ആണവ ഭീഷണി അവസാനിച്ചുവോ?
നാൽപ്പതിലധികം വർഷം, ലോകം ആണവ “അർമഗെദോന്റെ” ഭീഷണിയിൻ കീഴിൽ കഴിഞ്ഞു. അങ്ങനെയിരിക്കെ, 1989-ൽ സോവിയറ്റ് കമ്മ്യൂണിസത്തിന്റെ പതനത്തിനു നാന്ദി കുറിച്ചുകൊണ്ട് ബെർളിൻ മതിൽ നിലംപൊത്തി. താമസിയാതെ വൻശക്തികൾ, പരസ്പരം മിസൈലുകൾ തൊടുക്കുന്നതു നിർത്താമെന്ന കരാറിലെത്തി. ന്യൂക്ലിയർ “അർമഗെദോൻ” യുദ്ധം അവസാനിച്ചതുപോലെ, ചുരുങ്ങിയപക്ഷം നീട്ടിവെക്കപ്പെട്ടതു പോലെയെങ്കിലും കാണപ്പെട്ടപ്പോൾ ലോകം ആശ്വാസനിശ്വാസങ്ങൾ ഉതിർത്തു.
എന്നാൽ അങ്ങനെയങ്ങ് ആശ്വസിക്കാറായിട്ടില്ലെന്നാണു പല വിദഗ്ധരും കരുതുന്നത്. 1998-ൽ, ദ ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക്ക് സയന്റിസ്റ്റ്സലെ വിനാശദിന ഘടികാരത്തിന്റെ മിനിട്ടു സൂചി അഞ്ചു മിനിട്ട് മുമ്പോട്ടു നീക്കുകയുണ്ടായി.a അർധരാത്രിക്ക് ഇപ്പോൾ ഒമ്പതു മിനിട്ടുകൂടെയേ ശേഷിച്ചിട്ടുള്ളൂ. ആണവഭീഷണി അവസാനിച്ചിട്ടില്ല എന്നുള്ളതിന്റെ സൂചനയാണ് ഇത്. ലോകരംഗത്തിനു മാറ്റം വന്നിരിക്കുന്നു എന്നതു സത്യംതന്നെ. രണ്ടു പ്രമുഖ ആണവശക്തികളും ഇന്ന് തളച്ചിടപ്പെട്ട ഒരു അവസ്ഥയിലല്ല. മാത്രമല്ല, നിരവധി രാഷ്ട്രങ്ങളുടെ പക്കൽ ഇപ്പോൾ ആണവായുധങ്ങൾ ഉണ്ട്! ഏതെങ്കിലുമൊരു തീവ്രവാദി സംഘടന താമസിയാതെ റേഡിയോ ആക്ടീവ് പദാർഥങ്ങൾ കൈക്കലാക്കി ഒരു അപരിഷ്കൃത അണുബോംബ് നിർമിച്ചേക്കുമെന്നും വിദഗ്ധർ ഭയപ്പെടുന്നുണ്ട്.
സർവോപരി, ആണവായുധങ്ങളിൽ ഗണ്യമായ വെട്ടിച്ചുരുക്കലുകൾ നടത്തിയെങ്കിലും ഐക്യനാടുകളുടെയും റഷ്യയുടെയും കൈവശം ഇപ്പോഴും ഭയജനകമായ വിധത്തിൽ ആണവ പോർമുനകളുടെ ശേഖരം ഉണ്ട്. കമ്മിറ്റി ഓൺ ന്യൂക്ലിയർ പോളിസി എന്ന ഒരു ഗവേഷക സംഘം പറയുന്നതനുസരിച്ച്, ഏതാണ്ട് 5,000 ആണവായുധങ്ങൾ ഏതു സമയത്തും പ്രയോഗിക്കാൻ പാകത്തിന് ഈ രാഷ്ട്രങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. “അതുകൊണ്ട്, ഇപ്പോഴത്തെ സാഹചര്യത്തിൽ വിക്ഷേപണത്തിനുള്ള ഒരു ഉത്തരവു പുറപ്പെടുവിക്കുന്നപക്ഷം 4,000 [ഭൂഖണ്ഡാന്തര ബല്ലിസ്റ്റിക്ക് മിസൈൽ] പോർമുനകൾ (ഇരുപക്ഷത്തുനിന്നും 2,000 എണ്ണം വീതം) മിനിട്ടുകൾക്കകം ലക്ഷ്യസ്ഥാനത്തേക്കു കുതിക്കും, തൊട്ടുപുറകേതന്നെ വേറെ 1,000 [അന്തർവാഹിനി വിക്ഷേപിത ബല്ലിസ്റ്റിക്ക് മിസൈൽ] പോർമുനകളും” എന്ന് അവരുടെ റിപ്പോർട്ടു പറയുന്നു.
ഇത്തരം ആയുധ ശേഖരങ്ങൾ ഉണ്ടെന്നുള്ള വസ്തുതതന്നെ മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതോ അല്ലാത്തതോ ആയ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. “വ്യാപകമായ വിനാശഫലങ്ങൾ ഉളവാക്കുന്ന അത്തരമൊരു യുദ്ധം രാഷ്ട്രീയ നേതാക്കന്മാരുടെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി, ലോകത്തെ ഒരു തെർമോന്യൂക്ലിയർ വിപത്തിന്റെ പടുകുഴിയിലേക്കു തള്ളിയിട്ടേക്കാം” എന്ന് പ്രമുഖ റഷ്യൻ രാജ്യതന്ത്രജ്ഞനായ വ്ളാഡിമിർ ബലൗസ് മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് ശീതയുദ്ധം അവസാനിച്ചിരിക്കാമെങ്കിലും ആണവ കൊടുംവിപത്തിന്റെ ഭീഷണി യഥാർഥത്തിൽ ഇല്ലാതായിട്ടില്ല. എന്നാൽ ആ ഭീഷണി എത്രത്തോളം വലുതാണ്? ഭൂമിയിൽനിന്ന് ആണവായുധങ്ങൾ എപ്പോഴെങ്കിലും നീക്കംചെയ്യപ്പെടുമോ? പിൻവരുന്ന ലേഖനങ്ങൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a ദ ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക്ക് സയന്റിസ്റ്റ്സന്റെ പുറംപേജിലുള്ള വിനാശദിന ഘടികാരം, “അർധരാത്രി”യോട് അതായത് ന്യൂക്ലിയർ യുദ്ധത്തോട് ലോകം എത്രമാത്രം അടുത്തിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. ദശകങ്ങളിലുടനീളം, ലോകത്തിന്റെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ഉണ്ടായ മാറ്റത്തെ പ്രതിഫലിപ്പിക്കാൻ ഘടികാരത്തിന്റെ മിനിട്ടുസൂചി അങ്ങോട്ടുമിങ്ങോട്ടും നീക്കിയിട്ടുണ്ട്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
2-ഉം 3-ഉം പേജുകളിലെ സ്ഫോടനങ്ങൾ: U.S. National Archives photo