ബൈബിളിന്റെ വീക്ഷണം
“പുതിയനിയമം” ശേമ്യവിരോധമുള്ളതോ?
ഒരു അമേരിക്കൻ സുവിശേഷപ്രസംഗകൻ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “വ്യവസ്ഥാപിത സഭ അതിന്റെ ചരിത്രത്തിന്റെ അധികഭാഗത്തും പാപം ചെയ്തിരിക്കുന്നു, വിശേഷിച്ച് യഹൂദരായ ആളുകൾക്കെതിരെ കാണിച്ച ശേമ്യവിരോധം നിമിത്തം ന്യായവിധിയിൽ അത് ഉത്തരം പറയേണ്ടതായും വരും.”
ഇരുപതാം നൂററാണ്ടുവരെ തുടർന്നുവന്നിട്ടുള്ള ശേമ്യവിരോധത്തിന് ഇത്ര ദീർഘവും ഹീനവും ആയ ഒരു ചരിത്രം ഉണ്ടായിരുന്നത് എന്തുകൊണ്ട്? പുതിയനിയമം എന്നു വിളിക്കപ്പെടുന്ന ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളെ ചിലർ കുററപ്പെടുത്തുന്നു. ദൃഷ്ടാന്തത്തിന്, ഹാർവാർഡ് ദൈവശാസ്ത്ര സ്കൂളിലെ ഡീനായ ക്രിസ്ററർ സ്റെറൻഡാൽ ഇങ്ങനെ അവകാശപ്പെട്ടു: “യഹൂദർക്കെതിരെ വിദ്വേഷത്തിനുള്ള ‘ദിവ്യ’ അനുമതിയായി പുതിയനിയമ വാക്യങ്ങൾ ഉതകിയിരിക്കുന്നു . . . എന്നതു സുപ്രസിദ്ധവും പൊതുവേ അംഗീകരിക്കപ്പെടുന്നതുമായ ഒരു വസ്തുതയാണ്.” ഇതു പൊതുവേ അംഗീകരിക്കപ്പെടുന്നതായിരിക്കാമെങ്കിലും വാസ്തവത്തിൽ അതു സത്യമാണോ?
യേശുവിന്റെ മരണത്തിന് ആർ കുററം ചുമത്തപ്പെട്ടു?
“പുതിയനിയമ”ത്തിലെ ശേമ്യവിരോധത്തിന്റെ തെളിവായി ഉദ്ധരിക്കപ്പെടുന്ന ഒരു ഭാഗം മത്തായി 27:15-25 ആണ്. റോമൻ ഗവർണറായ പൊന്തിയോസ് പീലാത്തോസ് യേശുവിനെ വധിക്കണം എന്ന് ഒരു യഹൂദ ജനക്കൂട്ടം ആവശ്യപ്പെട്ടതായി അവിടെ നമ്മോടു പറയപ്പെട്ടിരിക്കുന്നു, അവർ ഇങ്ങനെ പറയുകപോലും ചെയ്തു: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ.” ഒന്നാം നൂററാണ്ടിലെ യഹൂദൻമാരെല്ലാവരും യേശുവിന്റെ മരണത്തിന് ഉത്തരവാദികളായിരുന്നെന്നും അവർ എന്നേക്കും ക്രിസ്തുവിന്റെ ഘാതകർ എന്ന് അറിയപ്പെടണമെന്നും “പുതിയനിയമം” അവിടെ പഠിപ്പിക്കുകയായിരുന്നോ?
ഒന്നാമതായി, യേശുവിന്റെ ശുശ്രൂഷക്കാലത്തു യഹൂദൻമാരിൽ മിക്കവരും അവിടുത്തോട് എങ്ങനെയാണു പ്രതികരിച്ചത്? യഹൂദ ജനക്കൂട്ടത്തിന്റെ ഇടയിൽ, വിശേഷിച്ച് തന്റെ ശൂശ്രൂഷയിൽ അധികപങ്കും നിർവഹിച്ച ഗലീലയിൽ യേശു വളരെയധികം ജനസമ്മതനായിരുന്നുവെന്ന് “പുതിയനിയമം” വെളിപ്പെടുത്തുന്നു. (യോഹന്നാൻ 7:31; 8:30; 10:42; 11:45) യേശുവിന്റെ അറസ്ററിനും വധത്തിനും കേവലം അഞ്ചു ദിവസം മുമ്പ്, ഒരു യഹൂദ ജനക്കൂട്ടം യേശുവിനെ മിശിഹ എന്നനിലയിൽ യെരൂശലേമിലേക്കു സ്വാഗതം ചെയ്തു.—മത്തായി 21:6-11.
അങ്ങനെയെങ്കിൽ യേശുവിനെ കൊല്ലാൻ ആരാണ് ആഗ്രഹിച്ചത്? മുഖ്യപുരോഹിതൻമാരുടെയും പല പരീശൻമാരുടെയും സദൂക്യരുടെയും ഇടയിൽ യേശു സമ്മതനല്ലായിരുന്നുവെന്ന് “പുതിയനിയമം” കുറിക്കൊള്ളുന്നു, കാരണം അവിടുന്ന് അവരുടെ കപടഭക്തിയെ വെളിപ്പെടുത്തി. (മത്തായി 21:33-46; 23:1-36)a യേശുവിന്റെ മുഖ്യ എതിരാളികളിൽ ഒരുവനായിരുന്നു മഹാപുരോഹിതനായ കയ്യഫാസ്. ആലയത്തിൽനിന്നു പണമിടപാടുകാരെ യേശു പുറത്താക്കിയപ്പോൾ അയാൾക്കു വ്യക്തിപരമായ സാമ്പത്തിക നഷ്ടം നേരിട്ടു എന്നതിനു സംശയമില്ല. (മർക്കൊസ് 11:15-18) കൂടാതെ, യഹൂദ ജനങ്ങളുടെ ഇടയിലെ യേശുവിന്റെ ജനസമ്മതി ഒടുവിൽ റോമാക്കാരുടെ ഇടപെടലിലേക്കും തന്റെ വ്യക്തിപരമായ അധികാരനഷ്ടത്തിലേക്കും നയിക്കുമെന്നു കയ്യഫാസ് ഭയപ്പെട്ടു. (യോഹന്നാൻ 11:45-53) അതുകൊണ്ടു മുഖ്യപുരോഹിതൻമാരും മററു മതനേതാക്കൻമാരും യേശുവിന്റെ മരണത്തിനു പദ്ധതിയിണക്കുകയും വധനിർവഹണത്തിനായി യേശുവിനെ ഒരു റോമൻ കോടതിക്കു കൈമാറുകയും ചെയ്തു. (മത്തായി 27:1, 2; മർക്കൊസ് 15:1; ലൂക്കൊസ് 22:66–23:1) യഹൂദ ജനതതിക്കിടയിലെ യേശുവിന്റെ ജനസമ്മതി അവിടുത്തെ മരണത്തിലേക്കു നയിച്ചു എന്നത് എത്രയോ വിരോധാഭാസമാണ്!
യേശുവിന്റെ ജനപ്രീതിയുടെ കാഴ്ചപ്പാടിൽ ഒരു യഹൂദ ജനക്കൂട്ടത്തിന് അവിടുത്തെ മരണത്തിനായി എങ്ങനെ മുറവിളി കൂട്ടാൻ കഴിയുമായിരുന്നു? യേശുവിനെ പിന്തുണച്ചിരുന്നവരിൽ മിക്കവരും ഗലീലാക്കാരായിരുന്നതുകൊണ്ടു യേശു മരിച്ചുകാണാൻ ആഗ്രഹിച്ചവർ യഹൂദ്യ നിവാസികൾ ആയിരിക്കാൻ സാധ്യതയുണ്ട്. ഗലീലാക്കാർ സ്വഭാവത്തിൽ ഊഷ്മളഹൃദയരും താഴ്മയുള്ളവരും വളച്ചുകെട്ടില്ലാത്തവരും ആയിരിക്കാൻ ചായ്വു കാണിച്ചു, അതേസമയം യഹൂദ്യ നിവാസികൾ അഹങ്കാരികളും ധനികരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും ആയിരിക്കാൻ പ്രവണത കാട്ടി, പ്രത്യേകിച്ചു യെരൂശലേമിൽ ഉള്ളവർ. “മഹാപുരോഹിതൻമാരും മൂപ്പൻമാരും” ജനക്കൂട്ടത്തിന് എരിവു കേററിയെന്നു മത്തായി വെളിപ്പെടുത്തുന്നതു ശ്രദ്ധേയമാണ്. (മത്തായി 27:20) ജനക്കൂട്ടത്തെ ഈ വിധത്തിൽ ഉത്തേജിപ്പിക്കാൻ എന്തു നുണയാണ് അവർ പറഞ്ഞിരിക്കാൻ സാധ്യതയുള്ളത്? യേശുവിന്റെ വിചാരണസമയത്ത് അവർ നേരത്തെ അവതരിപ്പിച്ചതും യേശുവിന്റെ വധസമയത്തു ആവർത്തിക്കപ്പെട്ടതും ആയ നുണയായിരുന്നോ അത്, അതായത് താൻ ആലയം നശിപ്പിക്കുമെന്നു യേശു പറഞ്ഞതാണെന്നുള്ള സംഗതി?—മർക്കൊസ് 14:57, 58; 15:29.b
സാമൂഹിക ഉത്തരവാദിത്വം
ഈ യഹൂദ ജനക്കൂട്ടം മുഴു യഹൂദ ജനതയും അല്ലായിരുന്നെങ്കിൽ, അമ്പതു ദിവസം കഴിഞ്ഞു വാരോത്സവത്തിനു യെരൂശലേമിൽ കൂടിവന്ന യഹൂദൻമാരുടെ ഒരു കൂട്ടത്തോടു സംസാരിക്കവേ “നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു” എന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞത് എന്തുകൊണ്ടായിരുന്നു? (പ്രവൃത്തികൾ 2:22, 23) യേശുവിന്റെ വധത്തിലേക്കു നയിച്ച സംഭവങ്ങളുമായി അവരിൽ മിക്കവർക്കും ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു പത്രോസിനു നിശ്ചയമായും അറിയാമായിരുന്നു. അതുകൊണ്ടു പത്രോസ് എന്താണ് അർഥമാക്കിയത്?
തിരുവെഴുത്തുകൾ പറയുന്നതനുസരിച്ച്, പ്രായശ്ചിത്തം ചെയ്യാത്ത ഒരു കൊലപാതകം കൊലപാതകിയുടെമേൽ മാത്രമല്ല അയാളെ ന്യായം വിധിക്കാൻ പിഴവു കാട്ടിയ സമൂഹത്തിന്റെ മേലും കുററം വരുത്തിവെച്ചു. (ആവർത്തനപുസ്തകം 21:1-9) ദൃഷ്ടാന്തത്തിന്, തങ്ങളുടെ ഇടയിലുണ്ടായിരുന്ന ഒരു കൂട്ടം കൊലപാതകികളെ ശിക്ഷിക്കാൻ പരാജയപ്പെട്ടതിനാൽ ഒരിക്കൽ മുഴു ബെന്യാമീൻ ഗോത്രവും രക്തപാതകമുള്ളതായി വിധിക്കപ്പെട്ടു. ഈ ഗോത്രത്തിലെ ബഹുഭൂരിപക്ഷംപേരും കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഈ കുററകൃത്യത്തെ പൊറുത്തതിനാൽ ശിക്ഷ കൊടുക്കാതെ അവർ അതിനെ വിട്ടുകളയുകയായിരുന്നു, അതുവഴി ഒരളവ് ഉത്തരവാദിത്വം അവർ പേറുകയും ചെയ്തു. (ന്യായാധിപൻമാർ 20:8-48) തീർച്ചയായും “മൗനം സമ്മതലക്ഷണ”മാണെന്നു കുറിക്കൊണ്ടിരിക്കുന്നു.
സമാനമായ ഒരു വിധത്തിൽ, ഒന്നാം നൂററാണ്ടിലെ യഹൂദ ജനത തങ്ങളുടെ രക്തപാതകികളായ നേതാക്കൻമാരുടെ കുററകൃത്യത്തിൽ സമ്മതം പ്രകടമാക്കി. മുഖ്യപുരോഹിതൻമാരുടെയും പരീശൻമാരുടെയും മരണകരമായ പദ്ധതികളെ പൊറുക്കുകവഴി മുഴുജനതയും ഉത്തരവാദിത്വത്തിൽ പങ്കുപററി. അതുകൊണ്ടായിരുന്നു തന്റെ യഹൂദ സദസ്സിനോട് അനുതാപം പ്രകടമാക്കാൻ പത്രോസ് ആവശ്യപ്പെട്ടത് എന്നതിനു സംശയമില്ല.c
മിശിഹ എന്നനിലയിൽ യേശുവിനെ തള്ളിക്കളഞ്ഞതിന്റെ പരിണതഫലങ്ങൾ എന്തൊക്കെയായിരുന്നു? യെരൂശലേം നഗരത്തോടു യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ഭവനം [ആലയം] ശൂന്യമായിത്തീരും.” (മത്തായി 23:37, 38) അതേ, ദൈവം തന്റെ സംരക്ഷണം പിൻവലിച്ചു, തുടർന്നു റോമൻ സൈന്യങ്ങൾ യെരൂശലേമിനെ അതിന്റെ ആലയത്തോടൊപ്പം നശിപ്പിക്കുകയും ചെയ്തു. തന്റെ സ്വത്തുക്കളെല്ലാം ധൂർത്തടിക്കുന്നപക്ഷം ഒരു മമനുഷ്യന്റെ കുടുംബം അനന്തരഫലങ്ങൾ അനുഭവിക്കുന്നതുപോലെതന്നെ, ദിവ്യ സംരക്ഷണത്തിന്റെ നഷ്ടം യേശുവിനെ കൊല്ലാൻ മുറവിളി കൂട്ടിയവർക്കു മാത്രമല്ല, പിന്നെയോ അവരുടെ കുടുംബങ്ങൾക്കും അനുഭവപ്പെട്ടു. ഈ അർഥത്തിൽ യേശുവിന്റെ രക്തം അവരുടെയും അവരുടെ മക്കളുടെയുംമേൽ വന്നു.—മത്തായി 27:25.
എന്നിരുന്നാലും യേശുവിന്റെ മരണത്തിനു യഹൂദൻമാരുടെ ഭാവി തലമുറകൾ പ്രത്യേക കുററം പേറുമെന്ന് “പുതിയനിയമ”ത്തിൽ യാതൊന്നും പറയുന്നില്ല. നേരെ മറിച്ച്, അവരുടെ പൂർവപിതാവായ അബ്രാഹാമിനോടുള്ള സ്നേഹം നിമിത്തം ക്രിസ്ത്യാനികളായിത്തീരാനുള്ള പ്രഥമാവസരം അവർക്കു നൽകിക്കൊണ്ടു ദൈവം യഹൂദൻമാരോടു പ്രത്യേക പരിഗണന കാട്ടി. (പ്രവൃത്തികൾ 3:25, 26; 13:46; റോമർ 1:16; 11:28) ഒടുവിൽ ഈ അവസരം യഹൂദരല്ലാത്തവർക്കു വെച്ചുനീട്ടപ്പെട്ടപ്പോൾ ദേശീയോത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ദൈവം ഏതു വ്യക്തിയോടും ഇടപെടുന്നതു നിറുത്തി. പത്രോസ് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) അപ്പോസ്തലനായ പൗലോസ് പിന്നീട് ഇപ്രകാരം എഴുതി: “യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല.” (റോമർ 10:12) അപ്പോൾ യഹൂദൻമാർക്കു യഹൂദരല്ലാത്തവരെപ്പോലെതന്നെ ദൈവത്തിന്റെ മുമ്പാകെ ഒരേ അന്തസ്സ് ഉണ്ടായിരുന്നു, അത് ഇന്നും സത്യമാണ്.—യെഹെസ്കേൽ 18:20 താരതമ്യം ചെയ്യുക.
ക്രൈസ്തവലോകത്തിൽ ശേമ്യവിരോധം ഉള്ളതെന്തുകൊണ്ട്?
അതുകൊണ്ട് “പുതിയനിയമം” ശേമ്യവിരോധമുള്ളതല്ല എന്നു കാണാൻ കഴിയും. പകരം, ഒരു യഹൂദനായി ജീവിച്ചു മരിച്ച, മോശൈക ന്യായപ്രമാണത്തിലെ തത്ത്വങ്ങളോട് ആദരവു പുലർത്താൻ തന്റെ യഹൂദ അനുഗാമികളെ പഠിപ്പിച്ച ഒരു മമനുഷ്യന്റെ പഠിപ്പിക്കലുകൾ “പുതിയനിയമം” രേഖപ്പെടുത്തുന്നു. (മത്തായി 5:17-19) “പുതിയനിയമ”ത്തെ കുററപ്പെടുത്തേണ്ടതല്ലെങ്കിൽ, ക്രൈസ്തവലോകത്തിൽ ഇത്രയധികം സ്ഥായിയായ ശേമ്യവിരോധം ഉള്ളതെന്തുകൊണ്ട്?
ക്രിസ്ത്യാനിത്വത്തെത്തന്നെ കുററപ്പെടുത്താവുന്നതല്ല. യൂദായുടെ കാലത്ത്, “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കിയ” വ്യാജക്രിസ്ത്യാനികളുടേതിനോടു സമാനമായ ഒരു വിധത്തിൽ ചരിത്രത്തിലുടനീളം ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടവർ ക്രിസ്തുവിന്റെ നാമത്തെ മതഭ്രാന്തിന്റെയും മുൻവിധിയുടെയും ചെളിക്കുണ്ടിലേക്കു വലിച്ചിഴച്ചിരിക്കുന്നു. (യൂദാ 4) അതുകൊണ്ട്, പേരിൽ മാത്രം ക്രിസ്ത്യാനികളായിരിക്കുന്ന ആളുകളുടെ സ്വാർഥ മുൻവിധികൾ നിമിത്തമാണു ക്രൈസ്തവലോകത്തിൽ ശേമ്യവിരോധം ഉണ്ടായിരിക്കുന്നത്.
രസാവഹമായി ചിലർ തന്റെ നാമത്തിൽ എല്ലാത്തരം വീര്യപ്രവൃത്തികളും പ്രവർത്തിച്ചതായി അവകാശപ്പെടുമെന്നും, എന്നാൽ അവർ യഥാർഥത്തിൽ “അധർമ്മം പ്രവർത്തിക്കുന്നവർ” ആയിരിക്കുമെന്നും യേശുതന്നെ മുൻകൂട്ടിപ്പറഞ്ഞു, അവർ അവിടുത്തെ സ്നേഹിതരേ അല്ല! (മത്തായി 7:21-23) തങ്ങളുടെ വിദ്വേഷങ്ങൾക്കും മുൻവിധികൾക്കും ഒരു ന്യായീകരണമായി “പുതിയനിയമ”ത്തെ ഉപയോഗിക്കാൻ ഇവരിൽ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ന്യായബോധമുള്ള ആളുകൾക്ക് ആ പൊള്ളയായ നാട്യം മനസ്സിലാക്കാൻ കഴിയും.
ശേമ്യവിരോധത്തിനു വ്യാജക്രിസ്ത്യാനികൾ ദൈവത്തോട് ഉത്തരം പറയേണ്ടിവരും. കള്ളപ്പണം നിലനിൽക്കുന്നതു യഥാർഥ പണത്തിന്റെ അസ്തിത്വത്തെ ഖണ്ഡിക്കാത്തതുപോലെതന്നെ അനുകരണ ക്രിസ്ത്യാനികളുടെ അസ്തിത്വം തങ്ങളുടെ മുൻവിധികൾ നിമിത്തമല്ല, മറിച്ചു തങ്ങളുടെ സ്നേഹം നിമിത്തം അറിയപ്പെടുന്ന യഥാർഥ ക്രിസ്ത്യാനികൾ ഉണ്ടെന്നുള്ള വസ്തുതയെ തീർച്ചയായും ഒരുപ്രകാരത്തിലും ഇല്ലാതാക്കുന്നില്ല. നിങ്ങളുടെ അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ അത്തരം ആളുകളുമായി എന്തുകൊണ്ടു പരിചയപ്പെട്ടുകൂടാ? (g93 8/8)
[അടിക്കുറിപ്പുകൾ]
a ഈ കാലഘട്ടത്തോടെ ഇസ്രയേലിലെ മഹാപുരോഹിതൻമാർ ഒരു വർഷത്തിൽ ഒരിക്കൽ എന്ന കണക്കിൽ റോമൻ ഏജൻറൻമാരാൽ നിയമിക്കപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്ന് ഒന്നാം നൂററാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസഫ് ബെൻ മത്തിയാസ് (ഫെവ്ളിയസ് ജോസീഫസ്) രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ മുഖ്യപൗരോഹിത്യ പദവി സമൂഹത്തിലെ ഏററവും നികൃഷ്ടമായ ഘടകങ്ങളെ ആകർഷിച്ച, കൂലിക്കുവേണ്ടി ചെയ്യുന്ന ഒരു സ്ഥാനമായി അധഃപതിച്ചുകഴിഞ്ഞിരുന്നു. ഈ മഹാപുരോഹിതൻമാരിൽ ചിലരുടെ ധാർമിക അഴിഞ്ഞാട്ടത്തെ ദ ബാബിലോനിയൻ തൽമൂദ് ആധികാരികമായി രേഖപ്പെടുത്തുന്നു. (പെസാഹിം 57എ) അതുപോലെതന്നെ പരീശൻമാരുടെ കപടഭക്തിയിലേക്കുള്ള ചായ്വിനെ തൽമൂദ് കുറിക്കൊള്ളുന്നുമുണ്ട്. (സോററാ 22ബി)
b യഥാർഥത്തിൽ യേശു തന്റെ എതിരാളികളോട് ഇപ്രകാരം പറഞ്ഞു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും.” (യോഹന്നാൻ 2:19-22) എന്നാൽ യോഹന്നാൻ ചൂണ്ടിക്കാണിക്കുന്നതുപോലെ യേശു യെരൂശലേമിലെ ആലയത്തെയല്ല, “തന്റെ ശരീരം എന്ന മന്ദിര”ത്തെയാണു പരാമർശിച്ചത്. ഇപ്രകാരം യേശു പ്രതീക്ഷിച്ചിരുന്ന തന്റെ മരണത്തെയും പുനരുത്ഥാനത്തെയും ഒരു കെട്ടിടം പൊളിക്കുന്നതിനോടും അതു പുനർനിർമിക്കുന്നതിനോടും താരതമ്യപ്പെടുത്തുകയായിരുന്നു.—മത്തായി 16:21 താരതമ്യം ചെയ്യുക.
c അതുപോലെതന്നെ സമാനമായ ഉത്തരവാദിത്വം ആധുനിക നാളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നാസി ജർമനിയിലെ എല്ലാ പൗരൻമാരും ക്രൂരതകളിൽ ഉൾപ്പെട്ടില്ല. എന്നാൽ ജർമനി ഒരു സാമൂഹിക ഉത്തരവാദിത്വം തിരിച്ചറിയുകയും സ്വമേധയാതന്നെ നാസി പീഡനത്തിന്റെ ഇരകൾക്കു നഷ്ടപരിഹാരം കൊടുക്കുകയും ചെയ്തു.
[22-ാം പേജിലെ ആകർഷകവാക്യം]
ക്രൈസ്തവലോകത്തിലെ ശേമ്യവിരോധം നാമമാത്ര ക്രിസ്ത്യാനികളായ ആളുകൾ കൊണ്ടുനടക്കുന്നതാണ്
[20-ാം പേജിലെ ചിത്രം]
യേശുവോ അവിടുത്തെ ശിഷ്യൻമാരോ ശേമ്യവിരോധത്തെ പ്രോത്സാഹിപ്പിച്ചില്ല