ജീവൻ രക്ഷിക്കുന്ന പ്രകാശം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം. അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെയുള്ള അത്യന്തം ദുർഘടം പിടിച്ച അഞ്ചാഴ്ചത്തെ യാത്ര. യാത്രികർക്ക് എങ്ങനെയും കര കണ്ടാൽ മതിയെന്നായി. അപ്പോഴതാ ചക്രവാളത്തിൽ ഒരു പ്രകാശം, ഒരു ഏകാന്ത നക്ഷത്രം. എന്നാൽ അതൊരു നക്ഷത്രം ആയിരുന്നില്ല, ഒരു പ്രകാശഗോപുരം ആയിരുന്നു. “വെളിച്ചം കണ്ടയുടനെ മുട്ടിന്മേൽനിന്നു ഞങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു” എന്ന് ഒരു യാത്രക്കാരൻ പിന്നീടു പറയുകയുണ്ടായി. ആ പ്രകാശമായിരുന്നു സുരക്ഷിതമായി ലക്ഷ്യത്തിൽ എത്തിച്ചേരാൻ അവരെ സഹായിച്ചത്. എന്നുവരികിലും, അക്കാലത്തെ എല്ലാ സമുദ്ര യാത്രകളും ശുഭകരമായി പര്യവസാനിച്ചില്ല.
വടക്കേ അമേരിക്കയുടെ ന്യൂ ഇംഗ്ലണ്ട് തീരത്ത് കാറ്റും കോളും ഇല്ലാഞ്ഞ ഒരു തെളിഞ്ഞ ദിവസം ആയിരുന്നു 1839 ഡിസംബർ 22. അതുകൊണ്ട്, സാധനം വാങ്ങി ഇരുട്ടുന്നതിനുമുമ്പ് സുരക്ഷിതമായി തിരിച്ചെത്താമെന്നു കരുതി മസാച്ചുസെറ്റ്സിലെ പ്ലം ദ്വീപിലുള്ള പ്രകാശഗോപുരത്തിന്റെ കാവൽക്കാരൻ ഭാര്യയോടൊപ്പം തന്റെ കൊച്ചു വള്ളത്തിൽ ദ്വീപു വിട്ടു. അവർ അകലെ ആയിരുന്നപ്പോൾ കാറ്റു വീശാൻ തുടങ്ങി. ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുക ആയിരുന്നു. പെട്ടെന്നു തന്നെ മാനം ഇരുണ്ടു, കടൽ കോപിച്ചു, പേമാരി തുടങ്ങി. ഇരുട്ടു വീഴുന്നതിനു മുമ്പ് ദ്വീപിലെത്താൻ ശ്രമിച്ചെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. ആ രാത്രിയിൽ പ്രകാശഗോപുരത്തിലെ തിരിനാളം അണഞ്ഞു കിടന്നു.
അർധരാത്രിയോടെ അവിടെ എത്തിയ പോകഹോണ്ടസ് എന്ന കപ്പൽ തുറമുഖം കണ്ടെത്താൻ പാടുപെട്ടെങ്കിലും വിജയിച്ചില്ല. പ്ലം ദ്വീപിലെ ഈ പ്രകാശഗോപുരം ആയിരുന്നു സാധാരണ അടയാളം കൊടുത്തിരുന്നത്. ഒരു മണൽത്തിട്ടയിൽ ഇടിച്ച് പിൻഭാഗം തകർന്ന കപ്പൽ ആഴിയുടെ അടിത്തട്ടിലേക്കു മുങ്ങിത്താണു. കപ്പലിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. ഇതേ തുറമുഖം ലക്ഷ്യമാക്കി വെളുക്കും മുമ്പ് എത്തിയ റിച്മോണ്ട് പാക്കെർ എന്ന പായ്ക്കപ്പലും തകർന്നു, എന്നാൽ ഒരാൾ മാത്രമേ—കപ്പിത്താന്റെ ഭാര്യ—മരണമടഞ്ഞുള്ളൂ.
പ്രകാശഗോപുരങ്ങൾക്ക് ഒഴിവാക്കാമായിരുന്ന അനേകം ദുരന്തങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ സമുദ്ര ചരിത്രത്തിൽ സുലഭമാണ്. “മുൻകാലങ്ങളിൽ, വിജയകരമായി യാത്ര പൂർത്തിയാക്കിയ മിക്ക കപ്പലുകളും തുറമുഖത്തോട് അടുക്കുമ്പോൾ അപകടത്തിൽ പെടുക പതിവായിരുന്നു” എന്ന് അമേരിക്കയുടെ സമുദ്ര പൈതൃകം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു. “സമുദ്ര യാത്രയിലെ ഏറ്റവും അപകടകരമായ ഭാഗം കരയോട് അടുത്തുള്ള ഏതാനും കിലോമീറ്ററുകൾ ആയിരുന്നു.”
പ്രകാശഗോപുര ചരിത്രകാരനായ ഡി. അലൻ സ്റ്റീവൻസൺ പറയുന്നത് അനുസരിച്ച്, 1793-നും 1833-നും ഇടയ്ക്ക് ബ്രിട്ടീഷ് തീരങ്ങളിൽ വെച്ചു തകർന്ന കപ്പലുകളുടെ വാർഷിക സംഖ്യ 550 മുതൽ 800 വരെ ഉയർന്നു. കൂടുതൽ പ്രകാശഗോപുരങ്ങൾ, അതായത് നല്ല വെളിച്ചം ആവശ്യമായിരുന്നു.
ഇംഗ്ലണ്ടും ഐക്യനാടുകളും ഉൾപ്പെടെ ചില രാജ്യങ്ങളിൽ, കപ്പലുകൾ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തിൽ അവ പാറയിൽ തട്ടിത്തകരാനായി വ്യാജവിളക്കുകൾ സ്ഥാപിച്ച കുപ്രസിദ്ധ ‘ചന്ദ്രദ്വേഷികൾ’ കടൽ യാത്ര കൂടുതൽ അപകടകരമാക്കി. കപ്പൽച്ചേതത്തെ അതിജീവിച്ചവരെ കൊലപ്പെടുത്തുക പതിവായിരുന്നു. തെളിവ് അവശേഷിക്കാൻ ചന്ദ്രദ്വേഷികൾ ആഗ്രഹിച്ചിരുന്നില്ല. നിലാവുള്ള രാത്രിയിൽ അവരുടെ തന്ത്രം പൊളിയുമായിരുന്നു. അങ്ങനെയാണ് ചന്ദ്രദ്വേഷികൾ എന്ന പേര് അവർക്കു വീണത്. എന്നിരുന്നാലും, മെച്ചപ്പെട്ട സജ്ജീകരണങ്ങളോടു കൂടിയ ധാരാളം പ്രകാശഗോപുരങ്ങൾ വന്നതോടെ ഈ കള്ളന്മാർക്കും കൊലയാളികൾക്കും പണിയില്ലാതായി.
ആദ്യകാല പ്രകാശഗോപുരങ്ങൾ
പ്രകാശഗോപുരങ്ങളെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ പരാമർശം ഇലിയഡിൽ കാണാനാകും. “സൂര്യൻ മാനത്തുനിന്നു മറയുന്നതോടെ പ്രകാശഗോപുരങ്ങളിൽ തീനാളം ഉയരുകയായി,” അതു പറയുന്നു. “ആദ്യകാല പ്രകാശഗോപുരങ്ങളിൽ കേവലം വിറകു കൂട്ടിയിട്ട് ആളിക്കത്തിക്കുകയാണു ചെയ്തിരുന്നത്, ചിലപ്പോൾ കല്ലു കൂട്ടിയിട്ട് അതിന്റെ മുകളിൽ ആയിരുന്നു വിറകു കത്തിച്ചിരുന്നത്. പിന്നീട് ഇരുമ്പുകൊണ്ടുള്ള വലിയ ചട്ടക്കൂടുകൾ ഉപയോഗിച്ചു തുടങ്ങി. എന്നാൽ കൂടെക്കൂടെ അവ അണഞ്ഞു പോകുമായിരുന്നു. അതിന്റെ ഫലങ്ങളാകട്ടെ വിപത്കരവും,” പ്രകാശ സൂക്ഷിപ്പുകാർ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു.
തുടർന്ന് പൊ.യു.മു. 300-ഓടെ, ഈജിപ്തിലെ ഫറോസ് ദ്വീപിലുള്ള അലക്സാൻഡ്രിയ തുറമുഖത്തിന്റെ കവാടത്തിൽ, ആദ്യത്തെ യഥാർഥ പ്രകാശഗോപുരം അതായത് അലക്സാൻഡ്രിയയിലെ ഫറോസ് നിർമിക്കപ്പെട്ടു. 100 മീറ്ററിനും 120 മീറ്ററിനും ഇടയ്ക്ക് ഉയരം ഉണ്ടായിരുന്ന (ഏതാണ്ട് 40 നില കെട്ടിടത്തിന്റെ ഉയരം) അത്ഭുതപ്പെടുത്തുന്ന ഈ ശിലാഗോപുരം ആയിരുന്നു നിർമിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയരം കൂടിയ പ്രകാശഗോപുരം. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഈ പ്രകാശഗോപുരം 1,600 വർഷങ്ങളോളം നിലനിന്നു. ഒടുവിൽ സാധ്യത അനുസരിച്ച്, ഒരു ഭൂകമ്പത്താൽ അതു നശിപ്പിക്കപ്പെട്ടു.
റോമാക്കാർ കരിങ്കടൽ മുതൽ അറ്റ്ലാന്റിക് വരെ കുറഞ്ഞപക്ഷം 30 പ്രകാശഗോപുരങ്ങൾ നിർമിച്ചു. എന്നാൽ ആ സാമ്രാജ്യം വീണതോടെ, വാണിജ്യം മന്ദഗതിയിൽ ആകുകയും അങ്ങനെ അറ്റകുറ്റങ്ങൾ തീർക്കാതിരുന്ന പ്രകാശഗോപുരങ്ങളിൽ ഇരുട്ടു വീഴുകയും ചെയ്തു. പിന്നെ 1100-ഓടെ വീണ്ടും നിർമാണം തുടങ്ങി. നവയുഗത്തിലെ പ്രശസ്തമായ ഒരു പ്രകാശഗോപുരം ആയിരുന്നു ജെനോവയിലെ ലാന്റെർണാ. പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസിന്റെ അങ്കിളായ ആന്റോണിയോ കൊളംബോ ആയിരുന്നു 1449-ൽ അതിന്റെ സൂക്ഷിപ്പുകാരൻ.
ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്നു വിട്ടു സ്ഥിതിചെയ്യുന്ന, അപകടം പതിയിരിക്കുന്ന എഡിസ്റ്റൺ റോക്കിൽ ഹെൻട്രി വിൻസ്റ്റൻലീ 1699-ൽ പണിത മരം കൊണ്ടുള്ള പ്രകാശഗോപുരം ആയിരുന്നു കടലിൽ നിർമിക്കപ്പെട്ട ആദ്യത്തെ പ്രകാശഗോപുരം. തന്റെ നേട്ടത്തിൽ അദ്ദേഹം അഹങ്കരിച്ചിരുന്നു. നിശയുടെ രക്ഷാകർത്താക്കൾ (ഇംഗ്ലീഷ്) എന്ന വീഡിയോ ഡോക്യുമെന്ററി പറയുന്ന പ്രകാരം, തന്റെ പ്രകാശഗോപുരത്തിലിരുന്നു മീൻപിടിക്കവേ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “കടലേ, ഉയർന്നുയർന്നു വന്ന് എന്റെ കൈവേലയെ പരീക്ഷിക്കൂ.” 1703-ൽ കടൽ അത് അനുസരിച്ചു. യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ വിൻസ്റ്റൻലീയും അദ്ദേഹത്തിന്റെ പ്രകാശഗോപുരവും ആഴിയുടെ അഗാധതയിൽ മറഞ്ഞു.
ഐക്യനാടുകളിലെയും ഫ്രാൻസിലെയും ജനതയുടെ സൗഹൃദത്തെ അനുസ്മരിപ്പിക്കുന്ന, ന്യൂയോർക്ക് തുറമുഖത്തു സ്ഥിതിചെയ്യുന്ന 302 അടി ഉയരമുള്ള സ്റ്റാച്യൂ ഓഫ് ലിബെർട്ടി ഒരു കാലത്തോളം സമുദ്ര യാത്രകൾക്കുള്ള സഹായമായും വർത്തിച്ചിരുന്നു. അതിലെ പ്രകാശം അണഞ്ഞു പോകാതിരിക്കാനായി 16 വർഷത്തോളം മൂന്നു സൂക്ഷിപ്പുകാർ മാറിമാറി അധ്വാനിച്ചു. “പ്രകാശം ചൊരിയുന്ന ഈ കരങ്ങൾ മുഴു ലോകത്തിനും സ്വാഗതമരുളുന്നു” എന്ന് അതിന്റെ അടിത്തറയിലുള്ള ഒരു ഗീതകം പറയുന്നു.
തിരിനാളങ്ങൾക്കു പകരം സെനോൺ ഫ്ളാഷ് ട്യൂബുകൾ
പ്രകാശഗോപുരങ്ങളിൽ ആദ്യം ഉപയോഗിച്ചിരുന്നതു വിറക് ആയിരുന്നു. എന്നാൽ, ക്രമേണ കൽക്കരിയും മെഴുകുതിരിയും എണ്ണയും—നിലവിളക്കു പോലും—അതിന്റെ സ്ഥാനം കൈയടക്കി. പ്രകാശത്തെ കേന്ദ്രീകരിക്കാനായി പ്രതിഫലനികൾ ഉപയോഗിക്കാനുള്ള ശ്രമങ്ങളും നടന്നു. പക്ഷേ പുകയും മറ്റും നിമിത്തം അവ കരിപിടിക്കുമായിരുന്നു. എന്നുവരികിലും, 1782-ൽ സ്വിസ്സ് ശാസ്ത്രജ്ഞനായ ഇമാ അർഗൻ, സിലിണ്ടർ ആകൃതിയിലുള്ള ഒരു തിരിയിലൂടെ വായുവിനെ മുകളിലേക്കും ഗ്ലാസ് ചിമ്മിനിയിലൂടെ പുറത്തേക്കും തള്ളുന്ന ഒരു എണ്ണവിളക്ക് കണ്ടുപിടിച്ചു. വെടിപ്പുള്ളത് ആയിരുന്നതിനാൽ പരാബോളിക് പ്രതിഫലനികൾ (കാറിന്റെ ഹെഡ്ലൈറ്റിന്റെ ആകൃതിയിലുള്ളവ) പ്രകാശഗോപുരങ്ങളിൽ സ്ഥാനംപിടിച്ചു. ഒരു നല്ല പ്രതിഫലനി പ്രകാശ തീവ്രതയെ 350 മടങ്ങു വർധിപ്പിച്ചിരുന്നു.
1815-ൽ ഫ്രഞ്ച് ഊർജതന്ത്രജ്ഞനായ ഒഗ്യുസ്റ്റൻ ഷാൻ ഫ്രെസ്നെൽ പ്രകാശഗോപുരങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ഏറ്റവും ശക്തിയേറിയ ലെൻസ് കണ്ടുപിടിച്ചപ്പോൾ അതു മറ്റൊരു നാഴികക്കല്ലായി. 100 വർഷത്തോളം പ്രചാരത്തിലുണ്ടായിരുന്ന അർഗൻ ദീപങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഫ്രെസ്നെലിന്റെ കണ്ടുപിടിത്തത്തിനു മുമ്പുണ്ടായിരുന്ന ഏറ്റവും മികച്ച സംവിധാനം ഏതാണ്ട് 20,000 കാൻഡിൽപവർ പ്രകാശം പുറപ്പെടുവിച്ചിരുന്നു.a ഫ്രെസ്നെൽ ലെൻസ് അതിനെ വെറുമൊരു തിരി ഉപയോഗിച്ചുകൊണ്ട് 80,000 കാൻഡിൽപവർ—ഇന്നത്തെ ഒരു കാറിന്റെ ഹെഡ്ലൈറ്റിന്റെ അത്രയും—ആയി വർധിപ്പിച്ചു! മർദത്തിന്റെ ഫലമായി പ്രവർത്തിക്കുന്ന എണ്ണ വിളക്കുകൾ 1901-ൽ കണ്ടുപിടിക്കുകയുണ്ടായി. അതിനുശേഷം അധികം താമസിയാതെ ഫ്രെസ്നെൽ ലൈറ്റുകൾ ഒരു ദശലക്ഷം കാൻഡിൽപവർ പ്രകാശം ഉത്സർജിക്കാൻ തുടങ്ങി. ഏതാണ്ട് അതേ സമയം, അസെറ്റലിൻ വാതകവും ഉപയോഗത്തിൽ വന്നു. സ്വീഡനിലെ നിൽസ് ഗസ്റ്റഫ് ഡാലെന്റെ അധ്വാനഫലമായി പ്രകാശഗോപുരങ്ങളിലും യന്ത്രനിർമാണത്തിലും ഒക്കെ അതു ധാരാളമായി ഉപയോഗിച്ചു തുടങ്ങി. ഡാലെന്റെ സംഭാവനയായ ഓട്ടോമാറ്റിക് സൺ വാൽവ്—സൂര്യപ്രകാശത്തോടു പ്രതികരിച്ചുകൊണ്ട് അസെറ്റലിൻ വാതകത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഒരു സ്വിച്ച്—1912-ൽ ഊർജതന്ത്രത്തിൽ അദ്ദേഹത്തിനു നൊബേൽ സമ്മാനം നേടിക്കൊടുത്തു. ഫിലമെന്റുള്ള വൈദ്യുത വിളക്കുകൾ 1920-കളിൽ പ്രചാരത്തിലായി. അത് ഇന്നുവരെയും മുഖ്യ പ്രകാശ സ്രോതസ്സായി തുടരുന്നു. വെറും 250 വാട്ടിന്റെ ഒരു ബൾബ് ഫ്രെസ്നെൽ ലെൻസിനോടു ചേർത്തു പ്രവർത്തിപ്പിച്ചപ്പോൾ അത് ആയിരക്കണക്കിനു കാൻഡിൽപവർ പ്രകാശം ഉത്സർജിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തിയേറിയ പ്രകാശഗോപുരത്തിന്—അതു ഫ്രാൻസിലാണ്—50 കോടി കാൻഡിൽപവർ പ്രകാശം പുറപ്പെടുവിച്ച് രാത്രിയെ പ്രകാശമാനമാക്കാൻ സാധിക്കും.
അടുത്ത കാലത്തു കണ്ടെത്തിയ ഒന്നാണ് സെനോൺ ഫ്ളാഷ് ട്യൂബ്. ഇത് ഒരു സെക്കൻഡിന്റെ പത്തുലക്ഷത്തിൽ ഒരംശംകൊണ്ട് വളരെയേറെ പ്രകാശം പുറപ്പെടുവിക്കുന്നു. ഈ പ്രകാശത്തിന്റെ പൾസ് വളരെ ഹ്രസ്വവും തീവ്രവും ആയതിനാൽ അതു മറ്റു പ്രകാശങ്ങളെ അപേക്ഷിച്ചു മുന്തിനിൽക്കുന്നു.
ഒഴുകിനടക്കുന്ന പ്രകാശഗോപുരങ്ങൾ
കരയിൽ പ്രകാശഗോപുരങ്ങൾ നിർമിക്കുക പ്രായോഗികം അല്ലാത്തിടത്ത് ഒഴുകിനടക്കുന്ന പ്രകാശഗോപുരങ്ങൾ അഥവാ പ്രകാശയാനങ്ങൾ ഉപയോഗിച്ചു. കരയിലെ പ്രകാശഗോപുരങ്ങളെ പോലെ പ്രകാശയാനങ്ങൾക്കും ദീർഘമായ ഒരു ചരിത്രമുണ്ട്. ജൂലിയസ് സീസറിന്റെ കാലത്തെ ഒരു റോമൻ പായ്ക്കപ്പൽ ആയിരുന്നു അവയിൽ ആദ്യത്തേത്. പാമരത്തിന്റെ മുകളിലായുള്ള ഒരു ഇരുമ്പു നെരിപ്പോടിലെ കത്തിക്കൊണ്ടിരുന്ന കൽക്കരി ആകാശത്തെ പ്രകാശമാനമാക്കി. അതിൽനിന്നുള്ള ചുടുചാരം, ഇരിപ്പിടത്തോടു ചേർത്തു ബന്ധിക്കപ്പെട്ടിരുന്ന അടിമകളായ തുഴക്കാരുടെ വിയർത്തു കുളിച്ച ദേഹത്തേക്കാണു വീണിരുന്നത്.
ഇന്നു പ്രചാരത്തിലുള്ള പ്രകാശയാനങ്ങളിൽ ആദ്യത്തേത് 1732-ൽ ലണ്ടനിലെ തെംസ് അഴിമുഖത്താണു പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പ്രകാശയാനങ്ങളുടെ എണ്ണം വർധിച്ചു. ന്യൂയോർക്ക് തുറമുഖത്തേക്കു പ്രവേശിക്കുകയും അവിടെ നിന്നു പുറത്തേക്കു പോകുകയും ചെയ്തിരുന്ന കപ്പലുകൾക്ക് അനേക വർഷങ്ങളോളം വഴികാട്ടിയിരുന്നത് ആംബ്രോസ് എന്ന പ്രകാശയാനം ആയിരുന്നു. എന്നിരുന്നാലും, അടുത്ത കാലത്ത് പ്രകാശയാനങ്ങളുടെ സ്ഥാനം പൊന്തിക്കിടക്കുന്ന സ്വയം പ്രവർത്തക ബോയികളും ടവറുകളും കയ്യടക്കിയിരിക്കുന്നു. തീരദേശ എണ്ണക്കിണറുകളോടു സാദൃശ്യമുള്ള അവ ലോഹനിർമിതമാണ്.
മൂടൽമഞ്ഞും കാറ്റും പ്രകാശത്തെ തടസ്സപ്പെടുത്തുമ്പോൾ
കനത്ത മൂടൽമഞ്ഞും മഴയും അതിശക്തമായ പ്രകാശത്തെ പോലും തടസ്സപ്പെടുത്തുന്നു. വാസ്തവത്തിൽ അത്തരം സമയങ്ങളിൽ ആണ് പ്രകാശഗോപുരങ്ങളുടെ ആവശ്യം ഏറ്റവും അധികമുള്ളത്! അപാകതകൾ ഉണ്ടെങ്കിലും വളരെ ഉച്ചത്തിലും ക്രമത്തിലും ഉള്ള ശബ്ദമാണ് അതിനുള്ള ഒരു പരിഹാരം. അതുകൊണ്ട്, മണികൾ, മൂടൽമഞ്ഞ് ഹോണുകൾ, സൈറണുകൾ എന്നിങ്ങനെ ശക്തിയേറിയ ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്ന ഉപകരണങ്ങൾ മിക്ക പ്രകാശഗോപുരങ്ങളിലും ഉണ്ട്, പീരങ്കികൾ പോലും ഉപയോഗിച്ചിരുന്നു! ചില പ്രകാശഗോപുരങ്ങളിൽ 1970-കളുടെ അവസാനം വരെ പീരങ്കികൾ ഉപയോഗിച്ചിരുന്നു.
എന്നിരുന്നാലും ശബ്ദ തരംഗങ്ങൾ അന്തരീക്ഷ വ്യതിയാനത്തിനു വിധേയമാണ്. സമുദ്രോപരിതലത്തിലുള്ള വായൂപാളികളുടെ താപത്തിലും ഈർപ്പത്തിലും ഉള്ള വ്യത്യാസം ശബ്ദതരംഗങ്ങളെ ബാധിച്ചേക്കാം. തന്മൂലം ചിലപ്പോൾ അവ മുകളിലേക്കോ താഴേക്കോ വളഞ്ഞേക്കാം. മാത്രവുമല്ല, ജലപ്പരപ്പിലൂടെ മിനുസമുള്ള ഒരു കല്ല് എറിഞ്ഞുവിടാവുന്നതു പോലെ, യാത്രക്കാർക്കു കേൾക്കാൻ കഴിയാതെ കപ്പലിന്റെ നേരേ മുകളിലൂടെ ശബ്ദം സഞ്ചരിച്ചേക്കാം! ഈ അപാകതകളൊക്കെ ഉണ്ടെങ്കിലും ശബ്ദം ഉപയോഗിച്ചുള്ള അടയാളങ്ങൾ പൊതുവേ കിലോമീറ്ററുകൾക്കപ്പുറം കേൾക്കാനാകും.
ഒരു യുഗാന്ത്യം
യന്ത്രവത്കൃത പ്രകാശഗോപുരങ്ങളുടെ ആഗമനത്തോടെ പ്രകാശഗോപുര സൂക്ഷിപ്പുകാർ ഒരു അധികപ്പറ്റായി. റഡാർ, റേഡിയോ, സോണാർ, ഉപഗ്രഹങ്ങൾ എന്നിവയ്ക്കു പ്രകാശഗോപുരങ്ങൾ വഴിമാറിക്കൊടുത്തിരിക്കുന്നു. അവയിൽ മിക്കതും ഇപ്പോൾ ഉപയോഗശൂന്യമാണ്. എന്നാൽ നമുക്ക് അവയെ മറന്നുകളയാൻ പറ്റില്ലല്ലോ. അനേകരെ സംബന്ധിച്ചിടത്തോളം ഇരുണ്ട ലോകത്തിൽ പ്രകാശത്തിന്റെയും പ്രത്യാശയുടെയും ചിഹ്നമാണ് പ്രകാശഗോപുരങ്ങൾ. ഇവ ഫോട്ടോഗ്രാഫർമാർക്കും കലാകാരന്മാർക്കും കവികൾക്കും ഒരുപോലെ പ്രചോദനമേകുന്നു. കണ്ണിനു വിരുന്നൊരുക്കുന്ന ഈ പുരാതന സൗധങ്ങൾ പരിപാലിക്കാനുള്ള ഉദ്യമത്തിൽ പ്രകാശഗോപുര സൊസൈറ്റികൾ ലോകമെമ്പാടും ഉയർന്നുവന്നിട്ടുണ്ട്.
ഒരു പ്രകാശഗോപുര സൂക്ഷിപ്പുകാരന്റെ ജീവിതം അനുകരിക്കാൻ എത്തുന്ന സന്ദർശകർക്ക് ചില പ്രകാശഗോപുരങ്ങൾ ഇപ്പോൾ ഒന്നാന്തരം താമസം ഒരുക്കുന്നു. കടൽപ്പാത്തകളുടെ ഇടയ്ക്കിടെയുള്ള കൂജനവും തിരമാലകളുടെ അലയൊലിയും മാത്രം കേട്ട് ഏകാന്തത ആസ്വദിക്കാനാണു ചില സന്ദർശകർക്കു താത്പര്യം. തിമിംഗലങ്ങളെയും പക്ഷികളെയും നീർനായ്ക്കളെയും കണ്ടു രസിക്കാനുള്ള ഒന്നാന്തരം വേദികളാണ് ലോകത്തിന്റെ ചില ഭാഗങ്ങളിലെ പ്രകാശഗോപുരങ്ങൾ. അലക്സാഡ്രിയയിലെ കാവൽക്കാരനും ജെനോവയിലെ സൂക്ഷിപ്പുകാരൻ ആയിരുന്ന ക്രിസ്റ്റഫർ കൊളംബസിന്റെ അങ്കിളും തങ്ങളുടെ വിനോദ സമയം ചെലവഴിച്ചത് അങ്ങനെ ആയിരിക്കാനാണ് ഏറെ സാധ്യത.
[അടിക്കുറിപ്പുകൾ]
a ഇപ്പോൾ കാൻഡല എന്ന ഏകകമാണ് ഉപയോഗിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് മെഴുകുതിരിയോടുള്ള താരതമ്യത്തിൽ പ്രകാശ സ്രോതസ്സിൽ നിന്ന് ഒരു പ്രത്യേക ദിശയിലുള്ള പ്രകാശ തീവ്രതയാണ് കാൻഡിൽപവറിൽ അളന്നിരുന്ന അന്താരാഷ്ട്രീയ കാൻഡിൽ.
[21-ാം പേജിലെ ചതുരം]
രണ്ടു ധീര വനിതകൾ
പ്രകാശഗോപുരങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ധീരതയുടെയും അർപ്പണബോധത്തിന്റെയും—മിക്കപ്പോഴും സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള—വിവരണങ്ങളും അടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഉത്തരപൂർവ തീരങ്ങളിൽനിന്നു മാറിയുള്ള ഫാൺ ദ്വീപുകളിൽ തന്റെ അച്ഛൻ നടത്തിക്കൊണ്ടിരുന്ന പ്രകാശഗോപുരത്തിന് അടുത്തായി ഉണ്ടായ കപ്പൽ അപകടത്തിൽപെട്ട ഒമ്പതു പേരെ രക്ഷിക്കാനായി തന്റെ ജീവൻ പണയംവെക്കാൻ ഗ്രെയ്സ് ഡാർലിങ് (1815-42) തയ്യാറായി. അവളുടെ നിർബന്ധത്തിനു വഴങ്ങി, അവളും പിതാവും കടലിലെ വളരെ ബുദ്ധിമുട്ടേറിയ ഭാഗത്തുകൂടെ അപകടസ്ഥലത്തേക്കു തുഴഞ്ഞുനീങ്ങി, അതിജീവകരെ ബോട്ടിൽ കയറ്റി തങ്ങളുടെ പ്രകാശഗോപുരത്തിൽ തിരിച്ചെത്തിയ അവർ സഹായം വന്നെത്തുന്നതുവരെ ആ അതിജീവകരെ പരിപാലിച്ചു. ഈ ധീരവനിതയുടെ ഓർമയ്ക്കായി ഒരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കയിലെ മാൻ തീരങ്ങളിലുള്ള മട്ടിനിക്കസ് റോക്ക് പ്രകാശഗോപുര സൂക്ഷിപ്പുകാരന്റെ 17 വയസ്സുള്ള പുത്രി ആയിരുന്നു അബിഗയിൽ ബർഗസ്. 1857 ജനുവരിയിൽ അവളുടെ പിതാവിന് മറ്റൊരു സ്ഥലം വരെ പോകേണ്ടതുണ്ടായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ നിമിത്തം നാലാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിനു മടങ്ങിയെത്താനായത്. അബി എന്നു വിളിച്ചിരുന്ന ഈ പെൺകുട്ടിയാണ് അപ്പോൾ പ്രകാശഗോപുരത്തിലെ കാര്യാദികൾ നോക്കിനടത്തിയത്. രോഗിണിയായ തന്റെ അമ്മയെ അവൾക്കു പരിചരിക്കേണ്ടതുണ്ടായിരുന്നു, പ്രകാശഗോപുരത്തിലെ പ്രവർത്തനങ്ങളിൽ തന്നെ സഹായിക്കാൻമാത്രം പ്രായമില്ലായിരുന്ന തന്റെ മൂന്നു കൂടപ്പിറപ്പുകളെയും അവൾക്കു നോക്കേണ്ടതുണ്ടായിരുന്നു. അബി എഴുതുന്നു: “പണി ചെയ്ത് ചെയ്ത് ചിലപ്പോൾ ഞാൻ തീർത്തും അവശയായിരുന്നു [വിദ്യുച്ഛക്തി കണ്ടുപിടിക്കുന്നതിനു മുമ്പ് ഒരു വിളക്കു കത്തിച്ച് കെടാതെ സൂക്ഷിക്കുന്നതു വളരെ ആയാസകരമായിരുന്നു], എങ്കിലും ഒരിക്കൽപോലും വിളക്ക് അണഞ്ഞിട്ടില്ല. ദൈവത്തിന്റെ പിന്തുണയാൽ എന്റെ പതിവു ജോലികളും അതുപോലെ തന്നെ പപ്പായുടെ ജോലികളും ചെയ്യുന്നതിന് എനിക്കു സാധിച്ചു.” പിറ്റേ ശരത്കാലത്തു വീണ്ടും അബിക്ക് പ്രകാശഗോപുരത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഇപ്രാവശ്യം, ഭക്ഷണമായി അവൾക്കും കുടുംബത്തിനും ഓരോ ദിവസവും ലഭിച്ചിരുന്നത് ഒരു മുട്ടയും ഒരു കപ്പ് ചോളവും ആയിരുന്നു. എന്നാൽ ഒരിക്കലും വിളക്ക് അണഞ്ഞില്ല.
[23-ാം പേജിലെ ചതുരം/ചിത്രം]
ഫ്രെസ്നെൽ ലെൻസ്
ഒരു കേന്ദ്ര ലെൻസും അതിനു ചുറ്റുമായി വക്രാകൃതിയിലുള്ള ഗ്ലാസ് പ്രിസങ്ങളും ഉള്ള ഒരു കോമ്പൗണ്ട് ലെൻസ്, അഥവാ ലെൻസ് പാനൽ ആണ് വാസ്തവത്തിൽ ഒരു ഫ്രെസ്നെൽ ലെൻസ്. ഫ്രെസ്നെൽ ലെൻസ് പാനലുകൾ പരസ്പരം യോജിപ്പിച്ച് ഒരു പ്രകാശ സ്രോതസ്സിനെ പൂർണമായി വലയം ചെയ്യുന്ന ഒരു ഗ്ലാസ് ബാരൽ രൂപപ്പെടുത്താനാകും. ഓരോ ലെൻസ് പാനലും പ്രകാശത്തെ തിരശ്ചീന രശ്മിയായി കേന്ദ്രീകരിക്കുന്നു. ഒരു വണ്ടിച്ചക്രത്തിന്റെ കേന്ദ്രത്തിൽനിന്നുള്ള കമ്പികൾപോലെ, ലെൻസ് പാനലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രകാശ രശ്മികളുടെ എണ്ണം വർധിക്കുന്നു. ഗ്ലാസ് ബാരൽ പ്രകാശ സ്രോതസ്സിനു ചുറ്റും കറങ്ങുമ്പോൾ, പ്രകാശരശ്മികൾ അന്തരീക്ഷത്തിലേക്കു പ്രസരിക്കുന്നു. രശ്മികളുടെ എണ്ണം, അവ തമ്മിലുള്ള സമയ വ്യത്യാസം, അതുപോലെ അവയുടെ നിറം തുടങ്ങിയവ ഓരോ പ്രകാശഗോപുരത്തെയും അനുപമമാക്കുന്ന ഏതാനും സവിശേഷതകളാണ്. തങ്ങളുടെ മാർഗത്തിലുള്ള ഓരോ പ്രകാശഗോപുരവും തിരിച്ചറിയാനായി നാവികർ കപ്പലുകളിൽ ഒരു പ്രകാശപ്പട്ടിക സൂക്ഷിക്കുന്നു.
[കടപ്പാട്]
South Street Seaport Museum
[23-ാം പേജിലെ ചിത്രം]
കാനഡയിലെ നോവ സ്കോഷയിലുള്ള പെഗീസ് കോവാ
[23-ാം പേജിലെ ചിത്രം]
ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബെർട്ടി
[23-ാം പേജിലെ ചിത്രം]
ജർമനിയിലെ വെസർ നദി
[23-ാം പേജിലെ ചിത്രം]
യു.എസ്.എ-യിലെ വാഷിംഗ്ടൺ സ്റ്റേറ്റ്
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck