഖ്യപങ്കു വഹിച്ചുവെന്നതിൽ സംശയമില്ല.”
സാമ്രാജ്യത്തിന്റെ കഴിഞ്ഞ ഒന്നര ശതകത്തിലെ അസ്തിത്വകാലത്ത് അത് ഒരു പൊതു ചക്രവർത്തിയുടെ ഇളക്കമുള്ള നിയന്ത്രണത്തിൻകീഴിലെ രാഷ്ട്രങ്ങളുടെ ഒരു അയഞ്ഞ സമൂഹമായി അധഃപതിച്ചു. ചരിത്രത്തിന്റെ ഈ ദശയിൽ അത്യന്തം അനുയോജ്യമാണ് ഫ്രഞ്ച് എഴുത്തുകാരനായ വോൾട്ടയറിന്റെ വാക്കുകൾ: “അത് വിശുദ്ധമോ റോമനോ സാമ്രാജ്യമോ ആയിരുന്നില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. ഒടുവിൽ 1806-ൽ പ്രായാധിക്യത്താൽ നരബാധിച്ചും വിശുദ്ധപദവിക്കായി യാതൊന്നും ശുപാർശചെയ്യാനില്ലാതെയും “വിശുദ്ധനായ കുട്ടി” മരിച്ചു. 1871-ൽ അത് രണ്ടാം റീക്കിൽ (“സാമ്രാജ്യം” എന്നതിന്റെ ജർമ്മൻപദം) പുനരുജ്ജീവിപ്പിക്കപ്പെട്ടു, എന്നാൽ 50ൽ കുറഞ്ഞ വർഷത്തിനുശേഷം 1918-ൽ അതു തകർന്നു. 1933-ൽ അഡോൾഫ് ഹിററ്ലറുടെ മൂന്നാം റീക്ക് യൂറോപ്പിലൂടെയുള്ള അതിന്റെ മാർച്ചു തുടങ്ങി, 1945-ൽ ബർലിനിന്റെ ശൂന്യശിഷ്ടങ്ങളിൽ അപമാനകരമായ അന്തത്തിലെത്താൻതന്നെ.
പാശ്ചാത്യലോകത്തിലെ ജർമാനിക്ക സ്വാധീനം
ജർമ്മൻ സംശോധകഗ്രന്ഥമായ മേയേഴസ ഇലസ്ത്രിയേർറേറ വെൽററജഷിചറേറ (മേയറിന്റെ സചിത്ര ലോകചരിത്രം) “യൂറോപ്പിന്റെ മദ്ധ്യയുഗങ്ങൾ സ്ഥിതിചെയ്യുന്ന മൂന്നു തൂണുകൾ . . . പിൽക്കാല റോമൻ അച്ചടിയിലുള്ള പുരാതന വിശിഷ്ട സാഹിത്യകൃതികളുടെ പൈതൃകവും, ക്രിസ്ത്യാനിത്വവും, ഒടുവിൽ ജർമ്മൻ ജനങ്ങൾ തങ്ങളുടെ പൂർവികരിൽനിന്ന് ഏറെറടുത്ത പാരമ്പര്യങ്ങളുമാണ്” എന്നു പറയുന്നു. ഇതിന് ഉപോൽബലകമായി ജർമ്മൻ ഗ്രന്ഥകാരനായ എമിൽ നാക്ക് ഇങ്ങനെ പറയുന്നു: “പഴയ ജർമ്മാനിക്ക് വാർഷികോത്സവങ്ങൾ മിക്കപ്പോഴും ക്രിസ്തീയ വിശേഷദിവസങ്ങളുടെ രൂപത്തിൽ തുടർന്നു, കാരണം സഭ മഹാനായ ഗ്രിഗറി പാപ്പാ ഉപദേശിച്ചപ്രകാരം അനേകം പുറജാതീയ ഉത്സവങ്ങളെ ക്രിസ്തീയമാക്കി രൂപാന്തരപ്പെടുത്തി.”
ഈ മതപരമായ ഉത്സവാഘോഷങ്ങൾ ജർമ്മാനിക്ക് ജനങ്ങളുടെ അഗാധമായ മതബോധത്തെ അർത്ഥമാക്കിയില്ല. ജർമ്മൻമതം സംബന്ധിച്ച പ്രാമാണികനായ പരേതനായ ആൻഡ്രിയാസ് ഹ്യൂസ്ലർ അതിനെ “വളരെക്കുറച്ചു വിലക്കുകൾ വെച്ചതും പുരാണപരമായ ഏതെങ്കിലും യാഥാസ്ഥിതികത്വം ഉൾപ്പെടെ പ്രയാസമുള്ള യാതൊന്നും ആവശ്യപ്പെടാഞ്ഞതുമായ” മതമെന്നു വർണ്ണിക്കുന്നു. “ഒരു വ്യക്തി തന്റെ ബലികളർപ്പിക്കുകയും തന്റെ ക്ഷേത്രക്കരം കൊടുക്കുകയും ശ്രീകോവിലിനെ അപമാനിക്കാതിരിക്കുകയും ദൈവങ്ങളെസംബന്ധിച്ച് പരിഹാസവാക്യങ്ങൾ എഴുതാതിരിക്കുകയും ചെയ്താൽ ഭക്തനെന്നു പരിഗണിക്കപ്പെട്ടിരുന്നു.” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്യുന്നു: “അത് അശേഷം മതഭക്തിയായിരുന്നില്ല. . . . ഒരു ജർമ്മൻകാരന്റെ ആദർശവാദം അയാളുടെ മതത്തിൽ സ്ഥിതിചെയ്തിരുന്നില്ല.”
പുരാതന ജർമ്മൻജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചിരുന്നെങ്കിലും, യഥാർത്ഥത്തിൽ കുറേക്കൂടെ ഉയർന്ന ഒരു ശക്തി, ദൈവങ്ങളെ സൃഷ്ടിച്ച ഒരുവൻ, ഉണ്ടെന്ന് അവർ വിചാരിച്ചിരുന്നു. ഇത് “വിധി ശക്തി”യായിരുന്നുവെന്ന് ഗ്രന്ഥകാരനായ നാക്ക് വിശദീകരിക്കുന്നു, അത് “യാഗങ്ങളാലോ പ്രാർത്ഥനകളാലോ സ്വാധീനിക്കപ്പെട്ടിരുന്നില്ല” എന്ന് അയാൾ പറയുന്നു. എന്നിരുന്നാലും, വിധി “അന്ധമായി സ്വേച്ഛാപര”മെന്ന് വീക്ഷിക്കപ്പെട്ടിരുന്നില്ല, കാരണം അത് പ്രകൃതിശക്തികൾക്കനുയോജ്യമായിട്ടാണ് പ്രവർത്തിച്ചത്. അതുകൊണ്ട് ഒരു വ്യക്തി “ഒരു ബലിയാടല്ല, ഒരു സ്വതന്ത്രകാര്യസ്ഥനായി” വീക്ഷിക്കപ്പെട്ടു.
ജർമ്മാനിക്ക് മതത്തിന് അതിന്റെ വേരുകളുണ്ടായിരുന്നത് പ്രകൃതിയിലാണ്. മിക്കപ്പോഴും ബലികളർപ്പിച്ചിരുന്നത് വെളിയിൽ തോപ്പുകളിലോ വനങ്ങളിലോ ആയിരുന്നു. ഒരു ജർമ്മാനിക്ക് പുരാണകഥ യഗ്ദ്രസിൽ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ബ്രഹ്മവൃക്ഷത്തെക്കുറിച്ചു പറയുന്നു, അവിടെയാണ് ദൈവങ്ങൾ ദിവസേന കാര്യാലോചന നടത്തിയിരുന്നത്. ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ അതിനെ ഇങ്ങനെ വർണ്ണിക്കുന്നു: “അത് ആകാശത്തോളം [ഉയർന്നു], അതിന്റെ ശാഖകൾ മുഴുലോകത്തിലും പടർന്നു. . . . വൃക്ഷത്തിന്റെ പ്രതീകം മററു പാരമ്പര്യങ്ങളിലും പ്രതിഫലിക്കുന്നുണ്ട് . . . ദൃഷ്ടാന്തത്തിന്, പുരാതന ബാബിലോണിയായിൽ കിസ്ക്കാനു എന്ന ബ്രഹ്മവൃക്ഷം ഒരു വിശുദ്ധസ്ഥലത്തു വളർന്നു. . . . പുരാതന ഇൻഡ്യയിൽ, കീഴ്മേൽ മറിഞ്ഞ ഒരു വൃക്ഷത്താൽ പ്രപഞ്ചം പ്രതീകവൽക്കരിക്കപ്പെടുന്നു. . . . [എന്നാൽ] യിഗ്ദ്രസിൽസങ്കല്പനത്തിൽ യഹൂദ്യ-ക്രിസ്തീയ ഘടകത്തിന്റെ തെളിവില്ല.”
ഈ പശ്ചാത്തലത്തിന്റെ വീക്ഷണത്തിൽ, ജർമ്മാനിക്ക് മതത്താൽ ശക്തമായി സ്വാധീനിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ ആളുകൾ മിക്കപ്പോഴും വളരെ മതഭക്തരായിരിക്കാതെ വിധിവിശ്വാസികളും ‘പ്രകൃതിയാണ് എന്റെ ദൈവം’ എന്നു പറയാൻ ചായ്വു കാണിക്കുന്നവരുമായിരിക്കുന്നത് ആശ്ചര്യമല്ല. ജർമ്മാനിക്ക്മതം ക്രൈസ്തവലോകത്തിൽ അവതരിപ്പിച്ച പുറജാതീയമായ ആചാരങ്ങളിൽ അനേകവും പ്രകൃതിയുൻമുഖമായിരിക്കുന്നതും മനസ്സിലാക്കാം. ദീപങ്ങളും ഇത്തിക്കണ്ണികളും ഉപയോഗിക്കുന്നതും ക്രിസ്മസ് തടി കത്തിക്കുന്നതും അല്ലെങ്കിൽ ക്രിസ്മസ് മരം പ്രദർശിപ്പിക്കുന്നതും പോലെയുള്ള ക്രിസ്മസ് ആചാരങ്ങൾ ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ്.
ഇതിനിടയിൽ, കിഴക്ക്
പടിഞ്ഞാറൻ സഭയോട് എല്ലായ്പ്പോഴും എതിരായിരുന്ന പൗരസ്ത്യസഭ അതിനോടുതന്നെയും സമാധാനത്തിലായിരുന്നില്ല, വിഗ്രഹഭഞ്ജനവിവാദം അതാണ് വിശദമാക്കുന്നത്. ത്രിമാനപ്രതിമകളിൽനിന്നു വ്യത്യസ്തമായി, പടിഞ്ഞാറൻ സഭയിൽ സാധാരണയുണ്ടായിരുന്ന പ്രതിമകൾ പോലെയുള്ള വിഗ്രഹങ്ങൾ ഒരു പരന്ന പ്രതലത്തിലെ മതസ്വരൂപങ്ങളോ ചിത്രങ്ങളോ ആയിരുന്നു, അവയിൽ എഴുന്നുനിൽക്കുന്ന ശില്പവിദ്യയുമുണ്ടായിരുന്നു. അവ പൊതുവേ ക്രിസ്തുവിനെയോ മറിയയേയോ ഒരു “പുണ്യവാള”നെയോ ചിത്രീകരിക്കുന്നു. അവ കിഴക്ക് വളരെ പ്രചാരത്തിലായിത്തീർന്നതുകൊണ്ട്, ബെയ്ററ്സ്കോളജിലെ ജോൺ എസ്. സ്ത്രോംഗ് പറയുന്നപ്രകാരം, “അവ പ്രതിനിധാനംചെയ്ത വ്യക്തികളുടെ നേരിട്ടുള്ള പ്രതിഫലനങ്ങളോ പതിപ്പുകളോ ആയി വീക്ഷിക്കപ്പെടാൻ” ഇടയായി. “കൂടാതെ, അവ പാവനവും അത്ഭുതശക്തി നിറഞ്ഞവയുമായി വിചാരിക്കപ്പെട്ടിരുന്നു.” എന്നിരുന്നാലും, എട്ടാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ, ബൈസൻറയ്ൻ ചക്രവർത്തിയായിരുന്ന ലിയോ III-ാമൻ അവയുടെ ഉപയോഗം നിരോധിച്ചു. അതുസംബന്ധിച്ച വിവാദത്തിന് ഒടുവിൽ ക്രി.വ. 843 വരെ തീരുമാനമായില്ലായിരുന്നു. അന്നുമുതൽ കിഴക്കൻ സഭയിൽ വിഗ്രഹങ്ങളുടെ ഉപയോഗം അനുവദിക്കപ്പട്ടു.
പൗരസ്ത്യ അനൈക്യത്തിന്റെ മറെറാരു ദൃഷ്ടാന്തം ഈജിപ്ററിൽനിന്നാണ്. ഈജിപ്ററുകാരായ ചില കത്തോലിക്കർ കോപ്ററിക്ക് സംസാരിച്ചുവെന്നിരിക്കെ, മററു ചിലർ ഗ്രീക്ക് സംസാരിച്ചു. ഇരു ഭാഷാകൂട്ടങ്ങളും ക്രിസ്തുവിന്റെ പ്രകൃതിസംബന്ധിച്ച് വിയോജിച്ചു. ബൈസൻറയ്ൻ അധികാരികൾ സമ്മതിക്കാൻ കൂട്ടാക്കിയില്ലെങ്കിലും ഇത് യഥാർത്ഥത്തിൽ രണ്ടു വ്യത്യസ്ത സഭകളുടെ അസ്തിത്വത്തിലേക്കു നയിച്ചു. ഈ കാലത്തെല്ലാം ഓരോ വിഭാഗവും അതിന്റെ ബിഷപ്പൻമാരിലൊരാളെ അലക്സാണ്ട്രിയൻ പാത്രിയർക്കീസാക്കാൻ തന്ത്രപൂർവം ശ്രമിച്ചു.
പൗരസ്ത്യസഭ ഇന്നും വിഭജിതമാണ്. ദൃഷ്ടാന്തത്തിന് യൂണിയേററ്സ് എന്നറിയപ്പെടുന്ന പൗരസ്ത്യറീത്തിൽപ്പെട്ട ചില സഭകൾ റോമിലെ പാപ്പായുടെ അധികാരം അംഗീകരിക്കുന്നു. നേരെ മറിച്ച്, പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ചെറിയ പൗരസ്ത്യസഭകളെന്നു വിളിക്കപ്പെടുന്നവയും അംഗീകരിക്കുന്നില്ല.
തീജ്വാലകൾപോലെ
അവിശുദ്ധമായ, ഒട്ടുംതന്നെ റോമനല്ലാഞ്ഞ, സാമ്രാജ്യരാഹിത്യം അവസാനിക്കുന്നതിനു ദീർഘനാൾമുമ്പ്, “ക്രിസ്ത്യാനികൾക്കു മററു ക്രിസ്ത്യാനികളോടുള്ള വിദ്വേഷത്തിന്റെ ഒരു ഒസ്യത്ത് പൗരസ്ത്യ ക്രിസ്തീയഹൃദയങ്ങളിൽ ആഴത്തിൽ നടപ്പെട്ടിരുന്നു”വെന്ന് ആംഗ്ലിക്കൻ സഭക്കാരനായിരുന്ന വാഡംസ് പറയുന്നു. തീർച്ചയായും, ഇരുട്ടിലാണ് ചെയ്യപ്പെടുന്നതെങ്കിലും “ക്രിസ്ത്യാനി” “ക്രിസ്ത്യാനി”യെ ദ്വേഷിക്കുന്ന പാപം സ്വർഗ്ഗത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയില്ല, അത് തീജ്വാലപോലെ പ്രകടമായിരുന്നു.
മാത്രവുമല്ല, ഛിദ്രിച്ച ഒരു ഭവനമായിരിക്കുന്നതിലെ ക്രൈസ്തവലോകത്തിന്റെ പാപം ഭൂമിയിൽ ശ്രദ്ധിക്കപ്പെടാതെ പോയില്ല. ദൃഷ്ടാന്തത്തിന്, “തന്റെ സഞ്ചാരങ്ങൾവഴിയായും തന്നോട് അടുപ്പമുണ്ടായിരുന്നവരിൽനിന്നും ക്രിസ്ത്യാനിത്വത്തെക്കുറിച്ച് വളരെയധികം അറിവുണ്ടായിരുന്ന,” ക്രി.വ. ഏഴാം നൂററാണ്ടിലെ ഒരു പ്രമുഖ അറബിക്ക് “ക്രിസ്ത്യാനികളുടെ ഇടയിൽ താൻ നിരീക്ഷിച്ച തർക്കങ്ങളിൽ” മതിപ്പുതോന്നിയില്ല എന്ന് വൈദികനായ വാഡംസ് പറയുന്നു. ഈ മനുഷ്യൻ ഐക്യമില്ലാത്ത ക്രൈസ്തവലോകം വാഗ്ദാനംചെയ്തതിനെക്കാൾ മെച്ചമായ ഒരു മാർഗ്ഗം തേടി. അദ്ദേഹം അതു കണ്ടെത്തിയോ? ഇന്ന്, 1991ൽ ലോകജനസംഖ്യയുടെ 17 ശതമാനമാകെത്തന്നെ അദ്ദേഹത്തിന്റെ ആദർശലക്ഷ്യത്തിന്റെ വക്താക്കളാണ്. ഈ മനുഷ്യൻ ആരായിരുന്നുവെന്നും അദ്ദേഹം “ദൈവത്തിന്റെ ഇഷ്ടത്തിനു കീഴ്പ്പെടുന്നതു”സംബന്ധിച്ച് എന്തു വിചാരിച്ചുവെന്നും ഞങ്ങളുടെ അടുത്ത ലക്കം ഉത്തരം നൽകും. (g89 7⁄8)
[29-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
റോമാസാമ്രാജ്യത്തിന്റെ പതനസമയത്ത് (ക്രി.വ. 476) ക്രൈസ്തവലോകം മത്സരിച്ചുകൊണ്ടിരുന്ന ആറു ബിഷപ്പൻമാരുടെ കീഴിലായി വിഭജിക്കപ്പെട്ടു—റോം, കോൺസ്ററാൻറിനോപ്പിൾ, അന്ത്യോക്യാ, അലക്സാണ്ട്രിയാ, യരൂശലേം, സലാമിസ് (സൈപ്രസ്)
റോം
കോൺസ്ററാൻറിനോപ്പിൾ
അന്ത്യോക്യ
സലാമിസ്
യരൂശലേം
അലക്സാണ്ട്രിയാ
[28-ാം പേജിലെ ചിത്രം]
യേശുവിന്റെയും മറിയയുടെയും ഒരു വിഗ്രഹം (മതപരമായ പ്രതിമ)
[കടപ്പാട്]
Pictorial Archive (Near Eastern History) Est.